ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും മൂലധനത്തെക്കാളും വലുതാണ് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വകാര്യതയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്. വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് എന്നീ കമ്പനികളോടും നാലാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
വാട്സ് ആപ്പില്‍ അയക്കുന്ന മെസേജുകള്‍ ഫെയ്സ്ബുക്കുമായി പങ്കുവെക്കുന്നു എന്നാണ് മാധ്യമ വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. ഇത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നു. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ വാട്സ് ആപ്പിന്റെ സ്വകാര്യതാനയത്തിന് വ്യത്യസ്തമായ നയമാണ് ഇന്ത്യയില്‍ കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വിശദമായി പരിശോധിക്കേണ്ട നിയമവിഷയം ആണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
എന്നാല്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ പ്രത്യേകനിയമം ഉള്ളതിനാലാണ് അവിടെ വ്യത്യസ്തമായ സ്വകാര്യതാനയമെന്ന് വാട്സ് ആപ്പിനും ഫെയ്സ്ബുക്കിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പുതിയ നയം ഉണ്ടായാല്‍ അത് പാലിക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം കോടതിക്ക് ഉറപ്പു നല്‍കാമെന്നും കമ്പനികള്‍ അറിയിച്ചു.
പുതിയ സ്വകാര്യതാനയത്തിലൂടെ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് വിവരം ചോരുമെന്ന ആശങ്ക ചിലര്‍ക്ക് മാത്രമല്ല, രാജ്യത്തിന് ആകെ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യത നയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നാല് ആഴ്ചയ്ക്ക് ഉള്ളില്‍ നിലപാട് അറിയിക്കാന്‍ കക്ഷികളോടാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Post a comment