അഹമ്മദാബാദ്: കയ്യിൽ ലൗവ് ബൈറ്റ് കണ്ടെന്നാരോപിച്ച് ഭാര്യയും ബന്ധുക്കളും മർദിച്ചെന്ന പരാതിയുമായി യുവാവ്. അഹമ്മദാബാദ് സ്വദേശിയായ ജിത്തു ഓഡ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്.
മണ്ണിരക്കുന്ന യന്ത്രങ്ങളുടെ കോൺട്രാക്ടർ ആയി ജോലി ചെയ്യുകയാണ് ജിത്തു. ഭാര്യയ്ക്ക് തന്നെ സംശയമാണെന്നും കയ്യിലെ പാട് ലൗവ് ബൈറ്റ് ആണെന്നും തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് മർദ്ദിച്ചെന്ന് ജിത്തുവിന്റെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. വ്യാഴാഴ്ച്ച രാത്രി തന്റെ കയ്യിൽ പാട് കണ്ടതിന്റെ പേരിൽ ഭാര്യ വഴക്കിട്ടു. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടെന്നായിരുന്നു യുവതിയുടെ സംശയം. എങ്ങനെയാണ് കയ്യിൽ കടിച്ച പാട് വന്നതെന്ന് ചോദിച്ചായിരുന്നു വഴക്ക് തുടങ്ങിയത്.
ഈ സമയത്ത് തന്റെ അമ്മയുടെ സഹോദരൻ വീട്ടിലേക്ക് വന്നു. ഭാര്യയുടെ സംസാരം കേട്ട അമ്മാവൻ താൻ ഭാര്യയോട് നന്നായി പെരുമാറുന്നില്ലെന്ന് ആരോപിച്ചതായി യുവാവ് പറയുന്നു. എന്നാൽ താൻ ഭാര്യയോട് മോശമായി പെരുമാറുന്നില്ലെന്ന് അമ്മാവനോട് പറയാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹം തന്റെ മുഖത്തടിച്ചു.
ഇതോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ജിത്തു വസ്ന പൊലീസ് സ്റ്റേഷനിൽ എത്തി അമ്മാവനെതിരെ പരാതി നൽകി. ഇതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയും സഹോദരനും ചേർന്ന് ജിത്തുവിനെ വീണ്ടും തല്ലി. ഇതോടെ ഇയാൾ രണ്ടാമതും പൊലീസ് സ്റ്റേഷനിലെത്തി ബന്ധുക്കൾക്കെതിരെയും പരാതി നൽകുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ