07 February 2021

പ്രഭാത വാർത്തകൾ
(VISION NEWS 07 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നല്ലരീതിയില്‍ അത് നിറവേറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

🔳കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘടനകളുടെ ആഹ്വാനപ്രകാരം ഇന്നലെ നടന്ന റോഡ് തടയല്‍ പഞ്ചാബിലും ഹരിയാണയിലും രാജസ്ഥാനിലും പൂര്‍ണം. കരിമ്പ് വിളവെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും പ്രധാനകേന്ദ്രങ്ങളിലെ ദേശീയ-സംസ്ഥാന പാതകളിലെ ഗതാഗതം കര്‍ഷകര്‍ സ്തംഭിപ്പിച്ചു.


🔳കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രക്ഷോഭം ഒക്ടോബര്‍ രണ്ട് വരെ തുടരും. ഇക്കാലയളവില്‍ കേന്ദ്രം നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക സംഘടനകളുമായി ആലോചിച്ച് കൂടുതല്‍ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

🔳കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമര്‍ശിച്ച് മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് രംഗത്ത്. ബി.ജെ.പിയുടെ മധ്യപ്രദേശില്‍നിന്നുള്ള  രാജ്യസഭ മുന്‍ എം.പി. കൂടിയായ രഘുനന്ദന്‍ ശര്‍മയാണ് തോമറിനെതിരെ രംഗത്തെത്തിയത്. അധികാരത്തിന്റെ ധാര്‍ഷ്ട്യം തോമറിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നുവെന്ന് ശര്‍മ വിമര്‍ശിച്ചു. ദേശീയത ശക്തിപ്പെടുത്താന്‍ തോമര്‍ പ്രവര്‍ത്തിക്കണമെന്നും ശര്‍മ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

🔳കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര പരിസ്ഥിതിസപ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് വിഷയത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ടൂള്‍കിറ്റിലൂടെ നിരവധി കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നുവെന്നും ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്ന് കാണാമെന്നും ജയ്ശങ്കര്‍. തങ്ങള്‍ക്ക് കൂടുതല്‍ അറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചില സെലിബ്രിറ്റികളുടെ പരാമര്‍ശങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് വ്യക്തമായ കാരണമുണ്ടെന്നും ജയശങ്കര്‍ പ്രതികരിച്ചു.  

🔳സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോണ്‍ഗ്രസ് 'തെമ്മാടി'കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. 'ഭാരത രത്‌ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേല്‍ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരമാണവര്‍  വ്രണപ്പെടുത്തിയതെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ ആരോപിച്ചു.🔳ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനു വേണ്ടി 25 രാജ്യങ്ങള്‍കൂടി ആവശ്യമുന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഇന്ത്യ ഇതിനോടകം 15 രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി..

🔳കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

🔳യു.ഡി.എഫിന്റെ ശബരിമല കരടുനിയമത്തില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍. രാജ്യത്തെ ഭരണഘടനാപരമായ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കോടതികള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ അധികാരങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള അവ്യക്തതയാവാം ഒരുപക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

🔳സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും ശബരിമലയില്‍ നിയമനിര്‍മാണം സാധ്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നിയമനിര്‍മാണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനിയിലായതിനാല്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ ആവില്ലെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ നിയമവിദഗ്ദ്ധരുമായി തങ്ങള്‍ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. നിയമനിര്‍മാണം സാധ്യമാണെന്നാണ് എല്ലാവരും പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.

🔳പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമനം കിട്ടിയ ഇടത് നേതാക്കളുടെ ബന്ധുക്കളുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിന്റെ പേര് മുതല്‍ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്റെ ബന്ധുവിന്റെ പേര് വരെ 17 പേരുകളാണ് ചെന്നിത്തല പുറത്തുവിട്ടത്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും വിവിധ സര്‍വകലാശാലകളില്‍ നടത്തിയ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ മുങ്ങി. അതേസമയം, നിയമനങ്ങളെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി

🔳പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കുന്ന കരട് ബില്ലുമായി യു.ഡി.എഫ്. കരാര്‍ ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കരട് ബില്ലിന് രൂപംനല്‍കിയിരിക്കുന്നത്. ശബരിമലയുടെ കാര്യത്തില്‍ പുതിയ നിയമനിര്‍മാണത്തിനായി കരട് ബില്‍ തയ്യാറാക്കിയ മാതൃകയിലാണ് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കരടും തയ്യാറാക്കിയിരിക്കുന്നത്.

🔳യു.ഡി.എഫിന്റെ പ്രകടനപത്രികയ്ക്ക് രൂപംനല്‍കാന്‍ യുവജനതയില്‍നിന്ന് അഭിപ്രായംതേടി ശശി തരൂര്‍ എം.പി. 'ലോകോത്തര കേരളം-യുവതയുടെ കാഴ്ചപ്പാടറിയാന്‍' എന്നപേരില്‍ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലെ യുവാക്കള്‍ പ്രതിനിധീകരിച്ചു. നാളെ എന്താകണമെന്ന ചിന്തയാണ് ഇനി നമുക്കുവേണ്ടതെന്നും ചരിത്രം പറഞ്ഞുമാത്രം രാഷ്ട്രീയം കൊണ്ടുനടക്കുന്ന രീതി ഒഴിവാക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. 21-ാം നൂറ്റാണ്ടിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും അതിനാണ് യുവാക്കളുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കേരളത്തില്‍ ഇന്നലെ 82,804 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5942 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,543 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62.

🔳സംസ്ഥാനത്ത് ഇന്നലെ 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 434 ഹോട്ട് സ്‌പോട്ടുകള്‍.

🔳അധികാരത്തിന്റെ ബലത്തില്‍ അനര്‍ഹര്‍ തൊഴിലുകള്‍ തട്ടിയെടുക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ  ഫിറോസ്. തൊഴില്‍ ലഭിക്കാന്‍ മാത്രം മതത്തെ കൂട്ടുപിടിക്കുന്നത് ശരിയാണോയെന്ന് സി.പി.എം പരിശോധിക്കണം. സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം ജോലി നല്‍കുകയാണെന്നും ഫിറോസ് പറഞ്ഞു.

🔳മലയാള താരസംഘടനയായ 'അമ്മ'യ്ക്ക് പുതിയ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവില്‍ കലൂരില്‍ നിര്‍മ്മിച്ച കെട്ടിടം മോഹന്‍ലാലും മമ്മൂട്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ' ട്വന്റി 20' മാതൃകയില്‍ പുതിയ ചിത്രം നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

🔳സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശത്തിനും പരിഹാസത്തിനും മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രംഗത്ത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഘാനയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. താന്‍ കാനയിലും കനാലിലും ഒന്നുമല്ല ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

🔳പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന്റെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി പരിശോധന നടത്തി സിബിഐ ഉദ്യോഗസ്ഥര്‍. ഇന്നലെ വൈകിട്ട് തീര്‍ത്തും അപ്രതീക്ഷിതമായാണ് സിബിഐ ഉദ്യോഗസ്ഥരെത്തി ഏരിയ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയത്. സിബിഐ ഉദുമ ഏരിയ സെക്രട്ടറിയുടെയും മുന്‍ ഏരിയ സെക്രട്ടറിയും ഇപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്റെയും മൊഴിയെടുക്കുകയും ചെയ്തു. കേസില്‍ പതിനാലാം പ്രതിയാണ് മണികണ്ഠന്‍.

🔳കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയില്‍ മദ്യലഹരിയില്‍ 52-കാരന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാര്‍ത്തിക ഭവനില്‍ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവാണ് സുജാതയെ ആക്രമിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം.  ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു.

🔳ആന്ധ്രപ്രദേശ് ഗ്രാമവികസന മന്ത്രി രാമചന്ദ്ര റെഡ്ഡിയ്ക്ക് വീട്ടുതടങ്കലിന് ഉത്തരവിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിമ്മഗഡ രമേഷ് കുമാര്‍. രാമചന്ദ്ര റെഡ്ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീരുന്ന ഫെബ്രുവരി 21 വരെ മന്ത്രിയുടെ വീട് പോലീസ് നിയന്ത്രണത്തിലായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പോലീസിന് നിര്‍ദേശം നല്‍കി.

🔳പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. അഹംഭാവം മൂലം മമത ബാനര്‍ജി പശ്ചിമബംഗാളിലെ കര്‍ഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളില്‍ നിന്നൊഴിവാക്കിയെന്ന് നഡ്ഡ ആരോപിച്ചു. തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിനോടും മമതയോടും ബംഗാളിലെ ജനങ്ങള്‍ 'ടാറ്റ' പറയുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

🔳മാവോവാദികളെ നേരിടാനുള്ള സി.ആര്‍.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയില്‍ വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗം നിലവില്‍വന്നു. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളില്‍നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥരാണ് ഇതിലുള്ളതെന്ന് സി.ആര്‍.പി.എഫ്. പത്രക്കുറിപ്പില്‍ അറിയിച്ചു. ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സി.ആര്‍.പി.എഫ്. അവകാശപ്പെട്ടു.

🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 11,924 കോവിഡ് രോഗികള്‍. ഇതില്‍ 5942 കോവിഡ് രോഗികളും കേരളത്തില്‍. മരണം 71. ഇതോടെ ആകെ മരണം 1,55,028 ആയി. ഇതുവരെ 1,08,27,170 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.46 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ 2,768 പേര്‍ക്കും ഡല്‍ഹിയില്‍ 123 പേര്‍ക്കും തമിഴ്നാട്ടില്‍ 477 പേര്‍ക്കും കര്‍ണാടകയില്‍ 531 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 75 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,02,552 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 97,436 പേര്‍ക്കും ബ്രസീലില്‍ 48,707 പേര്‍ക്കും  ഫ്രാന്‍സില്‍ 20,586 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.63 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.59 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,477 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,416 പേരും മെക്സിക്കോയില്‍ 1,368 പേരും ബ്രസീലില്‍ 942 പേരും ഇംഗ്ലണ്ടില്‍ 828 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 23.18 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മ്യാന്‍മറിലെ സൈനിക അട്ടിമറിയ്‌ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കെ രാജ്യത്ത്  ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൈനിക നേതൃത്വം. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് ഫെയ്‌സ്ബുക്കിനും ഇവിടെ വിലക്കേര്‍പ്പെടുത്തിയത്.

🔳ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. തന്റെ 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടെസ്റ്റ് കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറി കുറിച്ച ശേഷമാണ് റൂട്ട് മടങ്ങിയത്. 377 പന്തുകള്‍ നേരിട്ട് രണ്ടു സിക്സും 19 ഫോറുമടക്കം 218 റണ്‍സെടുത്ത റൂട്ട് ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.

🔳 36-ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ നേട്ടവുമായി കേരളത്തിന്റെ ആന്‍സി സോജന്‍. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോങ്ജമ്പിലാണ് ആന്‍സിയുടെ സ്വര്‍ണ നേട്ടം. 6.20 മീറ്റര്‍ ചാടിയാണ് ആന്‍സി മെഡല്‍ സ്വന്തമാക്കിയത്.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്ത വമ്പന്‍മാരുടെ ജയം. എ.ടി.കെയ്ക്കായി മന്‍വീര്‍ സിങ്ങും റോയ് കൃഷ്ണയും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ കോള്‍ അലക്‌സാണ്ടറുടെ വകയായിരുന്നു ഒഡിഷയുടെ ഏക ഗോള്‍.

🔳പേമെന്റ് കമ്പനി ഫോണ്‍പേ തങ്ങളുടെ ജീവനക്കാര്‍ക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളര്‍) മൂല്യം വരുന്ന ഓഹരികള്‍ നല്‍കി. 2,200 ജീവനക്കാരാണ് ഓഹരി ഉടമകളായത്. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിനാണ് ഈ അംഗീകാരം നല്‍കിയത്. പുതിയ നീക്കത്തിലൂടെ കമ്പനിയുടെ മുഴുവന്‍ ജീവനക്കാരെയും ഓഹരി ഉടമകളാക്കിയിരിക്കുകയാണ് കമ്പനി. കുറഞ്ഞത് 5,000 ഡോളര്‍ മൂല്യമുള്ള ഓഹരിയാണ് ഓരോ ജീവനക്കാരനും ലഭിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

🔳നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയ്ക്ക് നേരിയ ക്ഷീണം. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാങ്യോങ് മോട്ടോറിന്റെ തകര്‍ച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ സാമ്പത്തിക കണക്കുകളില്‍ പ്രതിഫലിച്ചു. പാപ്പരായ സാങ്യോങ്ങിലുള്ള ഓഹരി പങ്കാളിത്തം വില്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര. സാങ്യോങ്ങുമായി ബന്ധപ്പെട്ട് 1,210 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടമാണ് കമ്പനി നേരിടുന്നത്. എന്തായാലും ഡിസംബര്‍ പാദത്തില്‍ 1,268 കോടി രൂപയുടെ അറ്റാദായം കണ്ടെത്താന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു.

🔳മലയാളി താരം പ്രിയ വാര്യര്‍ നായികയായി എത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചെക്ക് എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് നിതിനാണ്. ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ്ങും മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ചന്ദ്ര ശേഖര്‍ യെലെറ്റിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തടവ് പുള്ളിയായാണ് നിതിന്‍ ചിത്രത്തില്‍ എത്തുന്നത്. ഇന്റലിജന്റ് ക്രൈം ത്രില്ലറായാണ് ചെക്ക് ഒരുങ്ങുന്നത്. ഈ മാസം 26ന് സിനിമ തിയറ്ററില്‍ എത്തും.

🔳രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന സയനൈഡില്‍ ബോളിവുഡ് താരം തന്നിഷ്ട ചാറ്റര്‍ജിയും. സിനിമയിലെ ഒരു നിര്‍ണായക കഥാപാത്രമായാണ് തന്നിഷ്ട എത്തുന്നത്. പ്രണയം നടിച്ച് 22 യുവതികളെ ഹോട്ടല്‍മുറിയിലെത്തിച്ച് സയനൈഡ് നല്‍കി കൊന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന കൊടും കുറ്റവാളി സയനൈസ് മോഹന്‍ എന്ന മോഹന്‍കുമാറിന്റെ ജീവിത കഥ പശ്ചാത്തലമാക്കിയാണ് സയനൈഡ് സിനിമ ഒരുങ്ങുന്നത്.  ഹിന്ദി, തെലുഗു, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറക്കുന്നത്.

🔳രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ജനപ്രിയവാഹനമാണ് ജൂപ്പിറ്റര്‍.  ഇപ്പോഴിതാ പുതിയ ജൂപ്പിറ്റര്‍ ഇസെഡ് എക്സ് ഡിസ്‌ക്ക് മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ്. ഇന്റലിഗോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ വാഹനം എത്തുന്നത്. ഈ വേരിയന്റിന് 72,347 രൂപയാണ് എക്സ്ഷോറൂം വില.  ടിവിഎസ് നിരയില്‍ ഇന്റലിഗോ എന്ന പുതിയ സാങ്കേതികവിദ്യ ലഭിച്ച ആദ്യത്തെ ഇരുചക്ര വാഹനമായി ജൂപ്പിറ്റര്‍.

🔳ഭര്‍ത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന നയിക്കുന്ന എല്ല റൂബിന്‍സ്റ്റണ്‍ തൊഴിലിന്റെ ഭാഗമായി ഒരു നോവല്‍ വായിക്കാനിടയാവുന്നു. അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫിവ്യക്തിത്വമുള്ള നോവലിസ്റ്റിലേയ്ക്കും പ്രമേയത്തിലെ മിസ്റ്റിക്കല്‍ അധ്യാത്മികാനുഭൂതികളിലേക്കും ആകൃഷ്ഠയാകുന്നു. എലിഫ് ഷഫാക്ക്. അദര്‍ ബുക്സ്. വില 560 രൂപ.

🔳സ്റ്റാര്‍ച്ചും പൊട്ടാസിയവും ധാരാളമടങ്ങിയപഴം പ്രഭാതഭക്ഷണത്തില്‍ ചേര്‍ത്താല്‍ ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കുകയും വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. ഓട്‌സിനും ചിയ വിത്തുകള്‍ക്കുമൊപ്പം പഴവും പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കാം. ഗ്ലൂക്കോസ് ധാരാളം അടങ്ങിയ പഴം ഉടനടി ഊര്‍ജ്ജം ആവശ്യമുള്ള സമയത്ത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്. വ്യായാമത്തിന് മുന്‍പും ശേഷവുമൊക്കെ പഴത്തിന്റെ ഈ ഗുണം ഉപയോഗപ്പെടുത്താം. പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം പേശീ വേദനയും തലകറക്കവുമൊക്കെ ഒഴിവാക്കാന്‍ സഹായിക്കും. അടുത്ത വ്യായാമത്തിന് മുന്‍പായി പേശികള്‍ തയാറാക്കി വയ്ക്കാന്‍ പഴം ചേര്‍ന്ന ഭക്ഷണം സഹായിക്കും. എന്നാല്‍ മസിലുകള്‍ പെരുപ്പിക്കാന്‍ പഴം സഹായിക്കില്ല. ഇതില്‍ പ്രോട്ടീന്‍ കുറവാണെന്നത് തന്നെ കാരണം. ഇത് പരിഹരിക്കാനായി പഴത്തിനൊപ്പം നട്ട് ബട്ടറോ ഒരു കൈ നിറയെ നട്ട്‌സുകളോ കഴിക്കാം. പഴത്തിലെ സ്റ്റാര്‍ച്ച് നമ്മുടെ ചയാപചയം മെച്ചപ്പെടുത്തും. ഒരു ദിവസത്തെ കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞ ആഹാരത്തിന്റെ 5 ശതമാനത്തിന് പകരം സ്റ്റാര്‍ച്ച് ഉപയോഗിച്ചാല്‍ കൊഴുപ്പ് ദഹനം 23 ശതമാനം വര്‍ധിക്കുമെന്ന് ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പടുത്തുന്നു. പഴുക്കാത്ത പഴത്തില്‍ നിറയെ സ്റ്റാര്‍ച്ച് ലഭിക്കും. ഇത് പുഴുങ്ങിയോ അല്ലെങ്കില്‍ തേനും നട്ടുകളുമൊക്കെ ചേര്‍ത്ത് അരച്ചോ കഴിക്കാവുന്നതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ചിലരങ്ങനെയാണ്, വിധിയേയും തോല്‍പിച്ച് മറ്റുള്ളവരെയെല്ലാം അസൂയപ്പെടുത്തി ജീവിതം ഒരു ഹോളി പോലെയാക്കുന്നവര്‍.  ഇത് പര്‍വീന്ദര്‍ ചൗളയുടെ കഥയാണ്.  ലുധിയാനയിലാണ് പര്‍വീന്ദര്‍ ജനിച്ചത്. കുട്ടിക്കാലത്ത് യാത്രകളോടായിരുന്നു പര്‍വീന്ദറിന് ഇഷ്ടം. ഒരു ജോലിയൊക്കെ കിട്ടി സ്വന്തം കാലില്‍ നില്‍ക്കാനാകുമ്പോള്‍ ഈ ലോകം മുഴുവന്‍ യാത്ര ചെയ്യണം എന്ന് സ്വപ്നങ്ങള്‍കണ്ടു.  പക്ഷേ, 15-ാം വയസ്സില്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ രൂപത്തില്‍ വിധി പര്‍വീന്ദറിന് ഒരു വീല്‍ചെയര്‍ സമ്മാനിച്ചു. പക്ഷേ കണ്ട സ്വപ്നങ്ങളെയെല്ലാം അങ്ങനെയങ്ങ് ഇരുട്ടിലേക്ക് വലിച്ചെറിയാന്‍ പര്‍വീന്ദര്‍ തയ്യാറായില്ല.  തന്റെ സ്വപ്നത്തെ കൂടെ കൂട്ടി വിധി തനിക്ക് സമ്മാനിച്ച വീല്‍ചെയറുമായി അവന്‍ യാത്ര തുടര്‍ന്നു.  ഇതുവരെ പര്‍വീന്ദര്‍ 58 രാജ്യങ്ങളിലൂടെ തന്റെ സ്വപ്നയാത്രകള്‍ നടത്തി.  അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും അവന്‍ തന്റെ സ്വപ്നസഞ്ചാരം നടത്തി.  തന്റെ സ്വപ്നങ്ങള്‍ സ്വന്തമാക്കാനുള്ള ഈ ലോക സഞ്ചാരത്തിനിടയില്‍ പര്‍വീന്ദര്‍ ട്രക്കിങ്ങും, നീന്തലും, സ്‌കേറ്റിങ്ങും സ്‌കീയിങ്ങും പാരാഗ്ലൈഡിങ്ങും നടത്തി.  അവിടെയെല്ലാം തന്റെ കയ്യൊപ്പു ചാര്‍ത്തി.  തോല്‍ക്കാന്‍ നാം തയ്യാറായാല്‍ പിന്നെ തോല്‍വികള്‍ നമ്മെ തേടിയെത്തിക്കൊണ്ടേയിരിക്കും.  ഒരിക്കലെങ്കിലും ആ തോല്‍വികളോട് ഒന്ന് പൊരുതിനോക്കാന്‍ തയ്യാറായാല്‍ വിജയത്തിലേക്കുള്ള ആദ്യപടി നമുക്ക് മുന്നില്‍ തെളിയുക തന്നെ ചെയ്യും. - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only