10 March 2021

പ്രഭാത വാർത്തകൾ
(VISION NEWS 10 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳ഇന്ത്യയിലെ കര്‍ഷക സമരം, മാധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. മറ്റൊരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍നിന്ന് ബ്രിട്ടീഷ് എം.പിമാര്‍ വിട്ടുനില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നല്‍കിയതായി വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. ഇ.ഡിയുടെ കസ്റ്റഡിയിലിരുന്നപ്പോള്‍ സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയാണ് പുറത്തുവന്നത്.

➖➖➖➖➖➖➖➖

🔳നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയനേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുല്‍ ഗാന്ധി ആരോപിച്ചതും. ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കില്‍ ഒരു വര്‍ഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

🔳തുടര്‍ച്ചയായി മത്സരരംഗത്തുള്ള മുതിര്‍ന്നനേതാക്കളെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനം. കെ.സി. ജോസഫ്, എം.എം. ഹസന്‍, പാലോട് രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ. ബാബു എന്നിവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ ഇത്തവണ മാറ്റിനിര്‍ത്തി പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് സീറ്റു നല്‍കാനാണ് നീക്കം. യുവാക്കളും സ്ത്രീകളും ദുര്‍ബലവിഭാഗക്കാരും ഉള്‍പ്പെടുന്ന ജയസാധ്യതയുള്ള അമ്പതു ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കണമെന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍.

🔳എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിലെ സാഹചര്യങ്ങളില്‍ തങ്ങള്‍ തൃപ്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു കക്ഷി എല്‍ഡിഎഫില്‍ വന്നതിന്റെ പേരില്‍ സിപിഐയുടെ സിറ്റിങ് സീറ്റുകള്‍ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടാകുമ്പോഴേ തങ്ങള്‍ പറയേണ്ട കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

🔳പൊന്നാനിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് സിപിഎം. പൊന്നാനി മണ്ഡലത്തില്‍ പി. നന്ദകുമാര്‍ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് കെടി ജലീലിനെ തവനൂരില്‍നിന്ന് പൊന്നാനിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത പാര്‍ട്ടി നേതൃത്വം തള്ളി.

🔳പൊന്നാനിയില്‍ സി.പി.എം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയതായി വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കാതെയാണ് സംസ്ഥാന നേതൃത്വം സി.ഐ.ടി.യു. ദേശീയ സെക്രട്ടറി പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം നടത്തിയതെന്ന വലിയ വിമര്‍ശനമാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിങിനായി വിളിച്ചുചേര്‍ത്ത സി.പി.എം. പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയില്‍ ഉയര്‍ന്നത്.

🔳കളമശ്ശേരിയില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച കെ.എം. ഷാജി പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ്. പാലാരിവട്ടം പാലം അഴിമതി കേസില്‍ ആരോപണവിധേയനായ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നത് മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ട് വച്ചത്. കളമശ്ശേരിയില്‍ പി. രാജീവിനെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ ഇവിടെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

🔳നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍സിപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ. തോമസും കോട്ടയ്ക്കലില്‍ എന്‍.എ.മുഹമ്മദ് കുട്ടിയും മത്സരിക്കും.

🔳ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവസാനെന്ന് ജയരാജന്‍. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്നും പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നു ശ്രീനിവാസനെന്നും ജയരാജന്‍.

🔳കേരളത്തില്‍ ഇന്നലെ 65,906 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2316 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4328 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 37,150 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം : കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 352 ഹോട്ട് സ്‌പോട്ടുകള്‍.

🔳ശബരിമലയില്‍ മീനമാസ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ദിവസവും 5000 പേര്‍ക്കാണ് ദര്‍ശന സൗകര്യം. 14-നു വൈകീട്ട് നട തുറക്കും.

🔳കൊല്ലം കുണ്ടറയില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ അമ്മ ദിവ്യ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദിവ്യ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

🔳പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ, ബിജെപി സഖ്യം പ്രഖ്യാപിച്ചെങ്കിലും തര്‍ക്കം തുടരുന്നു. സഖ്യം സംബന്ധിച്ച ധാരണാപത്രത്തില്‍ അണ്ണാ ഡിഎംകെ ഒപ്പുവെച്ചില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന എന്‍.ആര്‍. കോണ്‍ഗ്രസ് നേതാവ് എന്‍. രംഗസ്വാമിയുടെ ആവശ്യവും ബിജെപി അംഗീകരിച്ചില്ല. എന്‍.ഡി.എ. സഖ്യത്തില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് 16 സീറ്റിലാണ് മത്സരിക്കുക. എന്നാല്‍ നാല് സിറ്റിങ് എംഎല്‍എമാരുള്ള അണ്ണാ ഡിഎംകെയ്ക്ക് മൂന്ന് സീറ്റ് മാത്രം മത്സരിക്കാന്‍ നല്‍കാമെന്നാണ് ബിജെപി അറിയിച്ചത്. ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അണ്ണാ ഡിഎംകെ സഖ്യധാരണയില്‍ ഒപ്പുവെക്കാഞ്ഞത്.

🔳എന്‍ഡിഎ വിട്ട വിജയകാന്തിന്റെ ഡിഎംഡികെ  കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയുമായി കൈകോര്‍ക്കാന്‍ നീക്കം. സഖ്യകാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ശരത്കുമാര്‍, രാധിക ഉള്‍പ്പടെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ഒരുക്കത്തിലാണ് കമല്‍

🔳തിരഞ്ഞെടുപ്പില്‍ ഹിന്ദു കാര്‍ഡിറക്കി കളിക്കുന്ന ബിജെപിയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് മമത ബാനര്‍ജി. തനിക്കെതിരെ ബിജെപി ഹിന്ദു കാര്‍ഡിറക്കരുതെന്നും താനും ഒരു ഹിന്ദു പെണ്‍കുട്ടിയാണെന്നും മമത പറഞ്ഞു. എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോയെന്നും മമത ബിജെപിയോട് ചോദിച്ചു.

🔳പശ്ചിമബംഗാളിലെ ഡിജിപി വീരേന്ദ്രയെ രായ്ക്കുരാമാനം മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി നീരജ് നയന് പകരം ചുമതല നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയും വീരേന്ദ്രയ്ക്ക് നല്‍കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

🔳കോണ്‍ഗ്രസില്‍ നിന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകേണ്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെ ബാക്ക് ബെഞ്ചറായി മാറിയെന്ന രാഹുലിന്റെ പരിഹാസത്തിന് മറുപടി നല്‍കി സിന്ധ്യ. താന്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ഇതേപോലെ രാഹുല്‍ ആശങ്കാകുലനായിരുന്നെങ്കില്‍ സാഹചര്യം മറ്റൊന്നാകുമായിരുന്നുവെന്ന് സിന്ധ്യ തിരിച്ചടിച്ചു.

🔳ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. സംസ്ഥാന ബിജെപിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഈ രാഷ്ട്രീയ പ്രതിസന്ധി ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

🔳റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ചതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

🔳സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ദേശഭക്തി ബജറ്റ്' അവതരിപ്പിച്ച് ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി സര്‍ക്കാര്‍ 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന 'ദേശസ്‌നേഹത്തിന്റെ ഉത്സവം' ആഘോഷിക്കുമെന്നും സിസോദിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഡല്‍ഹിയുടെ വരുന്ന 25 വര്‍ഷത്തേക്കുള്ള അടിസ്ഥാന ശിലയാണ് ഇത്തവണത്തെ ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 16,846 പേര്‍ക്ക്.  മരണം 113. ഇതോടെ ആകെ മരണം 1,58,079 ആയി. ഇതുവരെ 1,12,61,470 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.81 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,927 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 320 പേര്‍ക്കും തമിഴ്‌നാട്ടില്‍ 569 പേര്‍ക്കും കര്‍ണാടകയില്‍ 590 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 118 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,66,250 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 47,530 പേര്‍ക്കും ബ്രസീലില്‍ 66,949 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.81 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.17 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,208 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,409 പേരും ബ്രസീലില്‍ 1,756 പേരും  ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 26.20 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳വിവാദമായ സ്വകാര്യത നയവുമായി മുന്നോട്ട് പോകാന്‍ ഉറച്ച് വാട്ട്സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജ് ആപ്പ് നേരത്തെ മാറ്റിവച്ച നയം മെയ് മാസത്തോടെ നടപ്പിലാക്കാവാനുള്ള കാര്യങ്ങള്‍ ആരംഭിച്ചു. സ്വകാര്യ നയം സംബന്ധിച്ച് സര്‍ക്കാറും കോടതിയും വിവിധ തടസങ്ങളുമായി നില്‍ക്കുമ്പോഴാണ് വാട്ട്സ്ആപ്പിന്റെ ഈ നീക്കം. ഇതിന്റെ ഭാഗമായി മെയ് 15 ന് തന്നെ നയങ്ങള്‍ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും കാണിക്കുന്ന ഇന്‍-ആപ് മെസേജുകള്‍ അയയ്ക്കാനും തുടങ്ങിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

🔳ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രട്ടനില്‍ അനുമതി ലഭിച്ചു. അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യുണൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയത്. ഒരുഡോസിന് 18 കോടി രൂപയാണ് വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്‍ന്ന് തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. 6000 മുതല്‍ 11000 കുട്ടികളില്‍ ഒരാള്‍ക്ക് എന്നനിരക്കിലാണ് ഈ ജനിതക രോഗം കണ്ടുവരുന്നത്.

🔳എടിപി റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാംസ്ഥാനം സ്വന്തമാക്കിയ റെക്കോര്‍ഡ് ഇനി സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിന്റെ പേരില്‍. റോജര്‍ ഫെഡററുടെ 310 ആഴ്ചയുടെ റെക്കോര്‍ഡാണ് ജോകോവിച്ച് മറികടന്നത്. ജോകോവിച്ച് ഒന്നാം റാങ്കില്‍ 311-ാം ആഴ്ച്ചയിലേക്ക് കടന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായി പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് ജോകോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് റോയ് കൃഷ്ണയും സംഘവും കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 എന്ന സ്‌കോറിന് മോഹന്‍ ബഗാന്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു.

🔳ചെറുകിട വായ്പ എടുത്തിട്ടുള്ള സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ 47 ദശലക്ഷത്തിനു മുകളിലെത്തി. രാജ്യത്തെ റീട്ടെയില്‍ വായ്പയുടെ 28 ശതമാനത്തോളം വരുമിതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 2014 ലെ 23 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, വനിതാ വായ്പക്കാരുടെ വിഹിതം സെപ്റ്റംബര്‍ 2020ല്‍ 28 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ പുരുഷന്മാരായ വായ്പക്കാരുടെ പ്രതിവര്‍ഷ വളര്‍ച്ച 16 ശതമാനത്തോളമാണ്.  സ്ത്രീകളുടെ ശരാശരി സിബില്‍ സ്‌കോര്‍ (719) പുരുഷന്മാരുടേതിനേക്കാള്‍  (709) മെച്ചപ്പെട്ട താണെന്നു മാത്രമല്ല, മികച്ച തിരിച്ചടവ് ചരിത്രവുമാണ് അവര്‍ക്കുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളില്‍ 61 ശതമാനത്തിലധികം പേരുടെ ക്രെഡിറ്റ് സ്‌കോര്‍ 720-ന് മുകളിലാണ്.

🔳തുടര്‍ച്ചയായി എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപകര്‍ പണം പിന്‍വലിച്ചു. ഫെബ്രുവരിയില്‍ 10,468 കോടി രൂപയാണ് നിക്ഷേപകര്‍ തിരിച്ചെടുത്തത്.  അതേസമയം, ഫെബ്രുവരിയില്‍ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപമായെത്തി. ജനുവരിയില്‍ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യാണ്  കണക്കുകള്‍ പുറത്തുവിട്ടത്.

🔳മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റ്' ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ പുറത്ത്. നേരത്തെ എത്തിയ രണ്ട് ടീസറുകള്‍ പോലെ തന്നെ ഏറെ ദുരൂഹതയും നിഗൂഢതകളും നിറയ്ക്കുന്നതാണ് പുതിയ ടീസറും. മമ്മൂട്ടിയും മഞ്ജു വാര്യരും അടക്കം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളും ടീസറില്‍ കാണാം. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ ബി. ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി നല്‍കിയതോടെയാണ് ചിത്രം റിലീസിനെത്തുന്നത്.

🔳ശിവകാര്‍ത്തികേയന്‍, പ്രിയങ്ക അരുള്‍ മോഹന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്ടര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു. മാര്‍ച്ച് 26-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റിയെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഏപ്രില്‍ ആറിന് നടക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അവയവക്കടത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ആണ് ഡോക്ടര്‍ എന്നാണ് സൂചനകള്‍.

🔳ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മാണ കമ്പനിയായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന ആദ്യ ഇലക്ട്രിക് എസ്.യു.വി. ഐ-പേസ് നിരത്തുകളില്‍ എത്താന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 23-ന് ജഗ്വാര്‍ ഐ-പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക്ക് മോഡലുകളെക്കാള്‍ റേഞ്ചാണ് ഐ-പേസിന് ജഗ്വാര്‍ വാഗ്ദാനം ചെയ്യുന്നത്.

🔳ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ യാത്രകളിലൊന്നായ ശ്രീഖണ്ഡ് മഹാദേവ് കൈലാസത്തിലേക്ക് മഞ്ഞുമൂടിയ വഴികളിലൂടെ നടത്തിയ യാത്രയുടെ അനുഭവം. 'ശ്രീഖണ്ഡ് കൈലാസ യാത്ര'. ബാബു ജോണ്‍. ഡിസി ബുക്സ്. വില 142 രൂപ.

🔳വെയിലിനോടുള്ള അലര്‍ജിയുടെ കാഠിന്യം ഓരോരുത്തരുടേയും ചര്‍മത്തിന്റെ  പ്രത്യേകത അനുസരിച്ച് വ്യത്യസ്തമായിരിക്കും. സണ്‍ അലര്‍ജി ഉള്ളവര്‍ക്ക് അവരുടെ ശരീരത്തില്‍ സൂര്യകിരണങ്ങളെത്തുമ്പോള്‍ അതിന്റെ ഭാഗമായി ചൊറിച്ചില്‍, ചെറിയ കുരുക്കളുണ്ടാകുക, ശരീരത്തിനുണ്ടാകുന്ന  നിറവ്യത്യാസം തുടങ്ങിയവ അനുഭവപ്പെടാം. ഈ അലര്‍ജി വെയില്‍ തട്ടുന്നിടത്ത് തന്നെ വരണമെന്നില്ല. വെയില്‍കൊള്ളുമ്പോള്‍ ശരീരത്തിന്റെ ഏതു ഭാഗത്തും ഇതു മൂലം പ്രശ്നങ്ങളുണ്ടായേക്കാം. ഇതിന് കടുത്ത ചൂട് വേണമെന്നില്ല. ഇളം വെയില്‍പോലും ഇത്തരക്കാര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. അതായത് പകല്‍ 10 മുതല്‍ 4 വരെയുള്ള ഏതു സമയത്തും ഇതു മൂലമുള്ള പ്രശ്നങ്ങളുണ്ടായേക്കാം. ഒരു പരിധിവരെ സണ്‍അലര്‍ജി മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നുചര്‍മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ക്ക് സാധിക്കും. സണ്‍ അലര്‍ജിയുള്ളവര്‍ സണ്‍പ്രൊട്ടക്ഷന്‍ ഫാക്ടര്‍ (എസ്പിഎഫ്)30 മുകളിലുള്ളതെങ്കിലും  ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സണ്‍സ്‌ക്രീനുകളില്‍ യുവിഎ കിരണങ്ങളെ തടയുന്നതും യുവിബി കിരണങ്ങളെ തടയുന്നവയുമുണ്ട്. രണ്ടു കിരണങ്ങളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കും വിധമുള്ള സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. നാലോ അഞ്ചോ മണിക്കൂറേ സണ്‍സ്‌ക്രീന്‍ നമ്മുടെ ചര്‍മത്തെ സംരക്ഷിക്കൂ. അതു കഴിഞ്ഞാല്‍ വീണ്ടും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചര്‍മത്തിനനുസരിച്ചുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാന്‍ ഒരു ചര്‍മ വിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only