28 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 28 മാർച്ച് 2021)

🔳ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. എയിംസ് ആശുപത്രിയില്‍ ഈ മാസം 30നാണ് ശസ്ത്രക്രിയ നടത്തുക.

🔳കോവിഡിനെതിരേയുള്ള രണ്ടാമത്തെ പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ നോവാവാക്‌സും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവോവാക്‌സ് വാക്സിന്‍ ഈ വര്‍ഷം സെപ്തംബറോടെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല വ്യക്തമാക്കി. കോവിഡിന്റെ ആഫ്രിക്കന്‍, യുകെ വകഭേദങ്ങള്‍ക്കെതിരേ പരീക്ഷിച്ച കോവോവാക്‌സിന് 89 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പുനാവാല ട്വീറ്റ് ചെയ്തു.

➖➖➖➖➖➖➖➖

🔳സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷം ആര്‍എസ്എസിനെയും മോദിയെയും പോലെ ജനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും എല്ലാത്തിനും ഉത്തരം മാര്‍ക്സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔳കരിഞ്ചന്തക്കാരന്റെ മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2016-ല്‍ അരിവിതരണം പാടില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയ പിണറായി വിജയനാണ് ഇപ്പോള്‍ തന്നെ വിമര്‍ശിക്കുന്നതെന്നും ആറ് മാസം അരി പൂഴ്ത്തിവെച്ച് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിതരണം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതിനെ എന്തിനാണ് വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല.

🔳റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും സിപിഎം ആരോപിച്ചു.

🔳അരിവിതരണം രാഷ്ടീയ പ്രചരണായുധമാക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും കിറ്റ് കേരള സര്‍ക്കാരിന്റെ സംഭാവനയല്ല, നരേന്ദ്ര മോദി സര്‍ക്കാരിന്റെ സംഭാവനയാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് അത് പിണറായിയുടെ ചിത്രം വച്ചാണ് വിതരണം ചെയ്തതെന്നും കിറ്റിന്റെ പേരില്‍ ഇടതുമുന്നണി വോട്ടുതേടാനുള്ള ശ്രമം നടത്തുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

🔳ദു:ഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് കാലത്ത് പെന്‍ഷനും ശമ്പളവും മുടങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് മുമ്പുതന്നെ ശമ്പളവും പെന്‍ഷനും എല്ലാവര്‍ക്കും ലഭിക്കും.

🔳കേരളത്തില്‍ ഇന്നലെ 52,288 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4567 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1773 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2084 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട് മാത്രം. ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകള്‍.

🔳കര്‍ണാടകത്തിലെ സിഡി വിവാദത്തില്‍ പുതിയ വഴിത്തിരിവ്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ തങ്ങളുടെ മകളെ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഡികെ ശിവകുമാറിന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്ന യുവതിയെ ഇപ്പോള്‍ ഗോവയിലേക്ക് കടത്തിയിരിക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് രാജിവച്ച മന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് രക്ഷിതാക്കളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. അതേസമയം തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും യുവതിയെ കണ്ടിട്ടില്ലെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

🔳കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിനെതിരെ രൂക്ഷ വിമര്‍ശവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പുചെയ്‌തെന്ന് ആരോപിച്ച ഗെഹ്ലോത് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും വ്യക്തമാക്കി. ചിലപ്പോള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുന്നു, അല്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുന്നു, രണ്ടിലും പരാജയപ്പെടുമ്പോള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏകാധിപത്യ ബില്ലുകള്‍ പാസാക്കുന്നുവെന്നും ഗെഹ്ലോത്ത് വ്യക്തമാക്കി.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദിയുടെ ശ്രമമെന്ന് മമത ആരോപിച്ചു.

🔳നിയമസഭകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 79.79 ശതമാനവും അസമില്‍ 72.14 ശതമാനവും പോളിങ്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കാണിത്. പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലും അസമിലെ 47 സീറ്റുകളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.

🔳എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എയര്‍ ഇന്ത്യ എന്നത് ഏററവും വലിയ പൊതുമേഖല ആസ്തിയാണെങ്കിലും 60,000 കോടി രൂപയിലധികമാണ് കമ്പനിയുടെ കടമെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

🔳സ്വന്തം രാജ്യത്ത് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ കയറ്റി അയച്ചുവെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കൊറോണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി.

🔳നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. സമാധാനവും സ്ഥിരതയും സ്നേഹവുമുള്ള ഒരു ലോകം കാണാനാണ് ഇന്ത്യയും ബംഗ്ലാദേശും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ പറഞ്ഞു. ബംഗ്ലാദേശിനായുള്ള 1.2 മില്യണ്‍ കൊവിഡ് വാക്സിന്റെയും 109 ആംബുലന്‍സുകളുടെയും പ്രതീകാത്മക കൈമാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 62,632 പേര്‍ക്ക്. മരണം 311. ഇതോടെ ആകെ മരണം 1,61,586 ആയി. ഇതുവരെ 1,19,71,004 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.83 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  35,726 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ 2,805 പേര്‍ക്കും ഗുജറാത്തില്‍ 2,276 പേര്‍ക്കും ചത്തീസ്ഗഡില്‍ 3,162 പേര്‍ക്കും ഡല്‍ഹിയില്‍ 1,558 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,089 പേര്‍ക്കും കര്‍ണാടകയില്‍ 2,886 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 947 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,62,353 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 60,153 പേര്‍ക്കും ബ്രസീലില്‍ 83,039 പേര്‍ക്കും ഫ്രാന്‍സില്‍ 42,619 പേര്‍ക്കും തുര്‍ക്കിയില്‍ 30,021 പേര്‍ക്കും പോളണ്ടില്‍ 31,757 പേര്‍ക്കും ഇറ്റലിയില്‍ 23,839 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.72 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,451 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 770 പേരും  ബ്രസീലില്‍ 3,368 പേരും മെക്സിക്കോയില്‍ 651 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 27.88 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മ്യാന്മറില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്റെ ക്രൂരത. ഇന്നത്തെ മാത്രം 90 പേരെ സൈന്യം കൊലപ്പെടുത്തി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്.

🔳ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ വഴിമുടക്കിയതോടെ ചരക്ക് കപ്പലുകള്‍ പലതും വഴിതിരിച്ചുവിടുന്നു. തെക്കേ ആഫ്രിക്കന്‍ മേഖലയില്‍ കൂടിയുള്ള വഴിതിരിച്ചുവിടല്‍ ചരക്ക് നീക്കത്തിന് ആഴ്ചകളുടെ കാലതാമസം ഉണ്ടാക്കും, ഒപ്പം ചെലവും കൂടും. കടല്‍ക്കൊള്ളയ്ക്ക് പേരുകേട്ട ഈ മേഖലയില്‍ കൂടിയുള്ള ചരക്ക് നീക്കം ആശങ്കയും വര്‍ധിപ്പിക്കുന്നു. കപ്പല്‍ പുറത്തെടുക്കാന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്നാണ് ചില വിദഗ്ധ സംഘങ്ങള്‍ വിലയിരുത്തുന്നത്.

🔳ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. ലീഗിലെ അവസാന മത്സരത്തില്‍  മണിപ്പുര്‍ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ഗോകുലം ഐ ലീഗ് കിരീടം നേടി. ഐ ലീഗ് ചരിത്രത്തില്‍ കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം. കൊല്‍ക്കത്തയിലെ കെബികെ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

🔳ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തേയു അവസാനത്തേയും ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനായിരുന്നു വിജയം. നിര്‍ണായകമായ ഇന്നത്തെ മത്സരത്തിലെ വിജയിയാരിക്കും പരമ്പര സ്വന്തമാക്കുന്നത്. ഉച്ചക്ക് 1.30 മുതല്‍ മത്സരം ആരംഭിക്കും.

🔳ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കഴിഞ്ഞ വര്‍ഷം കൈവരിച്ചത് 45 ശതമാനം വിപണി വിഹിതം. എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതമാണ് ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കരസ്ഥമാക്കിയത്.  ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ 48 ശതമാനം വിഹിതവുമായി ഫ്ളിപ്കാര്‍ട്ട് തന്നെയാണ് ഒരിക്കല്‍കൂടി മുന്നില്‍. 44 ശതമാനം വിഹിതവുമായി ആമസോണ്‍ രണ്ടാം സ്ഥാനത്താണ്. ഷവോമിയാണ് ടോപ് ഓണ്‍ലൈന്‍ ബ്രാന്‍ഡ്. റെഡ്മി, പോക്കോ ബ്രാന്‍ഡ് സ്മാര്‍ട്ട്ഫോണുകളുടെ കരുത്തില്‍ 40 ശതമാനം വിപണി വിഹിതമാണ് ഷവോമി നേടിയത്. 19 ശതമാനം വിഹിതവുമായി ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസംഗ് രണ്ടാം സ്ഥാനം നേടിയെടുത്തു. റിയല്‍മിയാണ് മൂന്നാം സ്ഥാനത്ത്.

🔳മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ മാതൃ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ലയിക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡയറക്റ്റര്‍ ബോര്‍ഡ് ഇതുസംബന്ധിച്ച് തത്വത്തില്‍ അംഗീകാരം നല്‍കി. ഇതോടെ ലാസ്റ്റ് മൈല്‍ മൊബിലിറ്റി (എല്‍എംഎം), ഇലക്ട്രിക് വെഹിക്കിള്‍ ടെക് സെന്റര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി ഇവി കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കും.  വിവിധ സെഗ്മെന്റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

🔳ഇന്ദ്രന്‍സ് ബോഡിബില്‍ഡറുടെ വേഷത്തിലെത്തുന്ന 'ഗില' എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. 'ഈറന്‍ കാറ്റിന്‍' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറും ശ്രുതി ശശിധരനും ചേര്‍ന്നാണ്. ഷിനോയുടെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മനുകൃഷ്ണയും ഷിനോയും കൂടി. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും രചനയുമെല്ലാം മനുകൃഷ്ണയാണ്. ഇന്ദ്രന്‍സിനുപുറമേ കൈലാഷ്, റിനാസ്, നിയാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളുടെ വെബ് സിരീസ് വരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളായിരുന്ന ഫുക്രു, രാജിനി ചാണ്ടി, സുരേഷ് കൃഷ്ണന്‍, പാഷാണം ഷാജി, വീണ നായര്‍, മഞ്ജു പത്രോസ്, ആര്യ, രേഷ്മ നായര്‍, ആര്‍ ജെ രഘു, അലസാന്‍ഡ്ര, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്ന സിരീസ് സംവിധാനം ചെയ്യുന്നത് സുരേഷ് കൃഷ്ണന്‍ ആണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു. ബിബി കമ്പനി എന്ന യുട്യൂബ് ചാനലിലൂടെയാണ് വെബ് സിരീസ് പ്രേക്ഷകരിലേക്ക് എത്തുക. ഏപ്രില്‍ 3 മുതല്‍ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ആറിന് പുതിയ എപ്പിസോഡ് എത്തും.

🔳പ്രിയതമയ്ക്ക് ഒരു കോടിയുടെ ആഡംബര എസ്.യു.വി. സമ്മാനമായി നല്‍കി ബോളിവുഡ് താരം അനില്‍ കപൂര്‍. മെഴ്‌സീഡസ് ബെന്‍സ് ജി.എല്‍.എസ്. ആണ് താരം ഭാര്യ സുനിത കപൂറിനായി വാങ്ങിയത്. ഭാര്യയുടെ പിറന്നാള്‍ പ്രമാണിച്ചാണ് അദ്ദേഹം ആഡംബര എസ്.യു.വി. സമ്മാനിച്ചിരിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ജി.എല്‍.എസ്. മോഡലാണ് അനില്‍ കപൂര്‍ ഭാര്യക്കായി സ്വന്തമാക്കിയത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനങ്ങള്‍ക്ക് 1.04 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

🔳വാളയാറില്‍ അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ട രണ്ട് പെണ്‍കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായി നടത്തിയ സമരയാത്രയുടെ നാള്‍വഴികള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരിയുടെ സമരാനുഭവക്കുറിപ്പുകള്‍. 'വാളയാര്‍ നീതിയാത്ര'. ബിന്ദു കമലന്‍. ഗ്രീന്‍ ബുക്സ്. വില 100 രൂപ.

🔳മധ്യവയസ്സിലുള്ള സ്ത്രീകളെ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന കോവിഡ് ലക്ഷണങ്ങള്‍ തീവ്രമായി ബാധിക്കാറുണ്ടെന്ന് പഠനം. ശ്വാസംമുട്ടല്‍, ക്ഷീണം, പേശീവേദന, ബ്രെയിന്‍ ഫോഗ് തുടങ്ങിയ ലക്ഷണങ്ങളാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ 18 ശതമാനം പേരെ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും 19 ശതമാനം പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ ലെയ്കെസ്റ്റര്‍, ഗ്ലാസ്ഗോ സര്‍വകലാശാലകളില്‍ നടന്ന രണ്ട് പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് യുകെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 1000 രോഗികളുടെ ആരോഗ്യനിലയാണ് ലെയ്കെസ്റ്റര്‍ സര്‍വകലാശാല നിരീക്ഷിച്ചത്. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഇവരില്‍ 70 ശതമാനം പേരും ലക്ഷണങ്ങളില്‍ നിന്ന് പൂര്‍ണ മുക്തി നേടിയില്ലെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ മാറാതിരുന്നവരില്‍ ഏറെയും സ്ത്രീകളാണെന്നു പഠനത്തില്‍ ചൂണ്ടിക്കാട്ടി. 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ശ്വാസംമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് ഏഴ് മടങ്ങ് അധികമാണെന്ന് ഗ്ലാസ്ഗോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവര്‍ക്ക് ക്ഷീണമുണ്ടാകാനുള്ള സാധ്യത പുരുഷന്മാരുടെ ഇരട്ടിയാണെന്നും ഗവേഷകര്‍ പറയുന്നു. വെളുത്തവര്‍ഗക്കാരായ, 40നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കോവിഡ് മാറി സാധാരണ ജീവിതത്തിലേക്ക് മാറാന്‍ കഴിയാത്തവരില്‍ കൂടുതലുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജാവ് പട്ടണത്തില്‍ ഒരു മണിമാളിക പണിതു.  അതിനുള്ളില്‍ ഒരു കൂറ്റന്‍ മണി സ്ഥാപിച്ചു.  ആര്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടുകയാണെങ്കില്‍ ഈ മണിയടിച്ചാല്‍ മതി. ന്യായാധിപന്‍ വന്ന് നീതി നടത്തും.  നാളുകളുടെ ഉപയോഗം കൊണ്ട് മണിയുടെ കയറിന്റെ നീളം കുറഞ്ഞു.  ഗ്രാമവാസികളിലൊരാള്‍ കുറച്ചു മുന്തിരിവള്ളികള്‍ ചേര്‍ത്തുപിണച്ചു കയറിന് നീളം കൂട്ടി. ഒരു ദിവസം വിശന്നുവലഞ്ഞ ഒരു കുതിര ആ വഴി വന്നു.  പ്രായാധിക്യം കാരണം ഉടമസ്ഥന്‍ ഉപേക്ഷിച്ച കുതിരയായിരുന്നു അത്.  മുന്തിരിവള്ളികള്‍ കണ്ട കുതിര സന്തോഷത്തോടെ അത് തിന്നാന്‍ തുടങ്ങി.  മണിയുടെ ശബ്ദം കേട്ട് ന്യായാധിപന്‍ ഇറങ്ങിവന്നു.  അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലായി.  കുതിരയുടെ ഉടമസ്ഥനെ വിളിച്ചുവരുത്തി, ആ കുതിരയെ സംരക്ഷിക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു.  ബലഹീനന്റെ അവകാശമാണ് നീതി.  കരുത്തനു നല്‍കുന്ന ആദരവായി നീതി മാറുമ്പോഴാണ് നിയമങ്ങള്‍ അവഹേളിക്കപ്പെടുന്നത്.  ഒരു സ്ഥലത്തെ നീതിന്യായവ്യവസ്ഥ എത്ര ശക്തമാണെന്ന് അറിയണമെങ്കില്‍  അവിടെ എത്ര ദുര്‍ബലര്‍ ആ വ്യവസ്ഥയെ സമീപിക്കുന്നുണ്ടെങ്കിലും അവരില്‍ എത്രപേര്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്നും പരിശോധിച്ചാല്‍ മതിയാകും.  വാദിക്കുന്നവരുടെ വ്യാഖ്യാനവൈദഗ്ധ്യങ്ങള്‍ക്ക് അടിപ്പെടാതെ നേരിട്ടു കാര്യങ്ങള്‍ പറയാനും പരിഹാരം നേടാനുമുളള സാധ്യതയുണ്ടെങ്കില്‍ അവിടത്തെ ജനങ്ങള്‍ക്ക് നിയമത്തില്‍ കൂടുതല്‍ വിശ്വാസമുണ്ടാകും.  പരാതി പറയാന്‍ പോലും ഉള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് അവിടത്തെ ആളുകളെങ്കില്‍ അവിടെ ന്യായമോ ന്യായാധിപനോ ഇല്ലയെന്നതാണ് സത്യം.  എത്ര ബലഹീനനാണെങ്കിലും അവര്‍ക്ക് നമ്മിലൂടെ ലഭിക്കേണ്ട നീതി, അത് ലഭിക്കുന്നുണ്ടെന്ന കരുതല്‍ നമുക്കും ഉണ്ടാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only