06 February 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 06 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

���ദേശീയ-സംസ്ഥാന പാതകളെ ഉപരോധിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ഹരിയാണയിലെ പല്‍വാലില്‍ സുപ്രധാന ദേശീയ പാത കര്‍ഷകര്‍ തടഞ്ഞു. ഉച്ചയ്ക്ക് മൂന്ന് വരെ തുടരുന്ന ചക്ക ജാമില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ സ്തംഭിച്ചു. ബെംഗളൂരുവിലും പുണെയിലും വലിയ ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടു. ബെംഗളൂരുവില്‍ മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഞ്ചാബ്-ഹരിയാണ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഒട്ടുമിക്ക റോഡുകളും കര്‍ഷകര്‍ ഉപരോധിച്ചു.

🔳രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 'ചക്ക ജാം' എന്ന റോഡ് ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി പോലീസ്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ അനുഭവത്തില്‍ ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 12 മെട്രോ സ്റ്റേഷനുകള്‍ അടച്ചു.. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ രംഗത്ത്. സര്‍ക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്നും സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍.

🔳കര്‍ഷക സമരം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും കര്‍ശനനടപടികള്‍ തുടങ്ങി. ഇത്തരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുക ദുഷ്‌കരമാകുമെന്ന് ഉത്തരാഖണ്ഡ് പോലീസ് വ്യക്തമാക്കി. ആയുധലൈസന്‍സും അനുവദിക്കില്ല. സമരാനുകൂലികള്‍ക്ക് ബാങ്ക് വായ്പ നല്‍കേണ്ടെന്നും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കേണ്ടെന്നുമാണ് ബിഹാര്‍ സര്‍ക്കാരിന്റെ നിര്‍ദേശം.

🔳ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുള്ള പ്രചാരണത്തിനായി യു.എസ് പോപ് ഗായിക റിഹാനയ്ക്ക് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പിആര്‍ കമ്പനി കോടികള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി  കര്‍ഷരെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ റിഹാനയ്ക്ക് 2.5 മില്യണ്‍ ഡോളര്‍ ( ഏകദേശം 18 കോടി രൂപ) നല്‍കിയെന്ന് 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്തു. കാനഡ ആസ്ഥാനമായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപകനായ മോധലിവാള്‍ ഡയറക്ടറായ സ്‌കൈറോക്കറ്റ് എന്ന പരസ്യ സ്ഥാപനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

🔳മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്തെ ഗാര്‍ഹിക എല്‍പിജി ഗ്യാസ്, പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

🔳കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായി ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.  ലളിതമായ പൊതുജനാരോഗ്യ പരിഹാരങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ നമുക്ക് വൈറസിനെ മറികടക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയിലെ മാതൃക കാണിക്കുന്നത്. പ്രതിരോധത്തിനായി വാക്‌സിനുകള്‍ കൂടി ചേരുമ്പോള്‍ കൂടുതല്‍ മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു.

🔳കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച രീതിയിലായിരുന്നുവെന്നും അത് തകര്‍ന്നു പോകരുതെന്നും കോവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രം സംഘം പറഞ്ഞതായി മന്ത്രി കെ.കെ.ശൈലജ. ഇതിനായി പരിശോധന വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  ' കേന്ദ്ര സംഘത്തിന്റെ നിര്‍ദേശങ്ങള്‍ സദുദ്ദേശത്തോടെ എടുക്കുന്നുവെന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ടെസ്റ്റ് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഷൈലജ ടീച്ചര്‍.

🔳അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് കരട് പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു.

🔳ശബരിമല വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സുപ്രീം കോടതി വിധി വരുമ്പോള്‍ അതനുസരിച്ച് എന്തുവേണമെന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാ അനുഭവങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കേണ്ടതുണ്ട്. നേരത്തെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പാര്‍ട്ടി പരിഗണിച്ചുവെന്നും എസ്ആര്‍പി വ്യക്തമാക്കി.

🔳പി.എസ്.സി. നിയമനം, കരാര്‍ ജീനവക്കാരെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.

🔳കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്‍വാതില്‍ നിയമന മേളയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

🔳കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ തന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവ് എംബി രാജേഷ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരില്‍ ഒരാളുടെ താല്‍പര്യത്തിനനുസരിച്ച് മറ്റൊരാള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മൂന്നുപേരും ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. മൂന്നു പേരുടെ വ്യക്തിപരമായ താല്‍പര്യത്തില്‍നിന്നുണ്ടായ പ്രശ്‌നമാണിതെന്നും അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നുവെന്നും രാജേഷ് പറഞ്ഞു.

🔳വോട്ടിങ് ശതമാനമല്ല, വിജയമാണു പ്രധാനമെന്ന് ഓര്‍മപ്പെടുത്തി ദേശീയാധ്യക്ഷന്‍ മടങ്ങിയതോടെ, ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് ഏറ്റെടുക്കാനുള്ളത് വലിയ വെല്ലുവിളി. 140 മണ്ഡലം ഭാരവാഹികളെയും വിളിച്ചുചേര്‍ത്താണ് ജെ.പി.നഡ്ഡ നയംവ്യക്തമാക്കിയത്. എന്നാല്‍, നിലവിലെ ഒരു സീറ്റ് നിലനിര്‍ത്തലും ഏഴ് എപ്ലസ് മണ്ഡലങ്ങളില്‍ ചിലതെങ്കിലും ജയിക്കലും ബിജെപിക്ക് വലിയ കടമ്പയായിരിക്കും.

🔳2018 ലെ വാട്സ്ആപ്പ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍ നിര്‍മ്മാണത്തിനായി പിരിച്ച തുകയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ പുറത്തുവിട്ട കണക്കുകളില്‍ അവ്യക്തയുണ്ടെന്ന് ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. മന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനിട്ടിനുള്ളില്‍ പിരിഞ്ഞു കിട്ടി എന്നാണ്. ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി? മന്ത്രിക്ക് പണം മുക്കാം എഫ്ബി പോസ്റ്റ് മുക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

🔳ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ പരാതിയിലാണ് കൊച്ചി ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്തത്. വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പ്രോഗ്രാം കോഡിനേറ്ററായ ഷിയാസ് എന്നയാളാണ് പരാതിക്കാരന്‍.  എന്നാല്‍ പരാതി സണ്ണി ലിയോണ്‍ തള്ളി. അഞ്ച് തവണ പരാപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടേതാണ് വിഴ്ചയെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കി. പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

🔳ഇത്തവണത്തെ തൃശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ പൂരം നടത്താന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം അധികൃതര്‍ തുടങ്ങിയവരാണ് ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.

🔳ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരിയ മനുഷ്യരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നിഗമനം. മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മില്‍ ജനിത് ഘടനയില്‍ 98 ശതമാനത്തോളം സമാനതയുള്ളതാണ് ഈ നിഗമനത്തിന് പിന്നില്‍.

🔳ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തിനായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും പേര് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഐ.പി.എല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1097 താരങ്ങളാണ്. ചെന്നൈയില്‍ ഫെബ്രുവരി 18-നാണ് താര ലേലം. ഇതില്‍ 814 കളിക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. 283 പേര്‍ വിദേശ താരങ്ങളും.
ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്നും ഇത്തവണത്തെ ലേലത്തിനില്ല. അതേസമയം മലയാളി താരം എസ്. ശ്രീശാന്ത് ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

🔳ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷടത്തില്‍ 494 റണ്‍സ് നേടി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ്് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നത്. ജോ റൂട്ട് 218 റണ്‍സെയുത്ത് പുറത്തായി. റൂട്ടിന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറിയാണിത്.

🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി.  അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പണം കിട്ടില്ലെന്ന് മാത്രമല്ല, അക്കൗണ്ടില്‍ ഉള്ളത് കൂടി പോകുമെന്ന നിലയാണ്. ഇത്തരത്തില്‍ പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പരിധിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തിയാലും ബാങ്കിന് പണം അധികം നല്‍കേണ്ടി വരും. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും മുതല്‍ 20 രൂപയും ജിഎസ്ടിയും വരെ നല്‍കേണ്ടി വരും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം.

🔳സംസ്ഥാനത്ത് സ്വര്‍ണവില കൂടി. സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 35,240 രൂപയും ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,405 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 68.70 രൂപ. നേരത്തെ, കേന്ദ്ര ബജറ്റ് പ്രഖ്യാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് ദിവസം തുടര്‍ച്ചയായി സ്വര്‍ണത്തിന് വില ഇടിഞ്ഞിരുന്നു. ഇക്കാലയളവില്‍ പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയും കുറയുകയുണ്ടായി. ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നലെ സ്വര്‍ണം വില്‍ക്കപ്പെട്ടത്. വെള്ളിയാഴ്ച്ച സ്വര്‍ണം പവന് വില 35,000 രൂപയായിരുന്നു.

🔳തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന സിനിമാ സമുച്ചയമാണ് 'കുട്ടി സ്റ്റോറി'. ഈ മാസം 12ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവര്‍ ഒരുക്കുന്ന നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്നതാണ് 'കുട്ടി സ്റ്റോറി'. പ്രണയമാണ് നാലിന്റെയും പശ്ചാത്തലം.  അമല പോള്‍, ഗൗതം വസുദേവ് മേനോന്‍, മേഘ ആകാശ്, ആര്യ, സാക്ഷി അഗര്‍വാള്‍, വിജയ് സേതുപതി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

🔳നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഇദ്ദ എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. ഭര്‍ത്താവ് മരണപ്പെട്ട് പോയവള്‍ നാല് മാസവും പത്ത് ദിവസവും അടച്ചിട്ടൊരു മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെയിരിക്കുന്ന 'ഇദ്ദ' യാണ് ചിത്രത്തിന്റെ കഥാതന്തു. തിരക്കഥയും സംവിധാനവും ജംഷീര്‍. ശ്രുതി ജയന്‍, സരസ ബാലുശ്ശേരി, ജസ്ല മാടശ്ശേരി, ദര്‍ശിക ജയേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡ് അടക്കം ഇരുപത്തിമൂന്നാളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.

🔳ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യയില്‍ എത്തി. 3.61 കോടി രൂപ എക്‌സ്‌ഷോറും വിലയിലാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. വാഹനത്തില്‍ വരുത്തുന്ന കസ്റ്റമൈസേഷന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.  ഫെരാരി റോമയ്ക്ക് കരുത്തേകുന്നത് 4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി 8 പെട്രോള്‍ എന്‍ജിനാണ്. ഇത് 603 ബി.എച്ച്.പി.പവറും 760 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഇതില്‍ ട്രാന്‍സ്മിഷന്‍.

🔳മധുചഷകങ്ങളാല്‍ ഭാവനയുടെയും ഉന്മാദത്തിന്റെയും വീര്യം പകരുന്ന കൃതി ബോധത്തിനും അബോധത്തിനുമിടയിലെ ആനന്ദ ഭരിതമായ നിമിഷങ്ങള്‍ നുരഞ്ഞുങ്ങുന്ന വാക്കുകളുടെ വൈവിധ്യമാര്‍ന്ന മദ്യ ശാലകള്‍. 'മദ്യ ശാല'. എഡിറ്റര്‍ - വി.ആര്‍ സുധീഷ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 133 രൂപ.

🔳അര്‍ബുദ രോഗികള്‍ക്കും വൈദ്യ നിരീക്ഷണത്തില്‍ കോവിഡ്19 പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കാമെന്ന് അര്‍ബുദ രോഗ വിദഗ്ധര്‍. ഇതുമായി ബന്ധപ്പെട്ട അപകട സാധ്യതകളേക്കാള്‍ കൂടുതലാണ് അര്‍ബുദ രോഗികള്‍ വാക്‌സീന്‍ എടുത്താലുള്ള പ്രയോജനങ്ങളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് വാക്‌സീനുകള്‍ കാന്‍സര്‍ രോഗികളില്‍ ഉണ്ടാക്കുന്ന പ്രതിരോധത്തിന്റെ ദൈര്‍ഘ്യവും അവയുടെ കാര്യക്ഷമതയും ഇനിയും അറിവായിട്ടില്ല. വാക്‌സീന്‍ നല്‍കുന്നത് മൂലമുള്ള പാര്‍ശ്വഫലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.  കാന്‍സര്‍ രോഗ ചികിത്സയുടെ സ്വഭാവം പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന മട്ടിലുള്ളതിനാല്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത അര്‍ബുദ രോഗികളില്‍ കൂടുതലാണ്. പടരുന്ന അര്‍ബുദ കോശങ്ങളും പ്രതിരോധ സംവിധാനത്തിന്റെ ശക്തി കുറയ്ക്കും. ഇതും രോഗികള്‍ക്ക് അണുബാധയുണ്ടാക്കാം. വിവിധ വാക്‌സീനുകളുടെ പരീക്ഷണങ്ങളില്‍ വളരെ കുറച്ച് കാന്‍സര്‍ രോഗികള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ വാക്‌സീനുകളുടെ മൂല്യനിര്‍ണയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അവ അര്‍ബുദ രോഗികള്‍ക്കും സുരക്ഷിതമാണെന്നാണ്. അര്‍ബുദത്തിന് പുറമേ എച്ച്‌ഐവി രോഗ ബാധിതരും ദുര്‍ബലമായ പ്രതിരോധ സംവിധാനമുള്ളവരാണ്. ഓരോ അര്‍ബുദ രോഗിയുടെയും വ്യക്തിഗത തെറാപ്പി കാലക്രമം അനുസരിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള സമയം നിര്‍ണയിക്കണമെന്നും കാന്‍സര്‍ രോഗ വിദഗ്ധര്‍ പറയുന്നു. അതേ സമയം വാക്‌സീന്‍ എടുത്താലും അര്‍ബുദ രോഗികള്‍ സാമൂഹിക അകല മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ശുചിത്വ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.79, പൗണ്ട് - 99.99, യൂറോ - 87.70, സ്വിസ് ഫ്രാങ്ക് - 80.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.88, ബഹറിന്‍ ദിനാര്‍ - 193.14, കുവൈത്ത് ദിനാര്‍ -240.42, ഒമാനി റിയാല്‍ - 189.16, സൗദി റിയാല്‍ - 19.41, യു.എ.ഇ ദിര്‍ഹം - 19.82, ഖത്തര്‍ റിയാല്‍ - 19.99, കനേഡിയന്‍ ഡോളര്‍ - 57.07
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only