05 മാർച്ച് 2021

സഹചാരി സെന്‍റര്‍ ബിരിയാണി ചലഞ്ച് നാളെ (മാര്‍ച്ച് 6 ശനി)
(VISION NEWS 05 മാർച്ച് 2021)
ഓമശേരി : എസ്.കെ.എസ്.എസ്.എഫ് ഓമശേരി മേഖലാ സഹചാരി സെന്‍റര്‍ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് നാളെ ഓമശേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഏഴുവര്‍ഷം മുന്‍പ് തുടക്കം കുറിച്ച സഹചാരി സെന്‍ററിന്‍റെ കീഴില്‍ നിലവില്‍ അന്‍പതോളം രോഗികള്‍ക്ക് എല്ലാ മാസവും 1000 രൂപയുടെ മരുന്നും രോഗികള്‍ക്കാവശ്യമായ വാക്കര്‍,വീല്‍ചെയര്‍,കട്ടില്‍,ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും നല്‍കി വരുന്നുണ്ട്. 2 വര്‍ഷം മുന്‍പ് സഹചാരി സെന്‍റര്‍ വിപുലീകരിക്കാന്‍ തീരുമാനിക്കുകയും ഹോം കെയര്‍,ഫിസിയോ തെറാപ്പി,കണ്‍സല്‍ട്ടിംഗ്,കൗണ്‍സിലിംഗ്,ഡെ കെയര്‍,ആംബുലന്‍സ്,മെഡിക്കല്‍ ലാബ്,ഡയാലിസിസ് തുടങ്ങി പത്തോളം പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തിരുന്നു.
സാധാരണക്കാരായ നാട്ടുകാരില്‍ നിന്ന് മാത്രം പണം കണ്ടെത്തി നിര്‍ദിഷ്ട പദ്ധതികള്‍ക്കാവശ്യമായ സ്ഥലം ഓമശേരി-കൊടുവള്ളി റോഡില്‍ പുത്തൂര്‍ വെള്ളാരംചാലില്‍ വാങ്ങി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനും സാധിച്ചു.ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് വിതരണം നടത്താനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാണ് ബിരിയാണി ചലഞ്ച് നടത്തുന്നതെന്ന്  സംഘാടകര്‍ അറിയിച്ചു.ഇരുപതിനായിരത്തോളം പേര്‍ക്ക് ബിരിയാണി എത്തിക്കുന്നതിന് വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ യു.കെ ഹുസൈന്‍,കുഞ്ഞാലന്‍കുട്ടി ഫൈസി,പി.സി യൂസുഫ് ഫൈസി,കെ.വി നൂറുദ്ദീന്‍ ഫൈസി,പി.ടി മുഹമ്മദ്,നിസാം ഓമശേരി,ഗഫൂര്‍ മുണ്ടുപാറ,ഹാരിസ് ഹൈത്തമി,മുസ്ഥഫ അശ്അരി എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only