29 മാർച്ച് 2021

ഭർത്താവിനും മക്കള്‍ക്കും അടക്കം കുടുംബത്തിന് വിഷം നൽകി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; 4 പേർ ഗുരുതരാവസ്ഥയിൽ
(VISION NEWS 29 മാർച്ച് 2021)




ഭർത്താവിനും മക്കൾക്കും ഉൾപ്പെടെ വീട്ടിലെ എല്ലാവർക്കും വിഷം നൽകിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭർത്താവിനും ചെറിയ മക്കൾക്കും അടക്കം കുടുംബത്തിലെ ഏഴ് പേർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ഒളിച്ചോടിയത്. ബറസോം പൊലീസ് സ്റ്റേഷനിൽ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
യുവതിയുടെ മക്കളുടെയും ഭർത്താവിന്‍റെയും ഭർതൃസഹോദരന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗ്വാളിയാറിലെ ജയ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് പറയുന്നതനുസരിച്ച് യുവതിയുടെ ആദ്യഭർത്താവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചു. ഇതിനെ തുടർന്ന് ഇവർ ഭർത്താവിന്‍റെ ഇളയ സഹോദരനായ ചോട്ടു ഖാൻ എന്നയാളുമായി ബന്ധുക്കൾ ഇവരുടെ വിവാഹം നടത്തി.

എന്നാൽ യുവതി ചോട്ടു ഖാന്‍റെ സഹോദരി ഭർത്താവ് ലോഖൻ ഖാൻ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതേ തുടർന്ന് യുവതി കാമുകനുമായി ഒളിച്ചോടാൻ പദ്ധതിയിട്ടു. ശനിയാഴ്ച പദ്ധതി നടപ്പാക്കിയ ഇവർ കുടുംബത്തിന് വിഷം ചേർത്ത ഭക്ഷണം നൽകിയ ശേഷം ഒളിച്ചോടുകയായിരുന്നു.

36കാരിയുടെ രണ്ട് മക്കൾ, ഭർത്താവ്, ഭർത്താവിന്‍റെ മാതാപിതാക്കൾ, സഹോദരൻ, സഹോദര ഭാര്യ എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ബറസോം പൊലീസ് സ്റ്റേഷൻ ഇന്‍ ചാർജ് സുർജിത് സിംഗ് അറിയിച്ചിരിക്കുന്നത്, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only