*
🔳സ്പെഷ്യല്‍ അരി വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ അനുകൂല വിധി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ച സെപ്ഷ്യല്‍ അരി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതാണെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
🔳ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്കി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്. ഇരട്ട വോട്ട് ജനാധിപത്യത്തിലെ മായം ചേര്‍ക്കലാണെന്നും കോടതി വ്യക്തമാക്കി.
🔳വോട്ടര്‍ പട്ടികയില്‍ മാത്രമല്ല, പോസ്റ്റല്‍ ബാലറ്റിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച അപ്രതീക്ഷിത വിജയത്തിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളുമാണെന്നും ചെന്നിത്തല ആരോപിച്ചു.
🔳സി.പി.എം എന്നാല്‍ പിണറായി വിജയന് മാത്രമായി മാറിയെന്നും ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവ് ജനാധിപത്യത്തില്‍ ഉണ്ടായിക്കൂടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നും ആന്റണി. നേമം ബി.ജെ.പിയുടെ ശക്തികേന്ദ്രമൊന്നുമല്ലെന്നും കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബി.ജെ.പിയല്ല, രാജഗോപാലാണെന്നും എ.കെ. ആന്റണി.
🔳മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കാന്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദംചെലുത്തിയെന്ന് വനിതാപോലീസുകാര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യലെന്ന് കോടതിരേഖ. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ഈ രേഖ ഇ.ഡി.ക്കെതിരേയുള്ള കേസില്‍ ക്രൈംബ്രാഞ്ചിന് അനുകൂലമല്ല.
🔳ലൗ ജിഹാദ് പ്രതികരണത്തില്‍ ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണെന്നും ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണെന്നും കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
🔳ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
🔳ലൗ ജിഹാദ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ നിലപാട് തള്ളിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നു പറഞ്ഞു. പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നും ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
🔳ലൗ ജിഹാദ് വിഷയത്തില്‍ പറഞ്ഞത് തിരുത്തി കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു നേരത്തെ ജോസ് പറഞ്ഞിരുന്നത്.
🔳10 തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മന്‍ചാണ്ടി ഇക്കുറി മത്സരരംഗത്തുനിന്ന് മാറിനിന്ന് എന്‍.ഡി.എ.യുടെ യുവസ്ഥാനാര്‍ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് രാജ്നാഥ് സിംഗ് രസകരമായ ആവശ്യം ഉന്നയിച്ചത്. എന്‍.ഡി.എ പ്രവര്‍ത്തകര്‍ കൂട്ടച്ചിരിയോടെ കൈയടിച്ചാണ് ഈ ആവശ്യംകേട്ടത്.
🔳കോലീബി സഖ്യം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഉള്‍പ്പടെ നിരവധി മണ്ഡലങ്ങളില്‍ ബി.ജെ.പി-യു.ഡി.എഫ് ധാരണയാണ്. ബി.ജെ.പി വോട്ടുകള്‍ക്കായി ബി.ജെ.പി വക്താവിനെ പോലെയാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ സംസാരിക്കുന്നതെന്നും മുന്‍ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചതിനുള്ള സഹായമാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫിന് ലഭിക്കുന്നതെന്നും പിണറായി പറഞ്ഞു.
🔳മഞ്ചേശ്വരത്തും ഉദുമയിലും സി.പി.എം- മുസ്ലീം ലീഗ് ധാരണയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഉദുമയില്‍ ലീഗുകാര്‍ സി.പി.എമ്മിനെ സഹായിക്കുകയാണെന്നും അതിന് പകരം മഞ്ചേശ്വരത്ത് സിപിഎം ലീഗിന് വേണ്ടിയും സഹായം ചെയ്യുകയാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
🔳ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖ കൊമ്പന് ഗുരുവായൂര്‍ വലിയ കേശവന് ചരിഞ്ഞു. 52 വയസ്സായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില് മുന്‍നിരയിലായിരുന്നു വലിയ കേശവന്. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്ന വലിയ കേശവന് ശാന്തസ്വഭാവിയുമായിരുന്നു.
🔳ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. എ.ബി.വി.പിക്കാര്‍ ആക്രമിച്ചു എന്നത് ആരോപണം മാത്രമാണ്. ഭിന്നിപ്പിന് വേണ്ടിയാണ് ഈ വിഷയം ഉന്നയിക്കുന്നതെന്നും ഇത് കേരളത്തില്‍ ചര്‍ച്ചയാക്കുന്നത് വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
🔳ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ഡല്‍ഹി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം. തീവ്ര മുസ്ലിം സംഘടനകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഹിന്ദു ക്ഷേത്രവും ട്രെയിനും ആക്രമിച്ചു. നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിനെതിരായ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ഇടയില്‍ പത്ത് പ്രക്ഷോഭകര്‍ മരിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി തിരികെ പോന്നതിന് പിന്നാലെ പ്രക്ഷോഭകരുടെ മരണത്തിലുള്ള പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
🔳ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗ്രീന്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചു. കപ്പല്‍ വീണ്ടും ചലിച്ചു തുടങ്ങി . ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്.
🔳കോവിഡ് പ്രതിസന്ധിക്കിടെയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) യിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത് 31,265 കോടി രൂപ. 30 പ്രാഥമിക ഓഹരി വില്‍പ്പനകളിലൂടെയാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയും തുക സമാഹരിച്ചത്. 2020 സാമ്പത്തിക വര്‍ഷം 13 ഐപിഒകളിലൂടെ സമാഹരിച്ച 20,350 കോടിയേക്കാള്‍ 53.63 ശതമാനം കൂടുതലാണിത്. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷം സമാഹരിച്ച 14,716 കോടിയുടെ ഇരട്ടിയിലധികം വരുമിത്. അന്ന് 19 ഐപിഒകളിലൂടെയാണ് 14,716 കോടി രൂപയായിരുന്നു സമാഹരിച്ചത്.
🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. മാര്‍ച്ച് ഒന്നിന് 34,440 രൂപ നിലവാരത്തിലെത്തിയ വില നാലുദിവസംപിന്നിട്ടപ്പോള്‍ 33,160 രൂപ നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തിരുന്നു. 2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് 8,640 രൂപതാഴെയാണ് ഇപ്പോള്‍ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,729 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
🔳പുതിയ റെക്കോഡ് സ്വന്തമാക്കി മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനം നേടിയിരിക്കുയാണ് ചിത്രം. വോഗ് ഇന്ത്യ മാഗസിന് പുറത്തു വിട്ട ലിസ്റ്റില്‍ ആണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ ദൃശ്യം 2 രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ് നെറ്റ്ഫ്ളിക്സില്‍ വന്ന ടു ഓള് ദി ബോയ്സ് ആണ്. ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
🔳പ്രേക്ഷകര്‍ കാത്തിരിക്കുന്ന സണ്ണി വെയ്ന്‍ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ലക്ഷ്യ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിച്ച് പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രം ഏപ്രില്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന് സണ്ണി വെയ്നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്. നേരത്തെ ചിത്രത്തിലെ തന്നെ കാമിനി എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ജിഷ്ണു സ് രമേശിന്റേയും അശ്വിന് പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.
🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണിന്റെ ജനപ്രിയ ഹാച്ച് ബാക്ക് പോളോയുടെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. പോളോ മാറ്റ് എഡിഷന് എന്ന പേരില്‍ എത്തുന്ന മോഡല്‍ ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റ് ചാര നിറമാണ് ഫോക്സ്വാഗണ് പോളോ മാറ്റ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, സ്പോയ്ലര് എന്നിവിടങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്കിയിരിക്കുന്നു. രൂപകല്‍പ്പനയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
🔳മലബാറിലെ ഒരു തലമുറ പ്രൊഫ ബി.മുഹമ്മദ് അഹമ്മദില്‍ നിന്നാണ് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മധുരം നുകര്‍ന്നത്. കുട്ടികളെ ജ്ഞാനത്തിന്റെ എളിമ കൊണ്ട് സ്വാധീനിച്ച, എഴുത്തുകാരനും പ്രഭാഷകനും മുന്‍ ഫോക്ലോര് അക്കാദമി ചെയര്‍മാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദിന്റെ ആത്മകഥ. 'ഓര്‍മകളുടെ തണ്ണീര്‍ പന്തലുകള്‍'. ഒലീവ് പബ്ളിക്കേഷന്‍സ്. വില 380 രൂപ.
🔳വളരെയധികം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍വാഴ. ചെറിയ പൊള്ളലുകള്‍ പറ്റിയാല്‍ കറ്റാര്‍വാഴ വാഴ ഉപയോഗിക്കാം. പൊള്ളിയ പാടുകള്‍ മാറ്റാനും ഇവ നല്ലതാണ്. പുറത്ത് പോവുന്നതിന് മുന്‍പായി കറ്റാര്‍വാഴ വാഴ ജെല്‍ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴ വാഴ, തൈര്, കടലമാവ് എന്നിവ ചേര്‍ത്ത് ഫെയ്സ് മാസ്ക്ക് തയ്യാറാക്കാം. ക്ലെനിസിങ്ങ് ജെല്ലായും അലോവേര ഉപയോഗിക്കാം. കറ്റാര്‍വാഴ വാഴ മിക്സിയില്‍ അടിച്ച ശേഷം ഐസ് ട്രേയില്‍ വെച്ച് ഫ്രീസ് ചെയ്തെടുക്കാം. ഇതു കൊണ്ട് ഇടയ്ക്ക് മസാജ് ചെയ്യുന്നത് നല്ലതാണ്. ചര്‍മ്മ രോഗങ്ങളായ ചൊറി, ചിരങ്ങ് എന്നിവയ്ക്കും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു. എണ്ണ കാച്ചുന്ന കൂട്ടിലും ഇവ ഉള്‍പ്പെടുത്താവുന്നതാണ്. ചെറിയ കഷ്ണങ്ങളായും , അരച്ചും ചേര്‍ക്കാം. കറ്റാര്‍വാഴ വാഴ വെറുതെ വെള്ളം ചേര്‍ത്ത് ജ്യൂസ് അടിച്ച് കുടിക്കാം. പുതിനയും, നാരങ്ങ നീരും വേണമെങ്കില്‍ ചേര്‍ക്കാം. നിരവധി ഗുണങ്ങള്‍ കറ്റാര്‍വാഴ വാഴയ്ക്ക് ഉണ്ടെങ്കിലും ഇതിന് പാര്‍ശ്വ ഫലങ്ങളുമുണ്ട്. ചിലര്‍ക്ക് ഇത് ഉപയോഗിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഏതെങ്കിലും തരത്തില്‍ അലര്‍ജിയുള്ളവരാണെങ്കില്‍ ചര്‍മ്മ രോഗ വിദ്ഗ്ദനോട് ഉപദേശം നേടിയ ശേഷം ഉപയോഗിക്കാം. കറ്റാര്‍വാഴ വാഴ തണ്ടോടു കൂടി മുറിച്ചെടുക്കുക. ഇത് ഒരു ടിഷ്യു പേപ്പറിലോ തുണിയിലോ അല്‍പ്പ നേരം കുത്തി ചാരി വെയ്ക്കുക. മഞ്ഞ നിറത്തിലൊരു വെള്ളം ഇതില്‍ നിന്ന് വാര്‍ന്നു പോവുന്നത് കാണാം ഇതിനു ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.66, പൗണ്ട് - 100.20, യൂറോ - 85.51, സ്വിസ് ഫ്രാങ്ക് - 77.36, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.38, ബഹറിന്‍ ദിനാര്‍ - 192.75, കുവൈത്ത് ദിനാര്‍ -240.37, ഒമാനി റിയാല്‍ - 188.90, സൗദി റിയാല്‍ - 19.37, യു.എ.ഇ ദിര്‍ഹം - 19.77, ഖത്തര്‍ റിയാല്‍ - 19.95, കനേഡിയന്‍ ഡോളര്‍ - 57.57.
➖➖➖➖➖➖➖➖
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ