ഓമശ്ശേരി:എൻ.ഐ.ടി-പുത്തൂർ-വെളിമണ്ണ-കൂടത്തായി പി.ഡബ്ലിയു.ഡി.റോഡിന്റെ നിർദ്ദിഷ്ട പുനരുദ്ധാരണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് താറുമാറായ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് വെണ്ണക്കോട് ജി.എം.എൽ.പി.സ്കൂളിൽ ചേർന്ന ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമസഭ പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു.ഐക്യ കണ്ഠ്യേനയാണ് പ്രമേയം പാസ്സാക്കിയത്.
ഗ്രാമ സഭയിൽ വാർഡ് മെമ്പർ അശോകൻ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമള വല്ലി,വി.പി.അബൂബക്കർ ഹാജി,ജവാഹിർ ഹുസൈൻ ഹാജി,എം.അബൂബക്കർ,കുടുംബ ശ്രീ സി.ഡി.എസ്.ചെയർപേഴ്സൺ എ.കെ.തങ്ക മണി,അംഗനവാടി ടീച്ചർ തങ്കമണി എന്നിവർ സംസാരിച്ചു.കോ-ഓർഡിനേറ്റർ ശബീർ പദ്ധതികൾ വിശദീകരിച്ചു.റസാഖ് മാസ്റ്റർ തടത്തിമ്മൽ സ്വാഗതവും കുടുംബ ശ്രീ എ.ഡി.എസ്.നഫീസ വള്ളിയിൽ നന്ദിയും പറഞ്ഞു.
കോഴിക്കോട്,താമരശ്ശേരി താലൂക്കുകളെ ബന്ധിപ്പിക്കുന്ന മലയോര മേഖലയിലെ പ്രധാന റോഡാണിത്.കൊടുവള്ളി,കുന്ദമംഗലം,തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ പരിധിയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.ഇതിന്റെ കൂടുതൽ ഭാഗം കൊടുവള്ളി നിയോജക മണ്ഡലത്തിലാണ്.കിഫ്ബിയിൽ ഉൾപ്പെടുത്തി 46 കോടി രൂപ ചെലവഴിച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയതാണ്.പ്രഖ്യാപനം വന്നിട്ട് രണ്ട് വർഷത്തോളമായെങ്കിലും ഇതുവരെ പ്രവൃത്തികൾ ഒന്നും തുടങ്ങിയിട്ടില്ല.വിവിധ ഘട്ടങ്ങളിൽ അധികൃതരുടെ സാന്നിദ്ധ്യത്തിൽ പ്രദേശ വാസികളുടെ യോഗങ്ങൾ നടക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതാണ്.
ഗ്രാമീണ-മലയോര മേഖലയിലെ വർഷങ്ങൾ പഴക്കമുള്ള പ്രധാനപ്പെട്ട ഒരു റോഡാണിത്.പരിസര റോഡുകൾ മിക്കതും ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച് ഗതാഗത യോഗ്യമാക്കിയെങ്കിലും ഈ ഗ്രാമീണ പാത എക്കാലവും അവഗണന നേരിടുകയാണ്.വിവിധ സമയങ്ങളിൽ നടന്ന പാച്ച് വർക്കിലൂടെ റോഡിന്റെ സ്വാഭാവിക രൂപം തന്നെ നഷ്ടപ്പെട്ടു.റോഡിൽ രൂപപ്പെട്ട കുണ്ടും കുഴിയും കൂടിയാവുമ്പോൾ ഈ റോഡിലൂടെയുള്ള ഗതാഗതവും കാൽ നട പോലും ദുഷ്കരമാവുകയാണ്.ബസ്സുകളുൾപ്പടെ നൂറു കണക്കിന് വാഹനങ്ങൾ ദിനേന ഇതു വഴി കടന്ന് പോവുന്നുണ്ട്.ദേശീയ പ്രാധാന്യമുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ.ഐ.ടി) യുടെ സമീപത്തുള്ള എൻ.ഐ.ടി-പുത്തൂർ-വെളിമണ്ണ-കൂടത്തായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ സാങ്കേതികക്കുരുക്കുകളും തടസ്സങ്ങളും നീക്കി ഉടനടി ആരംഭിക്കണമെന്നാണ് അധികൃതരോട് പ്രദേശ വാസികൾ ആവശ്യപ്പെടുന്നത്.ഒരു പതിറ്റാണ്ടിലേറെയായി റോഡിന്റെ നവീകരണമാവശ്യപ്പെട്ട് മുറവിളി കൂട്ടുകയാണ് ഗ്രാമീണ ജനത.
Post a comment