തൃശൂർ: തൃശൂർ പൂരം പ്രദർശനം മുൻകാലങ്ങളിലേതിന് സമാനമായി നടത്താൻ അനുമതി. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് പ്രദർശനം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകില്ല. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മാനുവൽ ടിക്കറ്റ് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കാനും അനുമതി നൽകിയിട്ടുണ്ട്. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ഈ ടിക്കറ്റ് നടപ്പാക്കുകയും വേണമെന്ന് നേരത്തെ നൽകിയ നിർദ്ദേശം ജില്ലാ ഭരണകൂടം പിൻവലിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.
നേരത്തെ, ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ പൂരം പ്രദർശനത്തിന് ഒരേ സമയം 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്ന് പൂരം സംഘാടകർ നിലപാട് എടുത്തതോടെയാണ് തീരുമാനം പുന:പരിശോധിച്ചത്.
Post a comment