25 ഫെബ്രുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 25 ഫെബ്രുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳പുതുച്ചേരി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്നും നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസിനാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ പുതുച്ചേരി സന്ദര്‍ശനത്തെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരിഹാസം

🔳കഴിഞ്ഞ നാലു വര്‍ഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് നിര്‍ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 മുതല്‍ വിവിധ കോളേജുകളില്‍ പ്രവേശനം ലഭിച്ച 12000 ത്തോളം വിദ്യാര്‍ത്ഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും.

🔳കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി അന്തിമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നു. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്,  അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.  മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

🔳ഇന്ധന വിലവര്‍ധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകോപനം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

🔳പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു.തിരുവനന്തപുരം തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം അനവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹത്തെ 2014-ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

🔳ഉദ്യോഗാര്‍ത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട്, സമരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായിറക്കി. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. പരമാവധി നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഉത്തരവായി പുറത്തിറക്കിയിരിക്കുന്നതെന്നും ഒരു കാര്യത്തിലും വ്യക്തമായ ഉത്തരമില്ലെന്നും ഇതൊരു ഉത്തരവായി കാണാനാവില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍. ആവശ്യപ്പെട്ട കാര്യങ്ങള്‍ കൃത്യമായ ഉത്തരവായി ഇറക്കിയാലേ സമരം അവസാനിപ്പിക്കൂ എന്നും ഉദ്യോഗാര്‍ത്ഥികള്‍.

🔳ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ കരാര്‍ ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പൂന്തുറയില്‍ നടത്തുന്ന സത്യാഗ്രസമരം ആരംഭിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറില്‍ ഒപ്പിടാനാകുമോയെന്നും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കുന്ന അദ്ദേഹത്തിന്റെ റോള്‍ എന്താണെന്നും അദ്ദേഹം ചോദിച്ചു.

🔳കേരളത്തില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കര്‍ണാടകം. കേരളാ അതിര്‍ത്തിയിലെ എല്ലാ ചെക്‌പോസ്റ്റുകളിലും ബുധനാഴ്ചയും കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയാണ് യാത്രക്കാരെ കടത്തിവിട്ടത്.

🔳കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തമിഴ്‌നാടും പശ്ചിമബംഗാളുമാണ് പുതുതായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

🔳ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

🔳വയലാറില്‍ എസ്.ഡി.പി.ഐ.-ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐക്കാര്‍ കസ്റ്റഡിയില്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാവിലെ ആറ് മുതല്‍ ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലാണ്.

🔳കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയനേട്ടമാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ വിജയം നേടാമെന്നാണ് ഇരുമുന്നണികളും കരുതുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഇക്കാര്യത്തിലുള്ള നിലപാട് ജനങ്ങളോട് പറയാന്‍ തയ്യാറാവണമെന്നും സംസ്ഥാനത്ത് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണെന്നും സുരേന്ദ്രന്‍.

🔳മരടില്‍ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മരട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇഡി അന്വേഷണം. സിപിഎം നേതാവ് കെ. എ. ദേവസ്സി ഉള്‍പ്പെട്ട ഭരണസമിതിക്കെതിരെയാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മാതാക്കളെ ഇഡി ചോദ്യംചെയ്തു.

🔳നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി തള്ളി. ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

🔳ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും ഒരിക്കല്‍പോലും കൂട്ടുകൂടിയില്ലാത്ത ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്നും ഉമ്മന്‍ചാണ്ടി.

🔳മൂന്ന് ദിവസം മുമ്പ് കത്തെഴുതിവെച്ച് പോയ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെ
കുഴിവിളയിലുള്ള വീട്ടില്‍ എത്തുകയായിരുന്നു. പഴനിയില്‍ പോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഇയാളെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു.

🔳പാചകവാതക വില വീണ്ടും കൂടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനവാണിത്.

🔳രാജ്യത്ത് വര്‍ധിക്കുന്ന ഇന്ധനവിലയ്ക്കെതിരേ വ്യത്യസ്ത പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിറകിലിരുന്നാണ് മമതാ ബാനര്‍ജി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയത്. മന്ത്രി ഫിര്‍ഹാദ് ഹക്കിമാണ് ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്നത്. ഇന്ധനവിലയ്ക്കെതിരേ പ്രതിഷേധം സൂചിപ്പിച്ചുകൊണ്ടുളള പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി ഹെല്‍മെറ്റും മാസ്‌കും ധരിച്ചാണ് ബൈക്കിന് പിറകില്‍ മമതാ ബാനര്‍ജി ഇരുന്നിരുന്നത്.

🔳കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും രംഗത്ത്. പ്രസ്താവനയില്‍ രാഹുല്‍ വ്യക്തത വരുത്തണമെന്ന് ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടു. രാഹുലിന്റെ പ്രസ്താവനയില്‍ കപില്‍ സിബല്‍ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ആനന്ദ് ശര്‍മ്മയുടെ പരോക്ഷ വിമര്‍ശനം.

🔳ഹുബ്ബള്ളി ശ്രീ സിദ്ധരൂദ സ്വാമിജി റെയില്‍വേ സ്റ്റേഷനില്‍ 1,505 മീറ്റര്‍ ദൈര്‍ഘ്യമുള്ള പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്‌ഫോമാണിതെന്ന് റെയില്‍വേ അറിയിച്ചു. ഈ പ്ലാറ്റ്‌ഫോമില്‍ ഒരേസമയം രണ്ട് തീവണ്ടികള്‍ക്ക് നിര്‍ത്തിയിടാം.

🔳ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ പുലി ചത്തു. ഹാസന്‍ അര്‍സിക്കെരെ ബെന്ദെക്കെരെ ഗ്രാമത്തില്‍ രാജഗോപാല്‍ നായിക് ഭാര്യ ചന്ദ്രമ്മയ്ക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് കുറ്റിക്കാട്ടില്‍നിന്ന് പുലിയുടെ ആക്രമണമുണ്ടായത്.

🔳കോവിഡിനുള്ള മരുന്നെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാംദേവിന്റെ പതഞ്ജലി ഇറക്കിയ കൊറോണില്‍ എന്ന ഗുളിക മഹാരാഷ്ട്രയില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അംഗീകരിക്കാത്ത മരുന്നു സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

🔳ഇന്ത്യയില്‍ നിര്‍മിച്ച ആറ് ലക്ഷം ഡോസ് കോവിഡ് 19 വാക്‌സിന്‍ ഘാനയ്ക്ക് നല്‍കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് ആഫ്രിക്കന്‍ രാജ്യമായ ഘാനയക്ക് നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് വാക്‌സിന്‍ സൗജന്യമായി നല്‍കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 92 രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതിയാണിത്.

🔳കോവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുളള കൂട്ട പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ശക്തി സ്ഥിരീകരിച്ച് പഠനം. ഇസ്രായേലില്‍ 1.2 ദശലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഫൈസര്‍ വാക്‌സിന്‍ 94 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി.

🔳യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. റയല്‍ എതിരില്ലാത്ത ഒരു ഗോളിന് അറ്റ്‌ലാന്റയെ തോല്‍പ്പിച്ചു. സിറ്റി, ജര്‍മന്‍ ക്ലബ്ബ് മോഞ്ചന്‍ഗ്ലാഡ്ബാഷിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

🔳സംസ്ഥാനത്ത് സ്വര്‍ണ വില പവന് വീണ്ടും 35,000 രൂപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

🔳നിക്ഷേപകരുമായുള്ള ഇടപഴകലും ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട് നൂതന വാട്ട്‌സാപ്പ് ചാറ്റ് സേവനം ആരംഭിച്ചു. വാട്സാപ്പ് നമ്പര്‍ +91 7208081230 ആണ്. നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് ആപ്പില്‍ പ്രാപ്യമായിരിക്കും. ഇരുപത്തിനാലു മണിക്കൂറും ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.

🔳ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കന്നഡ ചിത്രം 'പൊഗരു'വിലെ 14 രംഗങ്ങള്‍ നീക്കം ചെയ്തു. സിനിമയ്‌ക്കെതിരെ വ്യപക പ്രതിഷേധം ഉയര്‍ന്നതോടെ കര്‍ണാടകം ഫിലിം ചേംബറും കര്‍ണാടക ബ്രാഹ്മിന്‍ ഡെവലപ്‌മെന്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനമുണ്ടായത്. ധ്രുവ സര്‍ജയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പൊഗരു. കഥയില്‍ മാറ്റങ്ങള്‍ വരാത്ത രീതിയിലാണ് രംഗങ്ങള്‍ മാറ്റുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

🔳ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തില്‍. എന്നാല്‍ ഒരാളുടേത് എക്സ്റ്റന്‍ഡഡ് കാമിയോ വേഷം ആണെന്നുമാത്രം. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനാവുന്ന 'പത്താനി'ലാണ് സല്‍മാന്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തുക.  ഒരു ജനപ്രിയ കഥാപാത്രത്തെയാണ് 'പത്താനി'ല്‍ സല്‍മാന്‍ ആവര്‍ത്തിക്കുന്നത്.

🔳ദില്ലി ആസ്ഥാനമായ ഇലക്ട്രിക്കിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി പുതിയ വാണിജ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. 75,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്. ഈ ഇലക്ട്രിക് ബൈക്കിന് 300-350 കിലോഗ്രാം പേലോഡ് ശേഷിയുമുണ്ട്. 1-1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കൂ. ഒറ്റ ചാര്‍ജില്‍ ഈ ബൈക്കിന് 125 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം.

🔳സമൂഹ മനസ്സില്‍ ആഴത്തില്‍ വേരുറച്ചു കിടക്കുന്ന ആണ്‍ കോയ്മയുടെയും ആണധികാരത്തിന്റെയും ഉത്പന്നമാണ് തികച്ചും സ്ത്രീ വിരുദ്ധമാറ്റ പെണ്‍കോന്തനാവാന്‍ ആഗ്രഹിക്കുന്നില്ല. 'പെണ്‍കോന്തന്‍'. ഗിരിജ പി പാതേക്കര. ഡിസി ബുക്സ്. വില - 114 രൂപ.

🔳കൊറോണ വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത ആവശ്യമാണ്. കോവിഡ് ബാധിതര്‍ രോഗം മാറിയാലും ഇടയ്ക്കിടെ ചെക്കപ്പ് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ധമനികളിലൂടെയും ഞരമ്പുകളിലൂടെയുമുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അസാധാരണ ക്ലോട്ടിങ്ങാണ് കോവിഡിനോട് അനുബന്ധിച്ച് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ സഹരോഗാവസ്ഥയുള്ളവരില്‍ ഇത്തരം ക്ലോട്ടിങ്ങ് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കാം. ഡീപ് വെയ്ന്‍ ത്രോംബോസിസ് ആണ് കോവിഡ് അണുബാധ ശരീരത്തിനേല്‍പ്പിക്കുന്ന മറ്റൊരു പാര്‍ശ്വഫലം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടും വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നത് മൂലമുണ്ടാകുന്നതാണ്. കൈകാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരമായി എടുക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പുകള്‍, നിറംമാറ്റം എന്നിവയും വൈറസ് രക്തപ്രവാഹത്തിന് നാശമുണ്ടാക്കുന്നതിന്റെ പ്രതിഫലനമാകാം. ഹൃദ്രോഗ ചരിത്രമില്ലാത്തവരില്‍ പോലും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയും കോവിഡ് വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ക്ലോട്ട് ശ്വാസകോശത്തെ ബാധിക്കാമെന്നും ശ്വാസതടസ്സത്തിന് കാരണമാകുമെന്നും ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനവും ചൂണ്ടിക്കാണിക്കുന്നു. ഒന്നിലധികം ബ്ലഡ് ക്ലോട്ടുകള്‍ ഹൃദയഭിത്തികളെ ദുര്‍ബലമാക്കാമെന്നും പഠനങ്ങള്‍ പറയുന്നു. ഇതിനു പുറമേ കോവിഡ് മൂലമുണ്ടാകുന്ന രക്തത്തിലെ ക്ലോട്ടിങ്ങ് കിഡ്‌നിക്കും ദോഷകരമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.42, പൗണ്ട് - 102.46, യൂറോ - 88.36, സ്വിസ് ഫ്രാങ്ക് - 80.00, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.86, ബഹറിന്‍ ദിനാര്‍ - 192.10, കുവൈത്ത് ദിനാര്‍ -239.43, ഒമാനി റിയാല്‍ - 188.10, സൗദി റിയാല്‍ - 19.31, യു.എ.ഇ ദിര്‍ഹം - 19.72, ഖത്തര്‍ റിയാല്‍ - 19.89, കനേഡിയന്‍ ഡോളര്‍ - 57.94.
➖➖➖➖➖➖➖➖
കടപ്പാട് :www.thedailynews.in

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only