25 ഫെബ്രുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 25 ഫെബ്രുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനസമ്പാദനം, ആധുനിക വത്കരണം എന്നീ മന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും മോദി പറഞ്ഞു. പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണെന്നും അത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമാണെന്നും പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണെന്നും  മോദി പറഞ്ഞു.

🔳മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

➖➖➖➖➖➖➖➖
🔳വയലാറില്‍ എസ്.ഡി.പി.ഐ.-ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്ന് ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി.യും ഹൈന്ദവസംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അറിയിച്ചു.

🔳യു.ഡി.എഫ് ജാഥാ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേത് പോലെയായായെന്നത് ഞെട്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ലെന്നുമാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബി.ജെ.പിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

🔳സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതിലുള്ള രോഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ തരം താണഭഷയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും ചെന്നിത്തല.

🔳ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് കെഎസ്‌ഐഡിസി-ഇഎംസിസി ധാരണപത്രവും സര്‍ക്കാര്‍ റദ്ദാക്കി. 5000 കോടിയുടെ ധാരണപത്രമാണ് റദ്ദാക്കിയത്. വ്യവസായ മന്ത്രി ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കരാര്‍ സംബന്ധിച്ച് വിവാദം ഉയര്‍ന്നതോടെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഇഎംസിസിയുമായുണ്ടാക്കിയ 2950 കോടിയുടെ ധാരണപത്രം നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

🔳അധികാരമില്ലാത്തയാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനാലാണ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രം റദ്ദാക്കിയതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഒരു ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയല്ല ഇവിടെ സംഭവിച്ചതെന്നും ഇതെല്ലാം ആസൂത്രിതമാണെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട സെക്രട്ടറിയുടെ അനുമതി വാങ്ങാതെ മന്ത്രി അറിയാതെ ഇത്തരമൊരു കരാറിന് പ്രശാന്തിന് എന്തിനാണ് താത്പര്യമെന്നും മന്ത്രി ചോദിച്ചു. കപ്പല്‍ നിര്‍മാണം പ്രശാന്തിന്റെ ജോലിയല്ലെന്നും ഇഎംസിസി കാണിച്ചത് ഫ്രോഡ് പണിയാണെന്നും മന്ത്രി പറഞ്ഞു.

🔳പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് തീരുമാനം. മെയിന്‍-സപ്ലിമെന്ററി ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിഹാര നടപടിക്ക് ഒരുങ്ങുന്നത്.

🔳കേരളത്തില്‍ ഇന്നലെ 70,568 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4136 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 52,869 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകള്‍.

🔳കോവിഡ്-19 രോഗവ്യാപനത്തെത്തുടര്‍ന്ന് 2020-ല്‍ നടന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ വര്‍ഷത്തോടെ പരീക്ഷയെഴുതാനുള്ള അവസാന അവസരവും പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് ഇക്കാര്യം സുപ്രീം കോടതി അറിയിച്ചത്.

🔳ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമണ്‍തൊടി സലാം മന്‍സില്‍ അബ്ദുള്‍ സലാമിനെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യാപിതാവ് മടത്തറ തുമ്പമണ്‍തൊടി എ.എന്‍.എസ്. മന്‍സിലില്‍ യഹിയ(75) ആണ് കഴിഞ്ഞദിവസം കാറിടിച്ച് മരിച്ചത്. അബ്ദുള്‍സലാമിന്റെ മകന്‍ അഫ്‌സലിനും(14) കാറിടിച്ച് പരിക്കേറ്റിരുന്നു.

🔳കോട്ടയം നഗരമധ്യത്തില്‍ തിരുനക്കര മൈതാനത്ത് വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലാട് സ്വദേശി ശശികുമാര്‍ ആണ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശശികുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതിനെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

🔳എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അധ്യാപകര്‍ക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

🔳സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണ്ണയ സമിതിയോട് നിര്‍ദേശിച്ചേക്കുമെന്ന് വാദത്തിനിടയില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

🔳പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. ഏപ്രില്‍-മേയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം തുടര്‍ന്നേക്കും.

🔳കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്നും കപില്‍ സിബല്‍ പറഞ്ഞു. വോട്ടര്‍മാരുടെ വിവേകത്തെ ബഹുമാനിക്കണം.  അവര്‍ എവിടെയുള്ളവരെന്നതല്ല കാര്യമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

🔳രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വന്നതിനേക്കാള്‍ വളരെ മോശം വിധിയാണ് മോദിയെ കാത്തിരിക്കുന്നതെന്നും മമത. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ഗോള്‍ കീപ്പര്‍ താനാണെന്നും ഒരൊറ്റ ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും മമത.

🔳ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആര്‍ബിഐയെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇത്തരം കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സികൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഡിജിറ്റല്‍ കറന്‍സിയുടെ പ്രഖ്യാനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 16,886 പേര്‍ക്ക്.  മരണം 141. ഇതോടെ ആകെ മരണം 1,56,742 ആയി. ഇതുവരെ 1,10,46,432 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.48 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ കോവിഡ് രോഗവ്യാപനം കൂടുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 8,807 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 200 പേര്‍ക്കും തമിഴ്‌നാട്ടില്‍ 463 പേര്‍ക്കും കര്‍ണാടകയില്‍ 334 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 94 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,12,077 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 66,248 പേര്‍ക്കും ബ്രസീലില്‍ 63,842 പേര്‍ക്കും ഫ്രാന്‍സില്‍ 31,519 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.30 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.18 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,959 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,172 പേരും ബ്രസീലില്‍ 1311 പേരും മെക്സിക്കോയില്‍ 1273 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.06 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ബോധം തെളിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ താരത്തിന്റെ വലതു കാലിന് താഴെയും കണങ്കാലിലുമായി ശസ്ത്രക്രിയ നടത്തി.  ശസ്ത്രക്രിയക്കു ശേഷം വുഡ്‌സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ച് വരികയാണെന്നും താരത്തിന്റെ കുടുംബം അറിയിച്ചു.

🔳ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കെ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ വെറും 112 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച തുടക്കം ഇന്ത്യയ്ക്ക് നല്‍കി. പിന്നാലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് ഉപനായകന്‍ അജിങ്ക്യ രഹാനെയും പുറത്താവാതെ നില്‍ക്കുന്നു. ആറുവിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അക്ഷര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റണ്‍സിന് ചുരുട്ടിക്കെട്ടിയത്.

🔳കപില്‍ ദേവ് എന്ന ഇതിഹാസ താരത്തിനു ശേഷം ഇന്ത്യയ്ക്കായി 100 ടെസ്റ്റുകള്‍ കളിക്കുന്ന ഫാസ്റ്റ് ബൗളറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇഷാന്ത് ശര്‍മ. 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് പിന്നിടുന്ന 11-ാമത്തെ ഇന്ത്യന്‍ താരവും നാലാമത്തെ മാത്രം ബൗളറുമാണ് ഇഷാന്ത് ശര്‍മ. നൂറാമത്തെ ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശര്‍മ ഇതുവരെ 303 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

🔳വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരായ മത്സരത്തില്‍ കേരളത്തിന് ജയം. ഏഴു റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റെയില്‍വേസ് 49.4 ഓവറില്‍ 344 റണ്‍സിന് ഓള്‍ഔട്ടായി.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയ്ക്ക് കൂറ്റന്‍ ജയം. ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്.സിയെയാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ് ഹാട്രിക്ക് നേടിയപ്പോള്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങി. മറ്റൊരു ഗോള്‍ സായ് ഗൊദാര്‍ഡ് നേടി. ഡീഗോ മൗറീഷ്യോ ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടി.

🔳വിതരണ ശൃംഖലയില്‍ നൂറോളം മഹീന്ദ്ര ട്രിയോ സോര്‍ ത്രീ വീലറുകളെ വിന്യസിച്ചതായി ആമസോണ്‍ ഇന്ത്യ പറഞ്ഞതിന് തൊട്ടുപിന്നാലെ, 2030 ഓടെ 25,000 ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് എതിരാളികളായ ഫ്‌ലിപ്കാര്‍ട്ട്. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ടു വീലര്‍, ത്രീ-വീലര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിക്കാനും തുടങ്ങിയിട്ടുണ്ട്. ഹീറോ ഇലക്ട്രിക്, മഹീന്ദ്ര ഇലക്ട്രിക്, പിയാജിയോ എന്നിവയുമായി ഫ്‌ളിപ്കാര്‍ട്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു.

🔳ഇടത്തരം, ഉയര്‍ന്ന വിഭാഗങ്ങളില്‍ ഭവനവായ്പയ്ക്കുള്ള ആവശ്യം വര്‍ധിക്കുകയാണെന്ന് മാജിക്ബ്രിക്‌സ് നടത്തിയ സര്‍വെ റിപ്പോര്‍ട്ട്. 38 ശതമാനം ഉപഭോക്താക്കളും 30 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഭവനവായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഉപഭോക്തൃ മുന്‍ഗണനയുടെ 46 ശതമാനത്തോളം ഇപ്പോള്‍ 30 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും അതിന് മുകളിലും വിലയുള്ള വിഭാഗത്തിലുമാണ്. ബെംഗളൂരു, ഹൈദരാബാദ്, ദില്ലി, മുംബൈ, പൂനെ എന്നിങ്ങനെയുള്ള പ്രധാന റെസിഡന്‍ഷ്യല്‍ വിപണികളില്‍ നിനാണ് ഈ ആവശ്യകതയുടെ വലിയൊരു പങ്ക് വരുന്നത്.

🔳ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്ത്യവാടി' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആലിയയുടെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത ഒരു ശക്തമായ കഥാപാത്രമാണ് ഗംഗുഭായ്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്. ജൂലൈ 30ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഹുസൈന്‍ സൈദിയുടെ 'ദി മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി സിനിമ ഒരുക്കുന്നത്. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുഭായ്.

🔳സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് നായിക. അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ എന്നിവരും അഭിനയിക്കുന്നു.

🔳ഇന്ത്യയിലെ എല്ലാ വാഹനശ്രേണിയിലും സാന്നിധ്യമറിച്ചിട്ടുള്ള ടാറ്റ മോട്ടോഴ്‌സ് മിനി എസ്.യു.വി. സെഗ്മെന്റിലേക്കും ചുവടുവയ്ക്കുന്നു. ഇതിനായി ടാറ്റ ഒരുക്കുന്ന എച്ച്.ബി.എക്‌സ്. എന്ന വാഹനം ഈ വര്‍ഷം പകുതിയോടെ നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വരവിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിലാണ് ഈ കുഞ്ഞന്‍ എസ്.യു.വിയിപ്പോള്‍. ടിയാഗോയില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഒരുങ്ങുക.

🔳ലോകസിനിമയില്‍ അസാമാന്യമായ കൗതുകം പുലര്‍ത്തുന്ന മലയാളിക്ക് മുന്നില്‍ സിനിമയുടെ ചരിത്രത്തിലെ മികവുറ്റ ഒരു സംഘം സംവിധായികമാരെ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ. 'ലോകസിനിമ സംവിധാനകലയുടെ പെണ്‍വിസ്മയങ്ങള്‍'. രാജന്‍ തുവ്വാര. ട്രെന്‍ഡ് ബുക്സ്. വില 180 രൂപ.

🔳ജലദോഷ പനി പോലെയുള്ള സാധാരണ അസുഖങ്ങള്‍ക്കെതിരെ രൂപപ്പെടുന്ന ആന്റിബോഡികള്‍ കോവിഡില്‍ നിന്ന് നമ്മെ രക്ഷിക്കില്ലെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെറെല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കോവിഡ് മഹാമാരിക്ക് മുന്‍പുള്ള കാലത്തിലെ നൂറു കണക്കിന് പേരുടെ രക്ത സാംപിളുകള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കി. ഇവരില്‍ 20 ശതമാനം പേര്‍ക്കും സീസണല്‍  കൊറോണ വൈറസുകള്‍ക്കെതിരെ ആന്റിബോഡികള്‍ ശരീരത്തിലുണ്ടായിരുന്നു എന്ന് കണ്ടെത്തി. എന്നാല്‍ ഈ ആന്റിബോഡികള്‍ പിന്നീട് ഇവര്‍ക്ക് കോവിഡ് അണുബാധയുണ്ടായപ്പോള്‍ കാര്യമായ രക്ഷയ്‌ക്കെത്തിയില്ല. ജലദോഷത്തിനെതിരെ ഉണ്ടായ ആന്റിബോഡികള്‍ തീവ്രമായ കോവിഡ് അണുബാധയില്‍ നിന്ന് കുട്ടികളെയും രക്ഷിക്കില്ലെന്നും പഠനം പറയുന്നു. സീസണല്‍ കൊറോണ വൈറസുകള്‍ക്കെതിരെയുള്ള ആന്റിബോഡികള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ തരത്തിലാണെന്നും ഗവേഷകര്‍ പറയുന്നു. ജലദോഷത്തിനെതിരെയുള്ള ആന്റിബോഡികള്‍ കോവിഡ് അണുബാധയെ തടുക്കില്ലെങ്കിലും നേരത്തെ ശരീരത്തിലുണ്ടായിരിക്കുന്ന ബി, ടി സെല്ലുകള്‍ക്ക് കോവിഡ് തീവ്രത കുറയ്ക്കാനാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ ചൂണ്ടിക്കാട്ടി.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ എപ്പോഴും അടുത്ത വീട്ടുകാരന്റെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ടിരുന്നു.  അവരുടെ ജീവിതത്തിന്റെ വര്‍ണ്ണങ്ങളെ കണ്ട് അത്ഭുതപ്പെട്ടുകൊണ്ടേയിരുന്നു.  പക്ഷേ, ആ ഉയര്‍ച്ചയ്ക്കായി തന്റെ അയല്‍ക്കാരന്‍ ഉപേക്ഷിച്ച സുഖഭോഗങ്ങളേയും സന്തോഷങ്ങളേയും കുറിച്ചൊന്നും അയാള്‍ ചിന്തിച്ചതേയില്ല. അപരന്റെ ജീവിതത്തിലെ ഐശ്വര്യം മാത്രം കാണുന്നവര്‍ അവരുടെ ആയാസത്തെക്കുറിച്ച് തികച്ചും അജ്ഞരാണ്.  അന്യനെ മനസ്സിലാക്കണമെങ്കില്‍ അവന്‍ ആയിരിക്കുന്ന പരിതസ്ഥിതിയില്‍ ഒരു ദിവസമെങ്കിലും ചിലവഴിക്കണം.  അതെ അനുഭവങ്ങളിലൂടെ കടന്നുപോയാല്‍ പിന്നീടാരും അന്യരെ കുറ്റപ്പെടുത്തുകയില്ല.  പ്രദര്‍ശിപ്പിക്കുന്ന സന്തോഷങ്ങളിലൂടെയും സൗഭാഗ്യങ്ങളിലൂടെയുമല്ല, മറച്ചുവച്ചിരിക്കുന്ന പ്രയാസങ്ങളിലൂടെയും പ്രതിബന്ധങ്ങളിലൂടെയുമാണ് ഓരോ ജീവിതവും ഇഴഞ്ഞുനീങ്ങുന്നതെന്ന് നമുക്ക് മനസ്സിലാകും.  സ്വന്തം ജീവിതത്തിന്റെ പോരായ്മകളെ മാത്രം കാണുന്നവന്‍ അവനവനിലെ അത്ഭുതങ്ങളെ കണ്ടെത്താന്‍ ശ്രമിക്കാറേയില്ല.  നോട്ടവും ശ്രദ്ധയും അന്യനിലേക്കാവുന്നതാണ് അപകടകരം.  അന്യന്റെ ജീവിതത്തിലെ അതേ പകര്‍പ്പുതന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേണ്ടത് അവരുടെ അനുഗ്രഹങ്ങള്‍ മാത്രമാണ്.  ഇഷ്ടമുള്ളത് മാത്രം അളന്ന് സ്വീകരിക്കാന്‍ ജീവിതം ഒരു ബുഫെ അല്ലല്ലോ... ആകസ്മികതകളും അന്വര്‍ത്ഥങ്ങളും എപ്പോള്‍ വേണമെങ്കിലും കടന്നെത്താവുന്നതാണ്. അതിനെ പ്രതിരോധിക്കാന്‍ നമുക്കാര്‍ക്കും സാധ്യവുമല്ല.  നമുക്ക് നമ്മുടെ ജീവിതത്തെ അറിയാന്‍ ശ്രമിക്കാം. ആയിരിക്കുന്ന നമ്മുടെ അവസ്ഥകളെ ബഹുമാനിക്കാന്‍ പഠിച്ചാല്‍ , ആകാമായിരുന്ന അവസ്ഥയെക്കുറിച്ച് നാം ഒരിക്കലും നിരാശപ്പെടുകയേ ഇല്ല - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only