30 മാർച്ച് 2021

വയനാട്ടിൽ വീട്ടമ്മയെ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തി; ആക്രമിച്ചത് മകന്‍റെ സുഹൃത്ത്
(VISION NEWS 30 മാർച്ച് 2021)
കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ് വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പരിധിയിലെ 40 കാരിയായ വീട്ടമ്മയ്ക്കാണ് പൊള്ളലേറ്റത്.
വൈകിട്ട് മകന്റെ സുഹൃത്തായിരുന്ന യുവാവ് വീട്ടിലെത്തി ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്ന പിടിച്ച് പ്രാണവേദനയിൽ വീട്ടമ്മ ബഹളം വെച്ചതോടെ അയൽവാസികളും ബന്ധുക്കളും എത്തി ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയെ തീ കൊളുത്തിയ യുവാവിന് ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ മകന്‍റെ സുഹൃത്താണ് പ്രകോപനം കൂടാതെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.

മീനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. മർദ്ദനമേറ്റ് ആശുപത്രിയിലുള്ള പ്രതി പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ ആശുപത്രിയിൽ വെച്ചു തന്നെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only