🔳ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഒരു വിഭാഗം അക്കൗണ്ടുകള്‍ തങ്ങള്‍ മരവിപ്പിച്ചതായി ട്വിറ്റര്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യക്ക് പുറത്ത് ഈ അക്കൗണ്ടുകള്‍ സജീവമായിരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. അതേസമയം മാധ്യമപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യില്ലെന്ന് ട്വിറ്റര്‍. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വിറ്റര്‍ ഒരു ബ്ലോഗ്പോസ്റ്റില്‍ പറഞ്ഞു.
🔳സമരജീവി ആയതില്‍ അഭിമാനിക്കുന്നുവെന്നും മഹാത്മഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ 'സമരജീവി' പരാമര്‍ശം ഏറ്റെടുത്തുകൊണ്ടാണ് ചിദംബരം ഇങ്ങനെ പറഞ്ഞത്.
🔳ദേശീയതലത്തില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് കുറയുന്നതിനിടെ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാത്രം രോഗവ്യാപനം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഈ സംസ്ഥാനങ്ങളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
🔳കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായി നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീന്‍ലുക് ഗൊദാര്‍ദിനുവേണ്ടി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും റിസര്‍വ് റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും മാത്രമാണ് പ്രവേശനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാത്രമാണ് പാസ് അനുവദിച്ചത്.
🔳ഓര്‍ത്തോഡോക്സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയില്‍ ഉള്ള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് കരട് ബില്ല് തയ്യാറാക്കി. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ഭൂരിപക്ഷം ആര്‍ക്ക് എന്ന് നോക്കി ഉടമസ്ഥാവകാശം തീരുമാനിക്കണം എന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ.
🔳സരിത നായര്‍ വ്യാജ നിയമന ഉത്തരവ് നല്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചീറ്റ് നല്കി വിജിലന്‍സ്. ബിവറേജസ് കോര്‍പ്പറേഷന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് സരിത ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയത്. സരിതയുടെ അക്കൗണ്ടിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ പണത്തിന്റെ തെളിവുകള്‍, ശബ്ദ രേഖ തുടങ്ങിയ തെളിവുകള്‍ മുന്നിലുള്ളപ്പോഴും സരിതയ്ക്ക് എതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
🔳സരിത എസ്.നായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ് കേസില്‍ പ്രതികളുടെ അറസ്റ്റ് തടയാന്‍ പോലീസിന് മേല്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദ്ദമുണ്ടെന്ന് പരാതിക്കാര്‍. പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പഞ്ചായത്തംഗം ഉള്‍പ്പടെയുളള പ്രാദേശിക നേതാക്കള്‍ വധഭീഷണി ഉയര്‍ത്തിയതായും പരാതിക്കാര്‍ ആരോപിച്ചു.
🔳നിയമന വിവാദത്തില്‍ പ്രതിഷേധം കനക്കുന്നു. സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് വിവിധ യുവജന സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. കാലടി സര്‍വകലാശല വൈസ് ചാന്‍സിലറുടെ ചേംബറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വയനാട് കളക്ടറേറ്റിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
🔳ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറയുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ എം.വിന്‍സെന്റ് അനൗദ്യോഗിക ബില്‍ നല്കി. ബില്ല് അവതരിപ്പിക്കുന്നതിന് നിയമപരപമായ പ്രാബല്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.
🔳ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. 2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് കാനം പറഞ്ഞു. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിനു കാരണം ശബരിമലവിഷയമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
🔳പാലാ സീറ്റ് എന്‍സിപിക്കില്ല. സീറ്റ് നല്‍കില്ലെന്ന് എന്‍സിപി നേതൃത്വത്തെ സിപിഎം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് സീറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍സിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായാണ് റിപ്പോര്‍ട്ട്. പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.
🔳എതെങ്കിലും സീറ്റ് വിട്ട് കൊടുക്കുന്ന തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും നാല് സീറ്റും വേണമെന്ന് തന്നെയാണ് എന്‍.സി.പി നിലപാടെന്നും മന്ത്രി എ.കെ ശശീന്ദ്രന്. ആരും യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല. പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ എന്താണുണ്ടായതെന്ന് അറിയില്ലെന്നും എ.കെ ശശീന്ദ്രന്.
🔳പ്രസ് സെക്രട്ടറിമാരുടെയും പ്രസ് അഡൈ്വസര്‍മാരുടെയും ശമ്പളം-പെന്ഷന് വിവാദത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ. 2004-ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പി.ആര്.ഡിയില്‍നിന്ന് ഡെപ്യുട്ടേഷനില്‍ എത്തിയപ്പോള്‍ തനിക്ക് ലഭിച്ചിരുന്നത് 7538 രൂപയായിരുന്നുവെന്നും എന്നാല്‍ ദേശാഭിമാനിയില്‍നിന്ന് സ്പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറിയുടേയും അഡൈ്വസര്‍മാരുടെയും ശമ്പള സ്കെയില്‍ 93000- 1,20,000 രൂപ ആണെന്നും ചാക്കോ. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്.ഡിയില്‍നിന്നും സി.പി.എം. മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്നിന്നുമാണ് പ്രസ് സെക്രട്ടറിമാരെയും പ്രസ് അഡൈ്വസര്‍മാരെയും കണ്ടെത്തുന്നതെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.
🔳ചോദ്യ പേപ്പര്‍ വിവാദത്തിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ എം.ഡി. ടി.ആര്. ഹേമലതയെ മാറ്റി. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യം വിവാദമായതിനെ തുടര്‍ന്നാണ് ഹേമലതയെ എം.ഡി. സ്ഥാനത്തുനിന്ന് മാറ്റിയത്. കെല്‍ട്രോണ്‍ ചെയര്മാന് നാരായണമൂര്‍ത്തിക്കാണ് പുതിയ ചുമതല.
🔳ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ലീക്കേജ് ഉണ്ടായത്. പരിശോധനയില്‍ പൈപ്പ് പൊട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചോര്‍ച്ച അധികൃതര്‍ അടച്ചിട്ടുണ്ട്. ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
🔳93-ാമത് ഓസ്കാര്‍ പുരസ്കാര മത്സരത്തിന്റെ പട്ടിക അക്കാദമി പുറത്തിറക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഓസ്കര് മത്സരത്തില്‍ നിന്ന് പുറത്തായി. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
🔳'വെള്ളം' ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നല്കിയ പരാതിയിലാണ് നടപടി.
🔳ഗായകന് എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
🔳പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഏത് പാര്‍ട്ടി എവിടെ അധികാരത്തിലിരുന്നാലും പെട്രോളിയം ഉപ്തന്നങ്ങളില് നിന്നുള്ള നികുതിയെ പ്രധാന വരുമാനമാര്‍ഗമായി കാണുന്നുവെന്നും കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വര്‍ധിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.
🔳വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന് സുനില്‍ രജനി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്. ക്രൈംബ്രാഞ്ചിന് വേണമെങ്കില്‍ നടിയെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി.
🔳ബിറ്റ്കോയിന് ഉള്‍പ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടനെ നിരോധിച്ച് ഉത്തരവിറക്കും. ക്രിപ്റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തിറക്കുന്ന വിര്‍ച്വല്‍ കറന്‍സികള്‍ക്കു മാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നല്‍കുക.
🔳അയല്‍ക്കാരെ നിരന്തമായി ഭീഷണിപ്പെടുത്തുന്ന ബീജിങ് മാതൃക തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ്. ഇന്‍ഡോ-പസഫിക് സാഹചര്യങ്ങളില്‍ എല്ലാ ഘട്ടത്തിലെന്ന പോലെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും പങ്കിട്ട അഭിവൃദ്ധി, സുരക്ഷ, മൂല്യങ്ങള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ സഖ്യകക്ഷികള്‍ക്കൊപ്പം നില്‍ക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ശനിയാഴ്ചയ്ക്കു ശേഷം മൂന്ന് വ്യാപാര ദിനങ്ങളിലാണ് സ്വര്‍ണ വില വര്‍ധിച്ചത്. മൂന്ന് തവണയായി 800 രൂപയാണ് വര്‍ധിച്ചത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീടാണ് മൂന്ന് തവണയായി വില കയറിയത്.
🔳കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ അവതരിപ്പിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം (ഇസിഎല്‍ജിഎസ്) പ്രകാരം വിതരണം ചെയ്ത വായ്പയില്‍ എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്നു. കോവിഡ് മൂലം സമ്മര്‍ദ്ദം നേരിടുന്ന ബിസിനസുകളിലേക്ക് 3 ലക്ഷം കോടി രൂപ വരെ അധിക വായ്പകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2021 ജനുവരി 25 വരെ ബാങ്കുകള്‍ നീട്ടിയ 1.4 ലക്ഷം കോടി രൂപയുടെ മൊത്തം വായ്പകളില്‍ എച്ച്ഡിഎഫ്സി ബാങ്ക് 23,504 രൂപ വിതരണം ചെയ്തു.
🔳ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായ 'ജല്ലിക്കട്ട്' പട്ടികയില്‍ നിന്നും പുറത്ത്. 93-ാമത് ഓസ്കര് പുരസ്കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമാ വിഭാഗത്തിലാണ് ജല്ലിക്കട്ട് മത്സരിച്ചിരുന്നത്. അവസാന സ്ക്രീനിംഗിലാണ് ചിത്രം പുറത്തായിരിക്കുന്നത്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ ജല്ലിക്കട്ട് ഇല്ല. ജല്ലിക്കട്ട് ഉള്‍പ്പെടെ 93 സിനിമകളാണ് അവസാന സ്ക്രീനിംഗില്‍ പുറത്തായത്. 2011ന് ശേഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കട്ട്.
🔳ദൃശ്യം 2വിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. മനുവിന്റെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രമായ ജോര്‍ജുകുട്ടി എങ്ങനെയാകും അന്വേഷണങ്ങളെ നേരിടുക. അതുതന്നെയാണ് രണ്ടാം ഭാഗത്തിലും പറയുന്നത്. ഇത്തവണ മുരളി ഗോപിയും അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നുവെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. മൃതദേഹം എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നത് എന്ന് മറ്റുള്ളവര്‍ മനസിലാക്കുമോയെന്ന ചോദ്യം കഥാനായകന്റെ കുടുംബത്തില്‍ നിന്ന് വരുന്നതായി ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു.
🔳ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ അടുത്തിടെയാണ് 100 ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയത്. ഇതിന്റെ ഭാഗമായി തങ്ങളുടെ സ്കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും പ്രത്യേക '100 മില്യണ്‍' എഡിഷന് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇങ്ങനെ പുറത്തിറക്കിയ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് 100 മില്യണ്‍ പതിപ്പിന്റെ വീഡിയോ പുറത്തുവന്നു. 97.2 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് 100 മില്യണ്‍ പതിപ്പും എത്തുന്നത്.
🔳സമൂഹത്തിന്റെ ഉള്ളറകളിലേക്ക് തുറന്നിടുന്ന ജാലകങ്ങളാണ് ഇതിലെ ഓരോ കഥയും. വായനക്കാരെ മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന ജ്വലിക്കുന്ന ജീവനുള്ള ഒമ്പത് കഥകള്‍. 'ഒടുവിലത്തെ കിടപ്പുമുറി'. ശ്യാം സുന്ദര്‍ പി ഹരിദാസ്. മഴത്തുള്ളി പബ്ളിക്കേഷന്‍സ്. വില 114 രൂപ.
🔳വിട്ടുമാറാത്ത കോവിഡ്-19 അണുബാധയുള്ള രോഗികളില്‍ കൊറോണ വൈറസ് പലകുറി ജനിതക മാറ്റത്തിന് വിധേയമാകാമെന്ന് ശാസ്ത്രജ്ഞര്‍. യുകെയിലെ പുതിയ വകഭേദത്തിന് സമാനമായ ജനിതക വ്യതിയാനങ്ങള്‍ക്ക് നിരന്തരമായ അണുബാധ വഴിവയ്ക്കുമെന്ന് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകരടങ്ങുന്ന സംഘം വിലയിരുത്തുന്നു. പ്രതിരോധ ശേഷി തകരാറിലായ ഒരു രോഗിയില്‍ വൈറസിനു വന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. വൈറസ് പെരുകുമ്പോള്‍ ഈ ആര്‍എന്‍എ കോഡില്‍ മാറ്റം വന്ന് ജനിതക വ്യതിയാനങ്ങള്‍ക്ക് വഴി തെളിക്കും. പ്രതിവര്‍ഷം 23 ന്യുക്ലിയോടൈഡ് പകരം വയ്ക്കലുകള്‍ എന്ന നിരക്കിലാണ് കൊറോണ വൈറസുകളുടെ ജനിതക പരിവര്‍ത്തന നിരക്ക്. ഇതില്‍ തന്നെ സ്പൈക് പ്രോട്ടീന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന വ്യതിയാനമാണ് അപകടകരം. നിലവിലെ വാക്സീനുകള്‍ പലതും വൈറസിന്റെ മുനപോലെയുള്ള സ്പൈക് പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്നവയാണ്. സ്പൈക് പ്രോട്ടീനുകളുടെ ഘടനയ്ക്ക് മാറ്റം വന്നാല്‍ വാക്സീനുകളുടെ ഫലപ്രാപ്തിയെ അത് ബാധിക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. പ്രതിരോധ ശേഷി തകരാറിലായ രോഗികളുടെയും ദീര്‍ഘകാല കോവിഡ് അണുബാധയുള്ളവരുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.83, പൗണ്ട് - 100.73, യൂറോ - 88.33, സ്വിസ് ഫ്രാങ്ക് - 81.77, ഓസ്ട്രേലിയന്‍ ഡോളര്‍ - 56.35, ബഹറിന്‍ ദിനാര്‍ - 193.19, കുവൈത്ത് ദിനാര്‍ -240.92, ഒമാനി റിയാല്‍ - 189.17, സൗദി റിയാല്‍ - 19.42, യു.എ.ഇ ദിര്‍ഹം - 19.83, ഖത്തര്‍ റിയാല്‍ - 20.00, കനേഡിയന്‍ ഡോളര്‍ - 57.38.
🌐🛡️📰🌐🛡️📰🌐🛡️📰🌐🛡️
Post a comment