12 February 2021

കൊടുവള്ളി മണ്ഡലത്തിലെ കോളനികളും പുതുമോടിയിൽ;കാരാട്ട് റസാഖ് എംഎൽഎ.
(VISION NEWS 12 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി:
കൊടുവള്ളി മണ്ഡലത്തിലെ കോളനികളും പുതുമോടിയിൽ ആയെന്ന് കാരാട്ട് റസാഖ് എംഎൽഎ.
അംബേദ്കർ ഗ്രാമവികസന  പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ വള്ളുവർകുന്ന് കോളനി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് മുഖേന നാടിനു സമർപ്പിച്ചു.കട്ടിപ്പാറയിൽ നടന്ന ചടങ്ങിൽ ശിലാഫലക അനാഛാദനം കാരാട്ട് റസാഖ് എംഎൽഎ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത് അദ്ധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി തോമസ്, ബ്ബോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ ജോർജ്, ബേബി രവീന്ദ്രൻ, ടി.പി.മുഹമ്മദ് ഷാഹിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രേംജി ജെയിംസ്,അബൂബക്കർ കുട്ടി.കെ.പി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി. വാസു, പി.സി തോമസ്, ഹാരിസ് അമ്പായത്തോട്, കെ.വി.സെബാസ്റ്റ്യൻ,, സലാം മണക്കടവൻ, എൻ ഡി.ലൂക്ക, സലീം പുല്ലടി, ഊരുമൂപ്പത്തി സുമതി , ട്രൈബൽ ഡവലപ്പ്മെൻറ് ജില്ലാ ഓഫീസർ സെയ്ദ് നയീം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ് തുടങ്ങിയവർ ചടങ്ങിൽ സബന്ധിച്ചു.
പട്ടികവർഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളനികളിൽ കുടിവെള്ള വിതരണം, ഭവന പുനരുദ്ധാരണം, ഗതാഗത സൗകര്യം, വൈദ്യുതി മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി. ഈ പദ്ധതി പ്രകാരം കൊടുവള്ളി മണ്ഡലത്തിലെ കട്ടിപ്പാറ പഞ്ചായത്തിലെ ,ചമൽ വള്ളുവർകുന്ന് കോളനിയിൽ ഒരു കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ്  മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി 6 പുതിയ വീട് നിർമ്മിക്കുകയും, 6 വീടുകളുടെ റിപ്പയറിംഗ് പൂർത്തിയാക്കുകയും ചെയ്തു.കോളനിയിലെ കുടിവെള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള 3 കിണറുകൾ ആഴം കൂട്ടിനവീകരിക്കുകയും പുതുതായി ഒരു കിണർ നിർമ്മിക്കുകയും ചെയ്തു.15000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർടാങ്കും, വിതരണം ചെയ്യുന്നതിന് പമ്പ് ഹൗസും നിർമ്മിച്ചു. ഭവന നിർമ്മാണത്തിൻ്റെ ഭാഗമായി വീടുകളിൽ വൈദ്യുതീകരണം പൂർത്തിയാക്കി.
പദ്ധതിയുടെ ഭാഗമായി കോളനിയുടെ  നിലവിലുള്ള ശ്മശാനം നവീകരിച്ച് പുതിയ സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തു.കോളനി നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്. കോഴിക്കോട്  ജില്ലയിലെ   മാതൃക പദ്ധതിയാണ് കൊടുവള്ളി  മണ്ഡലത്തിലെ ചമൽ വള്ളുവർകുന്ന് കോളനിയിലെ പദ്ധതി. മണ്ഡലത്തിലെ മറ്റ് പട്ടിക ജാതി പട്ടികവർഗ കോളനികളിൽ ഈ പദ്ധതി പ്രകാരമുള്ള നവീകരണ പ്രവൃത്തികൾ ചിലത് പൂർത്തിയാവുകയും മറ്റ് ചിലത് അന്തിമഘട്ടത്തിൽ ആണെന്നും കാരാട്ട് റസാഖ് എം എൽ എ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only