31 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 31 മാർച്ച് 2021)

🔳രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പുനല്‍കി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുതെന്നും രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്നും ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു.

🔳45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം നാളെ മുതല്‍ തുടങ്ങും. ദിവസം രണ്ടരലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം.

➖➖➖➖➖➖➖➖

🔳സംസ്ഥാനത്ത് 38,586 പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പട്ടികയില്‍ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഒരേ പേരും ഒരേ മേല്‍വിലാസവുമുള്ളവര്‍ നിരവധി ഉണ്ടാവുമെന്നും എന്നാല്‍ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.

🔳സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍ മാപ്പു സാക്ഷി. സന്ദീപിനെ മാപ്പു സാക്ഷിയാക്കാനുള്ള അപേക്ഷ കൊച്ചി എന്‍.ഐ.എ. കോടതി അംഗീകരിച്ചു. ഇതോടെ എന്‍.ഐ.എ. കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യവും ലഭിച്ചു. കേസില്‍ സന്ദീപ് നായര്‍ ഉള്‍പ്പെടെ അഞ്ച് മാപ്പു സാക്ഷികളാണുള്ളത്. അതേസമയം, എന്‍.ഐ.എ. കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാവില്ല. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊഫെപോസ നിലനില്‍ക്കുന്നതിനാലും ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാലും സന്ദീപ് നായര്‍ ജയിലില്‍ തന്നെ തുടരും.

🔳കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് പിന്‍വലിച്ചു. ഇന്ന് കേസ് പരിഗണിക്കണമെന്നും അപ്പോള്‍ നിലപാട് അറിയിക്കാമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

🔳ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടുകള്‍ എടുക്കാനുള്ള  സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആവില്ല. ഇടതുമുന്നണി ഇത് വിവാദമാക്കുന്നത് രണ്ട് വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

🔳ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ഇടത് മത്സ്യത്തൊഴിലാളി സംഘടനയാണ് ആഴക്കടല്‍ കരാറുമായി ബന്ധപ്പെട്ട് ആദ്യം പരാതി നല്‍കിയതെന്നും അതേത്തുടര്‍ന്നാണ് അന്വേഷണം നടക്കുന്നതെന്നും കാനം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള നിലപാടുള്ളത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കാണെന്നും കാനം പറഞ്ഞു.

🔳ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു ലതികാ സുഭാഷ്.  ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

🔳കാഴ്ചപരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാല്‍ അഞ്ചുലക്ഷംരൂപവരെ പിഴ ഈടാക്കാനുള്ള നടപടിയുമായി ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷന്‍. ബ്രെയ്ല്‍ ലിപി ബാലറ്റില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന വിവരം മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറ്റമായി പരിഗണിച്ചാണ് നടപടിയെടുക്കുക.

🔳കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവര്‍ക്കൊപ്പമെത്തി ക്ഷേമ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം. ചൊവ്വാഴ്ച വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ വേളയിലാണ് പ്രദേശത്തെ സഹകരണ ബാങ്ക് ജീവനക്കാരന്‍ വോട്ടര്‍ക്ക് പെന്‍ഷന്‍ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലാണ് സംഭവം.

🔳ലാവ്ലിന്‍ കേസിലെ പരാതിക്കാരനായ, ക്രൈം മാഗസിന്‍ എഡിറ്റര്‍ ടി പി നന്ദകുമാറിന് ഇഡിയുടെ സമന്‍സ്. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ന് ഇഡി ഓഫീസില്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കനേഡിയന്‍ കമ്പനിയായ എസ് എന്‍സി ലാവ്ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന്  കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.

🔳കേരളത്തില്‍ ഇന്നലെ 58,557 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4606 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1946 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഒരു ഹോട്ട് സ്‌പോട്ട് മാത്രം. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകള്‍

🔳ഏപ്രില്‍ അഞ്ചുമുതല്‍ കേരളത്തില്‍ ലോട്ടറി വില്‍പ്പന തുടങ്ങുമെന്നറിയിച്ച് മിസോറം സര്‍ക്കാര്‍ കേരളത്തിന് കത്തുനല്‍കി. ടീസ്താ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തെ പ്രൊമോട്ടറായി നിയോഗിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍, ഈ നീക്കം നിയമവിരുദ്ധമാണെന്നും വില്‍പ്പനയില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് മിസോറം സര്‍ക്കാരിന് കത്തയച്ചതായി സംസ്ഥാന ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ലോട്ടറി വില്‍പ്പനയ്ക്ക് തയ്യാറായി ഏജന്‍സി മുന്നോട്ടുപോയാല്‍ ഇതനുസരിച്ചുള്ള നടപടികളെടുക്കുമെന്നും ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

🔳മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി പാര്‍ട്ടി അധ്യക്ഷനുമായ ശരത് പവാറിനെ ശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

🔳ആര്‍ബിഐയുടെ പുതിയ നിയമംപ്രാബല്യത്തില്‍വരുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ബില്‍ പേയ്‌മെന്റുകള്‍ തടസ്സപ്പെടാന്‍ സാധ്യത. മൊബൈല്‍, ടൂട്ടിലിറ്റി ബില്ലുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വരിസംഖ്യയടയ്ക്കല്‍, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെയാകും ഇത് ബാധിക്കുക.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ജനാധിപത്യ മര്യാദകളുടെയും ലംഘനം നടന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി, വിദേശ രാജ്യത്തുനിന്ന് പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 53,125 പേര്‍ക്ക്.  മരണം 355. ഇതോടെ ആകെ മരണം 1,62,502 ആയി. ഇതുവരെ 1,21,48,487 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.49 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  27,918 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ 2,188 പേര്‍ക്കും ഹരിയാനയില്‍ 980 പേര്‍ക്കും രാജസ്ഥാനില്‍ 605 പേര്‍ക്കും ഗുജറാത്തില്‍ 2,220 പേര്‍ക്കും ചത്തീസ്ഗഡില്‍ 3,108 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 918 പേര്‍ക്കും ഡല്‍ഹിയില്‍ 992 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,342 പേര്‍ക്കും കര്‍ണാടകയില്‍ 2,975 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 993 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ നിലവിലുള്ളത് പൂനെ, നാഗ്പൂര്‍, മുംബൈ ജില്ലകളിലാണ്. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ എട്ട് ജില്ലകള്‍ കൊവിഡ് തീവ്രബാധിത മേഖലകളാണ്.  

🔳ആഗോളതലത്തില്‍ ഇന്നലെ 5,14,597 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 58,303 പേര്‍ക്കും ബ്രസീലില്‍ 80,755 പേര്‍ക്കും  തുര്‍ക്കിയില്‍ 37,303 പേര്‍ക്കും ഫ്രാന്‍സില്‍ 30,702 പേര്‍ക്കും പോളണ്ടില്‍ 20,870 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.87 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.21 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,208 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 815 പേരും  ബ്രസീലില്‍ 3,378 പേരും ഇറ്റലിയില്‍ 529 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.14 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ദേശീയ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മോദി ഇസ്ലാമാബാദിലേക്ക് കത്തയച്ചിരുന്നു. ഇതിനു നന്ദിയറിയിച്ചു കൊണ്ടുള്ള മറുപടി കത്തിലാണ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള താത്പര്യം ഇമ്രാന്‍ ഖാന്‍ മോദിയെ അറിയിച്ചിരിക്കുന്നത്.

🔳ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചു. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ടിക്ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കമ്പനി തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ബൈറ്റ്ഡാന്‍സിന് ഇപ്പോഴും ഇന്ത്യയില്‍ 1300 ഓളം ജീവനക്കാരുണ്ട്.

🔳പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഐപിഎല്‍ പതിനാലാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ നായകന്‍. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരം റിഷഭ് പന്ത് ആണ് ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക..

🔳ഐപിഎല്‍ പതിനാലാം എഡിഷനില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇനി പഞ്ചാബ് കിംഗ്‌സ്. പേരുമാറ്റിയെത്തുന്ന പഞ്ചാബ് കിംഗ്സ് ഈ ഐപിഎല്‍ സീസണിലേക്കുള്ള പുതിയ ജേഴ്സിയും അവതരിപ്പിച്ചു. ചുവപ്പ് നിറത്തില്‍ സ്വര്‍ണവരകളുള്ള ജേഴ്സിയാണ് ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് അണിയുക.

🔳ഇന്ത്യയുടെ പണപ്പെരുപ്പ പ്രവണത അസ്വസ്ഥത ഉളവാക്കുന്ന വിധം ഉയര്‍ന്നതാണെന്നും ഇത് കൂടുതല്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ ശേഷിയെ പരിമിതപ്പെടുത്തുകയാണെന്നും മൂഡീസ് അനലിറ്റിക്‌സിന്റെ നിരീക്ഷണം. റിസര്‍വ് ബാങ്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ് കഴിഞ്ഞ എട്ട് മാസമായി റീട്ടെയ്ല്‍ പണപ്പെരുപ്പം എന്ന് മൂഡിസ് അനലിറ്റിക്‌സിന്റെ കുറിപ്പില്‍ പറയുന്നു. ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഒഴികെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 5.6 ശതമാനമായി ഉയര്‍ന്നു. ജനുവരിയില്‍ ഇത് 5.3 ശതമാനമായിരുന്നു.

🔳കോവിഡ് പിടിച്ചുലച്ച 2020-21 സാമ്പത്തിക വര്‍ഷം ഓഹരി വിപണിയിലുണ്ടായത് വമ്പന്‍ തകര്‍ച്ചയും അതിശയിപ്പിക്കുന്ന തിരിച്ചുകയറ്റവും. ഓഹരി സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് ഒരു വര്‍ഷത്തിനിടെ കുതിച്ചത് 66 ശതമാനമാണ്. ലോക്ഡൗണിന്റെ ആദ്യ ദിനങ്ങളിലൊന്നായ 2020 ഏപ്രില്‍ 3ന് സെന്‍സെക്‌സ് ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു; 27,500.79 പോയിന്റ്. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍  സെന്‍സെക്‌സ് കുതിച്ചു. ഏറ്റവും ഉയര്‍ന്ന നിലവാരമായ 52,516.76 പോയിന്റിലേക്ക് 2021 ഫെബ്രുവരി 16ന് എത്തുകയും ചെയ്തു. നവംബറില്‍ ലോത്തെ എല്ലാ ഓഹരിവിപണികളിലും വന്‍ കുതിപ്പാണുണ്ടായത്. കേന്ദ്ര ബജറ്റ് ഉണര്‍ത്തിയ അനുകൂലതരംഗത്തെ തുടര്‍ന്ന് ഫെബ്രുവരി 3നാണ് സെന്‍സെക്‌സ് 50000 പോയിന്റ് എന്ന റെക്കോര്‍ഡ് പിന്നിട്ടത്.

🔳സണ്ണി വെയ്നും ഗൗരി കിഷനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനുഗ്രഹീതന്‍ ആന്റണി'യുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്ത്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മിക്കുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

🔳നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാനായി തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍. വക്കീല്‍ സാബ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാനാണ് ആരാധകര്‍ തള്ളിക്കയറിയത്. തിയേറ്ററിന്റെ അകത്ത് കടക്കാന്‍ സാധിക്കാത്ത ആളുകള്‍ ചില്ലു തകര്‍ത്ത് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശരത് തിയേറ്ററില്‍ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ശ്രുതി ഹാസനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

🔳ബാഹുബലി എന്ന ചിത്രത്തിലെ അമാനുഷിക പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരമാണ് പ്രഭാസ്. സൂപ്പര്‍ കാറുകളുടെ ആരാധകനായ ഈ സൂപ്പര്‍ സ്റ്റാര്‍ ലംബോര്‍ഗിനിയുടെ ഏറ്റവും വില കൂടിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാറുകളില്‍ കേമനായ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ എന്ന മോഡലാണ് താരത്തിന്റെ സൂപ്പര്‍ കാറുകളിലെ ഏറ്റവും പുതിയ താരം. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ അള്‍ട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

🔳ഭാഷയേയും സാഹിത്യത്തെയും സംസ്‌കാരത്തെയും പ്രതിജ്ഞാബദ്ധതയോടേ അഭുമുഖീകരിക്കുന്ന അന്വേഷണങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. അടവിന്റെയും തുറസ്സിന്റെതുമായ അഥവാ തടവറയുടെയും സ്വാതന്ത്ര്യത്തിന്റെതുമായ ലോകങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഈ പ്രബന്ധങ്ങളില്‍ ഉന്നയിക്കപ്പെടുന്നത്. 'അടവും തുറസ്സും'. സി ജെ ജോര്‍ജ്ജ്. കറന്റ് ബുക്സ്. തൃശൂര്‍. വില 142 രൂപ.

🔳വുഹാനിലെ ലാബില്‍ നിന്നും കൊറോണ വൈറസ് ചോര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലോകാരോഗ്യസംഘടന - ചൈന സംയുക്തപഠനം. ലാബില്‍ നിന്ന് വൈറസ് ചോര്‍ച്ചയെന്നത് തീര്‍ത്തും സാധ്യതയില്ലാത്തത് ആണ്. വവ്വാലുകളില്‍ നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകര്‍ന്നതാവാം ഏറ്റവും സാധ്യതയെന്നും പഠനം പറയുന്നു. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിലെ നിര്‍ണായക വിവരം വാര്‍ത്താ ഏജന്‍സി എപി ആണ് റിപ്പോര്‍ട്ട് ചെയ്തത്. ലാബിലെ ചോര്‍ച്ച ഒഴികെയുള്ള എല്ലാ സാധ്യതാ മേഖലകളിലും വൈറസിനെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ക്കു നിര്‍ദേശമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നു മനുഷ്യരിലേക്കു പകരും മുന്‍പു കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമായില്ലെന്ന ഗവേഷണ പഠനം പുറത്തുവന്നിരുന്നു. ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്നു സ്‌കോട്ലന്‍ഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ സെന്റര്‍ ഫോര്‍ വൈറസ് വ്യക്തമാക്കി. ഒരു ജീവിവര്‍ഗത്തില്‍നിന്നു മറ്റൊന്നിലേക്കു കൂടുമാറുന്ന വൈറസിനു പുതിയ അന്തരീക്ഷത്തില്‍ പകര്‍ച്ചാശേഷി കൈവരിക്കാന്‍ അല്‍പം സമയം എടുക്കുകയാണു പതിവെന്നിരിക്കെ കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് റെഡിമെയ്ഡ് പകര്‍ച്ചാശേഷിയോടെ മനുഷ്യരിലെത്തി. മാത്രമല്ല, മനുഷ്യരിലെത്തി ആദ്യ 11 മാസം വൈറസിനു സുപ്രധാന ജനിതകമാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
2017 ല്‍ ന്യൂയോര്‍ക്കില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമാണ് The Gentle Art of Swedish Death Cleaning.  മാര്‍ഗ്രറ്റ മെഗ്‌നിസണ്‍ എന്ന 87 വയസ്സുള്ള ഒരു സ്ത്രീയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.  ബെസ്റ്റ് സെല്ലര്‍ ആയ ഈ പുസ്തം ഇറങ്ങിയതിന് ശേഷം ചില ഓണ്‍ലൈന്‍ ഡിക്ഷണറികളില്‍ പോലും ഒരു പുതിയ വാക്ക് എഴുതിച്ചേര്‍ക്കപ്പെട്ടു.  - Death Cleaning.  എന്താണ് ഡെത്ത് ക്ലീനിങ്ങ്?  നമ്മള്‍ മരിച്ചതിന് ശേഷം നമ്മള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, നമുക്ക് പ്രിയപ്പെട്ടതായിരുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ അങ്ങനെ അങ്ങനെ പലതും, ഇവയെക്കെല്ലാം എന്ത് സംഭവിക്കുമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ... നമ്മളിലില്ലായ്മയ്ക്ക് ശേഷം, അനാവശ്യമായി മാറുന്ന അനാഥമായി മാറുന്ന ഇവയെല്ലാം ആരാണ് ക്ലീന്‍ ചെയ്യുക.  ഇവിടെയാണ് Death Cleaning ന്റെ പ്രസക്തി.  നമുക്ക് പ്രിയപ്പെട്ടതായ ഓരോ സാധനങ്ങളും നമ്മള്‍ തന്നെ ഒന്നൊന്നായി ഒഴിവാക്കി ഭാരമില്ലാതെ മരണത്തിലേക്ക് നടന്നുപോവുക  ഇതാണ് Death Cleaning നല്‍കുന്ന വീക്ഷണം.  നമ്മുടെ വീട്ടിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാകും വര്‍ഷങ്ങളായി ഉപയോഗിക്കാതെ എത്രയോ വസ്തുകള്‍ നമ്മുടെ വാര്‍ഡ്രോബിലും, കോണിച്ചുവട്ടിലെ അലമാരകളിലും, തട്ടിന്‍മുകളിലുമെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന്.   ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന് ഇവയെ തരം തിരിച്ചാല്‍ ഏറ്റവും കൂടുതല്‍ വസ്തുക്കള്‍ ഉണ്ടാവുക അനാവശ്യത്തിലായിക്കും എന്നത് നമുക്ക് നല്‍കുന്ന ഒരു തിരിച്ചറിവാണ്.  ഇത്രനാളായും നാം ഉപയോഗിക്കാത്ത ആ വസ്തുക്കള്‍ക്ക് ആത്യാവശ്യക്കാര്‍ ഉണ്ടെന്ന് ഒന്ന് പുറത്തേക്ക് കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാകും. നാം ഉപയോഗിക്കാത്ത അത്തരം വസ്തുക്കള്‍ അത്യാവശ്യക്കാര്‍ക്ക് നല്‍കുക. വല്ലപ്പോഴും വരുന്ന വിരുന്നകാര്‍ക്കായി മാത്രം മാറ്റിവെയ്ക്കുന്ന നമുക്ക് പ്രിയപ്പെട്ട പല സാധങ്ങളും ഇല്ലേ.  അവ ആദ്യം നമ്മള്‍ ഉപയോഗിക്കുക. അത് നമുക്ക് നല്‍കുന്ന സന്തോഷം സ്വീകരിക്കുക. ജീവിതത്തില്‍ ചില കാര്യങ്ങള്‍ വിട്ടുകളയാന്‍ തീരുമാനിക്കുക.  എന്തുകൊണ്ടെന്നാല്‍ വിട്ടുകളയാനും ഒരു ധൈര്യം ആവശ്യമാണ്.  ആ ധൈര്യം നമുക്കും നേടാനാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only