07 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 07 മാർച്ച് 2021)

🔳മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര്‍ കോവിഡ് 19 ന് എതിരായ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ ഒറ്റ ദിവസം നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ തോതാണിത്. നിലവില്‍ രാജ്യത്ത് 1.94 കോടിയിലധികം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

🔳വിവിധ ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കമ്മീഷണര്‍ കേസില്‍ എതിര്‍കക്ഷി പോലുമല്ലെന്നും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് കസ്റ്റംസിന്റേതെന്നും അദ്ദേഹം പറഞ്ഞു.

➖➖➖➖➖➖➖➖

🔳കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാകില്ലെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ചുമതലയില്‍ ഉണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി മന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോയെന്നും ഈ മന്ത്രി ചുമതലയില്‍ വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.

🔳സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ആരാഞ്ഞു.

🔳ലൈഫ് പദ്ധതി കോഴക്കേസ് പ്രതികള്‍ ഐഫോണ്‍ തനിക്കാണ് സമ്മാനിച്ചതെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഭാര്യയുടെ കയ്യില്‍ ഫോണ്‍ ഇരിക്കുമ്പോള്‍ അത് പ്രതിപക്ഷ നേതാവിനാണ് കിട്ടിയതെന്ന് പച്ചക്കള്ളം പറയാന്‍ കോടിയേരി ബാലകൃഷ്ണന് നാണമില്ലേ എന്നും ചെന്നിത്തല ചോദിച്ചു.

🔳മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആലപ്പുഴ ജില്ലാ കമ്മിറ്റി. സീറ്റ് നിഷേധിച്ച കാര്യം പുനഃപരിശോധിക്കണമെന്നും വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ട് ടേം നിബന്ധന ആലപ്പുഴയ്ക്ക് വേണ്ടി മാത്രമുളളതല്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

🔳തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അതിനെ സ്വാധീനിക്കാന്‍ വെളിയിലുള്ള ആര്‍ക്കും സാധ്യമാകില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജിവെച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

🔳തന്നെ മന്ത്രിയോ സ്ഥാനാര്‍ത്ഥിയോ ആക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തോമസ് ഐസക്ക്. മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. മറ്റു ചുമതലകളാണെങ്കില്‍ അതും അനുസരിക്കും. തന്റെ ചിത്രവും, പേരും പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

🔳കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനവും പുതുമുഖങ്ങളായിരിക്കുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി. വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കും. വിജയ സാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. എല്ലാ വിഭാഗത്തെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി പ്രതിനിധി എച്ച് കെ പാട്ടീല്‍ അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 61,764 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4287 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 42,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകള്‍

🔳മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണിട്ടെന്ന് ദില്ലി പൊലീസ്. ദില്ലിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്.

🔳2018 ലെ വാഹനാപകടത്തില്‍ അന്തരിച്ച ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസിന്റെ അച്ഛനും വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം .  സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു.

🔳സീറ്റ് വിഭജന ചര്‍ച്ചയില്‍ ഡിഎംകെ മോശമായാണ് പെരുമാറിയതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ എസ് അഴഗിരി. എത്ര സീറ്റ് തന്നു എന്നതിനേക്കാള്‍, മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയോടുള്ള അവരുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചുവെന്നും അഴഗിരി. കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും 20ല്‍ അധികം സീറ്റ് നല്‍കാനാകില്ലെന്നുമാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ നിരസിച്ചു.

🔳പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി. പുറത്തിറക്കി. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ജനവിധി തേടുന്ന 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയെയാണ് നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. തൃണമൂലില്‍ ആയിരുന്നപ്പോള്‍ മമതയുടെ അടുത്ത അനുയായി ആയിരുന്നു സുവേന്ദു.

🔳മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഡല്‍ഹിയും സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്‌കൂളുകളും 1,700 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം 20 മുതല്‍ 25 വരെ സ്‌കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷന്‍ ഉപേക്ഷിച്ച് പുതിയ ബോര്‍ഡിന്റെ ഭാഗമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

🔳ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ചികിത്സ നിഷേധിച്ചതിനേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കു മുന്നില്‍ മൂന്നു വയസുകാരി മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. ബില്‍ അടയ്ക്കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ മുറിവുകള്‍ തുന്നിക്കെട്ടാന്‍ യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ആരോപണം. വിഷയത്തില്‍ ഇടപെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 18,684 പേര്‍ക്ക്.  മരണം 98. ഇതോടെ ആകെ മരണം 1,57,791 ആയി. ഇതുവരെ 1,12,10,580 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.81 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 10,187 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 321 പേര്‍ക്കും തമിഴ്‌നാട്ടില്‍ 562 പേര്‍ക്കും കര്‍ണാടകയില്‍ 580 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 115 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,91,752 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 54,993 പേര്‍ക്കും ബ്രസീലില്‍ 67,477 പേര്‍ക്കും ഫ്രാന്‍സില്‍ 23,306 പേര്‍ക്കും ഇറ്റലിയില്‍ 23,641 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.70 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.18 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,332 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,392 പേരും ബ്രസീലില്‍ 1,498 പേരും മെക്സിക്കോയില്‍ 712 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.98 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്യണ്‍ ഡോളര്‍ അഥവാ 2 ലക്ഷംകോടി രൂപ. ഒരു വര്‍ഷത്തിനിടെ 150 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ലോക കോടീശ്വരപട്ടികയില്‍ ഒന്നാമനായ അദ്ദേഹം ടെസ് ലയുടെ ഓഹരി വിലയിടിഞ്ഞതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്‍വാങ്ങി. നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള, ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 20 ബില്യണ്‍ ഡോളര്‍ കുറവാണ് മസ്‌കിനുള്ളത്.

🔳പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിശ്വാസ വോട്ടെടുപ്പില്‍ ജയം. 342 അംഗങ്ങളുള്ള പാകിസ്താന്‍ പാര്‍ലമെന്റില്‍ 178 വോട്ടുകള്‍ നേടിയാണ് ഇമ്രാന്‍ ഖാന്‍ അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

🔳ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനും ഇന്ത്യ യോഗ്യത നേടി. സ്‌കോര്‍ ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365. ഋഷഭ് പന്ത് മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. അശ്വിനാണ് പരമ്പരയുടെ താരം. 32 വിക്കറ്റുകളും 189 റണ്‍സുമാണ് അശ്വിന്‍ ഈ പരമ്പരയില്‍ നേടിയത്.

🔳ഇന്ത്യന്‍ താരം പി.വി.സിന്ധു സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. ഡേവിഡ് വില്യംസിലൂടെ മോഹന്‍ ബഗാന്‍ ആദ്യം ലീഡെടുത്തെങ്കിലും മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ എദ്രിസ സില്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടി.

🔳കൊറോണ വൈറസിനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി റിലയന്‍സ്. റിലയന്‍സ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും വാക്‌സിനേഷനുള്ള ചെലവ് തങ്ങള്‍ വഹിക്കുമെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായി 12.2 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഓയില്‍, കെമിക്കല്‍, റീട്ടെയില്‍ യൂണിറ്റ്, ടെലികോം വിഭാഗം ജിയോ, അവരുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആശ്രിതര്‍ എന്നിവര്‍ക്കാണ് ഇതോടെ വാക്‌സിന്‍ പരിരക്ഷ ലഭിക്കുക.

🔳ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ ഒരുക്കുന്ന 'സ്റ്റാര്‍' റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ 9ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അബാം മൂവിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം 'ബെസ്റ്റ് ഓഫ് മിത്ത്സ്' എന്ന ടാഗ്ലൈനോടെയാണ് എത്തുന്നത്. ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരന്‍ ആണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

🔳ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന 'ചുഴല്‍' ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. നവാഗതനായ ബിജു മാണി ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ജെ നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസല്‍ അഹമ്മദ്, സഞ്ചു പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു. കഥാപാത്രങ്ങള്‍ക്കിടയില്‍ ഒരു മണിക്കൂറില്‍ നടക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങള്‍ അതു പോലെ സിനിമയുടെ ഒരു മണിക്കൂറില്‍ പകര്‍ത്തിയിരിക്കുന്നതാണ് ചുഴല്‍. തുടക്കം മുതല്‍ അവസാനം വരെ ത്രില്‍ അടിപ്പിക്കുന്ന ഒരു സിനിമ ആയിരിക്കുമെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്.

🔳ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ എന്‍ട്രി ലെവല്‍ മോഡല്‍ നിഞ്ച 300 ബിഎസ്6 പതിപ്പിന്റെ വില പ്രഖ്യാപിച്ചു. 3.18 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് 2021 കാവസാക്കി നിന്‍ജ 300 ബിഎസ്6 മോഡല്‍ എത്തുന്നത്. ബിഎസ്4 പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ മോഡലിന് 20,000 രൂപ കൂടുതലാണ്. ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, എബോണി എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ബിഎസ്6 കാവസാക്കി നിന്‍ജ 300 എത്തിരിക്കുന്നത്.

🔳അഗാധമായ അറിവ് അമ്പരിപ്പിക്കുന്ന അനുഭവം അനുസൃതമായ അത്യദ്ധ്വാനം പ്രയത്നത്തിന്റെ പ്രകാശധാര പ്രതിഭയുടെ പ്രോജ്ജ്വലോദാഹരണം അങ്ങനെയുള്ള ഉള്ളൂരിന്റെ ജീവിതത്തിലൂടെയും സാഹിത്യത്തിഉലൂടെയും ഉള്ള ഒരു പര്യടനമാണ് ഈ പുസ്തകം. 'ഉള്ളുണര്‍ത്തും ഉള്ളൂര്‍'. എടപ്പാള്‍ സി സുബ്രമണ്യന്‍. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 70 രൂപ.

🔳തിരക്കേറിയ ജീവിതത്തിനിടയില്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കാനുള്ള സമയം ഇന്ന് ആര്‍ക്കുമില്ല. ഭക്ഷണം കഴിക്കാനുള്ള സമയം വെട്ടിച്ചുരുക്കുമ്പോള്‍, അത് കൊണ്ടു ഉണ്ടാവുന്ന ദോഷങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയുമില്ല. നിങ്ങള്‍ എത്ര വേഗത്തില്‍ ഭക്ഷണം കഴിക്കുന്നു എന്നത് നിങ്ങളുടെ ശരീരഭാരത്തെ സ്വാധീനിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. അതിവേഗം ഭക്ഷണം കഴിക്കുമ്പോള്‍, തലച്ചോറിന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി എന്നുള്ളതും വയറ് നിറഞ്ഞു എന്നുള്ളതുമായ സന്ദേശങ്ങള്‍ കൈമാറുന്നതിന് വേണ്ടത്ര സമയം കിട്ടുകയില്ല. നമ്മുടെ വയറ് നിറഞ്ഞു എന്നുള്ള സന്ദേശം തലച്ചോറില്‍നിന്ന് സംപ്രേഷണം ചെയ്തുവരുമ്പോഴേക്കും നമ്മള്‍ അമിതമായി ഭക്ഷണം കഴിച്ചിരിക്കും. അതുവഴി വണ്ണം കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍,  ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്. ചവച്ചു കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം മാത്രമായിരിക്കും കഴിക്കുക. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാകാനും സഹായിക്കും.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only