26 മാർച്ച് 2021

മുംബൈയിലെ ആശുപത്രിയില്‍ തീപ്പിടിത്തം; 2 പേര്‍ മരിച്ചു, 70 കോവിഡ് രോഗികളെ ഒഴിപ്പിച്ചു
(VISION NEWS 26 മാർച്ച് 2021)

മുംബൈ: മുംബൈ ഭാണ്ഡുപിലെ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ എഴുപതിലധികം കോവിഡ് രോഗികൾ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു.

അർധരാത്രി 12.30 ഓടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. രോഗികളെ ഉടൻ തന്നെ പുറത്തെത്തിച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. അപകടത്തിൽ രണ്ട് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ അറിയിച്ചു.

കോവിഡ് രോഗികളിൽ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോർട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിർന്ന ഡോക്ടർ അറിയിച്ചു.

മാളിൽ പ്രവർത്തിക്കുന്ന ഒരാശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സാഹചര്യമാണതെന്നും മുംബൈ മേയർ കിഷോരി പെഡ്നേക്കർ പ്രതികരിച്ചു. ഏഴ് രോഗികൾ വെന്റിലേറ്ററിലായിരുന്നു. തീപ്പിടിത്തമുണ്ടാകാനുള്ള കാരണത്തെ കുറച്ച് അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കി.

നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നതിനിടെയാണ് അപകടം. 5,504 പേർക്കാണ് വ്യാഴാഴ്ച മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only