29/03/2021

നടൻ വിജിലേഷ് വിവാഹിതനായി; വധു ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സ്വാതി
(VISION NEWS 29/03/2021)

മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാർഗനിർദേശം പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിജിലേഷിന്‍റെയും സ്വാതിയുടെയും വിവാഹം നടന്നത്. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് വിജിലേഷ്. ഈ ചിത്രത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് ഫെബ്രുവരിയിലാണ് വിജിലേഷ് ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ഏറെ ശ്രദ്ധ നേടിയത്. ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞായിരുന്നു വിജിലേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. ഇങ്ങനെയായിരുന്നു വിജിലേഷിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതി ഹരിദാസിനെ എത്തിച്ചത്. ഇതിനു ശേഷം താൻ തേടിക്കൊണ്ടിരുന്ന പങ്കാളിയെ കണ്ടെത്തിയെന്ന് അറിയിച്ചു ജൂലൈയിലും വിജിലേഷ് പോസ്റ്റ് ഇട്ടിരുന്നു. അതിനുശേഷം നവംബറിൽ സ്വാതി ഹരിദാസുമൊത്തുള്ള വിവാഹ നിശ്ചയം നടന്നു.

വിജിലേഷിന്‍റെ സ്വാതിയുടേയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് സുഹൃത്തുക്കള്‍ സോഷ്യൽമീഡിയയിലൂടെ ഇരുവർക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. വിവാഹ മംഗളാശംസകളുമായി ആരാധകരും എത്തിയിട്ടുമുണ്ട്. അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മഹേഷിന്‍റെ പ്രതികാരത്തിലെ ചെറിയ വേഷത്തിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായ വിജിലേഷിന് ഇപ്പോള്‍ കൈ നിറയെ സിനിമകളാണ്. പീസ് എന്ന ജോജു ജോര്‍ജ്ജ് ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.

വധുവിനെ തേടിയുള്ള വിജിലേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വാർത്തയായിരുന്നു. ഏറെ ചർച്ചയായതോടെ വിവാഹം കഴിക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിജിലേഷ് മറുപടിയുമായി രംഗത്തെത്തിയിരുന്നു. സിനിമയും അഭിനയവുമൊക്കയായി തിരക്കിലായത് കൊണ്ട് വിവാഹത്തെ പറ്റി ചിന്തിക്കാൻ സമയം കിട്ടിയില്ല. നേരത്തെ വിവാഹം ആലോചിച്ചപ്പോൾ സ്ഥിര വരുമാനം ഇല്ലെന്ന് പറഞ്ഞ് പലരും പിൻമാറി. സിനിമാക്കാരനാണെന്ന് പറഞ്ഞതോടെ കള്ളും കഞ്ചാവുമൊക്കെ ആണെന്നാണ് പലരും കരുതുന്നത്. ഇതൊക്കെ കാരണമാണ് താൻ ഫേസ്ബുക്കിലൂടെ വധുവിനെ തേടിയതെന്നാണ് വിജിലേഷ് വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only