24 ഫെബ്രുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 24 ഫെബ്രുവരി 2021)

🔳ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ലെന്നും തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ആരോപിച്ചു. ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണ് കേരളത്തിലേതെന്നും പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് കേരളത്തിലുള്ളവരെന്നും വയനാടിനേയും കേരളത്തേയും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന പരാമര്‍ശത്തേയാണ് ബിജെപി വിവാദമാക്കിയത്.

🔳മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായുള്ള ഇന്നത്തെ സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്.

🔳മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാര്‍ക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് വാടിയില്‍ മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

🔳മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കല്‍ കമ്പനിക്ക് വിറ്റ് കാശാക്കാനും മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാനും വേണ്ടി സര്‍ക്കാര്‍ നടത്തിയ വന്‍ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

🔳ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം പുകമറയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മിലുളള ധാരണയിലാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

🔳ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്ക് കരാറിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും കൊള്ളമുതല്‍ പങ്കുവെച്ചതില്‍ തര്‍ക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്ന് എ.വിജയരാഘവന്‍. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തില്‍ വന്ന് സര്‍ക്കാരിനെതിരേ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം കായികതാരങ്ങള്‍ അവസാനിപ്പിച്ചു. 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും കോഴിക്കോട് ആസ്ഥാനമായി ഒരു പുതിയ പോലീസ് ബറ്റാലിയന്‍ രൂപവത്കരിക്കാനും മന്ത്രിസഭായോഗം തീരുമാനം എടുത്തിട്ടുണ്ട്.

🔳ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിന്‍വലിക്കുക. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.

🔳സി.എ.എ. സമരക്കാരെ മാത്രം കേസില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശബരിമല,സി.എ.എ. സമരത്തില്‍ ക്രിമിനല്‍ കേസ് ഒഴികെ  മറ്റെല്ലാ കേസുകളും ഒഴിവാക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയ സമരവും ശബരിമല സമരവും എങ്ങനെ ഒരു പോലെയാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

🔳ശരണം വിളിക്കുന്നതു പോലും പോലീസ് ആക്ട് പ്രകാരം ശിക്ഷാര്‍ഹമാക്കി എടുത്ത കേസുകള്‍ പിന്‍വലിക്കാതെ ശബരിമല കേസുകള്‍ പിന്‍ വലിക്കുമെന്ന് പറയുന്നത് ശുദ്ധകളവും അസംബന്ധവുമാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ശബരിമലയെ മറയാക്കി സിഎഎ സമര കേസുകള്‍ പിന്‍വലിക്കാനുള്ള ശ്രമമാണെന്നും സിഎഎ വിരുദ്ധസമരം രാജ്യവിരുദ്ധവും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനവുമാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുക.

🔳രാജ്യത്ത് കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ വളരെ വേഗത്തില്‍ പകരുന്നതാണെന്ന് ചണ്ഡിഗഡ് പി.ജി..ഐ.എം.ഇ.ആര്‍ ഡയറക്ടര്‍ ഡോ.ജഗത് റാം. കേസുകള്‍ ഉയരാതിരിക്കുന്നതിനായി നാം സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കര്‍ണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നതാണ് അറിയിപ്പ്.

🔳കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ബാക്ക്‌ലോഗുകള്‍ പരിഗണിക്കാതെയും അതോടൊപ്പം സംവരണ ചട്ടങ്ങള്‍ പാടെ കാറ്റില്‍ പറത്തിയും യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സര്‍വകലാശാല മുന്നോട്ടുപോകുന്നത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണമായി സിന്‍ഡിക്കേറ്റ് അംഗം റഷീദ് മുന്നോട്ട് വെച്ചത്.

🔳ആനകള്‍ക്കെതിരായ ക്രൂരത തടയുന്നതിന്, ആനകളുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് മാത്രമാക്കി നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളോ വ്യക്തികളോ ആനകളെ വളര്‍ത്തുന്നത് വിലക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

🔳ഉത്തര്‍പ്രദേശ് യമുന എക്‌സ്പ്രസ് വേയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

🔳തമിഴ്‌നാട്ടില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി തമിഴ്നാട് സര്‍ക്കാര്‍. അപകടംമൂലമോ അല്ലാതെയോ കുടുംബനാഥന്‍ മരിച്ചാല്‍ നിശ്ചിതതുക ഇന്‍ഷുറന്‍സായി ലഭിക്കുന്ന പദ്ധതിയാണ് ധനവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചത്. കുടുംബനാഥന്റേത് സാധാരണമരണമാണെങ്കില്‍ രണ്ടുലക്ഷം രൂപയും അപകടമരണമെങ്കില്‍ നാലുലക്ഷം രൂപയുമാണ് ഇന്‍ഷുറസ് തുകയായി ലഭിക്കുക. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജോലിചെയ്യാന്‍ സാധിക്കാതെ വന്നാലും രണ്ടുലക്ഷം രൂപ ലഭിക്കും.

🔳മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.വി. നരസിംഹ റാവുവിന്റെ മകള്‍ സുരഭി വാണിദേവി തെലങ്കാനയിലെ ഗ്രാജ്വേറ്റ് മണ്ഡലത്തില്‍നിന്നു മത്സരിക്കും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ രണ്ട് മണ്ഡലങ്ങളില്‍നിന്ന് ജനവിധിതേടുമെന്ന് സൂചന. ചെന്നൈയിലെ ഒരു മണ്ഡലവും കോയമ്പത്തൂര്‍, മധുര ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നത്.

🔳നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ ഈടാക്കിയത് 29 ലക്ഷം രൂപ. 14,600 പേരില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. 2020 മാര്‍ച്ച് മുതല്‍ 15 ലക്ഷം പേരില്‍ നിന്ന് 30.5 കോടിയോളം രൂപ പിഴയായി കോര്‍പറേഷന്‍ ഈടാക്കിയതായാണ് കണക്ക്.

🔳ഒമ്പതുമാസക്കാലത്തോളം അതിര്‍ത്തിതര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന.  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ. അതിര്‍ത്തിതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകള്‍ കുറച്ചുകൊണ്ടുവരാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണിത്.

🔳ഗോള്‍ഫ് ഇതിഹാസം ടെഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ വുഡ്‌സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ക്ക് സ്റ്റെയ്ന്‍ബെര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.

🔳ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരില്‍. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഉദ്ഘാടനം ചെയ്തു. നേരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയമെന്നായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്.

🔳ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. നരേന്ദ്ര മോദി സ്റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറ ഇടംപിടിച്ചു. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും തിരിച്ചെത്തി. ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍‌സ്റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യമാണ്.

🔳ഫുഡ് ടെക് യൂണികോണ്‍ സൊമാറ്റോ അഞ്ച് വ്യത്യസ്ത നിക്ഷേപകരില്‍ നിന്നായി 250 മില്യണ്‍ ഡോളര്‍ (ഏകദേശം 1,800 കോടി രൂപ) സമാഹരിച്ചു. 5.4 ബില്യണ്‍ ഡോളറിന്റെ പോസ്റ്റ്-മണി മൂല്യനിര്‍ണ്ണയത്തിലാണ് ഇടപാടുകള്‍ നടന്നതെന്ന് സൊമാറ്റോയിലെ നിക്ഷേപകരായ ഇന്‍ഫോ എഡ്ജ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച ഫയലിംഗില്‍ വെളിപ്പെടുത്തുന്നു. ഡിസംബറിലെ ഫണ്ടിംഗില്‍ 3.9 ബില്യണ്‍ ഡോളറായിരുന്നു സോമാറ്റോയുടെ മൂല്യനിര്‍ണയം. ഈ വര്‍ഷം അവസാനം ഐപിഒയ്ക്കായി തയ്യാറെടുക്കുന്ന സൊമാറ്റോയില്‍ നിക്ഷേപകര്‍ക്കുള്ള ശക്തമായ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ് പുതിയ റൗണ്ട്.

🔳സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്ത് സ്വീകാര്യത നേടിയ അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രമാണ് 'തീതും നണ്ട്രും'. നടി ലിജോമോളും ചിത്രത്തില്‍  പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍പെടുന്ന ത്രില്ലറില്‍ സംവിധായകന്‍ റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈസന്‍, ഇന്‍പ, സന്ദീപ്, കരുണാകരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍, സംഗീതം സി. സത്യ.

🔳നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാന്‍വി ശ്രീയാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം തൃപ്പൂണിത്തുറയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നു. നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മാണം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍. ജയ്പൂര്‍ ആണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. പത്ത് വര്‍ഷത്തിനു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്.

🔳മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് മുഖം മിനുക്കിയെത്താന്‍ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാരുതിയുടെ സോഷ്യല്‍ മീഡിയ പേജിലും വെബ്‌സൈറ്റിലും 2021 സ്വിഫ്റ്റിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചാണ് വരവിന്റെ സൂചന നല്‍കിയിട്ടുള്ളത്. ഈ മാസം ഒടുവിലോ മാര്‍ച്ച് ആദ്യ വാരമോ ഈ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. നിലവിലെ എന്‍ജിന് പകരം 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ12 എന്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരക്കും ഇതില്‍ നല്‍കുക. 90 ബി.എച്ച്.പി.പവറും 113 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.

🔳ഉപനിഷദ്ദര്‍ശനം എന്ന ഈ ഗ്രന്ഥം ഉപനിഷദ് സാഹിത്യത്തിലേക്ക് സാമാന്യജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഉത്തമ പഠനഗ്രന്ഥമാണ്. ഉപനിഷദ് പഠനത്തിന് ഒരു നല്ല പ്രവേശികയും അവസാനം ഉപനിഷത്തത്ത്വനിര്‍ധാരണാത്മകമായ ഒരു ഉപസംഹാരവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തുകളുടെ മഹാപ്രപഞ്ചത്തിലേക്കു വായനക്കാരെ നയിക്കുന്ന പഠനഗ്രന്ഥം. 'ഉപനിഷദ്ദര്‍ശനം'. ഡോ. വി.എസ്. ശര്‍മ. മാതൃഭൂമി. വില 136 രൂപ.

🔳കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ട രോഗികളില്‍ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തിന് തകരാര്‍ സംഭവിക്കുന്നതായി പഠനങ്ങള്‍. ഹൃദയ പേശികളുടെ നീര്‍ക്കെട്ട്, ഹൃദയകോശങ്ങളുടെ നാശം, ഹൃദയത്തിലേക്കുള്ള രക്തമൊഴുക്കില്‍ കുറവ് തുടങ്ങിയ തകരാറുകളാണ് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ലണ്ടനിലെ ആറ് ആശുപത്രികളില്‍ കോവിഡിനെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്ത 148 പേരിലാണ് പഠനം നടത്തിയത്. ആശുപത്രിയില്‍ നിന്ന് ഇവര്‍ ഡിസ്ചാര്‍ജായി ഒരു മാസത്തിന് ശേഷം നടത്തിയ എംആര്‍ഐ സ്‌കാനിലാണ് ഹൃദയത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കലര്‍ന്ന രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം 148 രോഗികളില്‍ 89 ശതമാനത്തിനും സാധാരണ ഗതിയില്‍ ആയിരുന്നതായി പഠനം പറയുന്നു. എന്നാല്‍ ഹൃദയ പേശികള്‍ക്കുള്ള ക്ഷതം 80 രോഗികളില്‍(54 ശതമാനം) കണ്ടെത്തി. ഹൃദയത്തിലെ നീര്‍ക്കെട്ട് 12 രോഗികളിലും(8 ശതമാനം) കാണപ്പെട്ടു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.34, പൗണ്ട് - 102.59, യൂറോ - 87.99, സ്വിസ് ഫ്രാങ്ക് - 79.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.29, ബഹറിന്‍ ദിനാര്‍ - 191.93, കുവൈത്ത് ദിനാര്‍ -239.24, ഒമാനി റിയാല്‍ - 187.92, സൗദി റിയാല്‍ - 19.29, യു.എ.ഇ ദിര്‍ഹം - 19.70, ഖത്തര്‍ റിയാല്‍ - 19.87, കനേഡിയന്‍ ഡോളര്‍ - 57.53.

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only