29 മാർച്ച് 2021

ഹാസ്യത്തിന്റെ അവിഭാജ്യഘടകമായ അടൂർ ഭാസി
(VISION NEWS 29 മാർച്ച് 2021)

 നായകന്റെ അടുത്തു നിൽക്കുന്ന കഥാപാത്രമായിട്ടാണ് സിനിമകളിൽ അടൂർ ഭാസി ആദ്യകാലങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പിന്നീടങ്ങോട്ട് മലയാള സിനിമയിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറി അദ്ദേഹം. കറുപ്പും വെളുപ്പും നിറങ്ങളിൽ മലയാളസിനിമ അതിന്റെ ശൈശവകാലം ആരംഭിച്ചതു മുതൽ ഹാസ്യനടനായി അടൂർ ഭാസിയും ഒപ്പമുണ്ടായിരുന്നു. 1953 മുതൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം അവസാനമായി അഭിനയിച്ചത് 1989 ലെ ചക്കിക്കൊത്ത ചങ്കരൻ എന്ന സിനിമയിലാണ്. അവസാന കാലം വരെയും സിനിമയിൽ സജീവമായി തുടർന്ന അദ്ദേഹം 1990 മാർച്ച് 29ന് തിരുവനന്തപുരത്ത് വച്ചായിരുന്നു മരിച്ചത്.
അഭിനയത്തിൽ മാത്രമല്ല രചയിതാവ്, പത്രപ്രവർത്തകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. സാഹിത്യ കുടുംബത്തിൽ ആയിരുന്നു അടൂർ ഭാസിയുടെ ജനനം. ഹാസ്യ സാഹിത്യകാരൻ ആയിരുന്ന ഇ വി കൃഷ്ണപിള്ളയുടെയും സി വി രാമൻ പിള്ളയുടെ മകൾ കെ മഹേശ്വരി അമ്മയുടെയും ഏഴു മക്കളിൽ നാലാമനായാണ് ഭാസ്കരൻ നായർ ജനിച്ചത്. പിന്നീട് മലയാള സിനിമയിലെ ഹാസ്യ സമ്രാട്ടായ മാറിയ അടൂർ ഭാസിയുടെ ചെറു പ്രായത്തിൽ തന്നെ പിതാവ് ഇ വി കൃഷ്ണപിള്ള മരിച്ചു.

അതിനുശേഷം അടൂരിലേക്ക് താമസം മാറുകയായിരുന്നു. ചെറിയ ക്ലാസുകൾ മുതൽ അടൂരിലായിരുന്നു ഭാസിയുടെ പഠനം. പിന്നീട്, ഇന്റർമീഡിയറ്റ് പഠിക്കാൻ തിരുവനന്തപുരത്ത് എത്തിയതോടെയാണ് ജീവിതത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്.

നാടകങ്ങളിലൂടെ ആയിരുന്നു ആദ്യകാലങ്ങളിൽ അഭിനയമേഖലയിൽ ഭാസി തന്റെ കഴിവ് തെളിയിച്ചത്. ജഗതി എൻ കെ ആചാരി ഉൾപ്പെടെയുള്ള പ്രമുഖരോടൊപ്പം ഭാസി പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ആദ്യം ഭാസി അഭിനയിച്ച പുറത്തിറങ്ങിയ സിനിമ 1953ൽ പുറത്തിറങ്ങിയ തിരമാല ആയിരുന്നു. എന്നാൽ, ഈ സിനിമയിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്.

എന്നാൽ, 1961ൽ പുറത്തിറങ്ങിയ മുടിയനായ പുത്രനിൽ പേരുള്ള ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു അദ്ദേഹം. കരയോഗം കൃഷ്ണൻനായർ എന്ന കഥാപാത്രമായി മുടിയനായ പുത്രനിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് പിന്നീട് നിറയെ പടങ്ങളായി. 1965 ആയപ്പോഴേക്കും കൈ നിറയെ സിനിമകളായി അദ്ദേഹത്തിന്. മലയാള സിനികളിലെ ഒഴിവാക്കാൻ കഴിയാത്ത ഹാസ്യ താരമായി മാറി അദ്ദേഹം.

അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും അടൂർ ഭാസി തന്റെ കൈയൊപ്പ് ചാർത്തി. രഘുവംശം (1978), അച്ചാരം അമ്മിണി ഓശാരം ഓമന (1977), ആദ്യപാഠം (1977) എന്നിവ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ. സ്ഥാനാർഥി സാറാമ്മ, സാക്ഷി, കാട്ടുകുരങ്ങ് തുടങ്ങി പത്തോളം ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി. ലോട്ടറിടിക്കറ്റ് എന്ന സിനിമയിലെ 'ഒരു രൂപ നോട്ട് കൊടുത്താൽ...' എന്ന ഗാനം പുതിയ തലമുറ വരെ മൂളി നടക്കാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only