27 മാർച്ച് 2021

ഗോവയെ കണ്ടു പഠിക്കണം; ഏകീകൃത സിവിൽ കോഡിനായി വാദിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
(VISION NEWS 27 മാർച്ച് 2021)
ന്യൂഡൽഹി: ഗോവയിൽ നടപ്പാക്കിയ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ബുദ്ധിജീവികൾ പഠിക്കണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ഗോവയിൽ ബോംബെ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ഗോവയിലെ ബോംബെ ഹൈക്കോടതിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ഗോവ സിവിൽ കോഡിന് കീഴിലെ നീതിന്യായ സംവിധാനത്തിൽ ജോലി ചെയ്ത അനുഭവം അദ്ദേഹം എടുത്തു പറഞ്ഞു.

'ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്ത ഏകീകൃത സിവിൽ കോഡ് ഗോവയ്ക്കുണ്ട്. മതഭേദമെന്യേ വിവാഹം, അനന്തരാവകാശം എന്നിവയിലെല്ലാം ഈ സിവിൽ കോഡാണ് ഉള്ളത്. യൂണിഫോം സിവിൽ കോഡിനെ കുറിച്ച് ഒരുപാട് ബൗദ്ധിക സംവാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ബുദ്ധിജീവികളോട് ഇവിടെ വന്ന് എങ്ങനെയാണ് ഗോവയിലെ നീതിന്യായ സംവിധാനം നടക്കുന്നതെന്ന് വീക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു' - ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം നിലനിൽക്കുന്ന ഏക പ്രദേശമാണ് ഗോവ. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലാണ് ഏകീകൃത സിവിൽകോഡിനെ കുറിച്ച് പറയുന്നത്. ഭരണഘടനയിലെ നിർദേശക തത്വത്തിൽപ്പെട്ടതാണിത്.

സുപ്രിം കോടതി ജഡ്ജുമാരായ ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് ബിആര്‍ ഗവായ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only