17 February 2021

പ്രഭാത വാർത്തകൾ
(VISION NEWS 17 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക🔳സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യുപി ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്നാല്‍ സംഭവം യുപി പൊലീസിന്റെ കെട്ടുകഥയെന്നാണ് പോപ്പുലര്‍ഫ്രണ്ടിന്റെ പ്രതികരണം. ദേശീയ സുരക്ഷയുടെ പേരില്‍ കെട്ടുകഥകള്‍ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

🔳കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കായിരിക്കും ഏറ്റവും പ്രയോജനം ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 83 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കാര്‍ഷികനിയമങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.


🔳ഗ്രെറ്റ തുന്‍ബെര്‍ഗ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ മറ്റൊരു പ്രതി മലയാളി അഭിഭാഷക നികിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ഇന്ന് വിധി പറയും.

🔳കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ 60,760 ഉം മഹാരാഷ്ട്രയില്‍ 37,125 ഉം സജീവ കേസുകളാണ് നിലവിലുള്ളത്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 72 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

🔳ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നതില്‍ മൗനം പാലിച്ച് സര്‍ക്കാര്‍. സമരം നിര്‍ത്തുന്ന കാര്യത്തില്‍ സമരക്കാര്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി. സാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് സര്‍ക്കാരിന് ഒരു അറച്ചു നില്‍പ്പുമില്ലെന്നും അവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സാധ്യമായ കാര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികാരത്തിലിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ നിലപാട് സ്വീകരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സമരക്കാരുടെ കാലുപിടിക്കേണ്ടതെന്നും മുട്ടിലിഴയേണ്ടതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

🔳സര്‍ക്കാര്‍ നിയമനങ്ങളില്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കുന്നു എന്ന ആരോപണത്തെ കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.എസ്.സിയെ മുന്‍നിര്‍ത്തി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിലൂടെ പിഎസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നഷ്ടം സംഭവിക്കുന്നു എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നും ഇത്തരം നിയമനം നടന്ന ഒരിടത്തും പിഎസ്.സി വഴി ആളെ നിയമിക്കാന്‍ കഴിയില്ലെന്നും അതൊന്നും പി.എസ്.സിക്ക് വിട്ട തസ്തികകളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

➖➖➖➖➖➖➖➖
🔳സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി, സര്‍ക്കാര്‍ ചര്‍ച്ചക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ഒട്ടും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ചാണ്ടിയുടെ കാല് മാത്രമല്ല മുഖ്യമന്ത്രിയുടെ കാല് പിടിക്കാനും തയ്യാറാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്.

🔳മാണി സി കാപ്പന്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ച പാലായിലെ ജനങ്ങളെ കാപ്പന്‍ വഞ്ചിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മറുപടി ജനങ്ങള്‍ തന്നെ കാപ്പന് നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

🔳എന്‍.സി.പി സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തുനിന്ന് ടി.പി. പീതാംബരന്‍ മാസ്റ്ററെ മാറ്റാനുള്ള നീക്കങ്ങള്‍ എന്‍.സി.പി.യില്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനകമ്മിറ്റിയില്‍ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവര്‍ യു.ഡി.എഫിലേക്കുപോയ സാഹചര്യത്തിലും പാര്‍ട്ടിവിട്ടവരെ ന്യായീകരിക്കുന്ന നിലപാട് സംസ്ഥാനപ്രസിഡന്റ് സ്വീകരിക്കുന്നതിലുമാണ് പുതിയ നേതൃത്വം പാര്‍ട്ടിക്കുണ്ടാവണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

🔳കേരളത്തില്‍ ഇന്നലെ 74,352 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4,937 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4016 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 60,761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്നലെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 430 ഹോട്ട് സ്‌പോട്ടുകള്‍.

🔳ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ യൂണി ടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ വഴി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്ന യൂണിടാക്ക് കമ്പനിയുടെ ഉടമയാണ് സന്തോഷ് ഈപ്പന്‍. കൊച്ചിയിലെ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കിയ സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു.

🔳തീരദേശ നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ നിയമ പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ടാണ് ഉടമകള്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയതെന്ന് മരടിലെ ഹോളി ഫെയ്ത് നിര്‍മ്മാതാക്കള്‍. ഫ്‌ളാറ്റ് പണിയാന്‍ അനുവദിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും ഹോളി ഫെയ്ത് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.

🔳ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ ഹരിപ്പാട് സ്വീകരണ യോഗത്തില്‍ രമേഷ് പിഷാരടി പങ്കെടുത്തു.പിഷാരടിയെ കൂടാതെ അമ്മ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവും യോഗത്തില്‍ പങ്കെടുത്തു. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിലേക്കാണ് വന്നതെന്നും ധര്‍മ്മജന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് മത്സരിക്കുന്നില്ലെന്നും പിഷാരടി പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യമാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും ആവശ്യമല്ല അത്യാവശമാണെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

🔳പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നല്‍കി. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവെക്കുകയും  ഭൂരിപക്ഷം നിലനിര്‍ത്താനാവാതെ സര്‍ക്കാര്‍ ആടിയുലയുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

🔳ജനസംഖ്യാ നിയന്ത്രണത്തിനായുള്ള 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം കഴിച്ച് ജാതീയത ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

🔳ബെംഗളൂരുവില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. ബെംഗളൂരു
കെ.ടി.നഗറിലുള്ള ഒരു നഴ്‌സിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ 70 ശതമാനത്തോളം കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന് വരുന്ന എല്ലാ ആളുകളും 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.

🔳ഇന്ത്യയില്‍ നാലു പേര്‍ക്ക് ജനുവരി മാസത്തില്‍ കോവിഡ് 19ന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഒരാള്‍ക്ക് ബ്രസീല്‍ വകഭേദവും കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 11,573 പേര്‍ക്ക്.  മരണം 99. ഇതോടെ ആകെ മരണം 1,55,949 ആയി. ഇതുവരെ 1,09,37,106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.33 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ 3,663 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 94 പേര്‍ക്കും തമിഴ്നാട്ടില്‍ 451 പേര്‍ക്കും കര്‍ണാടകയില്‍ 438 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 60 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,26,048 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 56,165 പേര്‍ക്കും ബ്രസീലില്‍ 55,271 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.27 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,205 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,496 പേരും ബ്രസീലില്‍ 1045 പേരും ഇംഗ്ലണ്ടില്‍ 799 പേരും ജര്‍മനിയില്‍ 587 പേരും സ്പെയിനില്‍ 530 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.27 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കൊവിഡ്19 വാക്സിന്‍ രണ്ട് ഡോസും എടുത്ത ശേഷം നാട്ടില്‍ പോയി മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അബുദാബി.  ഇങ്ങനെയുള്ളവര്‍ അബുദാബിയില്‍ എത്തിയ ശേഷം ആറാം ദിവസം പി.സി.ആര്‍. പരിശോധന നടത്തിയാല്‍ മതി. വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

🔳ഉത്തരകൊറിയയിലെ ഹാക്കര്‍മാര്‍ കോവിഡ് വാക്സിന്‍ നിര്‍മാതാക്കളായ ഫൈസറിന്റെ ദക്ഷിണകൊറിയയിലെ കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് വാക്സിനെക്കുറിച്ചും ചികിത്സാസംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തട്ടിയെടുക്കാനാണ് ഫൈസറിന്റെ കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ദക്ഷിണ കൊറിയയിലെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ റിപ്പോര്‍ട്ട്.

🔳ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തുനിന്നുള്ള ചൈനീസ് പിന്‍മാറ്റം അതിവേഗത്തില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. എട്ടു മണിക്കൂറിനിടയില്‍ 200 ചൈനീസ് ടാങ്കുകള്‍ നൂറു കിലോ മീറ്ററോളം പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഇരുസേനകളും മേഖലയില്‍നിന്നുള്ള പിന്മാറ്റം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്.

🔳 ശ്രീലങ്കയില്‍ ബിജെപിക്ക് രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അത്തരമൊരു ക്രമീകരണം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ നിമല്‍ പുഞ്ചിഹേവ പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി ശ്രീലങ്കയില്‍ യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

🔳കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ തന്നെ സെമിയില്‍ കടക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി റഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത
അസ്ലന്‍ കരറ്റ്‌സെവ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചൊവ്വാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ 18-ാം സീഡായ ഗ്രിഗോര്‍ ദിമിത്രോവിനെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അസ്ലന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.

🔳ഇന്ത്യയ്‌ക്കെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  
രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റുമായി തിളങ്ങിയ ഓള്‍റൗണ്ടര്‍ മോയിന്‍ അലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ടീമിലുണ്ടാകില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍‌സ്റ്റോയും പേസര്‍ മാര്‍ക്ക് വുഡും ടീമിനൊപ്പം ചേരും. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ ഫെബ്രുവരി 24 മുതലാണ് മൂന്നാം ടെസ്റ്റ്.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ നാണംകെട്ട തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.  ഹൈദരാബാദിനായി ഫ്രാന്‍ സന്റാസ ഇരട്ട ഗോളുകളുമായി തിളങ്ങി.

🔳ലുലു ഗ്രൂപ്പ് സൗദിയിലെ ജിദ്ദയില്‍ ആരംഭിച്ച പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ചരിത്രത്തിന്റെ ഭാഗമാകുന്നു. എല്ലാ ജീവനക്കാരും വനിതകള്‍. സൗദിയില്‍ ഇങ്ങനെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് ആദ്യത്തേതാണ്. വിഷന്‍ 2030 എന്ന സൗദി ഭരണകൂടത്തിന്റെ സ്വപ്ന പദ്ധതികളുടെ ഭാഗമാണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റും. വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും വിഷന്‍ 2030ന്റെ ഭാഗമാണ്. ജിദ്ദയിലെ അല്‍ ജമീഅയിലാണ് പുതിയ സ്ഥാപനം. ആഗോളതലത്തില്‍ ലുലുവിന്റെ 201 - ാം സ്ഥാപനമാണിത്. 103 വനിതകളാണ് ഈ സ്ഥാപനം നടത്തുന്നത്.

🔳സാംസങ്ങിന്റെ പുതിയ എഫ്-സീരീസ് സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗ്യാലക്സി എഫ് 62 ഹാന്‍ഡ്സെറ്റില്‍ 7000 എംഎഎച്ച് ബാറ്ററി, എക്‌സിനോസ് 9825 എസ്ഒസി, ക്വാഡ് റിയര്‍ ക്യാമറ എന്നിവയുണ്ട്. സാംസങ് ഗ്യാലക്‌സി എഫ് 62 ന്റെ 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം വേരിയന്റിന് 23,999 രൂപയാണ് ഇന്ത്യയിലെ വില. 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള 8 ജിബി റാം വേരിയന്റിന് 25,999 രൂപയുമാണ് വില. ലേസര്‍ ഗ്രീന്‍, ലേസര്‍ ബ്ലൂ, ലേസര്‍ ഗ്രേ കളര്‍ വേരിയന്റുകളിലാണ് ഹാന്‍ഡ്സെറ്റ് എത്തുന്നത്.

🔳28 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നു. ഗുഡ്വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 1993ല്‍ പുറത്തെത്തിയ ധ്രുവം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സഹോദരങ്ങളായാണ് ഇരുവരും വേഷമിട്ടത്. 2018-ല്‍ ചാര്‍ട്ട് ചെയ്ത ഈ ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നെന്നും ഒരു ഗെയിം ത്രില്ലര്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം  ചെയ്യുന്ന ചതുരത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ഗ്രീന്‍വിച്ച് എന്റര്‍ടൈന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ സിദ്ധാര്‍ഥ് ഭരതനും  വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

🔳ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഐക്കമിക്ക് ജാവ സീരീസിലെ ജാവ 42 വിന്റെ  മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുത്തന്‍ വര്‍ണങ്ങളുടെയും സ്‌പോര്‍ട്ടി ഫീച്ചറുകളുടെയും അകമ്പടിയില്‍ എത്തിയ 2021 ജാവ 42-ന് 1.84 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ജാവ 2.1 എന്നു വിശേഷിപ്പിക്കുന്ന 42 ബൈക്ക് ഓറിയോണ്‍ റെഡ്, സിരിയസ് വൈറ്റ്, ഓള്‍സ്റ്റാര്‍ ബ്ലാക്ക് എന്നീ പുതുവര്‍ണങ്ങളിലും കൂടി എത്തുന്നു.

🔳ഉപ്പു കാറ്റേറ്റ് കരിഞ്ഞു വീണ പ്രണയത്തിന്റെ ചിറകിനെപ്പറ്റി വേവലാതിപ്പെടുമ്പോഴും ബാക്കിയായ ഒറ്റച്ചിറകും കരുതലോടെ നെഞ്ചോട് ചേര്‍ത്തുകൊണ്ടാണ് കവി എഴുതുന്നത്. 'ഏകാന്തതയുടെ 100 കവിതകള്‍'. പി എം നൗഫല്‍. പെന്‍ഡുലം ബുക്സ്. വില 152 രൂപ.

🔳ആന്റി സെപ്റ്റിക് ഗുണങ്ങളോട് കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകള്‍ക്കു പേരുകേട്ട ഒഷധമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ പുതിനയ്ക്ക് കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ചൂടുള്ള പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും. ദഹനക്കേട്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലെ ഗുണങ്ങള്‍ സഹായിക്കുന്നു. ദഹനനാളത്തിലൂടെ ഭക്ഷണം എളുപ്പത്തിലും വേഗത്തിലും കടന്നുപോകാന്‍ പുതിന സഹായിക്കുന്നു. മുഖക്കുരു, പാടുകള്‍ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ മികച്ചതാണ് പുതിന.  പുതിനയില്‍ അടങ്ങിയിരിക്കുന്ന ദഹന എന്‍സൈമുകള്‍ ദഹന പ്രശ്‌നങ്ങളെ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഈ എന്‍സൈമുകള്‍ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു നല്ല മെറ്റബോളിസം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ചര്‍മ്മത്തിനും തേനും നാരങ്ങ നീരും ചേര്‍ത്ത് പുതിന വെള്ളം കഴിക്കാം. തലവേദന ഒഴിവാക്കാനും ഈ പാനീയം സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരാള്‍ കുറച്ച് കറുത്ത ഉറുമ്പുകളേയും കുറച്ച് ചുവന്ന ഉറുമ്പുകളേയും ഒരു ഗ്ലാസ്സ് ജാറിലിട്ടു അടച്ചു.  പ്രത്യേകിച്ച് ഒരു പ്രതികരണങ്ങളും ഇല്ലാതെ അവ സ്വച്ഛന്ദവിഹാരം നടത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് ആ ജാര്‍ നല്ലവണ്ണം കുലുക്കി.  ഉറുമ്പുകള്‍ പരിഭ്രാന്തരായി. അവര്‍ തമ്മില്‍ തമ്മില്‍ പൊരുതാന്‍ തുടങ്ങി.  പുറത്തുനിന്ന് ജാര്‍ ഇളക്കി ഇവരെ ശത്രുക്കളാക്കിയവരെ കുറിച്ച് ആ പാവം ഉറുമ്പുകള്‍ അറിയുന്നേയുണ്ടായിരുന്നില്ല.  പുറത്ത് നി്ന്ന് ചിലര്‍ നടത്തുന്ന ഒളിപ്പോരുകളാണ് പല അന്തഃച്ഛിന്ദ്രങ്ങളുടേയും കാരണം.  ഏതൊരു സംഘടിതശ്രമങ്ങളേയും തകര്‍ക്കാന്‍ അണുബോബുകളോ തോക്കുകളോ ഒന്നും വേണ്ട.  അംഗങ്ങളുടെ ഉള്ളില്‍ സ്പര്‍ധയും സംശയവും രൂപപ്പെടുത്തിയാല്‍ മാത്രം മതി.  ഒരു മേശക്ക് ചുറ്റുമിരുന്ന് തീര്‍ക്കാന്‍ പറ്റുന്ന പല പ്രശ്നങ്ങളും അങ്ങനെ തീര്‍പ്പുകല്‍പ്പിക്കാത്തവണ്ണം മുന്നോട്ട് കൊണ്ടുപോകുന്നത് ഇത്തരം സ്ഥാപിതതാല്‍പര്യക്കാര്‍ ഉള്ളതുകൊണ്ടാണ്.  പൊതുപ്രശ്നങ്ങള്‍ സ്ഥിരമായി ഉയര്‍ത്തിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്.  അവര്‍ ഒരിക്കലും ആ പ്രശ്നങ്ങള്‍ അവസാനിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങളുടെ ഉപജ്ഞാതാക്കളായ അവര്‍ തന്നെ പ്രശ്നപരിഹാരകരുടെ വേഷവും അണിയും.  സ്വാഭാവികമായും അണയാന്‍ തുടങ്ങുന്ന ഒരു തീയെ ആളിക്കത്തിക്കുകയും ചെയ്യും.  നമ്മുടെ സമൂഹത്തില്‍ ഇത്തരത്തില്‍ രണ്ടുമുഖവുമായി നടക്കുന്നവരെ കണ്ടെത്താനും അകറ്റി നിര്‍ത്താനുമുള്ള ഉള്‍ക്കണ്ണ് നമുക്ക് നേടാനാകട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only