23 ഫെബ്രുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 23 ഫെബ്രുവരി 2021)
🔳ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.  60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്. എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്.

🔳ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസിയുമായി ഉണ്ടാക്കിയ ആദ്യത്തെ പ്രധാന ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. കുത്തക കമ്പനിക്ക് കേരളത്തിന്റെ കടല്‍ കൊള്ളയടിക്കാന്‍ നയം തിരുത്തിയതടക്കം 2018 മുതല്‍ ഗൂഢാലോചന നടന്നുവരികയായിരുന്നെന്നും ചെന്നിത്തല.

🔳അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതിനു ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരന്‍ പറഞ്ഞു.

🔳ആഴക്കടല്‍ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. 'കേന്ദ്രമന്ത്രി മുരളീധരന്‍ ഒരു രഹസ്യം കിട്ടിയാല്‍ പോക്കറ്റില്‍ വയ്ക്കുകയാണോ വേണ്ടതെന്നും ഞങ്ങളെ അറിയിക്കേണ്ടേയെന്നും ജയരാജന്‍. ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുരളീധരനെ അറിയിച്ചിട്ടുണ്ടാകുമെന്നും എന്നാല്‍ ഞങ്ങളെ അറിയിച്ചിട്ടില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

🔳എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. ഇത് 27ാം തവണയാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്.

🔳ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും  ഒന്നാം യു.പി.എ കാലത്ത് പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ടി.കെ.എ നായരും ഗൂഢാലോചന നടത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നടന്നതെന്നും ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലാണ് സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വരുത്തിയ അഴിമതിക്കേസ് വിചാരണ കൂടാതെ തള്ളിയതെന്നും സുരേന്ദ്രന്‍.

🔳കോണ്‍ഗ്രസ് മെല്ലെമെല്ലെ ഇല്ലാതാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ്  കണ്‍വീനറുമായ എ. വിജയരാഘവന്‍. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.  കോണ്‍ഗ്രസിന്റെ നേതൃത്വം ഇന്ന് ബിജെപിയിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടമായിരിക്കുന്നുവെന്നും വിജയരാഘവന്‍.

🔳കതിരൂര്‍ മനോജ് വധക്കേസിലെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട്  അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്.

🔳ലൈഫ് മിഷന്‍ ഇടപാടില്‍ സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചു എന്നതിലും ഡോളര്‍കടത്തിലും അന്വേഷണം ഉണ്ടാകും. സന്തോഷ് ഈപ്പനെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കത്തോലിക്കാ സഭ. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ചു വേണമെന്ന പരോക്ഷ നിര്‍ദേശമാണ് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് ജോസഫ് മാര്‍ പെരുന്തോട്ടം ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലുള്ളത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്‍ഥികളാക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെടുന്നു.

🔳നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ 838 പ്രശ്ന ബാധിത ബൂത്തുകള്‍ ഉണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട്. 75 ശതമാനത്തില്‍ അധികം വോട്ടുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന 359 പോളിങ് ബൂത്തുകള്‍ കേരളത്തില്‍ ഉണ്ടെന്നും കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ഡല്‍ഹിയില്‍.

🔳മാന്നാറില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍  ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. പിടിയിലായത് തട്ടികൊണ്ടുപോകല്‍ സംഘത്തില്‍ ഉള്‍പ്പെട്ടയാളല്ലെന്നും തട്ടികൊണ്ടുപോകല്‍ സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്ത ആളാണെന്നും പോലീസ് പറയുന്നു.

🔳പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  പെണ്‍കുട്ടിയുടെ ബന്ധുവായ അരുണ്‍ എന്ന അനുവിനെയാണ് സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ ദൂരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

🔳അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിന് ഇന്ന് തിരിതെളിയും. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.

🔳കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക - കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്.

🔳കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ബെംഗളൂരുവിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കുറച്ചു ദിവസങ്ങള്‍ക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് രോഗപരിശോധന ഊര്‍ജ്ജിതപ്പെടുത്തി. സാമൂഹികാകലം പാലിക്കുന്നതിലുള്‍പ്പെടെ ജനങ്ങള്‍ വീഴ്ച വരുത്തിയാല്‍ ലോക്ഡൗണ്‍ പോലെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന്  മുന്നറിയിപ്പ്.

🔳ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏകപക്ഷീയമായ മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി ബഹുദൂരം മുന്നിലാണ്.  അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളിലേക്കായി ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

🔳ജിയോ പ്ലാറ്റ്‌ഫോം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കൂടിച്ചേര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുതിയ സബ്‌സിഡിയറികൂടി നിലവില്‍വരുന്നു. റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക.  സൗദി ആരാംകോ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളില്‍നിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പുതിയനീക്കം. ഇതോടെ റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ക്കായി പുതിയ മാനേജുമെന്റ് നിലവില്‍വരും.

🔳കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഒരുകൊല്ലത്തിലേറെ പിന്നിടുമ്പോള്‍ യു.എസില്‍ മരണസംഖ്യ അഞ്ചുലക്ഷം പിന്നിട്ടു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുപ്രകാരം 5.1 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 1918-ലെ ഇന്‍ഫ്ലുവെന്‍സ ബാധയ്ക്കുശേഷം ഇത്രയും പേര്‍ മരിക്കാനിടയായ ഒരസുഖം രാജ്യം നേരിട്ടിട്ടില്ലെന്ന് പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നു.

🔳പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി. ശ്രീലങ്കയിലേയ്ക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ചയാണ് രണ്ടുദിവത്തെ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കയിലേക്ക് പോകുന്നത്.

🔳ഓസ്‌ട്രേലിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ദിവസങ്ങള്‍ക്ക് ശേഷം ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു. വിവാദമായ മാധ്യമനിയമത്തില്‍ ഭേദഗതി വരുത്താമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് തീരുമാനം. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധിതമാക്കുന്ന നിയമത്തിനെതിരെയാണ് ഫെയ്‌സ്ബുക്ക് പ്രതിഷേധമുയര്‍ത്തിയത്.

🔳ഏറ്റവും പുതിയ ചൊവ്വ പര്യവേക്ഷണ വാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ. കൂടാതെ ചൊവ്വയില്‍ നിന്നുള്ള ആദ്യ ശബ്ദ റെക്കോര്‍ഡുകളുംം പെര്‍സിവിയറന്‍സ് ഭൂമിയിലേക്കയച്ചിട്ടുണ്ട്. ഒരു പക്ഷെ, മനുഷ്യനിര്‍മിതമായ ഒരു പേടകം ഒരു അന്യഗ്രഹത്തില്‍ ഇറങ്ങുന്നതിന്റെ ഇത്രയും ഗുണമേന്മയുള്ള വീഡിയോ ദൃശ്യങ്ങള്‍ ലോകം കാണുന്നത് ആദ്യമാവും. ഫെബ്രുവരി 18-ന് പേടകം ചൊവ്വയിലിറങ്ങുന്നതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളുടെ ടൈം ലാപ്‌സ് വീഡിയോയാണ് നാസ യൂട്യൂബിലും ട്വിറ്ററിലുമെല്ലാം പങ്കുവെച്ചത്.

🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയില്‍ തുടര്‍ന്ന വില ചൊവാഴ്ചയാണ് കൂടിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില നേരിയതോതില്‍ ഉയര്‍ന്ന് 1,809.57 ഡോളറിലെത്തി.

🔳അമ്പരപ്പിക്കുന്ന കുതിപ്പിനിടെ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് അപ്രതീക്ഷിത വീഴ്ച്ച. ഞായറാഴ്ച്ച 58,354 ഡോളര്‍ രേഖപ്പെടുത്തിയ ബിറ്റ്കോയിന്‍ തിങ്കളാഴ്ച്ച 51,531 ഡോളറിലേക്കാണ് നിലം പതിച്ചത്. വെള്ളിയാഴ്ച്ച ബിറ്റ്കോയിന്റെ വിപണി മൂല്യം 1 ലക്ഷം കോടി ഡോളര്‍ പിന്നിട്ടിരുന്നു. നിലവില്‍ ബിറ്റ്കോയിന്‍ ഒരു യൂണിറ്റിന് 37.80 ലക്ഷം രൂപയാണ് വില. ബിറ്റ്കോയിനൊപ്പം മറ്റൊരു ക്രിപ്റ്റോകറന്‍സിയായ ഈഥറിനും വീഴ്ച്ച സംഭവിച്ചു. ശനിയാഴ്ച്ച 1,960 ഡോളര്‍ തൊട്ട ഇഥര്‍ 1,702.39 ഡോളറിലേക്ക് ഇന്ന് ചുരുങ്ങി (1.23 ലക്ഷം രൂപ).

🔳ആസിഫ് അലി നായകനാകുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം റെഡിയായി. 1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്.  മലപ്പുറത്തെ ഓണ്‍റോഡ് അംഗങ്ങളാണ് പഴമയുടെ പ്രൗഢിയില്‍ കാര്‍ പുതുക്കിയെടുത്തത്. ആസിഫ് അലിയും നിര്‍മാതാവ് മണിയന്‍പിള്ള രാജുവും സംവിധായകന്‍ സേതുവും ബോഡി ഷോപ്പിലെത്തി കാര്‍ ഏറ്റുവാങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള പാര്‍ട്‌സുകളെത്തിച്ചായിരുന്നു 1984-ലെ മാരുതി ഇവര്‍ പുതുക്കിയെടുത്തത്.  മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

🔳മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് മധു മുട്ടത്തിന്റെ കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിചിത്രത്താഴ്. ഭൂല്‍ഭുലയ്യ എന്ന പേരില്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു.  ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഭൂല്‍ ഭുലയ്യ 2 റിലീസിന് തയ്യാറെടുക്കുകയാണ്. കാര്‍ത്തിക് ആര്യന്‍, കിയാര അഡ്വാനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. തബുവും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നവംബര്‍ 19ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷി മോട്ടോര്‍സ് ഐക്കണിക്ക് മോഡല്‍ പജെറോ സ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു. മിത്സുബിഷിയുടെ ഡൈനാമിക് ഷീല്‍ഡ് ഡിസൈന്‍ ശൈലി ആണ് 2021 പജെറോ സ്പോര്‍ട്ട് പിന്തുടരുന്നത്. പുതിയ 18 ഇഞ്ച് അലോയി വീലുകളാണ് പ്രധാന പ്രത്യേകത. ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്റര്‍, ഫോര്‍വേഡ് കൊളീഷന്‍ മിറ്റിഗേഷന്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ലെയിന്‍ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ സുരക്ഷാ സവിശേഷതകളാണ്.

🔳പനചെത്തുകാരന്‍ കോപ്പുവിന്റെ പേരക്കുട്ടിയോടൊപ്പം അവര്‍ ചേറുമ്പ് ഗ്രാമത്തിലൂടെ നടന്നു. അസാധാരണ മിഴിവുള്ള ഏറനാടന്‍ കഥാപാത്രങ്ങളെ കണ്ടു. അവരുടെ സ്നേഹത്തെ, മാത്സര്യത്തെ, കാമത്തെ, ദാരിദ്യത്തെ പരിധികളില്ലാത്ത വാത്സല്യപ്രവാഹങ്ങളെ അറിഞ്ഞു. ഒരു ഏറനാടന്‍ ദേശത്തിന്റെ കഥയിലൂടെ ഒരു കാലത്തിന്റെ പല ജീവിതങ്ങളുടെ കഥ പറയുന്ന നോവല്‍. ഒപ്പം ആര്‍ട്ടിസ്റ്റ് സഗീറിന്റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും. 'ചേറുമ്പ് അംശം ദേശം'. ടി.പി. രാമചന്ദ്രന്‍. മാതൃഭൂമി. വില 216 രൂപ.

🔳കോവിഡിനെതിരെയുള്ള വാക്‌സീന്‍ വിതരണം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാകാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ഈ ഘട്ടത്തില്‍ ജാഗ്രതയാണ് ആവശ്യം. ഇതിനിടെ കോവിഡ് ലക്ഷണങ്ങള്‍ തീവ്രമാകാതെ കാക്കുന്ന പലതരം ചികിത്സകള്‍ ലോകത്തിന്റെ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് ആസ്മയ്ക്കും ക്രോണിക്ക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡിസീസിനും പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ കോവിഡ് തീവ്രത കുറയ്ക്കുമെന്നാണ്. ഇന്‍ഹേലറില്‍ ഉപയോഗിക്കുന്ന ബ്യൂഡസൊണൈഡ് മരുന്നിന് കോവിഡ് രോഗബാധയുടെ തീവ്രത 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് എന്‍ഐഎച്ച്ആര്‍ ഓക്‌സ്ഫഡ് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് ആസ്മ രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ. ഈ നിരീക്ഷണമാണ് പഠനത്തിലേക്ക് നയിച്ചത്. കോര്‍ട്ടികോസ്റ്റിറോയ്ഡ് ഇന്‍ഹേലറുകളാണ് ഈ രോഗികളില്‍ ഗൗരവമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ കാത്തതെന്ന നിഗമനത്തിലാണ് ഗവേഷകര്‍. എന്നാല്‍ ഈ പഠനം ഇനിയും പിയര്‍ റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല. ബ്യൂഡസൊണൈഡിന് പുറമേ കോള്‍ചികൈന്‍, ആസ്പിരിന്‍, എക്സ്ലിയര്‍ നേസല്‍ സ്‌പ്രേ തുടങ്ങിയ മരുന്നുകളും കോവിഡ് രോഗലക്ഷണ തീവ്രത കുറയ്ക്കുമെന്ന് വിവിധ രാജ്യങ്ങളിലായി നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തയിരുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.39, പൗണ്ട് - 102.00, യൂറോ - 88.04, സ്വിസ് ഫ്രാങ്ക് - 80.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.24, ബഹറിന്‍ ദിനാര്‍ - 191.99, കുവൈത്ത് ദിനാര്‍ -239.30, ഒമാനി റിയാല്‍ - 187.99, സൗദി റിയാല്‍ - 19.30, യു.എ.ഇ ദിര്‍ഹം - 19.70, ഖത്തര്‍ റിയാല്‍ - 19.88, കനേഡിയന്‍ ഡോളര്‍ - 57.44.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only