20 ഫെബ്രുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 20 ഫെബ്രുവരി 2021)

🔳കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങള്‍ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞുവെന്നും രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതില്‍ യുവാക്കള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ദൈനംദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളില്‍ വര്‍ധനവുണ്ടായിട്ടുള്ളത്.

🔳സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

🔳അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗ്ഗീസുമായി മേഴ്‌സിക്കുട്ടിയമ്മ  ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോകളും ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. 28-10-2020ന് ഷിജു വര്‍ഗീസ് മേഴ്‌സിക്കുട്ടിയമ്മയുമായി ഈ പ്രോജക്ട് ചര്‍ച്ച ചെയ്യുന്ന ഫോട്ടോകളാണിതെന്നും ചെന്നിത്തല പറഞ്ഞു. അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഫോട്ടോകളും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

🔳ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.  ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോയെന്നും ആരെങ്കിലും വന്ന് നമ്മളെ കണ്ടാല്‍ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും മേഴ്സിക്കുട്ടിയമ്മ. എന്ത് നുണയും പറയാന്‍ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

🔳ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനി ഇ.എം.സി.സിയുമായി ഒരു ധാരണാപത്രവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ധാരണാപത്രവുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണെന്നും കമ്പനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ജയരാജന്‍. സര്‍ക്കാര്‍ നടപടികളൊന്നും പൂര്‍ത്തിയാവാത്ത പദ്ധതിയാണതെന്നും
വ്യവസായത്തിനായി ആര്‍ക്കും പദ്ധതി സമര്‍പ്പിക്കാമെന്നും മന്ത്രി വിശദീകരിച്ചു.

🔳നിയമ വിരുദ്ധ കാര്യങ്ങള്‍ നടപ്പിലാക്കിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ സമരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നാണ് ആവശ്യം. ഇത് നടക്കാത്ത കാര്യമാണ്. ഊദ്യാഗാര്‍ഥികളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

🔳ശബരിമലയുടെ കാര്യത്തില്‍  ഒരു വ്യക്തതയും സര്‍ക്കാരിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. വിശ്വാസികളോടൊപ്പമാണോ എന്ന് ചോദിച്ചാല്‍  അതേയെന്ന് പറയുമെന്നും നവോത്ഥാനത്തിന്റെ  കൂടെയാണോ എന്ന് ചോദിച്ചാല്‍ അവിടെയും അതേ എന്ന് പറയുമെന്നും മുരളീധരന്‍. അങ്ങനെ മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ളതെന്നും മുരളീധരന്‍.

🔳രാമക്ഷേത്ര നിര്‍മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്. ആരും ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍.എസ്.എസ് വിശദീകരിച്ചു.

🔳കാലടി സര്‍വകലാശാലയില്‍ സംസ്‌കൃത വിഭാഗത്തിലെ പ്രവേശനം സംബന്ധിച്ച് വി.സിക്ക് എതിരേ പരാതി നല്‍കിയ സംസ്‌കൃത വിഭാഗം മേധാവി ഡോ പി.വി നാരായണനെതിരെ അച്ചടക്ക നടപടി. അദ്ദേഹത്തെ വകുപ്പ് മേധാവി സ്ഥാനത്തു നിന്നു മാറ്റി. വി.സിക്ക് എതിരേ പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി. എന്നാല്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനം നടപ്പിലാക്കാന്‍ വിസമ്മതിച്ചു എന്നതാണ് പി.വി നാരായണനെതിരേയുള്ള നടപടിയുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഇദ്ദേഹത്തെ നീക്കാന്‍ തീരുമാനിച്ചത്.

🔳രാജ്യത്ത് ഇന്ധനവില മേല്‍പോട്ട് തന്നെ. തുടര്‍ച്ചയായ 13-ാം ദിവസമാണ് ഇന്ധന വില വര്‍ധിച്ചിരിക്കുന്നത്.  ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില.

🔳ബി.എസ്.പി മുന്‍ എം.പി അക്ബര്‍ അഹമ്മദിനെതിരേ ബി.ജെ.പി. വനിത നേതാവ് ഷാസിയ ഇല്‍മിയുടെ പരാതി. ഡല്‍ഹിയില്‍ നടന്ന അത്താഴവിരുന്നിനിടെ അക്ബര്‍ അഹമ്മദ് മോശമായി പെരുമാറിയെന്നാണ് ആരോപണം. പരാതിയില്‍ ഡല്‍ഹി വസന്ത്കുഞ്ച് പോലീസ് കേസെടുത്തു.

🔳ത്രിപുരയില്‍ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി യുമായി കൂട്ടുചേര്‍ന്ന് പ്രദ്യോത് മാണിക്യദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള  ടിഐപിആര്‍എ പുതിയ കൂട്ടുകക്ഷിയ്ക്ക് രൂപം നല്‍കി. രണ്ട് പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപവത്കരിച്ചതായും സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനസമ്മതി തേടുമെന്നും പ്രദ്യോത് മാണിക്യ അറിയിച്ചു. പ്രദ്യോത് മാണിക്യയുടെ പുതിയ നീക്കം ഭരണകക്ഷിയായ ബിജെപിയ്ക്ക് ചെറിയ തോതില്‍ പ്രഹരമേല്‍പിച്ചിരിക്കുകയാണ്. മറ്റ് ചില പ്രാദേശിക പാര്‍ട്ടികള്‍ കൂടി പുതിയ കക്ഷിയില്‍ കൂട്ടുചേരുമെന്നാണ് സൂചന.

🔳ബംഗാളിലെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. ഇവരുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് 100 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

🔳ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും പ്രതിയുടെ പ്രണയനൈരാശ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും പോലിസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനയ് എന്ന ലംബുവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ  നല്‍കിയ കീടനാശിനി കലര്‍ത്തിയ വെള്ളം കഴിച്ചാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് പോലിസ്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പെണ്‍കുട്ടികളാണ് വെള്ളം ആദ്യം കുടിച്ചതെന്നും ഇതിനുശേഷമാണ് പ്രണയം നിരസിച്ച പെണ്‍കുട്ടി വെള്ളം കുടിച്ചതെന്നും ലഖ്നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിങ് പറഞ്ഞു.

🔳സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി.വി. രാജ കായികപുരസ്‌കാരത്തിന് അത്-ലറ്റുകളായ കുഞ്ഞുമുഹമ്മദും മയൂഖാ ജോണിയും അര്‍ഹരായി. മൂന്നു ലക്ഷം രൂപയും ഫലകവും  പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാസ്‌കറ്റ് ബോള്‍ താരം പി.എസ്. ജീന ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. കായികമന്ത്രി ഇ.പി. ജയരാജനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

🔳ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അധികൃതരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന ആരോപണവുമായി ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകര്‍. ഭോപ്പാലിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ തന്നെ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞുവെന്നും പരിശീലനത്തിന്റെ ഭാഗമായി തോക്കുകളും വെടിയുണ്ടകളും കൈവശമുണ്ടായിരുന്നതിനാല്‍ ക്രിമിനലിനോടെന്ന പോലെയാണ് വിമാനത്താവള അധികൃതര്‍ പെരുമാറിയതെന്നും താരം ആരോപിച്ചു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും കഴിഞ്ഞ വര്‍ഷത്തെ വ്യക്തിഗത ഇനങ്ങളില്‍ അഞ്ച് ലോകകപ്പ് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ താരവുമാണ് മനു ഭാകര്‍.

🔳കൊറോണ വൈറസ് വ്യാപനം ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ ദീര്‍ഘകാലത്തേക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുന്നവെന്ന് പഠനം. കൊവിഡ് വ്യാപനം മൂലം 2030ഓടെ 18 ദശലക്ഷം ഇന്ത്യക്കാരായ തൊഴിലാളികള്‍ പുതിയ ജോലിയിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമെന്നും. റീട്ടെയില്‍, ഫുഡ് സര്‍വീസസ്, ആതുരസേവനം, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലെ കുറഞ്ഞ വേതനത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇത് ആനുപാതികമായി ബാധിക്കുമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പറയുന്നു.

🔳ഇന്ത്യയിലെ 80 ശതമാനം കോര്‍പ്പറേറ്റ് ബാങ്കുകളും 2024 ഓടെ തങ്ങളുടെ ട്രേഡ് ഫിനാന്‍സ്, ട്രഷറി ജോലിഭാരത്തെ ക്ലൗഡിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ ഐഡിസി റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി സൃഷ്ടിച്ച അനിശ്ചിതത്വത്തെ നേരിടാന്‍ 2023ഓടെ കോര്‍പ്പറേറ്റ് ബാങ്കുകളില്‍ 60 ശതമാനവും ക്രെഡിറ്റ് സ്‌കോറിംഗ് മോഡലുകള്‍ പുനഃപരിശോധിക്കുകയും വായ്പാ പോര്‍ട്ട്‌ഫോളിയോ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഓപ്പണ്‍ ഡാറ്റ തന്ത്രത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.  

🔳ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയിന്‍ നിഗമാണ് നായകന്‍. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണ ദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്.  2019ല്‍ പുറത്തിറങ്ങിയ വലിയ പെരുന്നാളാണ് അവസാനമായി പുറത്തിറങ്ങിയ ഷെയിന്‍ നിഗം ചിത്രം.

🔳അമിതാഭ് ബച്ചന്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജുണ്ഡ് എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോയും അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്. ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്ബോള്‍ പരശീലകന്റെ വേഷത്തില്‍. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only