2021 ഫെബ്രുവരി 3 | 1196 മകരം 21 | ബുധൻ | ചിത്തിര|
🌹🦚🦜➖➖➖➖➖➖➖➖
🔳കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷകരുടെ സമരം സമീപകാലത്തൊന്നും അവസാനിക്കില്ലെന്ന സൂചന നല്കി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്. സമരംചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ പോലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കുകയും തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാരുമായി ഇനിയൊരു ഔപചാരിക ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച.
🔳ഡല്‍ഹി നിവാസികളില്‍ പകുതിയിലധികം പേരിലും കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടതായി ഡല്‍ഹി സര്‍ക്കാര്‍. സീറോ സര്‍വേയില്‍ ഡല്‍ഹിയിലെ 56% പേരില്‍ കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്.
🔳പൗരത്വഭേദഗതി നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന് സമയം നീട്ടി നല്കി. ലോക്സഭയിലേയും രാജ്യസഭയിലേയും സബോര്‍ഡിനേറ്റ് നിയമ നിര്‍മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ ഒമ്പത്, ജൂലായ് ഒമ്പത് തിയതികള്‍ വരെ നീട്ടിനല്‍കിയത്.
🔳പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ജാഥ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് മന്ത്രി എ.കെ. ബാലന്. ഈ രൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും ബാലന് പറഞ്ഞു.
🔳ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ അവഗണിച്ച് മുന്നോട്ട് പോകാനൊരുങ്ങി സിപിഎം. അത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം. കോടതിപരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സ്വീകരിച്ചത്.
🔳കേരളം, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതല കേന്ദ്ര മന്ത്രിമാര്‍ക്ക് നല്കി ബിജെപി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് കേരളത്തിന്റെ സഹ ചുമതലയും നല്‍കിയിട്ടുണ്ട്.
➖➖➖➖➖➖➖➖
🔳കത്ത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന യൂത്ത്ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണത്തില്‍ ബെര്‍ണാട് ഷായുടെ വാക്കുകള്‍ കടമെടുത്ത് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. 'പന്നികളോട് മല്ലയുദ്ധം പാടില്ല, നമ്മുടെ ശരീരത്തില്‍ ചളി പറ്റും, പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും' എന്ന വാക്കുകളാണ് ഇത് സംബന്ധിച്ച് ആരോപണം നിഷേധിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ പി.കെ ഫിറോസ് ഉപയോഗിച്ചിരിക്കുന്നത്.
🔳വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ. മരണം അപകടത്തെ തുടര്‍ന്നാണെന്നും അപകട സമയത്ത് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്ജുന് ആയിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തിന് മുമ്പ് ബാലഭാസ്കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ നല്കിയ കലാഭവന്‍ സോബിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കേസെടുക്കാനും സിബിഐ തീരുമാനിച്ചു.
🔳കേന്ദ്രത്തിനെതിരേ സമരംചെയ്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8,9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
🔳പൊലീസുകാര്‍ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപി. പൊലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സര്‍ഷിപ്പോടെ മാധ്യമങ്ങളില്‍ പരസ്യം നല്കിയാല് നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നല്കി.
🔳കേരളത്തില്‍ ഇന്നലെ 52,940 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5716 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3776 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 403 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5747 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83.
🔳സംസ്ഥാനത്ത് ഇന്നലെ 65 പുതിയ ഹോട്ട് സ്പോട്ടുകള്‍. 85 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകള്‍.
🔳സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍ ആരംഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പത്താംതരം പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാംതരം പരീക്ഷ ജൂണ്‍ 11-നും അവസാനിക്കും.
🔳തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് സമാനമായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം തന്നെയായിരിക്കുമെന്ന് ആര്.എം.പി സംസ്ഥാന സെക്രട്ടി എന്‍.വേണു. യു.ഡി.എഫ് പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അങ്ങനെയങ്കില്‍ വടകരയില്‍ വിജയം സുനിശ്ചിതമാണെന്നും എന്‍.വേണു പ്രതികരിച്ചു.
🔳രാജു നാരായണ സ്വാമി ഐഎഎസിന് വീണ്ടും നിയമനം. ഏറെ നാളായി സര്‍വീസില്‍ നിന്ന് മാറി നിന്നിരുന്ന അദ്ദേഹത്തിന് പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം നല്‍കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
🔳പളളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സിന് തയാറാകാത്ത ഇടതുമുന്നണിക്ക് കടുത്ത മുന്നറിയിപ്പുമായി യാക്കോബായ സഭ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ സഭാ ഭൂരിപക്ഷ മേഖലകളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ആലോചിക്കുമെന്ന് സഭാ വൈദിക ട്രസ്റ്റി അറിയിച്ചു. യുഡിഎഫിനേയും തങ്ങള്‍ പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും യാക്കോബായ സഭ വിശദമാക്കുന്നു.
🔳കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ പ്രതികരണവുമായി നടി കങ്കണാ റണാവത്ത്. ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താനെന്നും അതൊരു തമാശയായിരിക്കുമെന്നും കങ്കണ കുറിച്ചു. കേസില്‍ കങ്കണയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് നടിയുടെ പ്രതികരണം. നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ഉത്തരവാദിയായവരില്‍ ജാവേദ് അക്തറുമുണ്ടെന്ന് കങ്കണ ആരോപിച്ചിരുന്നു. ഇത് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജാവേദ് അക്തര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
🔳വരുന്നു ബാഡ് ബാങ്ക്. ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തികള്‍ കണക്കാക്കി പരിഹാരം കാണുന്നതിന് ശ്രമിക്കുന്ന സ്ഥാപനമായാണ് ബാഡ് ബാങ്കിനെ വിഭാവനംചെയ്തിട്ടുള്ളത്. സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെ സഹായത്തോടെയാകും ബാഡ് ബാങ്ക് പ്രവര്‍ത്തിക്കുക. കമ്പനിയുടെ പ്രാരംഭ മൂലധനം എത്രയാണെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി 'ബാഡ് ബാങ്കി'ന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
🔳തൃണമൂല്‍ നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവിന് തടയിട്ട് ബംഗാളിലെ ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'ബി' ടീമായി ബിജെപി മാറുന്നുവെന്ന ആക്ഷേപം മറികടക്കാനാണ് നടപടിയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ഇതുസംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ പുകച്ചില്‍ പൊട്ടിത്തെറിയിലേക്ക് കടക്കാതിരിക്കാനാണ് വാതിലുകള്‍ അടച്ചിട്ടിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
🔳ഇന്ത്യ അധികകാലം പ്രതിരോധ സാമഗ്രികള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കില്ലെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പോര് വിമാനങ്ങളും മറ്റ് പ്രതിരോധ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സജ്ജീകരണം ഇന്ത്യയില്‍ തന്നെഒരുക്കും. ബംഗളുരുവില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ രണ്ടാമത് തേജസ് വിമാന നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 11,000 കോവിഡ് രോഗികള്‍. ഇതില്‍ 5,716 രോഗികളും കേരളത്തില്‍. മരണം 113. ഇതോടെ ആകെ മരണം 1,54,635 ആയി. ഇതുവരെ 1,07,78,206 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.57 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 1,927 പേര്‍ക്കും ഡല്‍ഹിയില്‍ 114 പേര്‍ക്കും തമിഴ്നാട്ടില്‍ 510 പേര്‍ക്കും കര്‍ണാടകയില്‍ 395 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 104 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,30,116 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,06,143 പേര്‍ക്കും ബ്രസീലില്‍ 53,402 പേര്‍ക്കും സ്പെയിനില്‍ 29,064 പേര്‍ക്കും ഫ്രാന്‍സില്‍ 23,337 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.43 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.59 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 14,235 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,518 പേരും ഇംഗ്ലണ്ടില്‍ 1,449 പേരും ബ്രസീലില്‍ 1,166 പേരും ജര്‍മനിയില്‍ 990 പേരും സ്പെയിനില്‍ 724 പേരും മെക്സിക്കോയില്‍ 564 പേരും ദക്ഷിണാപ്രിക്കയില്‍ 547 പേരും റഷ്യയില്‍ 539 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 22.61 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന് എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തില്‍ വാക്സിന് ദുബായ് വിമാനത്താവളത്തിലെത്തിയത്. ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്പ്പോഴും സന്തോഷമുണ്ടെന്നും ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ പ്രതികരിച്ചു.
🔳ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രവേശന വിലക്ക്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ബെംഗളൂരു എഫ്.സി. ബെംഗളൂരുവിനായി ക്ലെയ്റ്റണ്‍ സില്‍വ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. ബെംഗളൂരുവിന്റെ നായകന് സുനില്‍ ഛേത്രി മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
🔳ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ്. ഓസ്ട്രേലിയ- ദക്ഷിണാഫ്രി ടെസ്റ്റ് പരമ്പര നീട്ടിവച്ചതോടെയാണ് ന്യൂസിലന്‍ഡ് ഫൈനല്‍ ഉറപ്പാക്കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് പിന്മാറിയത്. ഓസ്ട്രേലിയയുടെ സാധ്യതകള്‍ മങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച ജയം നേടിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം. നിലവില്‍ പോയന്റ് പട്ടികയില്‍ 71.7 വിജയശതമാവുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
🔳2020 ല്‍ ആഗോള ടാബ്ലെറ്റ് വിപണിയില്‍ ഒന്നാമനായി ആപ്പിള്‍. വിപണിയിലെ 30.6 ശതമാനം പങ്കുമായാണ് ആപ്പിള്‍ മുന്നിലെത്തിയത്. 57.6 ദശലക്ഷം ഐപാഡുകളാണ് കഴിഞ്ഞവര്‍ഷം ആപ്പിള്‍ കയറ്റുമതി ചെയ്തത്. സ്ട്രാറ്റജി അനലിറ്റിക്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഡിസംബര്‍ പാദത്തില്‍ മികച്ചനേട്ടമാണ് ആപ്പിള്‍ നേടിയത്. 37 ശതമാനത്തിന്റെ വര്‍ധന. 2020 ല്‍ 31.2 ദശലക്ഷം ടാബ്ലെറ്റുകളുടെ കയറ്റുമതിയുമായി സാംസങ്ങാണ് രണ്ടാം സ്ഥാനത്തുള്ളത്. വിപണി വിഹിതത്തിന്റെ 16.6 ശതമാനം. അതേസമയം 2020ല്‍ ടാബ്ലെറ്റ് വിപണിയില്‍ 18 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വളര്‍ച്ചയാണിത്.
🔳2021 ജനുവരിയില്‍ 53 ശതമാനം വളര്‍ച്ചയുമായി യമഹ മോട്ടോര്‍. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞമാസം 55,151 യൂണിറ്റുകളാണ് വിറ്റുപോയത്. 2020 ജനുവരിയില്‍ ഇത് 35,913 ആയിരുന്നു. കഴിഞ്ഞവര്‍ഷം 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി ആറ് മാസം യമഹ മോട്ടോര്‍ ഇന്ത്യ ആഭ്യന്തര മൊത്തവ്യാപാരത്തില്‍ ഉയര്‍ന്ന വളര്‍ച്ചയാണ് നേടിയത്. ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയുടെ ആഭ്യന്തര മൊത്തക്കച്ചവടം 2020 ജൂലൈയില്‍ 4.32 ശതമാനവും ഓഗസ്റ്റില്‍ 14.8 ശതമാനവും സെപ്റ്റംബറില്‍ 17.36 ശതമാനവും ഒക്ടോബറില്‍ 30.58 ശതമാനവും നവംബറില്‍ 35.02 ശതമാനവും ഡിസംബറില്‍ 33.02 ശതമാനവുമായി ഉയര്‍ന്നു.
🔳അല്‍ഷിമേഴ്സ് രോഗിയായി അഭിനയിക്കാന്‍ ഒരുങ്ങി ജോജു ജോര്‍ജ്. നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ജില്ലം പെപ്പരെ' എന്ന സിനിമയിലാണ് ജോജു അല്‍ഷിമേഴ്സ് ബാധിതനായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടമാണ് ചിത്രത്തില്‍ ജോജു ചിത്രത്തില്‍ അവതരിപ്പിക്കുക. 35-40 വയസു വരെയുള്ള കാലഘട്ടവും 70-75 വയസു വരെയുള്ള കാലഘട്ടവുമാണ് ജോജു അവതരിപ്പിക്കുക. ചെണ്ടക്കാരനായാണ് ജോജു വേഷമിടുക.
🔳നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഓപ്പറേഷന് ജാവ' ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധേയമാകുന്നു. വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഓപ്പറേഷന് ജാവ ഒരുങ്ങുന്നത്. ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
🔳ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ കരുത്തേറിയ സെഡാന് മോഡലുകള്‍ക്ക് പുറമെ എസ്.യു.വി.യിലേക്കുള്ള മാറ്റമായിരുന്നു 'ഡി.ബി.എക്സ്'. അത് ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഷോറൂമില്‍ 3.82 കോടി രൂപ വിലമതിക്കുന്ന 'ഡി.ബി.എക്സി'ന്റെ 11 യൂണിറ്റാണ് ഇന്ത്യയില്‍ വില്‍ക്കാനായി വരുന്നത്. മെഴ്സിഡസ് ബെന്‍സ് 'എ.എം.ജി.'യില്‍ നിന്നുള്ള നാല് ലീറ്റര്‍, ഇരട്ട ടര്‍ബോ വി എട്ട് എന്‍ജിനാണ് 'ഡി. ബി.എക്സി'ന് കരുത്തേകുന്നത്. 550 പി.എസ്. വരെ കരുത്തും 700 എന്‍.എമ്മോളം ടോര്‍ക്കും ഈ എന്ജിന് സൃഷ്ടിക്കും.
🔳നിന്റെ ഓര്‍മകളിലേക്ക് മുഖംതിരിക്കുമ്പോള്‍ ലോകം അപ്രത്യക്ഷമാകുന്നു. പ്രകൃതിയും നീയും മാത്രമേ ഇപ്പോള്‍ കണ്മുന്പിലുള്ളൂ. മറ്റെല്ലാം വിസ്മൃതിയായി. മറ്റെല്ലാം ഉപേക്ഷിക്കപ്പെട്ടു. ഈ പ്രകൃതിയിലാകെ നീ സന്നിഹിതമായതുപോലെ! നിന്റെ കണ്ണുകളിലേക്കു മാത്രം നോക്കിയിരിക്കുക! എത്ര ആനന്ദകരമാണത്! കാളിദാസന്റെ അനശ്വരകാവ്യമായ മേഘദൂതിന്റെ നോവല്‍ ആഖ്യാനം. കെ.പി. സുധീര. മാതൃഭൂി. വില 152 രൂപ.
🔳ശരീരത്തില്‍ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് പ്രധാന കാരണമാകുന്നത്. കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ പ്രവര്‍ത്തനം, പേശികളുടെ ശക്തി എന്നിവയ്ക്ക് ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടെന്നു കണ്ടെത്തിയാല്‍ ഏറ്റവും പ്രധാനം ഇരുമ്പ് അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുക എന്നതാണ്. പച്ചയില കറികള്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭ്യമാക്കും. ചീര, ബ്രക്കോളി എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. റെഡ് മീറ്റ്, കടല്‍ വിഭവങ്ങള്‍, ചിക്കന്‍, മുട്ട വിവിധതരം നട്സുകള്‍ എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കും.
➖➖➖➖➖➖➖➖
Post a comment