30 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 30 മാർച്ച് 2021)

🔳രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദില്ലി എയിംസില്‍ രാവിലെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. നെഞ്ച് വേദനയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.

🔳എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇ.ഡിക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും ഇ.ഡിയുടെ കസ്റ്റഡിയില്‍ ഇരുന്നപ്പോഴാണ് ശബ്ദം റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്.

➖➖➖➖➖➖➖➖
🔳സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ പിശകുകള്‍ ഉണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമെന്ന് കേരള ഹൈക്കോടതി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ പുറുപ്പെടുവിച്ച ഇടക്കാല വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇരട്ടവോട്ടുകള്‍ ചെയ്യുന്നത് തടയാന്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെയോ  പോലീസിനെയോ വിന്യസിക്കണം എന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ട് എങ്ങനെ നീക്കം ചെയ്യാന്‍ ആകും എന്ന് ഇന്ന് അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

🔳നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിന് വന്‍വിജയവും ഭരണതുടര്‍ച്ചയും പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ പ്രീപോള്‍ സര്‍വേ രണ്ടാം ഭാഗം. 140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പ്രതിപക്ഷത്ത് തുടരേണ്ടി വരുന്ന യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതല്‍ 54 വരെ സീറ്റുകള്‍ നേടുമെന്നും ബിജെപിക്ക് 18 ശതമാനം വോട്ടുവിഹിതവും മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു.

🔳കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവശം വര്‍ധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്നെത്തും. എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യമെത്തുന്നത് തെക്കന്‍കേരളത്തിലാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്കയെത്തുന്നത്.

🔳സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍-വിഷു കിറ്റ് വിതരണം ഇന്ന് മുതല്‍ നടക്കും. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തില്‍ നേരത്തെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നല്‍കിയിരുന്നു. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തീരുമാനിച്ചതാണ് എന്നായിരുന്നു വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയാത്ത സാഹചര്യത്തിലാണ് വിതരണം തുടങ്ങുന്നത്.

🔳നാമനിര്‍ദേശ പത്രിക തള്ളിയതോടെ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായ തലശ്ശേരിയില്‍ സിപിഎം വിമതനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന ലേബലില്‍ മത്സരിക്കുന്ന സി.ഒ.ടി.നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു.

🔳കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് ക്ഷതമേറ്റത്. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.

🔳തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബയോഗങ്ങളില്‍ 'കവലപ്രസംഗം' നടത്തരുതെന്ന് പ്രാദേശിക നേതൃത്വങ്ങളോട് സി.പി.എം. പ്രസംഗരീതി ഒഴിവാക്കി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കണം. ചോദ്യോത്തരരൂപത്തിലും സംവാദരീതിയിലും കാര്യങ്ങള്‍ വിശദീകരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അരമണിക്കൂറിലേറെ നീളരുതെന്നും നിര്‍ദേശമുണ്ട്.

🔳കേരളത്തില്‍ ഇന്നലെ 37,337 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസര്‍ഗോഡ് 98, കൊല്ലം 92,  പാലക്കാട് 88, തൃശ്ശൂര്‍ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകള്‍.

🔳കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പോലീസുദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം അപേക്ഷകന് നല്‍കണമെന്ന് ഹൈക്കോടതി. ക്രമക്കേടിന്റെയും മനുഷ്യാവകാശലംഘനത്തിന്റെയും പേരില്‍ അന്വേഷണത്തിനൊടുവില്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കപ്പെട്ട പോലീസുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കണം. മുപ്പതുദിവസത്തിനകം അങ്ങനെയുള്ളവരുടെ പേര് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി.

🔳2020 സെപ്റ്റംബര്‍ ഒന്നുമുതല്‍ 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും. കോവിഡ്കാലത്ത് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും അക്കാലത്തെ തിരിച്ചടവിലെ വീഴ്ച ബാങ്കുകള്‍ കണക്കിലെടുക്കില്ല. മൊറട്ടോറിയം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി അടുത്തിടെ അന്തിമവിധി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ഈ തീരുമാനം.

🔳മൊറട്ടോറിയം കാലയളവിനുശേഷം വായ്പാകുടിശ്ശികകളില്‍ നടപടി ഊര്‍ജിതമാക്കി ബാങ്കുകള്‍. നിശ്ചിത തീയതിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ റവന്യൂറിക്കവറി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. കുടിശ്ശികത്തുക മുഴുവനും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയവരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്.

🔳കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് തത്കാലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കര്‍ണാടക. എന്നാല്‍, അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താന്‍ അനുവദിക്കില്ല. ആഘോഷ പരിപാടികളും നിയന്ത്രിക്കും.

🔳രാജ്യത്തെ ആദ്യ ശീതീകരിച്ച റെയില്‍വേ ടെര്‍മിനലായ ബൈയപ്പനഹള്ളിയിലെ സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍ ഉദ്ഘാടനത്തിനു സജ്ജമായി. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒ.യുമായ സുനീത് കുമാര്‍ ബൈയപ്പനഹള്ളി ടെര്‍മിനല്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹത്തിന്റെ തീയതിക്കുവേണ്ടി കാത്തിരിക്കുകയാണെന്നും സുനീത് ശര്‍മ പറഞ്ഞു.

🔳പ്രതിദിന രോഗവ്യാപനത്തില്‍ ഇന്നലേയും ഇന്ത്യ തന്നെ മുന്നില്‍. ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 56,119 പേര്‍ക്ക്.  മരണം 266. ഇതോടെ ആകെ മരണം 1,62,147 ആയി. ഇതുവരെ 1,20,95,329 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.37 ലക്ഷം കോവിഡ് രോഗികള്‍.

🔳കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സംസ്ഥാനങ്ങളില്‍ കോവിഡ്-19 കൂടിവരുന്നു. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ അത് കഴിയുന്നതോടെ രോഗം വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തേതന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  31,643 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ 2,868 പേര്‍ക്കും ഹരിയാനയില്‍ 995 പേര്‍ക്കും രാജസ്ഥാനില്‍ 902 പേര്‍ക്കും ഗുജറാത്തില്‍ 2,252 പേര്‍ക്കും ചത്തീസ്ഗഡില്‍ 1,423 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,280 പേര്‍ക്കും ഡല്‍ഹിയില്‍ 1,904 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,279 പേര്‍ക്കും കര്‍ണാടകയില്‍ 2,792 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 997 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,03,674 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 51,493 പേര്‍ക്കും ബ്രസീലില്‍ 38,927 പേര്‍ക്കും  തുര്‍ക്കിയില്‍ 32,404 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.81 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.20 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,486 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 466 പേരും  ബ്രസീലില്‍ 1,567 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.03 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാര്‍ച്ച് 20 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കകമാണ് പ്രസിഡന്റിനും രോഗം ബാധിച്ചത്.

🔳സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനമായി മാറി എവര്‍ ഗ്രീന്‍ എന്ന തായ്വാന്‍ കമ്പനിയുടെ എവര്‍ഗിവണിനെ നീക്കാനുള്ള ശ്രമം.

🔳സൂര്യനില്‍ നിന്നും ഭൂമിയില്‍ എത്തുന്ന സൂര്യപ്രകാശത്തിന്റെ തോത് കുറച്ച് ആഗോളതാപനത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുക എന്ന പുത്തന്‍ ആശയത്തിന് പിന്തുണയേകി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഈ ആശയത്തിന്റെ ഭാഗമായി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സോളാര്‍ എന്‍ജിനീയറിങ് റിസര്‍ച്ച് പദ്ധതിക്കായി സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബില്‍ഗേറ്റ്സ്. 100 ദശലക്ഷം ഡോളറാണ് സമ്പത്തിക സഹായം.

🔳ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ 15 സ്വര്‍ണ്ണം അടക്കം 30 മെഡലുമായി ആതിഥേയരായ ഇന്ത്യയുടെ തേരോട്ടം. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാള്‍ ബഹുദൂരം മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. 15 സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള യു.എസ്.എയ്ക്ക് ആകെ എട്ട് മെഡലുകളാണ് സ്വന്തമാക്കാനായിട്ടുള്ളത്.

🔳യു.എ.ഇയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് യു.എ.ഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഹാട്രിക്ക് നേടിയ അലി മബ്ഖൗത്തിന്റെ മികവിലാണ് യു.എ.ഇ തിളങ്ങിയത്.

🔳റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കളിച്ച നാലാമത്തെ താരത്തിനു കൂടി കൊവിഡ്. ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

🔳രാജ്യാന്തര ക്രിക്കറ്റില്‍ ഗിബ്സും യുവരാജും കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം നേടിയ ആറ് പന്തില്‍ ആറ് സിക്സെന്ന ചരിത്രനേട്ടം ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്വന്തമാക്കി ശ്രീലങ്കന്‍ താരം തിസാര പെരേര. ആറ് പന്തില്‍ ആറ്  സിക്സ് നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമാണ് പെരേര.

🔳കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ  വലിയ തകര്‍ച്ച നേരിട്ട ബിയര്‍ വില്‍പ്പന ഈ വര്‍ഷം ഉയര്‍ന്നേക്കുമെന്നാണ് സൂചന.  കിഴക്കന്‍, പടിഞ്ഞാറന്‍ ബംഗാളില്‍ ബിയര്‍ വില്‍പ്പന 50 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട് വരുത്തിയ ഇളവുകള്‍ വില്‍പ്പന ഉയരാന്‍ കാരണമാക്കിയിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊവിഡിന് മുമ്പുള്ള രീതിയിലേക്ക് ബിയര്‍ പാര്‍ലറുകളിലും മറ്റ് സ്ഥാപനങ്ങളിലും ബിയര്‍ വില്‍പ്പന ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളിലും ബിയര്‍ വില്‍പ്പന ഉയരുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്.

🔳വിദ്യാഭ്യാസ ടെക്‌നോളജി വമ്പന്‍ ബൈജൂസ് അതിന്റെ നടന്നുകൊണ്ടിരിക്കുന്ന സീരീസ് എഫ് റൗണ്ടിന്റെ ഭാഗമായി 3,328 കോടി രൂപ (ഏകദേശം 460 ദശലക്ഷം ഡോളര്‍) സമാഹരിച്ചു. എംസി ഗ്ലോബല്‍ എഡ്‌ടെക് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എല്‍പിയാണ് നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മറ്റ് നിക്ഷേപകരില്‍ ഫേസ്ബുക്ക് സഹസ്ഥാപകനായ എഡ്വേര്‍ഡോ സാവേരിനിന്റെ ബി ക്യാപിറ്റലിന്റെ പങ്കാളിത്തവും ഉണ്ട്. 10 രൂപ മുഖവിലയും 2,37,326 രൂപ പ്രീമിയവുമാണ് ഓരോ ഓഹരിക്കുമുള്ളത്.  

🔳നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുമ്പോള്‍ ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്.

🔳മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ചതുര്‍മുഖം' ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ശ്വേത മോഹന്‍ ആലപിച്ച ''മായ കൊണ്ട് കാണാക്കൂടൊരുക്കി'' എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായാണ് ചതുര്‍മുഖം ഒരുങ്ങുന്നത്. കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലന്‍സിയര്‍, നിരഞ്ജന അനൂപ് തുടങ്ങിയവരും ചതുര്‍മുഖത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് എ-ക്ലാസ് ലിമോസിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എ200 പ്രോഗ്രസ്സിവ് ലൈന്‍ - 39.90 ലക്ഷം രൂപ, എ200ഡി പ്രോഗ്രസ്സിവ് ലൈന്‍ - 40.90 ലക്ഷം രൂപ, എഎംജി എ35 4മാറ്റിക് - 56.24 ലക്ഷം രൂപ എന്നിങ്ങനെയാണ് മെഴ്‌സിഡസ്-ബെന്‍സ് എ-ക്ലാസ് ലിമോസിന്റെ എക്‌സ്-ഷോറൂം വില.

🔳കല്ലറയും കല്ലുളിയും ഉണ്ടായ കാലമാണ് ശിലായുഗം. കാരിരുമ്പിന് മുമ്പ് കല്ലുപോലെയാണ് മനം ഉറച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള ആദിരൂപങ്ങളുടെ ആയുധവും കല്ലുതന്നെ. അധികാരവും വിമതത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു കാലത്ത് കല്ലിന്റെ പുറത്തായിരുന്നു. അധികാരത്തിന്റെ സമകാലീന സങ്കീര്‍ണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് വി.എം. ദേവദാസ് ശ്രമിക്കുന്നത്. 'ഏറ്'. ഡിസി ബുക്സ്. വില 189 രൂപ.

🔳ഗര്‍ഭകാലത്ത് അമ്മമാര്‍ കാപ്പി കുടിച്ചാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭിണികള്‍ ദിവസവും അരക്കപ്പ് കാപ്പി കുടിക്കുന്നത് തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും, അസുഖങ്ങള്‍ പെട്ടെന്നു വരികയും ചെയ്യും. ഭാരം കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കഫീന്‍ കഴിക്കുന്നത് അബോര്‍ഷനിലേക്ക് നയിക്കാമെന്നും പഠനത്തില്‍ പറയുന്നു. ഗര്‍ഭകാലത്ത് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഗര്‍ഭപാത്രത്തിലെ രക്തക്കുഴലുകളെ കഫീന്‍ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഗര്‍ഭപിണ്ഡത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വളര്‍ച്ചയെ തടയുകയും ചെയ്യും. അതുപോലെ,  കഫീന്‍ ഗര്‍ഭപിണ്ഡത്തിന്റെ സ്ട്രെസ് ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്നു, ഇത് ജനനത്തിനു ശേഷം വേഗത്തില്‍ ശരീരഭാരം കൂടാനും ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
പരിഹസിക്കുന്നവരോടും പീഡിപ്പിക്കുന്നവരോടും പക വീട്ടാന്‍ ഇറങ്ങിയാല്‍ പിന്നെ പ്രതികാര ക്രിയകളുടെ മുന്നൊരുക്കവും അവലോകനവും മാത്രമായിരിക്കും ജീവിതം.  പക ഒരിക്കലും അവസാനിക്കില്ല. കാരണം ആരാണ് ഇത് അവസാനിപ്പിക്കുക എന്നതിന് ഉത്തരം ഇല്ല എന്നതുതന്നെ.  അഹംബോധ സംരക്ഷണമാണ് എല്ലാ പ്രതികാരങ്ങളുടേയും ആത്യന്തിക ലക്ഷ്യം.  അവഗണിക്കുന്ന പരിഹാസങ്ങള്‍ക്കും കിംവദന്തികള്‍ക്കും വളര്‍ച്ചാശേഷിയില്ല.  എന്നാല്‍ പ്രതികരിച്ച് പിന്താങ്ങിയാലോ പക പടര്‍ന്നുപന്തലിക്കും.  പ്രകോപനങ്ങളോട് പ്രതികരിക്കാന്‍ എളുപ്പമാണ്.  അവഗണിക്കാനാണ് ബുദ്ധിമുട്ട്.  ഒരാള്‍ എന്തിനോടാണോ രോഷാകുലനാകുന്നത്.  അതാണ് ആയാളുടെ ദൗര്‍ബല്യം.  എന്തിനാണ് എല്ലാറ്റിനോടും പ്രതികരിക്കുന്നത്?  നമുക്ക് അനുഭവമോ അഭിവൃദ്ധിയോ ഉണ്ടെങ്കില്‍ മാത്രമേ ചെവികൊടുക്കാവൂ.  അവഹേളനം തൊഴിലാക്കിയവരോട് എതിര്‍ത്തുനിന്നാല്‍ നമ്മുടെ ശരീരവും മനസ്സും കൂടുതല്‍ വൃത്തിഹീനമാവുകയേ ഉള്ളൂ.  എത്ര അധിഷേപിച്ചാലും തളരാത്തവരോടും തിരിച്ചടിക്കാത്തവരോടും തിരിച്ചടിക്കാനും മല്ലടിക്കാനും ആര്‍ക്കും താല്‍പര്യമുണ്ടാകില്ല.  കാലം നല്‍കുന്ന സ്വാഭാവിക മറുപടികള്‍ക്ക് മറ്റെന്തിനേക്കാളും ആഴവും വ്യാപ്തിയുമുണ്ടാകും. - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only