29 മാർച്ച് 2021

മലയാളി മന്ത്രവാദിയുടെ ഉപദേശം, നിധിക്കായി കുഴിച്ചത് 50 അടി; തമിഴ്നാട്ടിൽ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
(VISION NEWS 29 മാർച്ച് 2021)
ചെന്നൈ: മലയാളി മന്ത്രവാദിയുടെ വാക്കുകേട്ട് നിധിതേടി 50 അടിയോളം കുഴികുത്തിയ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരിച്ചത്.

വീടിന് പിറകിലെ പറമ്പില്‍ നിധിയുണ്ട് എന്നാണ് തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി മുത്തയ്യയുടെ മക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ കുഴിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞു. മോട്ടോര്‍ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേര്‍ വിഷവായു ശ്വസിച്ച് മരണപ്പെട്ടത്. 47 വയസ്സുകാരന്‍ രഘുപതിയും സാത്താങ്കുളം സ്വദേശി 19 വയസ്സുള്ള നിര്‍മ്മല്‍ ഗണപതിയും ആശുപത്രിയിലെത്തിക്കുമ്പഴേക്കും മരിച്ചിരുന്നു.

മുത്തയ്യയുടെ മക്കളായ ശിവമാലൈ, ശിവവേലന്‍ എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ പാളയംകോട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വീടിന് സമീപത്ത് നിന്ന് തലയോട്ടികളും മന്ത്രവാദത്തിനായുള്ള മറ്റു പല സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.

നരബലിയ്ക്കായുള്ള ശ്രമം നടന്നതായി പോലീസ് സംശയിക്കുന്നു. സാത്താങ്കുളം ഡിഎസ്പി ഗോഡ്വിന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളിയായ മന്ത്രവാദിക്കായും തിരച്ചില്‍ നടക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only