04 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 04 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳കോവിഡ് വാക്‌സിനേഷന്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിലവിലെ സമയപരിധി എടുത്തുകളയാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ജനങ്ങള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച്്് ആഴ്ചയില്‍ ഏതുദിവസവും 24 മണിക്കൂറും കുത്തിവെപ്പ് എടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍.

🔳കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക്. കൊറോണ വൈറസിന്റെ യു.കെ. വകഭേദത്തിനെതിരേയും കോവാക്‌സിന്‍ ഫലപ്രദമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. കോവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് ഭാരത് ബയോടെക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്.

➖➖➖➖➖➖➖➖

🔳അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി രംഗത്ത്. ആര്‍എസ്എസ് ഇന്ന് ചെയ്യുന്നതുപോലെ ഭരണഘടനാ സ്ഥാപനങ്ങളെ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തിയിരുന്നില്ല എന്നാണ് രാഹുല്‍ പറഞ്ഞത്. ആര്‍എസ്എസ്സിനെ മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതാവിന് ദീര്‍ഘകാലം വേണ്ടിവരുമെന്നും രാജ്യസ്‌നേഹത്തിന്റെ ലോകത്തെ ഏറ്റവും വലിയ പാഠശാലയാണ് ആര്‍എസ്എസ് എന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു.

🔳രാജ്യത്തിന്റെ ജി.ഡി.പി. വളര്‍ച്ചാനിരക്കിലുണ്ടായ തളര്‍ച്ചയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയെയും താരതമ്യം ചെയ്ത ട്രോള്‍
പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2017-18 മുതലുള്ള ആറുപാദങ്ങളിലെ ജി.ഡി.പി. വളര്‍ച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളം കൂടിയതും ചേര്‍ത്ത ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാല്‍ ഇതാണ് എന്ന കുറിപ്പോടെയാണ് തരൂരിന്റെ ട്വീറ്റ്.

🔳നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകവുമായി യുഡിഎഫും. 'നാട് നന്നാകാന്‍ യുഡിഎഫ്' എന്ന പ്രചാരണ വാചകം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം 'വാക്ക് നല്‍കുന്നു യുഡിഎഫ്' എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

🔳കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് അടുത്ത് പെട്രോള്‍
കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. എന്തുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.

🔳കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം. എബ്രഹാമിന് ഇ.ഡി. നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്ങിനും ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്. കിഫ്ബി മസാലബോണ്ടില്‍ വിദേശനാണയ വിനിമയചട്ട ലംഘനം ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

🔳കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച്, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ദ്ദേശപ്രകാരം ഇ.ഡി. പ്രവര്‍ത്തിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ നേട്ടത്തിന് ഇ.ഡിയെ ഉപയോഗിക്കുന്നതിനെതിരേ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

🔳മസാലബോണ്ടിന്റെ ഭൂരിഭാഗവും വാങ്ങിയിരിക്കുന്നത് ലാവ്‌ലിന്‍ കമ്പനിയുടെ സബ്‌സിഡറി ആയിട്ടുളള സിഡിപിക്യു എന്ന് പറയുന്ന കനേഡിയന്‍ ഇന്‍വെസ്റ്റിങ്
ഏജന്‍സിയാണെന്നു പറഞ്ഞാല്‍ തടയാനുളള ആര്‍ജവം ധനമന്ത്രി തോമസ് ഐസക്കിനുണ്ടോയെന്ന് വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍. മസാലാബോണ്ടിറക്കാന്‍ ഉദ്ദേശിച്ച് ആദ്യമിറക്കിയ ഓഫര്‍ ലെറ്ററില്‍ മാറ്റം വരുത്തിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

🔳ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ ബി.ജെ.പി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബി.ജെ.പി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പുതുതായി പാര്‍ട്ടിയിലെത്തിയ ഇ.ശ്രീധരനും 16 അംഗ കമ്മിറ്റിയില്‍ ഇടംപിടിച്ചപ്പോള്‍ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

🔳നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സി.പി.എം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. കോട്ടയത്ത് അഡ്വ. അനില്‍ കുമാറും പുതുപ്പള്ളിയില്‍ ജെയ്ക്ക് സി. തോമസും ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് വി.എന്‍. വാസവന്‍ എന്നിവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

🔳ഇരിങ്ങാലക്കുടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദുവിനെ സിപിഎം പരിഗണിക്കുന്നതായി സൂചന. തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയറായിരുന്നു ബിന്ദു.  ഇരിങ്ങാലക്കുടയില്‍ ആദ്യം പരിഗണിച്ചിരുന്ന യു.പി.ജോസഫിന് സീറ്റില്ല. ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദറിനെ മാറ്റും. ബേബി ജോണും, ചാവക്കാട് ഏരിയാ സെക്രട്ടറി അക്ബറുമാണ് അന്തിമപട്ടികയിലുളളതെന്നും സൂചനയുണ്ട്.

🔳കെ.പി.സി.സി. സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ എം.എസ്. വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കല്‍പ്പറ്റ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഇടത് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതോടെ വിശ്വനാഥന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി.

🔳കേരളത്തില്‍ ഇന്നലെ 59,646 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2493 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 45,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 358 ഹോട്ട് സ്‌പോട്ടുകള്‍

🔳പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് വി.കെ. ശശികല. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

🔳ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ മുന്നിലിട്ട് ചുമട്ടുതൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു. വെല്ലൂര്‍ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. പ്രതി അലോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് തിരക്കേറിയ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ മുന്നില്‍ വെച്ച് ദാരുണസംഭവമുണ്ടായത്. ദീര്‍ഘകാലമായി സെന്‍ട്രല്‍ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളികളാണ് പൂങ്കാവനവും അലോക് കുമാറും.

🔳കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് കമ്പനിക്കെതിരെ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കേസ് ഫയല്‍ചെയ്തു. ഇതാദ്യമായാണ് ഒരു അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ ഇഡി കേസെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആറ് ഡെബ്റ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഫയല്‍ചെയ്ത എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസെടുത്തത്.

🔳കേന്ദ്രത്തില്‍ അധികാരത്തിലുളള സര്‍ക്കാരില്‍ നിന്ന് ഭിന്നമായ അഭിപ്രായമുളളത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്‌ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു.

🔳പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും വീണ്ടും അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുകയാണെങ്കില്‍ താനീ ജോലി നിര്‍ത്തുമെന്നും ഐ.പി.എ.സി എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനം വിടുമെന്നും പ്രശാന്ത് കിഷോര്‍.

🔳പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു. മഹരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. അനാഥരും അശരണരുമായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ആശാദീപ് വിമന്‍സ് ഹോസ്റ്റലിലെ അന്തേവാസികളെകൊണ്ടാണ് കഴിഞ്ഞ ദിവസം ഏതാനും പോലീസുകാരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് നഗ്നരാക്കി നൃത്തം ചെയ്യിച്ചത്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 17,425 പേര്‍ക്ക്.  മരണം 87. ഇതോടെ ആകെ മരണം 1,57,471 ആയി. ഇതുവരെ 1,11,56,748 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.70 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,855 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 240 പേര്‍ക്കും തമിഴ്‌നാട്ടില്‍ 489 പേര്‍ക്കും കര്‍ണാടകയില്‍ 528 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 135 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,13,340 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 57,616 പേര്‍ക്കും ബ്രസീലില്‍ 70,785 പേര്‍ക്കും ഫ്രാന്‍സില്‍ 26,788 പേര്‍ക്കും ഇറ്റലിയില്‍ 20,884 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.57 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.17 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,063 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,064 പേരും ബ്രസീലില്‍ 1,709 പേരും മെക്സിക്കോയില്‍ 1,035 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.70 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യന്‍ (10 കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആരാധകര്‍ക്ക് നന്ദിയറിയിച്ച് രംഗത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ താരം കൂടിയാണ് കോലി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം 'എന്റെ യാത്ര മനോഹരമാക്കിയത് നിങ്ങളാണെന്നും നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും കോലി കുറിച്ചു.

🔳ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതരയ്ക്കാണ് കളി തുടങ്ങുക. പിങ്ക് ബോള്‍ ടെസ്റ്റുയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മൊട്ടേറ സ്റ്റേഡിയത്തില്‍ മുഖാമുഖമെത്തുന്നത്. മൂന്നാം ടെസ്റ്റില്‍ അക്‌സര്‍ പട്ടേലും ആര്‍ അശ്വിനും വിക്കറ്റ് കൊയ്ത്ത് നടത്തിയപ്പോള്‍ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം സ്വന്തമാക്കാന്‍ രണ്ടുദിവസം മുഴുവന്‍ വേണ്ടി വന്നില്ല. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. നാലാം ടെസ്റ്റ് തോല്‍ക്കാതിരുന്നാല്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ പോരാട്ടത്തിനിറങ്ങാം എന്നതാണ് ഇന്ത്യക്ക് മുന്നിലെ സാധ്യത. വിജയവും സമനിലയും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കുള്ള ടിക്കറ്റ് നല്‍കും.

🔳ആഗോള ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേപാല്‍ ഇന്ത്യയില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള തങ്ങളുടെ ഡെവലപ്‌മെന്റ് സെന്ററുകളിലേക്കായി ആയിരം എഞ്ചിനീയര്‍മാരെ നിയമിക്കുമെന്ന് അറിയിച്ചു. ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പേപാല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്കായി കൂടുതല്‍ അന്താരാഷ്ട്ര വില്‍പ്പന സാധ്യമാക്കുന്നതിന് കമ്പനി എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് ക്യാമ്പസ് നിയമനത്തിനുള്ള പദ്ധതികളും പേപാല്‍ ഇന്ത്യ പ്രഖ്യാപിച്ചു.  

🔳ഫെബ്രുവരിക്കുശേഷം മാര്‍ച്ചിലും ഷോപ്പിങ് ഓഫറുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ യോനോ. മാര്‍ച്ച് നാലുമുതല്‍ ഏഴുവരെയാണ് യോനോ സൂപ്പര്‍ സേവിങ്‌സ് ഡെയ്‌സ്-എന്ന് പേരിട്ടിട്ടുള്ള കാര്‍ണിവെല്‍ നടക്കുന്നത്.  എസ്ബിഐയുടെ ബാങ്കിങ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളില്‍ കയറി ഷോപ്പിങ് നടത്തുമ്പോഴാണ് വിലക്കിഴിവും കാഷ് ബായ്ക്കും ലഭിക്കുക. എസ്ബിഐയുടെ ബാങ്കിങ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളില്‍ കയറി ഷോപ്പിങ് നടത്തുമ്പോഴാണ് വിലക്കിഴിവും കാഷ് ബായ്ക്കും ലഭിക്കുക.

🔳മമ്മൂട്ടി മുഖ്യമന്ത്രി  കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന വണ്‍ സിനിമയുടെ പുിതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ആളുകള്‍ക്കു മുന്നിലൂടെ നെഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമാണ്. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍. 'മിഷന്‍-സി' എന്ന ചിത്രത്തിനുശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ് 15ന് പഴനിയില്‍ ആരംഭിക്കും. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രവുമാണിത്. ജല്ലിക്കട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ ചിത്രത്തിലുണ്ടാവും. തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

🔳ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ലംബോര്‍ഗിനി എസ്യുവി മോഡലാണ് ഉറൂസ്. ഇപ്പോള്‍ ഇന്ത്യയില്‍ നൂറ് യൂണിറ്റ് ഉറുസ് എസ്യുവി ഡെലിവറി ചെയ്തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്യുവിയാണ് ഉറൂസിനെ  2017 ഡിസംബറിലാണ് ആഗോളതലത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2018 ജനുവരിയിലാണ് ഉറുസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് കോടി രൂപയാണ് എക്‌സ് ഷോറൂം വില. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് .

🔳മലയാളിയുടെ എക്കാലത്തെയും പ്രിയ സംഗീതസംവിധായകരായ എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജുനന്‍, ജയ-വിജയ, എം.ജി. രാധാകൃഷ്ണന്‍, കുമരകം രാജപ്പന്‍ തുടങ്ങിയവരോടൊപ്പം നാടകങ്ങള്‍ക്കുവേണ്ടി ഗാനരചന നടത്തിയ കാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് പ്രസിദ്ധ നാടക-സിനിമാ ഗാനരചയിതാവായ പൂച്ചാക്കല്‍ ഷാഹുല്‍. ഒപ്പം, ഈ മഹാരഥന്മാരോടൊത്തു സൃഷ്ടിച്ച ഗാനങ്ങളും വായിക്കാം. 'മഞ്ചലേറ്റിയ ഗീതങ്ങള്‍'. മാതൃഭൂമി. വില 168 രൂപ.

🔳ശരീരത്തിന് ഏറ്റവും അവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നതിനാല്‍ കോവിഡ് 19 കാലത്ത് വൈറ്റമിന്‍ ഡി യുടെ പ്രാധാന്യമേറി. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ശരീരത്തിന് ആവശ്യമായ കാല്‍സ്യം ഭക്ഷണത്തില്‍ നിന്ന് വലിച്ചെടുക്കാന്‍ സഹായിക്കുന്നു. മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിലും വൈറ്റമിന്‍ ഡിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. ഇതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നാം വൈറ്റമിന്‍ ഡി ഉള്‍പ്പെടുത്താറുണ്ട്. ഒരു സാധാരണ ശിശുവിന് ആദ്യ രണ്ട് വര്‍ഷം പ്രതിദിനം 400 ഇന്റര്‍നാഷണല്‍ യൂണിറ്റ് (10 മൈക്രോഗ്രാം) വൈറ്റമിന്‍ ഡി ആവശ്യമാണ്. പിന്നീടിത് 600 ഇന്റര്‍നാഷണല്‍ യൂണിറ്റായി ഉയര്‍ത്തണം. എന്നാല്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് 400 യൂണിറ്റില്‍ കൂടുതല്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. ഭക്ഷണത്തില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കാനും എല്ലുകളില്‍ കാല്‍സ്യം അടിയാനും വൈറ്റമിന്‍ ഡി സഹായിക്കുന്നു. പേശീകള്‍, നാഡീവ്യൂഹം, പ്രതിരോധ സംവിധാനം എന്നിവയുടെ ആരോഗ്യത്തിനും വൈറ്റമിന്‍ ഡി ആവശ്യമാണ്. കുട്ടികളുടെ വളര്‍ച്ചാ ഘട്ടത്തില്‍ ശരിയായ അളവിലുള്ള വൈറ്റമിന്‍ ഡി അവര്‍ക്ക് ഭക്ഷണത്തിലൂടെ ലഭ്യമാക്കണം. വൈറ്റമിന്‍ ഡി യുടെ അഭാവം കുട്ടികളില്‍ പിള്ളവാതം, കുടവയര്‍, കൊട്ടുകാല്‍, മറ്റു പ്രതിരോധ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാം. ശരീരത്ത് സൂര്യപ്രകാരം തട്ടുമ്പോള്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നു. രാവിലെ കുറച്ച് നേരം കുട്ടികളെ ഇതിനായി വെയില്‍ കൊള്ളിക്കാം.

*ശുഭദിനം* 
*കവിത കണ്ണന്‍*
അവര്‍ സന്യാസിയുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു:  എന്റെ ഭര്‍ത്താവ് രാജ്യത്തിന് വേണ്ടി യുദ്ധഭൂമിയിലായിരുന്നു.  തിരിച്ചുവന്നപ്പോള്‍ സ്വഭാവത്തില്‍ ആകെ മാറ്റം സംഭവിച്ചു.  അധികമൊന്നും സംസാരിക്കാതായി, മാത്രമല്ല, ചെറിയ കാര്യങ്ങള്‍ക്ക് പോലും അദ്ദേഹം വല്ലാതെ ദേഷ്യപ്പെടുന്നു.  അപ്പോള്‍ സന്യാസി പറഞ്ഞു:  ഞാനൊരു മാന്ത്രിക മരുന്ന് ഉണ്ടാക്കി തരാം.  പക്ഷേ ആ മരുന്നിന് ജീവനുള്ള കടുവയുടെ ഒരു മീശരോമം വേണം.  അവര്‍ അടുത്ത ദിവസം തന്നെ കുറച്ചധികം ഇറച്ചിയുമായി കാട്ടിലേക്ക് യാത്രയായി.  ഇറച്ചി കടുവയുളള ഒരു ഗുഹയ്ക്ക് മുന്നില്‍ വെച്ച് കാത്തിരിപ്പു തുടങ്ങി. ഗുഹക്കു മുന്നില്‍ കണ്ട ഇറച്ചി കടുവ കഴിച്ചു. അവരുടെ കയ്യിലെ ഇറച്ചി കഴിയുന്നതുവരെ അവര്‍ കടുവക്ക് എല്ലാദിവസവും ഇറച്ചി നല്‍കി. ഇതിനിടയില്‍ കടുവ അവരുമായി ചങ്ങാത്തത്തിലായി. ചങ്ങാത്തത്തിനിടയില്‍ അവര്‍ കുടവയുടെ ഒരു മീശരോമം കൈക്കലാക്കി. അവര്‍ കടുവയുടെ ഒരു രോമവുമായി സന്യാസിയുടെ അടുത്തെത്തി.  സന്യാസി ആ രോമം കത്തിച്ചുകളഞ്ഞു.  എന്നിട്ട് അവരോട് പറഞ്ഞു:  ഈ കടുവയേക്കാള്‍ ഭീകരനല്ല, നിങ്ങളുടെ ഭര്‍ത്താവ്.  ക്ഷമയോടെ സ്നേഹത്തോടെ പരിചരിക്കുക, കാത്തിരിക്കുക.  ശുഭഫലം നിങ്ങളെ തേടിയെത്തും.  അവര്‍ സന്തോഷത്തോടെ, പ്രതീക്ഷയോടെ തന്റെ വീട്ടിലേക്ക് മടങ്ങി.  തോല്‍പ്പിക്കാനാകാത്ത വിധം ശക്തരല്ല ഓരോ എതിരാളിയും.  തരണം ചെയ്യാന്‍ കഴിയാത്തവിധം ദുര്‍ഘടമല്ല ഒരു പ്രശ്നവും. എത്തിച്ചേരാനാകാത്ത വിധം വിദൂരമല്ല,ഒരു ലക്ഷ്യവും. സാമീപ്യത്തിലാണ് വ്യത്യാസം വരുത്തേണ്ടത്.  ഓരോന്നിനേയും എങ്ങനെ സമീപിക്കണമെന്ന തിരിച്ചറിവും അതിനനുസരിച്ചുള്ള നയതന്ത്രവുമാണ് വിജയത്തിന്റെ രസതന്ത്രം.  പിടികൊടുക്കില്ലെന്ന വാശി ആര്‍ക്കുമുണ്ടാകില്ല.  നിബന്ധനകളോ നിര്‍ബന്ധങ്ങളോ ഇല്ലാതെ ഹൃദയപൂര്‍വ്വം ഇടപെടുന്നവരുടെ മുന്നില്‍ തോറ്റകൊടുക്കാന്‍ ആയിരിക്കും ആളുകള്‍ക്കിഷ്ടം.  താനാഗ്രഹിക്കുന്ന രീതിയിലും നേരത്തും മറ്റുള്ളവര്‍ മാറണമെന്നു വാശി പിടിക്കാതിരുന്നാല്‍ എല്ലാവരും സ്വയം മാറുകതന്നെ ചെയ്യും .  നമുക്കും ആ  മാറ്റത്തിന്റെ രസതന്ത്രത്തെ മനസ്സറിഞ്ഞ് സ്വീകരിക്കാം - ശുഭദിനം .
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only