02 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 02 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

🔳കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ അര്‍ഹരായ എല്ലാ ബിജെപി എംപിമാരും എംഎല്‍എമാരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാവാന്‍ പാര്‍ട്ടി ആവശ്യപ്പട്ടിരിക്കുന്നത്.

➖➖➖➖➖➖➖➖
🔳കോവിഡ്-19 വാക്‌സിനേഷന്‍  കൈകാര്യം ചെയ്യുന്ന കോവിന്‍ പോര്‍ട്ടലില്‍ ആവര്‍ത്തിച്ച് തകരാര്‍ വന്നതോടെ വിവിധയിടങ്ങളില്‍ വാക്‌സിനേഷന്‍ പ്രക്രിയ അവതാളത്തിലായിയെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍സൈറ്റ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്തവര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳ഈ വേനലില്‍ രാജ്യത്തെ മിക്കയിടങ്ങളിലും ചൂട് പതിവിലും കൂടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍, കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയിലും മധ്യ ഇന്ത്യയിലും നേരിയ ആശ്വാസത്തിനു വകയുണ്ട്. ഇവിടെ പൊതുവേ ശരാശരി ചൂടില്‍ അല്പം കുറവുണ്ടാകാമെന്നാണ് ഐ.എം.ഡി.യുടെ നിഗമനം.

🔳വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാന്‍ ലൈഫ് മിഷന്‍ ഉപയോഗിച്ച പ്രോക്‌സി സ്ഥാപനം ആണ് യൂണിടാക് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സി ബി ഐ. സി എ ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ കൈപ്പറ്റാന്‍ ആണ് യൂണിടാകിനെ ഉപയോഗിച്ചത് എന്നും സി ബി ഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

🔳ഇത്തവണ മട്ടന്നൂരിലേക്ക് തന്നെ പരിഗണിക്കേണ്ടന്ന് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ചേര്‍ന്ന കണ്ണൂര്‍ സെക്രട്ടേറിയറ്റില്‍ ഇ.പി ജയരാജന്‍. രണ്ടു തവണ മട്ടന്നൂരില്‍ മത്സരിച്ച ഇ.പി. ജയരാജന്‍ ഇനി സംഘടനാ രംഗത്തേക്കെന്ന സൂചനയാണ് യോഗത്തില്‍ നല്‍കിയത്. അങ്ങനെയെങ്കില്‍ അത് സംസ്ഥാന സെക്രട്ടറി പദവിയിലേക്കാവും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയാവും അന്തിമ തീരുമാനം കൈക്കൊള്ളുക. ഇ.പി. ജയരാജല്‍. മട്ടന്നൂരില്‍നിന്ന് മാറിയ സാഹചര്യത്തില്‍ അവിടെ കെ.കെ ശൈലജ മത്സരിക്കും.

🔳രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ മത്സരിക്കേണ്ടെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തില്‍ ഇളവുതേടി ചില ജില്ലാ കമ്മിറ്റികള്‍. ഭരണത്തുടര്‍ച്ചയ്ക്കായി പരമാവധി സീറ്റുകള്‍ നേടാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പലരുടെയും കാര്യത്തില്‍ ഇളവുനല്‍കണമെന്നാണ് ആവശ്യം. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും ഇളവുവേണമെന്നാണ്  ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റില്‍ മന്ത്രി എം.എം. മണിയുടെ കാര്യത്തിലും ഇതേ നിലപാടിലാണ്.

🔳ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍വാഹനമേഖലയിലെ സംഘടനകള്‍ പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ന് നടത്താനുദ്ദേശിച്ചിരുന്ന പ്രാധാന പരീക്ഷകളെല്ലാം മാറ്റിവെച്ചു. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 45,995 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4210 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 47,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 367 ഹോട്ട് സ്‌പോട്ടുകള്‍.

🔳കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു.

🔳വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ വൈസ് പ്രസിഡന്റുമായ കെ.കെ.വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വയനാട് ഡിസിസിയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് രാജി. അന്തരിച്ച മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ് കെ.പി.സി.സി മെമ്പറായ വിശ്വനാഥന്‍. 53 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡിസിസിയില്‍ നിന്ന് ഇത്രയും അപമാനം നേരിട്ട കാഘട്ടമുണ്ടായിട്ടില്ലെന്ന് വിശ്വനാഥന്‍ പറഞ്ഞു.

🔳ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.

🔳തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

🔳രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മുഖ്യ ഉപദേഷ്ടാവ്. പഞ്ചാബില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെയാണ് പ്രശാന്ത് കിഷോറിനെ ഉപദേഷ്ടാവായി നിശ്ചയിച്ചത്. ഇക്കാര്യം വ്യക്തമാക്കി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

🔳പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും തേജസ്വി യാദവ് പറഞ്ഞു. ബിഹാറിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അവഗണിച്ചുകൊണ്ട് ആര്‍ജെഡി നേതാവ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

🔳ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി കങ്കണ റണാവത്തിനെതിരെ മുംബൈയിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. അന്ധേരി മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കങ്കണക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 11,563 പേര്‍ക്ക്.  മരണം 80. ഇതോടെ ആകെ മരണം 1,57,275 ആയി. ഇതുവരെ 1,11,23,619 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.57 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,397 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 175 പേര്‍ക്കും തമിഴ്‌നാട്ടില്‍ 474 പേര്‍ക്കും കര്‍ണാടകയില്‍ 349 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 58 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 2,64,199 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 41,276 പേര്‍ക്കും ബ്രസീലില്‍ 35,742 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.49 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.17 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,782 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,185 പേരും ബ്രസീലില്‍ 702 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.48 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നും മാര്‍ച്ച് 20 വരെ തുടരുമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.

🔳ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കി പഞ്ചാബ് ഓപ്പണര്‍ അഭിഷേക് ശര്‍മ.
വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് അഭിഷേകിന്റെ റെക്കോഡ് നേട്ടം. 42 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച അഭിഷേക് 49 പന്ത് നേരിട്ട് ഒമ്പത് സിക്‌സും എട്ട് ഫോറുമടക്കം 104 റണ്‍സെടുത്തു.

🔳ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ സാനിയ മിര്‍സക്ക് ഖത്തര്‍ ഓപ്പണില്‍ വിജയത്തുടക്കം. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സ്ലൊവേനിയയുടെ അന്ദ്രെജ ക്ലെപാക് സഖ്യം യുക്രൈന്‍ ജോഡികളെ തകര്‍ത്തആണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.

🔳ബാഴ്സലോണ ക്ലബ്ബിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ക്ലബ്ബ് ആസ്ഥാനത്ത് സ്പാനിഷ് പോലീസ് നടത്തിയ റെയ്ഡില്‍ മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍തോമ്യു അടക്കം നിരവധി പേര്‍ അറസ്റ്റില്‍. എന്നാല്‍ ബര്‍തോമ്യുവിന്റെ അറസ്റ്റ് സ്ഥിരീകരിക്കാന്‍ സ്പാനിഷ് പോലീസ് തയാറായില്ല. പരിശോധനകള്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സ്പാനിഷ് പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

🔳കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടിന്റെ (സോവറീന്‍ ഗോള്‍ഡ് ബോണ്ട്) പന്ത്രണ്ടാം ഘട്ട വില്‍പ്പന മാര്‍ച്ച് 1 മുതല്‍ ആരംഭിച്ചു. 5 വരെ നടക്കും. ഇത്തവണ ഗ്രാമിന് 4,662 രൂപയാണ് ബോണ്ടിന്റെ ഇഷ്യു വില. ഓണ്‍ലൈന്‍ വഴി ബോണ്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം കിഴിവ് ലഭിക്കും. അതായത് ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഗ്രാമിന്റെ ഇഷ്യു വില 4,612 രൂപയായിരിക്കും. എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടിന്റെ കാലാവധി. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ ബോണ്ട് പിന്‍വലിക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ ഡിജിറ്റല്‍ മാര്‍ഗം തന്നെ പണം അടയ്ക്കണം. 2.50 ശതമാനം അധിക പലിശ ലഭിക്കും.

🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചു. പുതുക്കിയ നിരക്കുകള്‍ 6.70 ശതമാനത്തില്‍ ആരംഭിക്കും. നിരക്കുകളിലെ മാറ്റം സിബില്‍ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്ക് ലഭിക്കും. 700-750 വരെ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 75 ലക്ഷം വരെയുളള ഭവന വായ്പകള്‍ക്ക് 6.9 ശതമാനമായിരിക്കും പലിശ നിരക്ക്. സിബില്‍ സ്‌കോര്‍ 751 -800 വരെയുളളവര്‍ക്ക് 6.8 ശതമാനവും 800 ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 6.70 ശതമാനവുമായിരിക്കും നിരക്ക്.  എസ്ബിഐ യോനോ ആപ്പ് വഴി വായ്പ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അധികമായി അഞ്ച് ബേസിസ് പോയിന്റ്സ് പലിശ ഇളവും ലഭിക്കും. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകളായ വായ്പാ അപേക്ഷകര്‍ക്ക് അഞ്ച് ബേസിസ് പോയിന്റ്സ് അധിക ഇളവ് ലഭിക്കും.

🔳ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ഒരുക്കുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗൗതമി നായര്‍ സന്തോഷം പങ്കുവച്ചിരിക്കുന്നത്. താന്‍ ഏറെ ആരാധിക്കുന്ന മഞ്ജുവിനൊപ്പം അഭിനയത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും കൃതഞ്ജതയും ഉണ്ടെന്നും ഗൗതമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

🔳ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന 'പാപ്പന്‍' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിലായാണ് പാപ്പന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണ് പാപ്പന്‍. സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്  ആര്‍ജെ ഷാനാണ്.

🔳മുംബൈ ആസ്ഥാനമായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ സ്ട്രോം ഇന്ത്യന്‍ നിരത്തുകളിലേക്ക് ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറുമായി എത്താന്‍ ഒരുങ്ങുന്നു. സ്‌ട്രോം ആര്‍3 എന്ന എന്‍ട്രി ലെവല്‍ മുച്ചക്ര ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ്. അഞ്ച് ലക്ഷം രൂപയില്‍ താഴെയായിരിക്കും കാറിന്റെ വില. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഇതിന് ലഭിക്കും.

🔳പാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ് ആ കാവ്യവൃക്ഷം വളര്‍ന്ന് കവിതയുടെ ഫലങ്ങള്‍ സമ്മാനിച്ചത്. 1968-ല്‍ പുറത്തുവന്ന സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം മുതല്‍ 2012-ല്‍ പ്രസിദ്ധീകരിച്ച ത്രിയുഗീനാരായണം വരെയുള്ള കവിതകള്‍ സമാഹരിച്ചതാണ് 'വൈഷ്ണവം'. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍. മാതൃഭൂമി. വില 807 രൂപ.

🔳ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നോവല്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ വികസിപ്പിച്ച വാക്‌സീനുകള്‍ ഇവയ്‌ക്കെതിരെ ഫലപ്രദമാണോ എന്നതാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. ഇതിനാല്‍ പുതിയ വകഭേദങ്ങളെയും നേരിടാന്‍ കരുത്തുള്ള ഒരു വാക്‌സീന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഇതിനായുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വൈറസിന് അതിവേഗം ജനിതകവ്യതിയാനം ബാധിക്കുന്നതിനാല്‍ അതിന്റെ സ്‌പൈക് പ്രോട്ടീനെയും എന്‍ പ്രോട്ടീനെയും ലക്ഷ്യമിടുന്ന വാക്‌സീന്‍ വികസനത്തിനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വൈറസിനെക്കാള്‍ തീവ്രമായ രോഗബാധയുണ്ടാക്കാന്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്ക് സാധിക്കുമോ എന്നത് സംബന്ധിച്ച് തെളിവുകളില്ലെന്ന് നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് പ്രഫസര്‍ ജോനാഥന്‍ ബാള്‍ പറയുന്നു. എന്നാല്‍ വളരെ വേഗം ആളുകളെ ബാധിക്കാനും എളുപ്പത്തില്‍ പടരാനുമുള്ള ശേഷി ഇവയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂക്കിലും തൊണ്ടയിലും ഒരു അധിക ഡോസ് ആന്റിബോഡി ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഗവേഷകര്‍ തേടുന്നുണ്ട്. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തുന്നത്. കോവിഡിനെതിരെ വാക്‌സീന്‍ സ്വീകരിച്ചവരുടെ മൂക്കില്‍ നിന്നുള്ള സ്രവങ്ങളിലെ ആന്റിബോഡി തോതും ഇതിനായി പരിശോധിക്കുന്നുണ്ട്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളിലാണ് കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ മുഖ്യമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലും കോവിഡിന്റെ യുകെ വകഭേദം എത്തിയിരുന്നു. ജനിതക വ്യതിയാനം എങ്ങനെയാണ് വൈറസുകളെ കൂടുതല്‍ മാരകവും രോഗവ്യാപനശേഷിയും ഉള്ളതാക്കുന്നതെന്നത് സംബന്ധിച്ചും പഠനം നടക്കുന്നുണ്ട്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only