29 മാർച്ച് 2021

ഒരേ വധുവിനെ അന്വേഷിച്ച് 5 നവ വരന്മാർ പൊലീസ് സ്റ്റേഷനിൽ; യുവാക്കളെ കബളിപ്പിച്ച മൂവർസംഘം പിടിയിൽ
(VISION NEWS 29 മാർച്ച് 2021)
ഉത്തരേന്ത്യയിൽ പണം തട്ടിയെടുത്ത് മുങ്ങുന്ന വിവാഹ തട്ടിപ്പ് സംഘങ്ങളുടെ വാർത്തകൾ വരുന്നത് പതിവാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിവാഹ ദിവസം വധുവിനേയും സംഘത്തേയും കാണാതായതോടെ പൊലീസ് സ്റ്റേഷനിലെത്തിയ വരനെ സ്വീകരിച്ചത് സമാന പരാതിയുമായി എത്തിയ നാല് വരന്മാരാണ്.
മധ്യപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിലെ യുവാക്കളാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയാകുന്നത്. വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്ന ഗ്രാമങ്ങളിലെ യുവാക്കളാണ് സംഘത്തിന്റെ ഇരകളാകുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ, ഹർദ ജില്ലയിലെ യുവാവാണ് വിവാഹ ദിവസം വധുവിനേയും സംഘത്തേയും കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. വിവാഹവേദിയിൽ എത്തിയതിന് ശേഷമാണ് വധുവും സംഘവും സ്ഥലത്ത് എത്തിയില്ലെന്ന് വരനും വീട്ടുകാരും മനസ്സിലാകുന്നത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
എന്നാൽ, സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വരനേയും സംഘത്തേയും കാത്തിരുന്നത് അതേ ദിവസം വിവാഹം നിശ്ചയിച്ച നാല് യുവാക്കളാണ്. ഹർദ ജില്ലയിലെ വരന്റെ അതേ പരാതിയുമായാണ് മറ്റ് നാല് പേരും പൊലീസ് സ്റ്റേഷനിൽ എത്തിയത്. വിവാഹം നിശ്ചയിച്ച ദിവസം വരനും കൂട്ടരും വേദിയിൽ എത്തുമ്പോഴാണ് വധുവിനേയും സംഘത്തേയും കാണാനില്ലെന്ന വിവരം അറിയുന്നത്. ഫോണിൽ വിളിച്ചാൽ സ്വിച്ച് ഓഫ് ആയിരിക്കും.
അഞ്ച് യുവാക്കൾ സമാന പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്, വ്യാഴാഴ്ച്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം വിവാഹം നിശ്ചയിച്ച വേദിയിൽ എത്തിയപ്പോൾ പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയേയും വീട്ടുകാരേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാവരുടേയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു യുവതിയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തെ കൊലാർ റോഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മൂന്ന് പേർ ചേർന്നാണ് വിവാഹ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായി കൊലാർ പൊലീസ് പറയുന്നു.

ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്ത മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലായത്. വധുവിനെ കിട്ടാൻ ബുദ്ധിമുട്ടുള്ള ഗ്രാമങ്ങളിലെ ചെറുപ്പക്കാരാണ് സംഘത്തിന്റെ ഇരകളാകുന്നത്. വിവാഹ ദല്ലാളെന്ന വ്യാജേന യുവാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് പെൺകുട്ടിയെ കുറിച്ചുള്ള കാര്യങ്ങൾ അറിയിക്കും. തുടർന്ന് ഭോപ്പാലിൽ എത്താൻ ആവശ്യപ്പെടും. ഇവിടെ വെച്ച് സംഘത്തിലുളള യുവതിയെ വധുവായി കാണിക്കും. യുവാവിന് പെൺകുട്ടിയെ ഇഷ്ടമായാൽ 20,000 രൂപ സംഘം വാങ്ങും.

ഉത്തർപ്രദേശിൽ തന്നെ നടന്ന മറ്റൊരു സംഭവത്തിൽ, വിവാഹം കഴിഞ്ഞ് അഞ്ച് മണിക്കൂറിനുള്ളിൽ നവവധു സ്വർണവും പണവുമായി മുങ്ങിയ വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു. യുപിയിലെ ഷാജഹാന‍്പൂരിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വരന്റെ വീട്ടിലെത്തി മണിക്കൂറുകൾക്കകമാണ് വധുവിനെ കാണാതായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only