28 മാർച്ച് 2021

ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു; സംഭവം തൃശൂർ ഒല്ലൂരിൽ
(VISION NEWS 28 മാർച്ച് 2021)

തൃശ്ശൂർ: ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. തൃശൂർ ഒല്ലൂരിലാണ് ​​ദാരുണ സംഭവം. അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനും ഭാര്യ ഓമനയും ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.


ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയെ രാജൻ വാക്കത്തി കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മക്കൾ ജയ്ദീപ്, രാകേഷ് എന്നിവർക്കും വെട്ടേറ്റു. ഓമനയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഓമനയെയും പരിക്കേറ്റ മക്കളെയും ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്. വീടിനു സമീപത്തെ വിറകു പുരയിൽ വച്ച് രാജൻ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ഡ്രൈവർ ആണ് രാജൻ. രാജനും ഭാര്യയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും ഇവർ നേരത്തെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only