31 മാർച്ച് 2021

തണുപ്പ് മൂലം പല്ലുവേദന ഉണ്ടാകാനുള്ള കാരണങ്ങൾ കണ്ടെത്തി ശാസ്ത്രസംഘം
(VISION NEWS 31 മാർച്ച് 2021)
പല്ലിലെ കോശങ്ങളായ ഒഡോന്റോബ്ലാസ്റ്റുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് നിർണായകമായ കണ്ടെത്തലുകളുമായി പഠനസംഘം. നാഡികളും ചെറിയ രക്തക്കുഴലുകളും ഉൾപ്പെടുന്ന ഇനാമലിനെ പൊതിയുന്ന ഡെന്റൽ എന്ന കവചത്തെ രൂപപ്പെടുത്തുന്നത് ഈ ഒഡോന്റോബ്ലാസ്റ്റുകളാണ്. ബോസ്റ്റൺ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, പല്ലിന്റെ ആകൃതിയ്ക്ക് കാരണമാകുന്നത് കൂടാതെ തണുപ്പ് തിരിച്ചറിയാനും ഒഡോന്റോബ്ലാസ്റ്റുകൾ സഹായിക്കുന്നു എന്നാണ്.
"ഈ കോശത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായ പുതിയ കണ്ടെത്തലുകൾ ശാസ്ത്ര ലോകത്തെ സംബന്ധിച്ച് ആവേശമുണർത്തുന്ന ഒന്നാണ്. പല്ലുവേദന തടയാനായി ഈ കോശങ്ങളുടെ പ്രവർത്തനത്തിൽ ചെലുത്തേണ്ട ഇടപെടലുകൾ എന്താണെന്നും ഇപ്പോൾ ഞങ്ങൾക്കറിയാം", സെന്റർ ഫോർ ഇന്റഗ്രേറ്റഡ് ഡയഗ്നോസ്റ്റിക്സ് അറ്റ്മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്റ്ററും ഈ ഗവേഷണ പ്രബന്ധത്തിന്റെഎഴുത്തുകാരിൽ ഒരാളുമായ ജോച്ചൻ ലെന്നേഴ്സ് പറയുന്നു.

പല കാരണങ്ങൾ കൊണ്ട് തണുപ്പ് മൂലമുള്ള പല്ലുവേദന ഉണ്ടാകാം. തണുപ്പ് കാരണം പല്ലിലെ ദ്വാരത്തിൽ അസഹനീയമായ വേദന അനുഭവപ്പെടുന്ന അനുഭവം ഒരുപാട് പേർക്ക് ഉണ്ടാകാറുണ്ട്. പ്രായമാകുന്നതിന്റെ ഭാഗമായി മോണയിൽ ഉണ്ടാകുന്ന ദ്രവീകരണവും തണുപ്പിനോട് സെൻസിറ്റിവിറ്റി അനുഭവപ്പെടാൻ കാരണമാകാം. ക്യാൻസർ രോഗികളിൽ ചില തരം കീമോതെറാപ്പികൾ മൂലവും തണുപ്പിനോട് ശരീരത്തിൽ അസഹനീയമായ പ്രതികരണം ഉണ്ടാകാം. അത്തരക്കാരിൽ പലപ്പോഴും മുഖത്ത് വീശുന്ന ഇളങ്കാറ്റ് പോലും പല്ലിൽ കഠിനമായ വേദന ഉണ്ടാക്കാറുണ്ടെന്നും അവർ ചികിത്സ നിർത്താൻ തന്നെ ഇത് കാരണമാകുമെന്നും ലെന്നേഴ്‌സ് പറയുന്നു.
പല്ലുവേദനയെക്കുറിച്ച് പഠിക്കുക എന്നത് എല്ലാക്കാലത്തും ശ്രമകരമായ ജോലിയായിരുന്നു. പല്ലിന്റെ കാഠിന്യമാണ് അതിന്റെ അന്തർ ഘടനയെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളി. മാത്രവുമല്ല, പഠനത്തിനായി കൃത്രിമമായി പല്ലുവേദന സൃഷ്ടിക്കണമെങ്കിൽ പല്ല് തുറന്നാൽ മാത്രമേ കഴിയുകയുമുള്ളൂ. അതുകൊണ്ട് എലികളിൽ നടത്തിയ പഠനമാണ് ഈ ഗവേഷകസംഘത്തിന് വലിയ മുതൽക്കൂട്ടായത്.

"ടി ആർ സി പി 5 എന്ന പ്രോട്ടീൻ ആണ് ഒഡോന്റോബ്ലാസ്റ്റിലൂടെ തണുപ്പിനെ കടത്തിവിടുകയും നാഡികളിൽ നിന്ന് പ്രതികരണം സൃഷ്ടിക്കുന്നതെന്നുമുള്ളതിന് ഇപ്പോൾ മതിയായ തെളിവുകൾ ഉണ്ട്. വേദനയും ഹൈപ്പർസെൻസിറ്റിവിറ്റിയുമാണ് ഇത്തരത്തിൽ ഉദ്ദീപിപ്പിക്കപ്പെടുന്ന പ്രതികരണങ്ങൾ. തണുപ്പിനോടുള്ള ഈ പ്രതികരണം കേടുവന്ന പല്ലിനെ വീണ്ടും അപകടങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കാനുള്ള ശരീരത്തിന്റെ മെക്കാനിസം ആയിരിക്കാം", ലെന്നേഴ്‌സ് പറയുന്നു.

തണുപ്പിനോടുള്ള പല്ലിന്റെ സെൻസിറ്റീവ് ആയ പ്രതികരണത്തെ ലഘൂകരിക്കാനുള്ള വൈദ്യശാസ്ത്രപരമായമാർഗങ്ങൾ കണ്ടെത്താൻ ഈ പഠനം സഹായിക്കും. നൂറ്റാണ്ടുകളോളം ഗ്രാമ്പൂവിന്റെ എണ്ണയാണ് പല്ലുവേദനയ്ക്കുള്ള പരിഹാരമായി ഉപയോഗിച്ചു പോന്നിരുന്നത്. ഈ എണ്ണയിൽ അടങ്ങിയിട്ടുള്ള യൂജനോൾ എന്ന ഘടകത്തിന് ടി ആർ സി പി 5 പ്രോട്ടീനിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ കഴിയും.

തണുപ്പ് മൂലമുണ്ടാകുന്ന പല്ലുവേദന പരിഹരിക്കാനുള്ള നൂതനമായ ചികിത്സാ സംവിധാനങ്ങൾ കണ്ടെത്താൻ ഈ ഗവേഷണ ഫലങ്ങൾ സഹായിക്കും. യൂജനോളിന്റെ കൂടുതൽ അത്യാധുനികമായ ഉപയോഗവും അതിൽ ഉൾപ്പെടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only