08 February 2021

താമരശ്ശേരിയിൽ പട്ടണ നടുവിലൊരു ബേർഡ് സാൻച്ചറി
(VISION NEWS 08 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വള്ളിപ്പടർപ്പുകളാൽ ചുറ്റപ്പെട്ട 
വൻ വൃക്ഷക്കൂട്ടങ്ങളോ കാട് തീർക്കുന്ന ശീതളഛായയോ കാട്ടരുവികളുടെ 
നനുത്ത സംഗീതമോ കാനനത്തിന്റെ കുളിരാർന്ന സ്വച്ഛതയോ തേടിവരുന്ന ദേശാടന പക്ഷികളല്ല താമരശ്ശേരിയുടെ പട്ടണ നടുവിൽ പറന്നെത്തി കലപില കൂട്ടുന്നത് ...

പകരം താമരശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും പകൽ മാന്യന്മാർ ഇരുളിന്റെ മറപറ്റി വന്ന് താമരശ്ശേരിയുടെ ഹൃദയത്തിലേക്ക് നിഷ്ക്കരുണം വലിച്ചെറിഞ്ഞു പോകുന്ന ഉച്ചിഷ്ഠങ്ങൾക്കും അമേദ്യങ്ങൾക്കുമിടയിൽ നിന്ന് ഭക്ഷണം ചികയാനെത്തുന്ന കാക്കകളും പട്ടികളുമാണ് ഓരോ ശുഭദിനാരംഭത്തിലും താമരശ്ശേരി താലൂക്കോഫീസിന്റെ മുൻവശത്ത് വിരുന്നെത്തുന്നത് .. 

വൃത്തിയിൽ പരിപാലിക്കപ്പെടേണ്ട താമരശ്ശേരിയുടെ തെരുവോരം ഓരോ പുലരിയിലും ഇങ്ങെനെ മലീമസമായിക്കിടക്കുന്നത് കണ്ടില്ലാന്ന് നടിക്കുകയാണ് ഇവിടുത്തെ ഓരോ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും  ആരോഗ്യ പ്രവർത്തകരും  പഞ്ചായത്ത് അധികൃതരുമൊക്കെ , ഇവർ കണ്ടിട്ടും കാണാതെ പോകുന്ന ഈ വിഷയം ഞാനടക്കമുള്ള പലരും പലവട്ടം സോഷ്യൽ മീഡിയകളിലൂടെ വാർത്തകളാക്കിയതാണ് , എന്നിട്ടുണ്ടോ ഇവർ കണ്ണുതുറക്കുന്നു .. 

മാലിന്യം പൊതുനിരത്തിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാൻ അത്തരം സ്ഥലങ്ങളിൽ ഒരു വേസ്റ്റ് ബീൻ ബോക്സ് സ്ഥാപിക്കാൻ ഒരു ബിസിനസ് സംരംഭം തയ്യാറായി വന്നിരുന്നു , പഞ്ചായത്തിന് ഒരു രൂപ പോലും ചിലവില്ലാത്ത ഈ പദ്ധതിയെക്കുറിച്ച് പഞ്ചായത്ത് ഓഫീസിൽ ഞാൻ പോയി സംസാരിക്കുകയും പദ്ധതിയെപ്പറ്റി വിശദീകരിക്കുകയും ചെയ്തെങ്കിലും  പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ എനിക്ക് മറുപടി തന്നത്  ഉറവിട നിർമ്മാർജ്ജനവും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുകയുമാണ് പഞ്ചായത്തിന്റെ മുന്നിലുള്ള വഴിയെന്നാണ്. 
ഇതു പ്രകാരം ഒരാളിൽ നിന്ന് പിഴയൊടുക്കിയ കാര്യവും പറഞ്ഞു. 

പക്ഷെ നാളിതുവരെ പഞ്ചായത്ത് ഇടപെട്ട് ഉറവിട നിർമ്മാർജ്ജ മാർഗ്ഗങ്ങളോ മറ്റാരെയെങ്കിലും കണ്ടെത്തി പിഴ ചുമത്തുകയോ ചെയ്തതായി അറിവില്ല , മാലിന്യ നിക്ഷേപകർ തങ്ങൾ ശീലിച്ചുപോരുന്ന പ്രസ്തുത പരിപാടി രാത്രി കാലങ്ങളിൽ അനുസ്യൂതം തുടർന്നു വരുന്നു . ആർക്കുമൊരു പരാതിയും പരിഭവവുമില്ല ,
ചോദിക്കാനും പറയാനും നാഥനില്ലാത്ത നാട്ടിൽ ഇതിലപ്പുറവും സംഭവിച്ചാലും അത്ഭുതപ്പെടാനില്ല ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ താമരശ്ശേരിയിലും പരിസരങ്ങളിലും വ്യാപിച്ചു വരുന്ന ഫ്ലാറ്റു സംസ്ക്കാരവും 
അണു കുടുംബ വൽക്കരണവും നഗരവൽക്കരണവും പുറം തള്ളുന്ന മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിന് പകരം ഉറവിടത്തിൽ നിന്നും തന്നെ സംസ്ക്കരിക്കാനും അതിനു വേണ്ട ബോധവൽക്കരണവും പഠനങ്ങളും എത്രയും വേഗം നടപ്പിൽ വരുത്തിയില്ലെങ്കിൽ താമരശ്ശേരി മറ്റൊരു വിളപ്പിൽശാലയോ , ഞെളിയൻ പറമ്പോ ആയി മാറാൻ അധിക സമയം വേണ്ടി വരില്ല ....

എസ്.വി.സുമേഷ്
താമരശ്ശേരി

Post a comment

Whatsapp Button works on Mobile Device only