30 മാർച്ച് 2021

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം
(VISION NEWS 30 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു.
കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ ഉണ്ടായിരിക്കും. അതിൽ സ്ഥാനാർഥികളുടെ പേരും ബ്രെയിലി ലിപിയിൽ ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.
അതിലടങ്ങിയിരിക്കുന്ന വിവരങ്ങൾ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടർക്ക് വോട്ടിംഗ് കമ്പാർട്ട്മെൻറിൽ പോകാം. വോട്ടിംഗ് കമ്പാർട്ട്മെൻറിനുള്ളിൽ ഇ.വി.എം മെഷീനിൽ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയിൽ സീരിയൽ നമ്പർ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം.
തിരഞ്ഞെടുപ്പിന് ആവശ്യമായ ബ്രെയിലി ഡമ്മി ബാലറ്റുകൾ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷൻ ഓഫ് ദി ബ്ളൈൻറ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങളിൽ സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. ഇവ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ചുനൽകും.
ബ്രെയിലി ഡമ്മി ബാലറ്റുകളുടെ അച്ചടി പുരോഗതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിലയിരുത്തി. അദ്ദേഹത്തിനൊപ്പം ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ, ഫെഡറേഷൻ ഓഫ് ദി ബ്ളൈൻറിലെ പ്രവർത്തകർ തുടങ്ങിയവർ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only