28 മാർച്ച് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 28 മാർച്ച് 2021)

മന്‍ കി ബാത്തിന്റെ 75-ാം അധ്യായത്തില്‍ ജനത കര്‍ഫ്യൂവിനെ ഓര്‍മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനത കര്‍ഫ്യൂ ലോകത്തിനാകെ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനത കര്‍ഫ്യൂവും പാത്രംകൊട്ടി കൊറോണ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചതും വരുംതലമുറകള്‍ ഓര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ പിന്നോട്ടില്ലെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ലവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് മന്‍ കി ബാത്തിന്റെ എഴുപത്തിയഞ്ചാം പതിപ്പില്‍ നരേന്ദ്ര മോദി അവകാശപ്പെട്ടു.

🔳കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ആചാരങ്ങള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയക്കാരില്‍ നിന്ന് മാറ്റി വിശ്വാസികളെ ഏല്‍പ്പിക്കുമെന്നും ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്നും രാജ്നാഥ് സിംഗ് കോട്ടയത്ത് പാമ്പാടിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിച്ചു.

🔳സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയില്‍ ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്പീക്കര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഈ മൊഴികളിലുള്ളത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

🔳മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും , മുഖ്യമന്ത്രിക്കും, സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ 'മൊഴികള്‍' ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ലെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

🔳ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമലയെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നും യെച്ചൂരി. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി വ്യക്തമാക്കി.

🔳നെഹ്‌റുവിയന്‍ ആശയങ്ങളെ അടിയറവെക്കുകയാണ് ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം എം.പി. കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്ന ബിജെപി ആശയത്തിന്റെ സെയില്‍സ് മാനേജരായി ആന്റണി മാറിയിരിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

🔳നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകള്‍ യുഡിഎഫിന് വലിയ നേട്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്ത യുഡിഎഫ് പ്രവര്‍ത്തകരും ഇത്തവണ ഊര്‍ജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്നും ഉമ്മന്‍ചാണ്ടി. സര്‍വ്വെയെ താന്‍ എതിര്‍ക്കുന്നില്ലെന്നും സര്‍വെ റിപ്പോട്ടുകള്‍ വരുന്നതിന് മുമ്പും പിമ്പുമുള്ള മാറ്റം താന്‍ അനുഭവിച്ചറിഞ്ഞതാണെന്നും ഞങ്ങള്‍ വിചാരിച്ചിട്ടും സാധിക്കാത്തത് സര്‍വേ കൊണ്ട് സാധിച്ചുവെന്നും ഉമ്മന്‍ ചാണ്ടി  കൂട്ടിച്ചേര്‍ത്തു.

🔳നികുതിപ്പണമെടുത്ത് പി.ആര്‍ പണി നടത്തി നാട്ടുകാരുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്യന്റെ ചട്ടിയില്‍ നിന്ന് അന്നം വാരുന്നവരെ തുറന്നു കാട്ടുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. തുറന്നു കാണിച്ചത് സര്‍ക്കാരിന്റെ കൊള്ളയാണ്. അത് ഇനിയും തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

🔳പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടത് അല്ലാതെ പ്രതികാരപക്ഷമായല്ല നിലകൊള്ളേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിന്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

🔳യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം എല്‍.ഡി.എഫിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.  എല്‍.ഡി.എഫ്. കാലത്ത് നിര്‍മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി.

🔳തിരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ യൂണിയനില്‍ പെട്ടവരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. ബോധപൂര്‍വ്വം ചെയ്തതാണിതെന്നും സിപിഎം ആധിപത്യമുള്ള ആന്തൂര്‍, കല്യാശ്ശേരി തുടങ്ങിയ ഇടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിരിക്കുന്നുവെന്നും വനിതാ ഉദ്യോഗസ്ഥരാകുമ്പോള്‍ എളുപ്പത്തില്‍ അവരെ ഭീഷണിപ്പെടുത്തി നിര്‍ത്താമെന്നും സുധാകരന്‍ പറഞ്ഞു.

🔳ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കുറ്റാന്വേഷണപഠനം കാര്യക്ഷമമാക്കാനുള്ള ഊര്‍ജിതനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ നടത്തുന്ന ഫൊറന്‍സിക് സയന്‍സ് കോഴ്സുകളുടെ നിലവാരം ഉയര്‍ത്താനും പാഠ്യപദ്ധതി പരിഷ്‌കരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇതിനുള്ള നടപടികളെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

🔳അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലധികം തുക വില മതിക്കുന്ന പാമ്പിന്‍ വിഷവുമായി ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം ഒഡിഷയില്‍ പിടിയിലായി. ഭുവനേശ്വര്‍ വനം വകുപ്പ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ വിഷം പിടികൂടി. ഏകദേശം 200 മൂര്‍ഖന്‍ പാമ്പുകളില്‍ നിന്നാണ് ഒരു ലിറ്റര്‍ വിഷം ശേഖരിക്കുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

🔳ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ബാറ്റിംഗ് ഓപ്പണ്‍ ചെയ്തു.ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്്. ഇന്ത്യ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പകരം പേസര്‍ ടി.നടരാജനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനുവേണ്ടി ടോം കുറാന് പകരം മാര്‍ക്ക് വുഡ് കളിക്കുന്നു. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഇന്ത്യ ജയിച്ചാല്‍ ടെസ്റ്റ്, ട്വന്റി 20 പരമ്പരകള്‍ക്കൊപ്പം ഏകദിന പരമ്പരയും നേടി നിലവിലെ ലോക ജേതാക്കള്‍ക്കെതിരേ സമ്പൂര്‍ണ ആധിപത്യം അവകാശപ്പെടാം.

🔳ഓഹരിവിപണിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അതേസമയം, മെയിന്‍ ബോര്‍ഡിലെ മറ്റ് സ്ഥാപനങ്ങളുടെ ലിസ്റ്റിംഗ് നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു.  ലിസ്റ്റുചെയ്ത ടോപ് 1000 കമ്പനികള്‍ക്ക് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ പോളിസി ഉണ്ടായിരിക്കണണം. നേരത്തെ ഈ നിബന്ധന ടോപ് 500 കമ്പനികള്‍ക്കേ ബാധകമായിരുന്നുള്ളു.

🔳അബുദാബിയിലെ മുബദാല ഗ്രൂപ്പ് ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ റിഫൈനറി, ലോജിസ്റ്റിക്സ് ആസ്തികള്‍ സ്വന്തമാക്കി. 1.65 ബില്യണ്‍ ഡോളറിനാണ് മുബദാല പെട്രോബ്രാസ് ആസ്തികള്‍ വാങ്ങിയത്. വിദേശങ്ങളില്‍ കൂടുതല്‍ എണ്ണ, വാതക ആസ്തികള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടപാട്.  ബ്രസീലിലെ പഴക്കമേറിയതും വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ളതുമായ റിഫൈനറിയാണിത്.

🔳വേറിട്ട ചിത്രങ്ങളുമായി എത്തി ശ്രദ്ധേയനായ പാ രഞ്ജിത്തിന്റെ പുതിയ സിനിമയാണ് സര്‍പട്ടാ പരമ്പരൈ. ആര്യയാണ് സിനിമയില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ഓരോ കഥാപാത്രത്തിന്റെയും പേരാണ് അവരുടെ പ്രവര്‍ത്തികളുടെ പശ്ചാത്തലത്തില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ചെന്നൈയില്‍ മുന്‍പ് നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സാര്‍പട്ട എന്നാണ് വാര്‍ത്തകള്‍. കബിലാ എന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. എഴുപതുകളോ എണ്‍പതുകളോ പശ്ചാത്തലമാക്കുന്ന ചിത്രം എന്ന തോന്നലുളവാക്കുന്ന കളര്‍ ടോണിലും പശ്ചാത്തലത്തിലുമാണ് വീഡിയോ.

🔳സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.

🔳ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ ഏറ്റവും പോപ്പുലര്‍ സീരീസായ പള്‍സറിന്റെ 220 മോഡല്‍ പുത്തന്‍ വര്‍ണങ്ങളില്‍ ഒരുങ്ങുന്നു. മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങള്‍ക്കൊപ്പം ബോള്‍ഡ് ആയിട്ടുള്ള ഗ്രാഫിക്‌സും നല്‍കിയാണ് പുത്തന്‍ വര്‍ണങ്ങളിലുള്ള പള്‍സര്‍ 220 എഫ് വിപണിയില്‍
എത്തിയിട്ടുള്ളത്. പുതിയ നിറങ്ങള്‍ക്കൊപ്പം ബോഡി ഡിസൈനിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ 220 എഫ് എത്തിയിട്ടുള്ളതെന്നാണ് സൂചന.

🔳അവധിക്കാലമാസ്വദിക്കാന്‍ ചിരിവെയിലും കണ്ണീര്‍മഴയും കലര്‍ന്ന നാട്ടിന്‍പുറത്തെത്തിയ ആദിത്യന്‍ എന്ന കുട്ടിയുടെ കഥയിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കുട്ടികള്‍ക്കു നല്കുന്ന പ്രകൃതിസ്നേഹത്തിന്റെ പാഠം. 'ആരോ വിളിക്കുന്നുണ്ട്'. ഗ്രേസി. മാതൃഭൂമി. വില 104 രൂപ.

🔳കൊവിഡ് 19 മഹാമാരിക്ക് കാരണമാകുന്ന കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നതായി പഠനം. ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നാല് തരം വൈറസുകളെ വച്ചാണ് പ്രധാനമായും ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ വൈറസുകള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമാകുന്നതായാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വൈറസുകള്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ വാക്‌സിനുകളും പുതുക്കേണ്ടിവരുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അല്ലാത്തപക്ഷം വൈറസിനെ പലപ്രദമായി ചെറുക്കാന്‍ വാക്‌സിന് ആവില്ലെന്നാണ് പഠനറിപ്പോര്‍ട്ടിലൂടെ ഇവര്‍ പറയുന്നത്. 'വൈറസ് എവല്യൂഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് 19 വ്യാപകമാകുന്നതിന് അനുസരിച്ചാണ് വൈറസുകളിലെ മാറ്റങ്ങള്‍ക്ക് വേഗത വര്‍ധിക്കുന്നതെന്നും വാക്‌സിനേഷന്‍ മൂലമോ പ്രകൃതിദത്തമായി പ്രതിരോധശക്തി നേടുന്നത് മൂലമോ അണുബാധയുടെ വ്യാപ്തി കുറയാന്‍ തുടങ്ങിയാല്‍ വൈറസിലുണ്ടാകുന്ന മാറ്റങ്ങളുടെ ക്രമവും കുറഞ്ഞുവരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only