03 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 03 മാർച്ച് 2021)

🔳രാജ്യത്ത് ഒന്നരക്കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ കുത്തിവച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നതല്ല. രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

🔳പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഗുലാം നബി ആസാദിന്റെ മോദി പുകഴ്ത്തലിനു പിന്നാലെ ആനന്ദ് ശര്‍മ നടത്തിയ പരസ്യ പ്രസ്താവനയ്ക്കുള്ള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബംഗാള്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നതിനെതിരെയായിരുന്നു ആനന്ദ് ശര്‍മയുടെ ട്വീറ്റ്.

🔳കേരളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കര്‍ഷകര്‍ പ്രചാരണ രംഗത്തിറങ്ങും. കര്‍ഷകദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതിനായി കര്‍ഷകനേതാക്കള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് 12-ന് പശ്ചിമബംഗാളില്‍ പര്യടനത്തിനു തുടക്കം കുറിക്കും.

🔳കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ കെ എം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹോള്‍സെയില്‍ ബാങ്കിഗ് എക്സിക്യൂട്ടീവ് ഹെഡിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്കിനെയും ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഫെമ ലംഘനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് കേസ്.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സ്പേസ് പാര്‍ക്കില്‍ അനധികൃത നിയമനം നല്‍കിയതിനെതിരേ സര്‍ക്കാരിന്റെ ധനകാര്യ പരിശോധാവിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയായില്ല. രണ്ടുമാസംമുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴും ഐ.ടി. വകുപ്പിന്റെ പരിശോധയിലാണ്. റിപ്പോര്‍ട്ട് ഐ.ടി. വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നല്‍കിയെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായില്ല.

🔳നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി എ.ഐ.സി.സി. പ്രഖ്യാപിച്ചു. എച്ച്. കെ. പാട്ടീലാണ് സമിതിയുടെ അധ്യക്ഷന്‍. ദുദില്ല ശ്രീധര്‍ ബാബു, പ്രണിതി ഷിന്‍ഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍. കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, നിയമസഭാ കക്ഷിനേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിമാര്‍ എന്നിവര്‍ സ്‌ക്രീനിങ് കമ്മിറ്റിയിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

🔳മന്ത്രി എ.കെ.ബാലന്റെ ഭാര്യ കെ.പി.ജമീല സിപിഎം സാധ്യത സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി. ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പി.കെ.ശശി, എം.ബി.രാജേഷ്, സി.കെ.ചാത്തുണ്ണി, വി.കെ.ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍ എന്നിവര്‍ നിര്‍ദേശത്തെ എതിര്‍ത്തു.

🔳മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലിയെ അടക്കം ഉള്‍പ്പെടുത്തിയാണ് സിപിഎമ്മിന്റെ സാധ്യത പട്ടിക. ഏറനാട്ടിലാണ് ഷറഫലി മത്സരിക്കുക. ഏറനാട് സിപിഐയുടെ സീറ്റായതിനാല്‍ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക.

🔳സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും മുകേഷ് എംഎല്‍എയ്ക്കും വിമര്‍ശനം. വിവാദങ്ങള്‍ക്കിടയായ സംഭവങ്ങളില്‍ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നത്. മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

🔳പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലയില്‍ നാല് സീറ്റ് വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നല്‍കണം.കോട്ടയത്ത് നേരത്തെ മത്സരിച്ച 5 ല്‍ ഒന്ന് വിട്ട് തരാമെന്നും പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ 10 സീറ്റില്‍ ജോസഫ് വിഭാഗം വഴങ്ങണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

🔳കേരളത്തില്‍ ഇന്നലെ 68,094 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2938 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 47,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57.

🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്‌പോട്ടുകള്‍.

🔳കോവിഡ് വാക്‌സിന്‍ എടുത്ത തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെപ്പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയണമെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഏത് നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.

🔳ഒരു കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും കൊല്ലം തുളസി. നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍, പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നുവെന്നും കൊല്ലം തുളസി പറഞ്ഞു.

🔳തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മിഷണറെ സംസ്ഥാന സര്‍ക്കാരിന് നിയമിക്കാമെന്ന് സുപ്രീം കോടതി. അഡീഷണല്‍ സെക്രട്ടറിമാരായ ബി.എസ്. പ്രകാശ്, ടി.ആര്‍. ജയ്പാല്‍ എന്നിവരില്‍ ഒരാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നത അധികാര സമിതി മെമ്പര്‍ സെക്രട്ടറി എന്നീ പദവികളിലേക്ക് നിയമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ അനുമതി.

🔳പാനൂര്‍ മുത്താറിപ്പീടികയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ചെയര്‍മാന്‍ കെ.വി. മനോജിന്റെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ പാനൂര്‍ പോലീസും നേരത്തെ കേസെടുത്തിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയുടെ കൂടെ നടന്നതിനാണ് മുത്താറിപ്പീടികയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ജിനീഷ് പത്താംക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്.

🔳ക്വാറികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് നീട്ടി നല്‍കി. ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അനുമതികള്‍ നീട്ടിക്കൊടുത്തത്. പഴയ അനുമതികള്‍ നീട്ടിനല്‍കിയതിലൂടെ ജനവാസമേഖലയില്‍നിന്ന് ക്വാറിക്കുള്ള ദൂരപരിധി അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി 50 മീറ്ററായി തുടരും.

🔳തമിഴ്‌നാട്ടില്‍ ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ കടുത്ത നിലപാടുമായി ഡിഎംകെ. മുമ്പ് നല്‍കിയിരുന്ന സീറ്റുകളൊന്നും ഇത്തവണ നല്‍കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡിഎംകെ.. മുസ്ലിം ലീഗിനും മനിതനേയ മക്കള്‍ കക്ഷിക്കും യഥാക്രമം മൂന്നും രണ്ടും സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. എന്നാല്‍ ഇടതുപാര്‍ട്ടികളുമായും കോണ്‍ഗ്രസുമായും ഇതുവരെ ധാരണയിലെത്താനായിട്ടില്ല. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്.

🔳കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിങ്. ഗ്രിഡ് തകരാറിന് പിന്നില്‍ ഹാക്കിങ് ശ്രമമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാനുഷിക പിഴവാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

🔳ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തളര്‍ന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കി. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം. 31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബിജെപി നേടി. ഒരിടത്ത് പോലും കോണ്‍ഗ്രസിന് അധികാരം നേടാനായില്ല. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബിജെപിക്കാണ് വിജയം. 34 താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടി. ആം ആദ്മി പാര്‍ട്ടിക്ക് 46 ഓളം സീറ്റുകളില്‍ ജയിക്കാനായിട്ടുണ്ട്.

🔳ഏറ്റവുംകൂടുതല്‍ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയില്‍ ഇടംപിടിച്ചത്.  ഇന്ത്യയില്‍ ജീവിക്കുന്ന 177 പേരാണ് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാര്‍ 209 പേരുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നന്‍.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 14,987 പേര്‍ക്ക്.  മരണം 98. ഇതോടെ ആകെ മരണം 1,57,385 ആയി. ഇതുവരെ 1,11,39,313 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.67 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 7,863 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 217 പേര്‍ക്കും തമിഴ്‌നാട്ടില്‍ 462 പേര്‍ക്കും കര്‍ണാടകയില്‍ 437 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 106 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,35,282 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 44,329 പേര്‍ക്കും ബ്രസീലില്‍ 57,318 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.52 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.17 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,262 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,490 പേരും ബ്രസീലില്‍ 1,525 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.58 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳എടിപി റാങ്കിംഗില്‍ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് ഒപ്പമെത്തി നൊവാക് ജോകോവിച്ച്. 310 ആഴ്ച ഒന്നാം റാങ്ക് സ്വന്തമാക്കിയ ഫെഡററുടെ റെക്കോര്‍ഡിന് ഒപ്പമാണ് ജോകോവിച്ച് എത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായി പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് ജോകോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

🔳ഐപിഎല്‍ പതിനാലാം സീസണ്‍ രാജ്യത്തെ ആറ് വേദികളിലായി നടത്താനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ അതൃപ്തിയുമായി ടീമുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ ആറ് നഗരങ്ങളില്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന. ആറ് നഗരങ്ങളില്‍ മത്സരങ്ങള്‍ നടത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്ക് ഹോം മത്സരങ്ങള്‍ നഷ്ടമാവും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ടീമുകള്‍ പരാതി നല്‍കാനൊരുങ്ങുന്നത്.

🔳മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇത്തവണ കളിയിലില്ല, സോഷ്യല്‍ മീഡിയയിലാണ് കോലിയുടെ പുതിയ റെക്കോര്‍ഡ്. ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. ലോക കായിക രംഗത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള നാലാമത്തെ താരംകൂടിയാണ് ഇന്ത്യന്‍ നായകന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസ്സി, നെയ്മര്‍ ജൂനിയര്‍ എന്നിവരാണ് കോലിക്ക് മുന്നിലുള്ള താരങ്ങള്‍.

🔳ദയ ജനറല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് സ്പെഷ്യാലിറ്റി സര്‍ജിക്കല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഒന്നേകാല്‍ ലക്ഷം രൂപയുടെ മീഡിയ ഫെലോഷിപ് ദീപിക തൃശൂര്‍ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് അധ്യക്ഷനായുള്ള മീഡിയാ പാനലിന്. ദേശാഭിമാനി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ വി.എം. രാധാകൃഷ്ണന്‍, മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. കൃഷ്ണകുമാര്‍, കേരള കൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങില്‍ എന്നിവരാണു ഫെലോഷിപ് നേടിയ മാധ്യമ പാനലിലെ മറ്റംഗങ്ങള്‍.

🔳  ഓണ്‍ലൈന്‍ യാത്രാ കമ്പനിയായ ക്ലിയര്‍ ട്രിപ്പിനെ സ്വന്തമാക്കാനൊരുങ്ങി ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ യാത്രാ കമ്പനിയായ ക്ലിയര്‍ ട്രിപ്പിന്റെ ഓഹരികള്‍ വാങ്ങുന്നതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ചര്‍ച്ചകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ യാത്രാ വ്യവസായരംഗത്തെ എതിരാളികളായ മേക് മൈ ട്രിപ്പ്, യാത്ര, ബുക്കിംഗ് ഡോട് കോം, ഈസ് മൈ ട്രിപ്പ് തുടങ്ങിയ കമ്പനികളോട് മത്സരിക്കാനാണ് യുഎസ് റീട്ടെയില്‍ ഭീമന്മാരായ ഫ്‌ലിപ്കാര്‍ട്ടിന്റെ ഈ നീക്കം.

🔳ഐടെല്‍ ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയ്ഡ് ടിവികള്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടെലിവിഷന്‍ വന്‍ വിജയമായിരുന്നു. മാര്‍ച്ചില്‍ പുതിയ ആന്‍ഡ്രോയ്ഡ് ടെലിവിഷനുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈയിടെ സിഎംആര്‍ നടത്തിയ സര്‍വേ അനുസരിച്ച്, 7,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡായും 5,000 രൂപയില്‍ താഴെ വിലയുള്ള സെഗ്മെന്റിലെ ലീഡറായും ഐടെലിനെയാണ് തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള മാസങ്ങളില്‍ 55 ഇഞ്ച് ടെലിവിഷന്‍ പുറത്തിറക്കും.

🔳മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' വീണ്ടും റിലീസ് മാറ്റി. ഈ വ്യാഴാഴ്ചയാണ് (4) റിലീസ് തീയതി. എന്നാല്‍ പല വിദേശ രാജ്യങ്ങളിലെയും തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയറ്ററുകളില്‍ ദിവസേന നാല് പ്രദര്‍ശനങ്ങള്‍ നടത്താന്‍ ആവാത്തതിനാലും റിലീസ് മാറ്റിവെക്കുകയാണെന്ന് അണിയറക്കാര്‍ അറിയിച്ചു. മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു ദി പ്രീസ്റ്റ്.

🔳ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന 'കര്‍ണ്ണനി'ലെ പാട്ടെത്തി. 'യേന്‍ ആളു പണ്ടാരത്തി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് യുഗഭാരതിയാണ്. സന്തോഷ് നാരായണന്റേതാണ് സംഗീതം. മാരി സെല്‍വരാജിന്റെ കഴിഞ്ഞ ചിത്രം 'പരിയേറും പെരുമാളി'ന്റെയും സംഗീതം സന്തോഷ് നാരായണന്‍ ആയിരുന്നു. അതിലെ 'വണക്കം വണക്കമുംഗ' എന്ന ഗാനത്തിന്റെ ശൈലിയിലാണ് കര്‍ണ്ണനിലെ ഈ പാട്ടും. ദേവ, റീത്ത എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

🔳ബജാജിന്റെ ജനപ്രിയ മോഡലാണ് പള്‍സര്‍ ശ്രേണി. പുതുതലമുറ പള്‍സര്‍ 250 സെപ്റ്റംബറില്‍ എത്തിയേക്കും. പള്‍സര്‍ എന്‍എസ് 250നു കെടിഎം 250, ഡൊമിനാര്‍ 250 എന്നിവ അടിസ്ഥാനമാക്കിയുള്ള പുതിയ എഞ്ചിന്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പള്‍സര്‍ എന്‍എസ് 200ലെ ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ നിന്ന് വ്യത്യസ്തമായി 250 സിസി എഞ്ചിന്‍ ഓയില്‍ ലഭിച്ചേക്കും. എഞ്ചിന്‍ ഏകദേശം 24 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിച്ചേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only