31 മാർച്ച് 2021

കോവിഡ്; സ്ഥിതി വളരെ മോശം, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
(VISION NEWS 31 മാർച്ച് 2021)
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുനൽകി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്ന്ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു. രോഗവ്യാപനം തടയാനും ജീവൻ സംരക്ഷിക്കാനുംവേണ്ട മുൻകരുതൽ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐ.സി.യുകളും സജ്ജമാക്കണം. ആർ.ടി.-പി.സി.ആർ. പരിശോധനയുടെ എണ്ണം കൂട്ടണം. പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നിടത്ത് പ്രത്യേകിച്ച് കൂടുതൽ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ നേരത്തേ ചെയ്തതുപോലെ വീടുകളിൽ നിരീക്ഷിക്കുന്നതിനുപകരം സർക്കാർ സംവിധാനത്തിലേക്ക് മാറ്റണം. പോസിറ്റീവ് ആകുന്നവർ വീടുകളിൽതന്നെ കഴിയുന്നുണ്ടോ പുറത്തുപോകുന്നുണ്ടോ എന്നൊന്നും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തു ജില്ലകളിലാണ് രോഗികൾ കൂടുതലുള്ളത് പുണെ (59,475), മുംബൈ (46,248), നാഗ്പുർ (45,322), താനെ (35,264), നാസിക് (26,553), ഔറംഗാബാദ് (21,282), ബെംഗളൂരു അർബൺ (16,259), നാംദേഡ് (15,171), ഡൽഹി (8,032), അഹമ്മദ് നഗർ (7,952) എന്നിവയാണിത്. ഡൽഹിയെ ഒരു ജില്ലയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. 56,211 പേർക്ക് പുതുതായി രോഗം ചൊവ്വാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ 56,211 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതിന്റെ 78.56 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. വകഭേദങ്ങൾക്കെതിരേ കോവിഷീൽഡും കോവാക്സിനും ഫലപ്രദം കോവിഡിന്റെ ബ്രിട്ടീഷ്, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരേ കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ചില ലാബുകളിൽ നടത്തിയ പരിശോധനയിൽ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരേയും വാക്സിൻ പ്രവർത്തിക്കുന്നുവെന്നാണ് മനസ്സിലായതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only