തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ ബുധനാഴ്ച നടത്താനിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. അനധികൃതമായി ജോലിക്ക് ഹാജകാതാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പണിമുടക്കുന്ന ദിവസത്തെ ശമ്പളം മാർച്ച് മാസത്തെ ശമ്പളത്തിൽനിന്ന് കുറവ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയിൽ ഏർപ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സർവീസിൽനിന്ന് നീക്കംചെയ്യും. ഗസറ്റഡ് ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ബുധനാഴ്ച അനുവദിക്കില്ല. വ്യക്തിക്കോ, ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നീ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ അവധി അനുവദിക്കും. ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാർക്ക് അവധി അനുവദിക്കും.
ഓഫീസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുന്നതുമൂലം ഓഫീസ് അടഞ്ഞു കിടക്കുന്നുവെങ്കിൽ ജില്ലാ ഓഫീസർ ഓഫീസ് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ജില്ലാ കളക്ടർമാരും വകുപ്പുതല മേധാവികളും പണിമുടക്കിൽ പങ്കെടുക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജീനക്കാർക്ക് ഓഫീസുകളിൽ എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
Post a comment