*സായാഹ്ന വാർത്തകൾ
2021 ഫെബ്രുവരി 5 | 1196 മകരം 23 | വെള്ളി | വിശാഖം|
🦋🦋🌎🌎🦋🦋🌎🌎🦋🦋
🔳കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. 'അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് ചില ദേശീയവാദികള്‍ അമേരിക്കയില്‍ പോയി അഭ്യര്‍ഥന നടത്തിയപ്പോള്‍ ഒരു ചോദ്യവും ഉന്നയിക്കാതിരുന്നവര്‍ റിഹാനയും ഗ്രെറ്റ തുന്‍ബെര്‍ഗും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
🔳കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി. കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് എന്നിവരുടെതുള്‍പ്പടെയുള്ള ട്വീറ്റുകള്‍ സര്‍ക്കാര്‍ തലത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ഇത് ആസൂത്രിതമായ നീക്കമെന്നാരോപിക്കുകയും ചെയ്യുന്ന അവസരത്തില്‍, കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച ട്വീറ്റുകള്‍ക്ക് ലൈക്ക് അടിച്ചിരിക്കുകയാണ് ജാക്ക് ഡോര്‍സി.
🔳കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയെന്ന് ഡല്‍ഹി പോലീസ്. ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന പീസ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ഡല്‍ഹി പോലീസ് ആരോപിക്കുന്നത്.
🔳വിവിധ രാജ്യങ്ങള്‍ക്കായി ഇന്ത്യ 56 ലക്ഷം ഡോസ് കോവിഡ് പ്രതിരോധമരുന്ന് നല്‍കിയതായി വിദേശകാര്യമന്ത്രാലയം. ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മാര്, മൗറീഷ്യസ്, സീഷെല്‍സ്, ശ്രീലങ്ക, യു.എ.ഇ., മൊറോകോ, ഒമാന്‍, ഈജിപ്ത്, അല്‍ജീരിയ, കുവൈത്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് മരുന്ന് സൗജന്യമായി നല്‍കിയത്. വാണിജ്യാടിസ്ഥാനത്തില്‍ 100 ലക്ഷം ഡോസും വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പത്രസമ്മേളനത്തില്‍ പറഞ്ഞു.
🔳മോദിയുടെ ചങ്ങാതി കേന്ദ്രീകൃത ബജറ്റില്‍ അതിര്‍ത്തില്‍ ചൈനീസ് അതിക്രമം നേരിടുന്ന ജവാന്മാര്ക്ക് സഹായമേകുന്ന ഒന്നും തന്നെയില്ലെന്നും ഇന്ത്യയിലെ ജവാന്മാര് വഞ്ചിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അടുപ്പക്കാരായ വന്‍കിടക്കാര്‍ക്കായുള്ള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും രാഹുല്‍ വിമര്‍ശിച്ചു.
🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നു. അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന് എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കണ്ടെത്തി.
🔳നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന് നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായി കെ. സുധാകരന് നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ വിവാദത്തിനിടയാക്കിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
🔳മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നടത്തിയ ചെത്തുകാരന്റെ മകന് പരാമര്‍ശത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂര്‍ത്തിനേയുമാണ് സുധാകരന് പരാമര്‍ശിച്ചത്. അല്ലാതെ മറ്റൊരു പരാമര്‍ശം നടത്തിയല്ലെന്നാണ് സുധാകരന് വിശദീകരിച്ചതെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
🔳മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ 'ചെത്തുകാരന്റെ മകന്'പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിമര്‍ശിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ. തിരുത്തലുമായി രംഗത്ത്. സംഭവത്തില്‍ കെ. സുധാകരനോട് ക്ഷമ ചോദിച്ച ഷാനിമോള്‍ ഉസ്മാന് സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും പറഞ്ഞു.
🔳മുഖ്യമന്ത്രിക്കെതിരെ താന്‍ പറഞ്ഞതിനെ വൈകിയാണെങ്കിലും പാര്‍ട്ടി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. മുഖ്യമന്ത്രി പിണറായി വിജയന് ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന് എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും നിലപാട് തിരുത്തിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
🔳കെ. സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണെന്ന് മന്ത്രി എ.കെ ബാലന്. സുധാകരന് അങ്ങനെ പറയാന്‍ പാടില്ല എന്ന ആര്‍ജ്ജവം കോണ്ഗ്രസ്സുകാര് കാട്ടണം. പിണറായി വിജയന്റെ അച്ഛന് ചെത്തു തൊഴിലാളിയായത് തെറ്റാണോ എന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സഞ്ചരിക്കാന്‍ പാടില്ല എന്നത് അധമബോധമാണെന്നും ബാലന് പ്രതികരിച്ചു.
🔳സി.പി.എം മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ കാലടി സംസ്കൃത സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കമ്പസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
🔳അദാനി കമ്പനിയുടെ പരസ്യം സി.പി.എം. നിയന്ത്രണത്തിലുള്ള ചിന്ത വാരികയില്‍. ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവന്‍ പേജ് പരസ്യം നല്‍കിയത്. തിരുവനന്തപരം വിമാനത്താവളം അദാനിക്ക് നല്കുന്നതില് പ്രതിഷേധിച്ച് സിപിഎം പ്രത്യക്ഷ സമരത്തിലാണ്. രാഷ്ട്രീയ നയത്തില്‍ എതിര് ചേരിയില്‍ നിര്‍ത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ പരസ്യം പണം വാങ്ങി സിപിഎം വാരിക തന്നെ പ്രസിദ്ധീകരിച്ചതാണ് ശ്രദ്ധേയം.
🔳സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍. സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
🔳സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധന വില കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ്.
🔳അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര ആങ്കോട്ട് സ്വദേശി മോഹന കുമാരിയും മകന് കണ്ണനുമാണ് മരിച്ചത്.
🔳നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യവുമായി തമിഴ്നാട് സര്‍ക്കാര്‍. 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ തീരുമാനം. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. മുഖ്യമന്ത്രി ഇ. പളനിസാമി നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
🔳അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം, ഏകദേശം 30 കോടിയോളം രൂപ, കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ സ്വദേശിനിക്ക്. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശി തസ്ലീന പുതിയപുരയിലിനെയാണ് ഭാഗ്യംതേടിയെത്തിയത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന ഇവര്‍ ഓണ്‍ലൈനായെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
🔳പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി തടവിലായ സൈനികരെ മോചിപ്പിച്ച് ഇറാന്. വഹാബി തീവ്രവാദികള്‍ തടവിലാക്കിയ രണ്ട് അതിര്‍ത്തി സേനാംഗങ്ങളെ രഹസ്യ നീക്കത്തിലൂടെ മോചിപ്പിച്ചതായി ഇറാന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. രണ്ടര വര്‍ഷമായി തീവ്രവാദികളുടെ തടവില്‍ കഴിയുന്ന സേനാംഗങ്ങളെ രക്ഷപ്പെടുത്താന്‍ ഇറാന്റെ സായുധ സേനാവിഭാഗമായ ഐ.ആര്.ജി.സി സംഘമാണ് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്തത്.
🔳ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ബുധനാഴ്ച രാജ്യത്തെ ഡ്രഗ്സ് റഗുലേറ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയ്ക്ക് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അടിയന്തര ഉപയോഗത്തിന് വീണ്ടും അപേക്ഷ നല്‍കുമെന്നും ഫൈസര്‍ വ്യക്തമാക്കി.
🔳ജോണ്സണ് & ജോണ്സണ് നിര്‍മിച്ച കോവിഡ് വാക്സിന് യുഎസില്‍ അടിയന്തര വിതരണാനുമതി തേടി കമ്പനി വ്യാഴാഴ്ച അധികൃതരെ സമീപിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ജോണ്സണ് & ജോണ്സണ് നിര്‍മിച്ച ഒറ്റ ഡോസ് വാക്സിന് കൂടുതല്‍ ഫലപ്രദമായേക്കുമെന്ന് ജര്‍മനി പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി ഉപയോഗാനുമതി തേടി അധികൃതരെ സമീപിച്ചത്.
🔳ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് മാന്യമായ സ്കോറിലേക്ക് നീങ്ങുന്നു. അവസാന വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡോം സിബ്ലിയും ജോ റൂട്ടുമാണ് ക്രീസില്‍.
🔳സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്.
🔳2021 ലും റെക്കോര്‍ഡിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍. ഡിജിറ്റല്‍ മണിയിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ തിരിഞ്ഞതോടെ ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം യുപിഐ വഴി 4.2 ട്രില്യണ്‍ രൂപയുടെ 2.3 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തി. യുപിഐയുടെ ഇടപാടുകളുടെ മൂല്യം 76.5 ശതമാനവും ഇടപാട് മൂല്യം 100 ശതമാനവും ഉയര്‍ന്നു.
🔳വില്ലന്‍ കഥാപാത്രവുമായി വീണ്ടും വിജയ് സേതുപതി. പക്ഷേ അത് തെലുങ്കിലാണെന്നു മാത്രം. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാ നായകന്മാരും പുതുമുഖങ്ങളാണ്. പഞ്ജ വൈഷ്ണവ് തേജും കൃതി ഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാക്കിനടയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കുന്നതെന്നും അറിയുന്നു. 'റായനം' എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഈ മാസം 12ന് തിയറ്ററുകളിലെത്തും.
🔳സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യാഷ് നായകനായെത്തുന്ന കെജിഎഫ് 2. ജൂലൈ 16ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യാഷിന്റെ ആരാധകര്‍. ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും കെജിഎഫ് വെറുമൊരു സിനിമയല്ല അതൊരു വികാരമാണെന്നും കത്തില്‍ പറയുന്നു. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്.
🔳ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2020 ഒക്ടോബറിലാണ് ഹൈനസ് സിബി350നെ അവതരിപ്പിച്ചത്. ഹൈനെസ്സ് സിബി 350 അടിസ്ഥാനമാക്കി പുത്തന്‍ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ഹോണ്ട. ഹൈനെസ്സിന്റെ സ്ക്രാംബ്ലര്‍ പതിപ്പാണെന്നാണ് സൂചന. ഈ മാസം 16-ന് ഹോണ്ട ബിഗ്വിങ് ഡീലര്‍ഷിപ്പുകള്‍ വഴി പുത്തന്‍ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുത്തന്‍ ബൈക്കിന്റെ ഒരു ടീസര്‍ ചിത്രവും ഹോണ്ട പുറത്ത് വിട്ടിട്ടുണ്ട്.
🔳വ്യത്യസ്തങ്ങളായ ജീവിതപരിസരങ്ങളെ സ്വച്ഛമായി ആവിഷ്കരിക്കാനുള്ള സേതുവിന്റെ സര്‍ഗ്ഗശേഷിക്കു നിദര്‍ശനമായ കഥകളുടെ സമാഹാരം. ജീവിതസംഘര്‍ഷങ്ങളുടെ ആന്തരികതലങ്ങളെ ബാഹ്യസംഭവങ്ങളിലൂടെ വെളിപ്പെടുത്തുന്ന ആഖ്യാനരീതിയാണ് കഥകള്‍ക്ക് സ്വച്ഛത നല്‍കുന്നത്. 'ആംബുലന്‍സ്'. സേതു. ഡിസി ബുക്സ്. വില 133 രൂപ.
🔳പുതിയ വകഭേദം മൂലം കോവിഡ് ബാധിച്ചവരില്‍ 22 ശതമാനം പേര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ഥ കോവിഡ് വകഭേദം മൂലം പനി വന്നത് 19 ശതമാനത്തിനാണ്. ഉയര്‍ന്ന, തുടര്‍ച്ചയായ പനി കാണിക്കുന്ന കോവിഡ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. യഥാര്‍ഥ കോവിഡ് വകഭേദം മൂലമുള്ള രോഗത്തില്‍ തൊണ്ട വേദനയായിരുന്നു പൊതുവായി കാണപ്പെട്ടതെങ്കില്‍ പുതിയ വകഭേദത്തില്‍ അത് ചുമയാണ്. ഇതിലെ 35 ശതമാനം കേസുകളും യുകെ വകഭേദം മൂലമാണ്. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കോവിഡിന്റെ ഇരു വകഭേദത്തിലമുണ്ട്. വിട്ടുമാറാത്ത പേശീ വേദനയും ക്ഷീണവും പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങളാകാം. യുകെ വകഭേദത്തിലും പഴയ വകഭേദത്തിലും ഒരേ പോലെ കാണപ്പെടുന്നതാണ് തലവേദന എന്ന ലക്ഷണം. അതിനാല്‍ ഇതും പ്രത്യേകം കരുതിയിരിക്കണം. ഛര്‍ദ്ദി, മനംമറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ സങ്കീര്‍ണതകള്‍ കോവിഡുമായി ബന്ധപ്പെട്ടും പ്രത്യക്ഷപ്പെടാം. പുതിയ വകഭേദത്തേക്കാള്‍ പഴയ വകഭേദവുമായി ബന്ധപ്പെട്ടതാണ് ഈ ലക്ഷണം. കൊറോണ വൈറസിന്റെ പഴയ വകഭേദം മൂലം കോവിഡ് ബാധിതരായവരില്‍ 60 ശതമാനത്തിലേറെ കേസുകളില്‍ മണവും രുചിയും നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ വകഭേദം മൂലമുണ്ടാകുന്ന കോവിഡില്‍ ഇത് അത്ര വ്യാപകമല്ല. പുതിയ വകഭേദം മൂലം കോവിഡ് വന്നവരില്‍ 17 ശതമാനത്തിനേ ഈ ലക്ഷണം ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായ ചുമ, പനി, ക്ഷീണം, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ ഒട്ടും വൈകാതെ ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്താം. മറ്റുളളവരില്‍ നിന്ന് മാറി ഐസൊലേഷനില്‍ ഇരിക്കുകയും സ്പര്‍ശിച്ച പ്രതലങ്ങളെല്ലാം അണുവിമുക്തമാക്കുകയും വേണം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 72.91, പൗണ്ട് - 99.93, യൂറോ - 87.35, സ്വിസ് ഫ്രാങ്ക് - 80.79, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.56, ബഹറിന്‍ ദിനാര്‍ - 193.40, കുവൈത്ത് ദിനാര്‍ -240.72, ഒമാനി റിയാല്‍ - 189.37, സൗദി റിയാല്‍ - 19.44, യു.എ.ഇ ദിര്‍ഹം - 19.85, ഖത്തര്‍ റിയാല്‍ - 20.02, കനേഡിയന്‍ ഡോളര്‍ - 56.99.
➖➖➖➖➖➖➖➖
Post a comment