31 മാർച്ച് 2021

ഗുരുതരമായി പരിക്കേറ്റ അസം സ്വദേശിനിയായ നാലര വയസ്സുകാരിയുടെ നില ഗുരുതരം; പീഡനമല്ലെന്ന് പ്രാഥമികവിവരം
(VISION NEWS 31 മാർച്ച് 2021)മൂവാറ്റുപുഴ: ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റനിലയില്‍ അസം സ്വദേശിനിയായ നാലരവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോ എന്ന സംശയത്തിലാണ് മൂവാറ്റുപുഴ പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിക്ക് സൈക്കിളില്‍നിന്ന് പരിക്കേറ്റിരുന്നു. പഴയ സൈക്കിള്‍ ഒടിഞ്ഞ് ഇതിന്റെ കമ്പി തറച്ചാണ് മലദ്വാരത്തിലടക്കം പരിക്കേറ്റതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഈ സൈക്കിള്‍ അന്വേഷണസംഘം കണ്ടെടുക്കുകയും ചെയ്തു. അതേസമയം, എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്ക് കഴിയുന്ന കുടുംബത്തിലെ കുട്ടിയെ മാര്‍ച്ച് 27-നാണ് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദനയോടെ വയര്‍ വീര്‍ത്തുവരുന്നതും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചത്. അവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് മലദ്വാരത്തിലും കുടലിലും മുറിവുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോേളജ് അധികൃതര്‍ പോലീസില്‍ അറിയിച്ച ശേഷം കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. 

കുട്ടിയുടെ പരിക്ക് കണ്ട് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പോലീസില്‍ വിവരം അറിയിച്ചത്. കുട്ടി ലൈംഗികാതിക്രമത്തിനിരയായതാണ് എന്ന് നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയാനാവില്ലെന്നാണ് പോലീസും ഡോക്ടര്‍മാരും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് കുട്ടിയോടൊപ്പമുള്ള അച്ഛനെയും രണ്ടാനമ്മയെയും പോലീസ് ചോദ്യം ചെയ്തു. 

ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയും രണ്ടാനമ്മയും ഇവരില്‍ അച്ഛനുള്ള പിഞ്ചുകുഞ്ഞടക്കമുള്ള രണ്ട് മക്കളും ചേര്‍ന്ന് അഞ്ചു പേരാണ് കുടുംബത്തിലുള്ളത്. അസം സ്വദേശികളായ ഇവര്‍ വളരെ പരിമിതമായ സാഹചര്യത്തില്‍ പെരുമറ്റത്തെ കൊച്ചുമുറിയിലാണ് കഴിഞ്ഞു വന്നിരുന്നത്. മറ്റ് മൂന്നു മക്കള്‍ കൂടി ഇവര്‍ക്കുണ്ടെന്നും അവര്‍ അസമിലാണെന്നുമാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only