31 മാർച്ച് 2021

ഹണിമൂൺ യാത്രക്കിടെ ഖത്തറിൽ അറസ്റ്റിലായ ഇന്ത്യൻ ദമ്പതികൾ ജയിൽ മോചിതരായി
(VISION NEWS 31 മാർച്ച് 2021)ഹണിമൂണിനായി ഖത്തറിൽ എത്തി ലഹരി മരുന്ന് കേസിൽ പിടിയിലായ ഇന്ത്യൻ ദമ്പതികളെ ഖത്തർ അപ്പീൽ കോടതി മോചിപ്പിച്ചു. കുറ്റവാളികളല്ലെന്ന് ബോധ്യപ്പെട്ടതിനാൽ വെറുതെ വിടുകയായിരുന്നു. ഖത്തറിലെ സുഹൃത്തിന് നൽകാനായി ബന്ധു കൊടുത്തയച്ച പാക്കറ്റിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നവ ദമ്പതികളെ അറസ്റ്റ് ചെയ്തത്. പത്തു വർഷത്തെ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട ഇവർ ഒന്നര വർഷമായി ജയിലിലായിരുന്നു.
ഹണമൂണിനായി ഖത്തർ ടൂർ പാക്കേജ് സമ്മാനിച്ച ബന്ധുവാണ് ദമ്പതികളെ കുടുക്കിലാക്കിയത്. മുംബൈ സ്വദേശിനിയായ ഒനിബയും ഭർത്താവുമാണ് ബന്ധുവിനാൽ ചതിക്കപ്പെട്ടത്. ടൂർ പാക്കേജായി ടിക്കറ്റ് സമ്മാനിച്ച തബസ്ലം എന്ന ഉറ്റ ബന്ധു ഖത്തറിലെ സുഹൃത്തിന് സമ്മാനിക്കാൻ നൽകിയ പൊതിയിൽ നാലു കിലോ ഗ്രാം ഹാഷിഷ് ആയിരുന്നു ഉണ്ടായിരുന്നത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ദമ്പതികൾ അറസ്റ്റിലായി.

2019 ജൂലൈ ആറിനാണ് മുംബൈയിൽനിന്ന് ഒനിബയും ഭർത്താവും ഖത്തറിലേക്ക് പറന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലഗേജിൽ ഹാഷിഷ് ഉണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.വിവാഹം കഴിഞ്ഞു ഗർഭിണിയായിരിക്കെയാണ് ഒനിബയ്ക്ക് ഉറ്റ ബന്ധു വിവാഹ സമ്മാനമായി ഖത്തറിലേക്കു പോകുന്നതിനുള്ള വിമാന ടിക്കറ്റ് സമ്മാനിച്ചത്. മനസില്ലാ മനസോടെയുള്ള യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. യുവ ദമ്പതികൾ ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസിൽ മുംബൈയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണം ഒനിബയ്ക്കും ഭർത്താവിനും ജയിൽ മോചിതരാകാൻ സഹായകമായി.നാർക്കോട്ടിക്സ് ബ്യൂറോയുടെ അന്വേഷണത്തിൽ യുവ ദമ്പതികൾ കുറ്റക്കാരല്ലെന്നും, പിതൃസഹോദരിയായ തബസ്ലം ഇവരെ ചതിച്ചതാണെന്നും കണ്ടെത്തി. തബസ്ലം നേരത്തെയും മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ തബസ്ലവും നിസാം കാരയും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് കേസിൽ ഏറെ നിർണായകമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഒനിബയുടെ കൈവശം മയക്കുമരുന്ന് നൽകിയ വിവരം പുറത്തായത്.ഗർഭിണിയായിരുന്ന ഒനിബ ഖത്തർ ജയിലിൽവെച്ച് 2020 മാർച്ചിൽ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഒനിബയുടെ മാതാപിതാക്കൾ ദമ്പതികളുടെ മോചനത്തിനായി ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരുന്നു. എംബസിയുടെ ഇടപെടലും ദമ്പതികളെ മോചിപ്പിക്കുന്നതിന് നിർണ്ണായകമായി. ദമ്പതികൾ ചതിക്കെടുകയായിരുന്നു എന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരെയും വെറുതേ വിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only