27 മാർച്ച് 2021

6 മണിക്കൂര്‍ കട്ടിലിനടിയില്‍, അവസരത്തിനായി കാത്തിരുന്നു; ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു
(VISION NEWS 27 മാർച്ച് 2021)
ബെംഗളൂരു:  ആറ് മണിക്കൂറിലേറെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ശേഷം യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. ബെംഗളൂരു രോഹിത്‌ നഗറില്‍ താമസിക്കുന്ന ഭരത് കുമാറാണ്(31) ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജിനെ(27) കുത്തിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രതിയായ ഭരത് കുമാറിനെ ബൈദരാഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. 

എട്ടു വര്‍ഷം മുമ്പാണ് ഹൊസഹള്ളി തണ്ട സ്വദേശിയായ വിനുതയും ഭരത് കുമാറും വിവാഹിതരായത്. ഇരുവരും നീലമംഗലയിലെ ഫാക്ടറിയില്‍ ഒരുമിച്ച് ജോലിചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുമുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് വിനുതയുടെ നാട്ടുകാരനായ ശിവരാജ് ദമ്പതിമാരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. 

ജോലിക്കാര്യത്തിനായി ബെംഗളൂരുവിലെത്തിയ ശിവരാജ് നാട്ടുകാരിയായ വിനുതയുടെ വീട്ടില്‍ ഒരാഴ്ചയോളം താമസിച്ചു. പിന്നീട് വിനുത തന്നെ ഇയാള്‍ക്ക് ജോലി ശരിയാക്കി നല്‍കി. തുടര്‍ന്ന് ശിവരാജ് ഇടയ്ക്കിടെ ദമ്പതിമാരുടെ വീട്ടിലെത്തുന്നതും പതിവായി. ഇതിനിടെയാണ് വിനുതയോട് ശിവരാജ് പ്രണയാഭ്യര്‍ഥന നടത്തിയത്. ആദ്യം നിരസിച്ചെങ്കിലും യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയതോടെ വിനുത സമ്മതം മൂളി. ഭര്‍ത്താവറിയാതെ വിനുതയും ശിവരാജും പ്രണയബന്ധത്തിലായി. 

ശിവരാജുമായുള്ള ബന്ധം അറിഞ്ഞതോടെ ഭരത് കുമാര്‍ ഭാര്യയുമായി വഴക്കിട്ടു. ബന്ധത്തില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വഴക്ക് പതിവായതോടെ വിനുത ഭര്‍ത്താവിനെ ഉപേക്ഷിച്ച് ബെംഗളൂരു ആന്ധ്രാഹള്ളിയിലെ മറ്റൊരു വീട്ടിലേക്ക് ഒറ്റയ്ക്ക് താമസം മാറി. ആഴ്ചയിലൊരിക്കല്‍ ശിവരാജ് ഇവിടേക്ക് വരുന്നതും പതിവായി. 

ശിവരാജുമായുള്ള ബന്ധം ഭാര്യ തുടരുന്നുണ്ടെന്ന് മനസിലായതോടെ ഇയാളെ എങ്ങനെയും ഇല്ലാതാക്കാന്‍ ഭരത് കുമാര്‍ തീരുമാനിച്ചു. ഇതിനായി ഒരു മാസം മുമ്പ് ഓണ്‍ലൈന്‍ വഴി കത്തി വാങ്ങിച്ചു. ബുധനാഴ്ച രാത്രി വിനുത താമസിക്കുന്ന വീടിന് സമീപമെത്തിയ പ്രതി ഭാര്യ പുറത്തേക്ക് പോകുന്നതിനായി കാത്തിരുന്നു. രാത്രി 8.30 ഓടെ കോഴിയിറച്ചി വാങ്ങാനായി വിനുത കടയിലേക്ക് പോയപ്പോള്‍ പ്രതി വീടിനകത്ത് കയറി കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്നു.

തൊട്ടടുത്ത കടയിലേക്കായതിനാല്‍ വാതിലടയ്ക്കാതെയാണ് യുവതി വീട്ടില്‍നിന്നും ഇറങ്ങിയത്. തുടര്‍ന്ന് തിരികെയെത്തി കോഴിയിറച്ചി പാകം ചെയ്തു. രാത്രി 10.30-ഓടെ കാമുകനായ ശിവരാജ് വീട്ടിലെത്തി. ഇരുവരും ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി കിടപ്പുമുറിയിലെത്തി. ഈ സമയത്തും ഭരത്കുമാര്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. 

പുലര്‍ച്ചെ മൂന്ന് മണിയോടെ വിനുത ശൗചാലയത്തിലേക്ക് പോയതോടെ ഭരത്കുമാര്‍ കട്ടിലിനടിയില്‍നിന്നും പുറത്തിറങ്ങി. തുടര്‍ന്ന് ഭാര്യയെ ശൗചാലയത്തില്‍ പൂട്ടിയിട്ടു. പിന്നാലെ ഉറങ്ങിക്കിടന്ന ശിവരാജിനെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വയറിലും മറ്റും കുത്തിപരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. 

സംഭവത്തിന് ശേഷം ശൗചാലയത്തില്‍ പൂട്ടിയിട്ട ഭാര്യയെ പ്രതി പുറത്തിറക്കി. ആദ്യം മൃതദേഹം ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടെങ്കിലും ഇത് വേണ്ടെന്നുവെച്ചു. ഒരു ബന്ധുവിനെ ഫോണില്‍ വിളിച്ച് പ്രതി തന്നെയാണ് കൊലപാതകവിവരം ആദ്യം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കൊല്ലപ്പെട്ട ശിവരാജിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only