21 ഫെബ്രുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 21 ഫെബ്രുവരി 2021)

🔳റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ഫോട്ടോ ഡല്‍ഹി പോലീസ് പുറത്തുവിട്ടു. ചെങ്കോട്ട ആക്രമത്തില്‍ ഉള്‍പ്പെട്ട 200 പേരുടെ ഫോട്ടോകള്‍ ഡല്‍ഹി പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 20 പേരുടെ ഫോട്ടോ കൂടി ഡല്‍ഹി പോലീസ് പുറത്തുവിട്ടത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതായി ഡല്‍ഹി പോലീസ് അറിയിച്ചു.

🔳രാജ്യത്തെ അക്കദമിക്ക് സമൂഹത്തെ കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന അക്കാദമിക് സമൂഹം, പുറം ലോകത്തോട് സംസാരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തങ്ങളെ എന്തുകൊണ്ട് തടയുന്നുവെന്ന് ചോദിക്കണമെന്നും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് സര്‍വ്വകലാശാലകള്‍ക്കും പ്രൊഫസര്‍മാര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

🔳മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔳ഒരിടവേളക്ക് ശേഷം കൊറോണ വൈറസ് കേസുകള്‍ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് കടന്ന് മഹാരാഷ്ട്ര. കേസുകള്‍ ഇതേനിലയില്‍ തുടരുകയാണെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇതിന് പിന്നാലെ പുണെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ച ആറു വരെ അവശ്യസര്‍വീസുകളൊഴികെ മറ്റുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഫെബ്രുവരി 28-വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും തീരുമാനിച്ചു.

🔳കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഭാരവാഹി യോഗം ഡല്‍ഹിയില്‍ തുടങ്ങി. ജെ.പി.നഡ്ഡ അധ്യക്ഷനായ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ ഭാരാവാഹികളും സംസ്ഥാന നേതാക്കളും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

🔳ആഴക്കടല്‍ മത്സ്യബന്ധനവിവാദം ആരോപണപ്രത്യാരോപണങ്ങളുമായി കൊഴുക്കുന്നു. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നതായും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും ചെന്നിത്തല പുറത്തുവിട്ടു. അസെന്റില്‍ ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. കമ്പനിയുടെ സിഇഒയെ മുഖ്യമന്ത്രി മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒപ്പം ഗസ്റ്റ് ഹൌസില്‍വെച്ച് കണ്ടിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാന്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു.

🔳എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന് ചെന്നിത്തലയ്ക്ക് നിര്‍ബന്ധമില്ല. പ്രളയകാലത്തും കോവിഡ് കാലത്തും അദ്ദേഹം അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍  ഉന്നയിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും വിജയരാഘവന്‍. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാര്‍ത്ഥത തീരദേശത്ത് ദൃശ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു. 

🔳ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ കൂടുതല്‍ വിവാദത്തിലേക്കു പോകുന്നതിനിടെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍.പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. അമേരിക്കന്‍ കമ്പനി ഇഎംസിസിക്ക് വേണ്ടി ട്രോളറുകള്‍ നിര്‍മിച്ച് നല്‍കാന്‍ കരാര്‍ ഏറ്റെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിനാല്‍ വിവാദങ്ങള്‍ കെ.എസ്.ഐ.എന്‍.സിക്ക് മുകളില്‍ ചാരി സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

🔳ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന്  ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നതെന്നും സിഇഒ ഡുവാന്‍ ജെറിന്‍സണും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും ഷിജു വര്‍ഗീസ്.

🔳ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസിയും പ്രതിപക്ഷ നേതാവുമായി ചേര്‍ന്നുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് സംശയിക്കുന്നതായി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ഇഎംസിസി പ്രതിനിധികളുമായി ചേര്‍ന്ന് മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകളില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച 100 കോടി രൂപ കാണാനില്ലെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍ സി.എം.ഡി. ബിജു പ്രഭാകര്‍ ഐ.എ.എസ്. നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമടക്കമുള്ള ക്രമക്കേടുകളാണ് അന്വേഷിക്കുക.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമെന്ന് കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചത്. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുക എന്നുപറഞ്ഞാല്‍ താന്‍ നല്‍കിയ സേവനത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട് എന്നാണ് അര്‍ത്ഥമെന്നും മുകേഷ് വ്യക്തമാക്കി. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

🔳കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയ്‌ക്കെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. കാരാട്ട് റസാഖുമായി മുസ്ലിംലീഗ് നേതൃത്വം ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

🔳മാണി സി കാപ്പനെ എന്‍.സി.പിയില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ ചരടുവലിച്ച മന്ത്രി എ.കെ ശശീന്ദ്രന് വിനയായി പാളയത്തിലെ പട. എന്‍.സി.പിയിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ട് കാപ്പനൊപ്പം പോയപ്പോള്‍ എലത്തൂര്‍ വീണ്ടുമുറപ്പിച്ച ശശീന്ദ്രനെ മത്സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യമുയര്‍ത്തുകയാണ് എന്‍.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗം.

🔳ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച. തൃപ്പൂണിത്തുറയില്‍ വെച്ചാണ് ആരോഗ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. പിന്‍വാതില്‍ നിയമനങ്ങളുടെയും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളുടെയും ഭാഗമായ പ്രതിഷേധമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

🔳കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണെന്നും മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ലെന്നും ഷമ കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മ്മടത്ത് മത്സരിക്കുന്നത് ഷമ മുഹമ്മദായിരിക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

🔳കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കുടുംബത്തില്‍ ഏറ്റവും അവസാനം മരിച്ച ജയമാധവന്‍ നായരുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ കേസില്‍ കൊലക്കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി.

🔳ദേശീയതലത്തില്‍ ഫെബ്രുവരി 25 ന്  നടക്കുന്ന പശുശാസ്ത്രപരീക്ഷയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. ഓണ്‍ലൈനായാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ നടത്തുന്നത്. 'കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍' പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ 900 സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

🔳നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പുതുച്ചേരിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സായുധ സേനയുടെ സുരക്ഷ. അണ്ണാ ഡിഎംകെയിലെ വി. മണികണ്ഠന്‍, എ. ഭാസ്‌കര്‍, എന്‍.ആര്‍. കോണ്‍ഗ്രസിലെ എന്‍.എസ്. ജയപാല്‍ എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.    ഒരു എം.എല്‍.എ. കൂടി പാര്‍ട്ടിവിട്ടേക്കുമെന്ന സൂചന പുറത്തുവരുന്നതിനിടെ വിശ്വാസ വോട്ടെടുപ്പില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

🔳ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്നുളള സൈനിക പിന്‍മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്നും എന്നാല്‍ ഡെപ്സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

🔳കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കില്ല.

🔳ലോകത്താദ്യമായി പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വകഭേദം മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റഷ്യയിലെ ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകാരോഘ്യസംഘടനയെ വിവരം ധരിപ്പിച്ചതായി മുതിര്‍ന്ന ആരോഗ്യപ്രവര്‍ത്തക അന്ന പൊപോവ അറിയിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

🔳ഓയില്‍-ടു-കെമിക്കല്‍സ്  ബിസിനസിനെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഉപകമ്പനിയാക്കി മാറ്റുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അന്തിമരൂപം നല്‍കുന്നു. ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ കമ്പനിയുടെ ഓഹരികള്‍ വലിയ കുതിപ്പ് പ്രകടമാക്കി. സൗദി ആരാംകോ പോലുള്ള ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ആര്‍ഐഎല്‍ പ്രതീക്ഷിക്കുന്നു. ആരാംകോയും റിലയന്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.  2021 ഏപ്രില്‍ മുതല്‍ ഇരുകക്ഷികളും തമ്മിലുള്ള ഇടപാട് ചര്‍ച്ചകള്‍ക്ക് ആക്കം കൂടുമെന്നാണ് കരുതുന്നത്.

🔳ബിറ്റ്കോയിന്റെ വിപണി മൂല്യം 1 ലക്ഷം കോടി ഡോളറിലേക്ക് നീങ്ങുകയാണ്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഈ വര്‍ഷം മാത്രം 415 ബില്യണ്‍ ഡോളറില്‍പ്പരം നിക്ഷേപം ബിറ്റ്കോയിന് ലഭിച്ചു. ഇതോടെ ബിറ്റ്കോയിന്‍ ക്രിപ്റ്റോകറന്‍സിയുടെ മൊത്തം വിപണി മൂല്യം 956 ബില്യണ്‍ ഡോളറില്‍ വന്നുനില്‍ക്കുകയാണ്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ നാലു ക്രിപ്റ്റോകറന്‍സികള്‍ അടങ്ങുന്ന ബ്ലൂംബര്‍ഗ് ഗാലക്സി ക്രിപ്റ്റോ സൂചിക രണ്ടു മടങ്ങ് നേട്ടമാണ് അടുത്തകാലം കൊണ്ട് കുറിച്ചത്. നിലവില്‍ കോര്‍പ്പറേറ്റ് കമ്പനികളും സ്ഥാപന നിക്ഷേപകരും ബിറ്റ്കോയിന്‍ വാങ്ങി സൂക്ഷിക്കാനുള്ള തിരക്കിലാണ്.

🔳അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഭീഷ്മപര്‍വം' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഭീഷ്മപര്‍വത്തില്‍ നടി നദിയ മൊയ്തുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട പത്തു വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയയും വീണ്ടും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ജിത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ.

🔳മഞ്ജു വാര്യര്‍- സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയര്‍ പ്രൊഡക്ഷന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേര്‍ന്നാണ്. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.

🔳ജപ്പാനിലും ചൈനയിലും വെസെല്‍ എന്നറിയപ്പെടുന്ന എച്ച്ആര്‍-വി ക്രോസ്ഓവര്‍ എസ്യുവിയുടെ പുതിയ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.  ഉടന്‍ തന്നെ യൂറോപ്യന്‍ വിപണിയിലടക്കം മോഡല്‍ സാന്നിധ്യമറിയിക്കും. മനോഹരമായ കൂപ്പെ ശൈലിയാണ് വാഹനം എത്തുന്നത്. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്‌ട്രൈക്കിംഗ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ചിസല്‍ഡ് ബോണറ്റ്, സ്ലീക്ക് ഫോഗ് ലാമ്പ് കേസിംഗ് എന്നിവ പ്രധാന സവിശേഷതകളാണ്.

🔳ആ രാജധാനിയിലേക്കുള്ള എന്റെ യാത്ര... അതേക്കുറിച്ചൊരറിവും ലക്ഷ്യവുമില്ലാതെയായിരുന്നു. അതുതന്നെയായിരുന്നു ആ യാത്രയുടെ പുണ്യം. ആത്മജ്ഞാനിയായ രമണമഹര്‍ഷിയുടെ ആശ്രമത്തിലേക്കു നടത്തിയ യാത്ര. പ്രത്യേകിച്ചൊരു അന്വേഷണബുദ്ധിയോ ആകര്‍ഷണമോ ഇല്ലാതെയാണ് അവിടെ എത്തിയതെങ്കിലും അതൊരു തീര്‍ഥയാത്രയുടെ തുടക്കമായിരുന്നു. ആശ്ചര്യങ്ങളുടെ കലവറയായ അരുണാചലമെന്ന മഹാകാന്തത്തിലേക്ക്, രമണാശ്രമത്തിലേക്ക് നടത്തിയ യാത്രയുടെ വിവരണം. 'രമണാശ്രമത്തിലേക്ക് ഒരു യാത്ര'. മംഗള കാരാട്ടുപറമ്പില്‍. മാതൃഭൂമി. വില 112 രൂപ.

🔳മാസ്‌ക് ധരിക്കുന്നവര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അതിനുള്ളിലെ ഈര്‍പ്പവും വിയര്‍പ്പും. കുറേനേരം മാസ്‌ക് അണിഞ്ഞ് ശ്വാസം പുറന്തള്ളുമ്പോഴേക്കും  മാസ്‌ക്കും മുഖവും എല്ലാം നനഞ്ഞതു പോലെയാകും. എന്നാല്‍ മാസ്‌കിനുള്ളിലെ ഈ ഈര്‍പ്പം  ശ്വാസകോശ  നാളിക്ക് നനവു നല്‍കി പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തി. മാസ്‌കിനുള്ളിലെ ഈര്‍പ്പം വര്‍ധിക്കുന്നതനുസരിച്ച് കോവിഡ് രോഗബാധയുടെ തീവ്രത കുറയുമെന്ന് ബയോ ഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ശ്വസിക്കുന്ന വായുവിലെ ഈര്‍പ്പം മാസ്‌ക് ധരിക്കുന്നത് മൂലം വര്‍ധിക്കുമെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, ഡൈജസ്റ്റീവ്  ആന്‍ഡ് കിഡ്നി ഡിസീസസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ശ്വാസകോശ നാളിയിലെ ഉയര്‍ന്ന ഈര്‍പ്പം വൈറസ് ശ്വാസകോശത്തിലേക്ക് പടരുന്നത് നിയന്ത്രിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അഡ്രിയാന്‍ ബാക്സ് പറയുന്നു. ശ്വാസകോശത്തില്‍ നിന്ന് കഫവും ഹാനികരമായ മറ്റ് വസ്തുക്കളും നീക്കംചെയ്യുന്ന ശരീരത്തിന്റെ മ്യുകോസീലിയറി ക്ലിയറന്‍സ് എന്ന പ്രതിരോധ പ്രക്രിയയെ ഈര്‍പ്പം കൂടുതല്‍ ബലപ്പെടുത്തുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. വൈറസിനെതിരെ പോരാടുന്ന പ്രത്യേക പ്രോട്ടീനുകളായ ഇന്റര്‍ഫെറോണുകള്‍ കൂടുതലായി ഉത്പാദിപ്പിച്ചു പ്രതിരോധം മെച്ചപ്പെടുത്താനും ഉയര്‍ന്ന ഈര്‍പ്പം കാരണമാകുന്നു. ഈര്‍പ്പം കുറഞ്ഞ തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടാകാനുള്ള കാരണവും ഇതാകാമെന്ന് പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. എന്‍ 95, മൂന്ന് പാളി മാസ്‌ക്, രണ്ടു പാളി മാസ്‌ക്, കട്ടിയുള്ള കോട്ടണ്‍ മാസ്‌ക് എന്നിവയാണ് പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചത്. നാലു മാസ്‌കുകളും ശ്വസിക്കുന്ന വായുവില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ത്തും എന്ന് ഇവര്‍ പഠനത്തില്‍ നിരീക്ഷിച്ചു. കോവിഡ് പ്രതിരോധത്തിന് മാത്രമല്ല മറ്റ് ശ്വാസകോശ അണുബാധകള്‍ കുറയ്ക്കുന്നതിനും മാസ്‌ക് അണിയുന്നത് സഹായകമാകുമെന്ന് പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only