01 March 2021

പ്രഭാത വാർത്തകൾ
(VISION NEWS 01 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳തമിഴ് ഭാഷ പഠിക്കാനായില്ല എന്നത് തന്റെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ എക്കാലവും നിലനില്‍ക്കുന്ന ദുഃഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴെന്നും തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

🔳പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെ തമിഴ്ഭാഷാ ചീട്ടിറക്കി അമിത് ഷായും. പഴക്കമേറിയതും മധുരമേറിയതുമായ തമിഴ് ഭാഷയില്‍ തന്റെ അണികളോട് സംസാരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്.

➖➖➖➖➖➖➖➖
🔳പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയായിട്ടും താന്‍ വന്ന വഴി മോദി മറന്നില്ലെന്നും 'ചായ്‌വാല' എന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 'ജനങ്ങള്‍ നരേന്ദ്രമോദിയില്‍ നിന്ന് പഠിക്കണമെന്നും പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ലെന്നും ഗുലാം നബി ആസാദ്. നരേന്ദ്രമോദിയുമായി തനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണെന്നും ആസാദ് പറഞ്ഞു.

🔳പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികളെ തകര്‍ക്കുന്ന ശത്രുവാണെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. നാം ഇതിലും വലിയ ശത്രുവിനെ തോല്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് ഭരണവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ആരാണ് നരേന്ദ്രമോദിയെന്നും രാഹുല്‍. ഈ രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തിരിച്ചയച്ചവരാണെന്നും അതേരീതിയില്‍ നാം മോദിയെ നാഗ്പുരിലേക്ക് തിരിച്ചയയ്ക്കുമെന്നും രാഹുല്‍ കൂട്ടി ചേര്‍ത്തു  

🔳പ്രധാനമന്ത്രി സ്ഥാനത്തേക്ക് നേരിട്ട് ഒരാളെ തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടുന്നത് രാഹുല്‍ ഗാന്ധിയെ ആണെന്ന് സര്‍വേ. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഐഎഎന്‍എസ്-സിവോട്ടര്‍ നടത്തിയ സര്‍വേയിലാണ് ഇങ്ങനെ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും പശ്ചിമബംഗാളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മോദിയാണ് മുന്നില്‍.  .

🔳തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രതീയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് കേരള മുഖ്യമന്ത്രി മുന്നിലെത്തിയത്. കേരളത്തിലെ 53.08 ശതമാനം ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രകടനത്തില്‍ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അസമില്‍ സര്‍ബാനന്ദ സോനാവാലിന് 45.84 ശതമാനവും പശ്ചിമബംഗാളില്‍ മമത ബാനര്‍ജിക്ക് 44.82 ശതമാനവും സംതൃപ്തി പ്രകടിപ്പിച്ചു. അതേസമയം തമിഴ്നാട്ടില്‍ എടപ്പാടി പളനി സ്വാമിക്ക് 16.55 ശതമാനവും പുതുച്ചേരിയില്‍ വി.നാരായണസ്വാമിക്ക് 17.48 ശതമാനം പേരും മാത്രമേ സംതൃപ്തി പ്രകടിപ്പിച്ചുള്ളൂ.

🔳മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രം രണ്ടുവര്‍ഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചത് പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്നും അവധിയിലായിരുന്നതുകൊണ്ടാകും ഇക്കാര്യം അദ്ദേഹം അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.

🔳ബിജെപിക്ക് കേരളത്തില്‍നിന്ന് ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാട്ടിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിനായി കേന്ദ്രം നിരവധി കാര്യങ്ങള്‍ ചെയ്‌തെന്നും എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

🔳കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പരവിഡ്ഢിത്തങ്ങളാണ് നിര്‍മലാ സീതാരാമന്‍ നടത്തിയതെന്ന് തോമസ് ഐസക്. ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്നു മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവര്‍ നടത്തിയ പരാമര്‍ശങ്ങളെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോള്‍, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ തിരിച്ചറിയണമായിരുന്നുവെന്നും തോമസ് ഐസക്.

🔳ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ടെന്നും എന്നാല്‍ നെറികേടുകള്‍ നാട്ടില്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. വഴിവിട്ട നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടാമെന്ന് കരുതേണ്ടെന്നും അത് ചിലവാകില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംശുദ്ധി കൃത്യമായി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍.

🔳രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാല്‍ ലോകത്തിലെ മറ്റു കടലുകളില്‍ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി പരിഹസിച്ചു.

🔳സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളെയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

🔳ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതിന്റെ സാഹചര്യം വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നിയമനിര്‍മാണ സഭകളിലെത്താതിരിക്കാനുള്ള കമ്മിഷന്റെ പ്രധാന ചുവടുവെപ്പാണിത്. ഇക്കാര്യത്തില്‍ ശുദ്ധീകരണത്തിനു തുടക്കമിടുകയാണ് കമ്മിഷന്‍.

🔳കേരളത്തില്‍ ഇന്നലെ 62,769 സാമ്പിളുകള്‍ പരിശോധിച്ചതില്‍  3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4197 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ; കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 367 ഹോട്ട് സ്‌പോട്ടുകള്‍.

🔳സംസ്ഥാനത്ത് ഇന്ന് മുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്.

🔳ഇഎം സി സിയുമായുള്ള കരാര്‍ എന്‍.പ്രശാന്ത് ഐഎഎസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയില്‍ പരിഹാസവുമായി വി.ഡി.സതീശന്‍ എം.എല്‍.എ. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് ധാരാണാ പത്രത്തില്‍ ഒപ്പുവെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ലെന്നും സതീശന്‍ പറഞ്ഞു.

🔳നരേന്ദ്ര മോദിയുടെ ആശയങ്ങള്‍ സ്വീകരിച്ച് എന്‍ഡിഎയിലേക്ക് കടന്നുവരണമെന്ന തന്റെ ക്ഷണം തള്ളിയ മുസ്ലിം ലീഗിനും നേതാക്കള്‍ക്കും ശോഭാ സൂരേന്ദ്രന്റെ മറുപടി. മുസ്ലിം ലീഗിന് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മുങ്ങാന്‍ പോകുന്ന കപ്പലില്‍ എത്ര കാലം നില്‍ക്കുമെന്നും ശോഭാ സുരേന്ദ്രന്‍.

🔳നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണം എന്നാവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. ഉമ്മന്‍ചാണ്ടി ഒഴികെ അഞ്ചുതവണ എംഎല്‍എ ആയവരെ ഒഴിവാക്കണം, രണ്ടുതവണ തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടി..എന്‍.പ്രതാപന്‍ എം.പി. ഉള്‍പ്പടെയുളളവര്‍ ചേര്‍ന്നാണ് കത്ത് ഹൈക്കമാന്‍ഡിന് അയച്ചിരിക്കുന്നത്.

🔳മുസ്ലീം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. 'പൊതുമണ്ഡലത്തില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കാമെന്നുമാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം.  മറിച്ചു ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണമെന്നും ലീഗിന് സമദ് പൂക്കോട്ടൂര്‍ മുന്നറിയിപ്പ് നല്‍കി.

🔳കേന്ദ്ര സാഹിത്യ അക്കാദമി 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജീവചരിത്രഗ്രന്ഥങ്ങള്‍ ശിവഗിരിയില്‍ സമര്‍പ്പിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, കൊങ്ങിണി, മറാഠി, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. ശിവഗിരി മഹാസമാധിയില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്കാണ് പി.ടി.തോമസ് എം.എല്‍.എ. പുസ്തകങ്ങള്‍ സമര്‍പ്പിച്ചത്.

🔳25.54 കിലോമീറ്റര്‍ റോഡ് 18 മണിക്കൂറുകൊണ്ട് നിര്‍മിച്ച് ദേശീയപാതാ അതോറിറ്റി. വിജയ്പുര്‍ മുതല്‍ സോലാപുര്‍ വരെയുള്ള നാലുവരി പാതയുടെ ഒരുവരിയാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പണിതീര്‍ത്തത്. ഇത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചതായി ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ വ്യക്തമാക്കി.

🔳യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര  മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23-കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് രാജി.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 15,614 പേര്‍ക്ക്.  മരണം 108. ഇതോടെ ആകെ മരണം 1,57,195 ആയി. ഇതുവരെ 1,11,12,056 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.57 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,293 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 197 പേര്‍ക്കും തമിഴ്‌നാട്ടില്‍ 479 പേര്‍ക്കും കര്‍ണാടകയില്‍ 521 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 117 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳അരുണാചല്‍പ്രദേശ് പൂര്‍ണമായും കോവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണിതെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പുദ്യോഗസ്ഥന്‍ അറിയിച്ചു. 16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16,780 പേര്‍ രോഗമുക്തി നേടി. ഇതു വരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

🔳ആഗോളതലത്തില്‍ ഇന്നലെ 2,98,206 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 44,744 പേര്‍ക്കും ബ്രസീലില്‍ 34,027 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.46 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,781 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,135 പേരും ബ്രസീലില്‍ 755 പേരും മെക്സിക്കോയില്‍ 783 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.42 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരേ ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി കേരളം.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബിഹാര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം വെറും 53 പന്തുകള്‍ക്കുള്ളില്‍ കേരളം മറികടന്നു. 32 പന്തില്‍ 10 സിക്‌സും നാലു ഫോറുമടക്കം 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്.

🔳ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.  ഫെബ്രുവരി അവസാനം പുറത്തിറങ്ങിയ ടെസ്റ്റ് റാങ്കിങ്ങില്‍ ആറു സ്ഥാനങ്ങള്‍ മുന്നോട്ടുകയറി രോഹിത് എട്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിന് നേട്ടമായത്.

🔳ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ വരാനിരിക്കുന്ന ഏഷ്യാ കപ്പ് മാറ്റിവെയ്‌ക്കേണ്ടിവരുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി. ലോര്‍ഡ്‌സില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണില്‍ തന്നെയായിരുന്നു ഏഷ്യാ കപ്പും നിശ്ചയിച്ചിരുന്നത്. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് 2023-ലേക്ക് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും പി.സി.ബി ചെയര്‍മാന്‍

🔳ഐ.എസ്.എല്ലില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങിയതോടെ ഹൈദരാബാദ് എഫ്.സി സെമിഫൈനല്‍ കാണാതെ പുറത്ത്. സെമിയിലെത്താന്‍ വിജയം അനിവാര്യമായിരുന്ന ഹൈദരാബാദിനെ സ്വന്തം സ്റ്റേഡിയത്തില്‍ ഗോവ സമനിലയില്‍ തളയ്ക്കുകയായിരുന്നു. മത്സരം സമനിലയായതോടെ സെമിഫൈനലില്‍ കടക്കുന്ന നാലാമത്തെ ടീമായി ഗോവ കടന്നുകൂടി.

🔳ഐ.എസ്.എല്ലിലെ ഈ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ തകര്‍ത്ത് മുംബൈ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാന്‍ മുംബൈക്കായി.

🔳ഇന്ത്യയില്‍ മികച്ച രീതിയില്‍ വിറ്റുപോകുന്ന സ്മാര്‍ട്ട് ഫോണ്‍ പോക്കോയുടെ ഏറ്റവും പുതിയ വേരിയന്റ് എം3 ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നു. ഫ്‌ലിപ്കാര്‍ട്ടില്‍ ഇത് വില്‍പ്പനയ്ക്ക് ലഭ്യമാണ്. പ്രീമിയം നിലവാരത്തിലെത്തുന്ന ബജറ്റ് ഫോണ്‍ എന്നാണ് പോക്കോ അറിയപ്പെടുന്നത്. ഇത് 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ എത്തുന്നു. യഥാക്രമം ഈ സ്മാര്‍ട്ട്‌ഫോണ്‍ 10,999 രൂപ, 11,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. പവര്‍ ബ്ലാക്ക്, കൂള്‍ ബ്ലൂ, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഇത് ലഭ്യമാകും.

🔳യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാന്‍ പദ്ധതിയിടുന്ന കണ്‍സോര്‍ഷ്യം ബഹ്റൈന്‍ ആസ്ഥാനമായ ബിഎഫ്സി ഗ്രൂപ്പ് ഹോള്‍ഡിംഗുമായി ലയന സാധ്യത ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി സ്ഥാപകനായ ഫിനെബ്ലറിന് കീഴിലുള്ള സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്.  2021 രണ്ടാംപാദത്തോടെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുമെന്നാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇടപാട് നടന്നാല്‍ മുഴുവന്‍ ജിസിസി രാജ്യങ്ങളിലും സാന്നിധ്യമുള്ള പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ റെമിറ്റന്‍സ് സേവന, കറന്‍സി എക്സ്ചേഞ്ച് ഗ്രൂപ്പായി പുതിയ കമ്പനി മാറും.

🔳ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.  മെയ് 13ന് പെരുന്നാള്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

🔳ഷറഫുദ്ദീനെയും നൈല ഉഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് കെയര്‍ ഓഫ് സൈറ ഭാനു സംവിധായകന്‍ ആന്റണി സോണി. 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.ചിത്രത്തില്‍ ഹോമിയോ ഡോക്ടറായ പ്രിയന്‍ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ വേഷമിടുക.

🔳ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പുതിയ ആര്‍18 ക്ലാസിക് സൂപ്പര്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് 24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.  ബി.എസ്.6 നിലവാരത്തിലുള്ള 1802 സി.സി. എന്‍ജിനാണ് ആര്‍18-ന്റെ കരുത്ത്. ഇത് 89.84 ബി.എച്ച.പി.പവറും 158 എന്‍.എം.ടോര്‍ക്കുമേകും.

🔳ഇന്‍സ്പെക്ടര്‍ വില്‍സണ്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ എന്നിവര്‍ വിവിധ കഥകളില്‍ തങ്ങളുടെ അന്വേഷണദൗത്യവുമായി രംഗപ്രവേശം ചെയ്യുന്നു. കാര്യങ്ങളെ യുക്തിപൂര്‍വം ചിന്തിച്ച് അന്വേഷണത്തിന്റെ കുരുക്കഴിക്കുന്നയാളാണ് ഇന്‍സ്പെക്ടര്‍ വില്‍സണ്‍. എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്രന്റെ അന്വേഷണവഴി, ജിഗ്-സോ പസ്സില്‍പോലെ കാര്യകാരണങ്ങളെ ചേര്‍ത്തുവെച്ച് കുറ്റവാളിയെ കണ്ടെത്തുന്ന രീതിയാണ. ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന, കൊലപാതകങ്ങളും മോഷണങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഇരുപതോളം കഥകള്‍. ബാറ്റണ്‍ ബോസിന്റെ ഏറ്റവും പുതിയ പുസ്തകം. 20 കുറ്റാന്വേഷണ കഥകള്‍. മാതൃഭൂമി. വില 104 രൂപ.

🔳ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പ്രാരംഭത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി.  ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവപ്പട്ടയിട്ട് ചായ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാന്‍ പുതിനയിലയിട്ട്  തിളപ്പിച്ച വെളളം കുടിക്കുന്നത് ഗുണം ചെയ്യും. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകുമ്പോള്‍, 1 ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ നല്ലൊരു ഇരുമ്പുപണിക്കാരനായിരുന്നു. അയാളുടെ ചിന്തയിലും  വരകളിലും വിരിയുന്ന മെഷനറികള്‍ ആരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു.  25 വര്‍ഷത്തിലധികമായി അയാള്‍ ജോലി ചെയ്തിരുന്നത് ഈ കഴിവുകളൊന്നും ആവശ്യമില്ലാത്ത ഒരു സാധാരണ വര്‍ക്ഷോപ്പിലായിരുന്നു. മാത്രമല്ല, അവിടെനിന്നും ലഭിക്കുന്ന വരുമാനം അയാളുടെ വീടുപുലര്‍ത്താന്‍ പോലും സാധിക്കാത്തതായിരുന്നു.    അയാളുടെ കഴിവുകള്‍ കണ്ട പലരും പറഞ്ഞു, സ്വന്തമായി മെഷിനറീസ് നിര്‍മ്മിക്കന്ന സ്ഥാപനം തുടങ്ങുകയോ, അല്ലെങ്കില്‍ ഇത്തരം വലിയ മെഷിനുകള്‍ ആവശ്യമുള്ള വലിയ കമ്പനികളെ സമീപിച്ച് നല്ല ശമ്പളമുള്ള ഒരു ജോലി നേടുകയോ ചെയ്യുവാന്‍.  പക്ഷേ അയാള്‍ക്ക് ഈ വര്‍ക് ഷാപ്പിനുപുറത്തേക്ക് ഒരു ചുവട് വെയ്ക്കുവാനോ മാറി ചിന്തിക്കുവാനോ കഴിഞ്ഞില്ല.  ചിലരങ്ങിനെയാണ് ആയിരിക്കുന്ന അവസ്ഥയോടുള്ള അടിമത്തമാണ് അര്‍ഹതയുളള അനന്തസാധ്യതകള്‍ നിഷേധിക്കുന്നത്.  നിലവില്‍ എന്താണ് എന്നതിനേക്കാള്‍ പ്രധാനമാണ് ഇനിയും എന്തൊക്കെയാകാം എന്നത്.  സ്ഥിരാനുഭവങ്ങളില്‍ ആകസ്മികതയുമില്ല, അധികപ്രയത്നമില്ല, ശീലിച്ചവയ്ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മതി. പലപ്പോഴും എത്തിച്ചേര്‍ന്ന തീരങ്ങളോട് വിടപറയാനുള്ള മടിയാണ് പുതിയ തീരങ്ങളുടെ അനുഭവങ്ങള്‍ നിഷേധിക്കുന്നത്.  ആയുസ്സുമുഴുവന്‍ ചെലവഴിക്കുന്നത് ഒരേ സ്ഥലത്താണെങ്കില്‍, അത് എത്രവിശിഷ്ടമായാലും, പറയാനുണ്ടാകുക പരിമിതികളുടേയും മുരടിപ്പിന്റേയും കഥകളായിരിക്കും. ചെറുതായിരിക്കുന്നതില്ല, വലുതാകാന്‍ ശ്രമിക്കാത്തതാണ് കൂടുതല്‍ ഗുരുതരമായ തെറ്റ്.  ചെറിയ ലോകത്ത് ജീവിക്കുന്നവരുടെ അവകാശവാദങ്ങളാണ് വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നത്.  സ്വയം നിര്‍മ്മിച്ച ഇത്തരം നിലവറകളില്‍ നിന്നും പുറത്ത് വരാനും പുതുമയുടെ തീരങ്ങള്‍ കണ്ടെത്താനും ഇനിയെങ്കിലും സാധിക്കട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only