05 March 2021

പ്രഭാത വാർത്തകൾ
(VISION NEWS 05 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳നിര്‍മാണം ആരംഭിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മൂന്ന് തുരങ്കങ്ങള്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് തുരങ്കങ്ങള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി തന്നെ നിര്‍മിക്കുന്ന പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളിലേക്കാണ്. മറ്റൊന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ചേംബറിലേക്കുമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. വിവിഐപികള്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും സുരക്ഷാ പ്രോട്ടോക്കോള്‍ യാതൊരു വിധത്തിലും തടസപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ ഭൂഗര്‍ഭ തുരങ്കപാതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳എത്രയും വേഗം സുഖം പ്രാപിക്കൂ, ആയുഷ്മാന്‍ ഭാരതിന് കീഴിലുളള ആശുപത്രികളില്‍ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാമെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍. തമാശ ആസ്വദിക്കാന്‍ കഴിയാത്ത പ്രശ്‌നം, താങ്കളെപ്പോലുള്ള സംഘികള്‍ക്ക് ഒരു മാറാരോഗം പോലെയാണെന്നും അതിന്, നിര്‍ഭാഗ്യവശാല്‍ 'ആയുഷ്മാന്‍ ഭാരതി'ല്‍ പോലും ഒരു ചികിത്സയില്ല എന്നുമായിരുന്നു ശശി തരൂരിന്റെ മറുപടി. ജി.ഡി.പി. വളര്‍ച്ചാനിരക്കിലുണ്ടായ തളര്‍ച്ചയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയെയും താരതമ്യം ചെയ്ത ട്രോള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് തരൂരിനെ പരിഹസിച്ച് മുരളീധരന്‍ രംഗത്തെത്തിയത്.

➖➖➖➖➖➖➖➖

🔳സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം താളംതെറ്റി. രജിസ്റ്റര്‍ ചെയ്തവര്‍ക്കൊപ്പം കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാവാത്തവര്‍ നേരിട്ട് ആശുപത്രികളിലെത്തിയതോടെ പലകേന്ദ്രങ്ങളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. പലര്‍ക്കും മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് വാക്സിന്‍ ലഭിച്ചത്. പോര്‍ട്ടലിലെ തകരാറാണ് വിതരണം അവതാളത്തിലാക്കിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

🔳ലാവലിന്‍ കേസിലും ഇ.ഡിയുടെ ഇടപെടല്‍. 2006 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം നന്ദകുമാറിനോട് പരാതിക്ക് ആധാരമായി തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

🔳കിഫ്ബി വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാര ദുര്‍വിനിയോഗത്തിലൂടെ രാഷ്ട്രീയ അട്ടിമറി നടത്താമെന്ന വ്യാമോഹത്തിന് മുന്നില്‍ മുട്ടുമടക്കുന്നവരെ ബിജെപി നേതൃത്വവും കേന്ദ്ര അന്വേഷണ ഏജന്‍സികളും കണ്ടിട്ടുണ്ടാവാമെന്നും ഭയപ്പെടുത്തി വരുതിയിലാക്കിയ കുറേ കോണ്‍ഗ്രസ് നേതാക്കളെ പരിചയമുണ്ടാകാമെന്നും പക്ഷെ ആ പരിപ്പൊന്നും ഇവിടെ വേവില്ലെന്നും പിണറായി വിജയന്‍. ഇത് കേരളമാണെന്നും ഇവിടെ അത്തരം വിരട്ടലുകള്‍കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി നടപടിയിലൂടെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നില്‍ വെളിപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇ.ശ്രീധരനാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാട് തിരുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി.മുരളീധരന്‍. ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വി.മുരളീധരന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് മെട്രോമാന്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രഖ്യാപിച്ചത്.

🔳സത്സംഗ് ഫൗണ്ടേഷന്‍ സാരഥി ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി അനുവദിച്ച്  സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രതിവര്‍ഷം 34 ലക്ഷം രൂപ പാട്ടത്തിന് 10 വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. 17.5 കോടി രൂപയാണ് ഭൂമിയുടെ ആകെ മതിപ്പു വിലയെന്നും ഉത്തരവില്‍ പറയുന്നു. സത്സംഗിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഭൂമി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

🔳ആര്‍എസ്എസുമായി സിപിഎം സമാധാന ചര്‍ച്ച നടത്തിയ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീ എം മതേതരവാദിയായ യോഗിവര്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയതെന്നും അത് രാഷ്ട്രീയ ബാന്ധവമായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳തുടര്‍ച്ചയായി രണ്ട് തവണ എം.എല്‍.എ. ആയവര്‍ മത്സരത്തില്‍ നിന്നു മാറി നില്‍ക്കുക എന്ന വ്യവസ്ഥ കര്‍ശനമാക്കി സി.പി.എം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഈ നിലപാട് ആവര്‍ത്തിച്ചതോടെ അഞ്ച് മന്ത്രിമാരും സ്പീക്കറും 17 എം.എല്‍.എ മാരുമുള്‍പ്പെടെ ഒട്ടേറെ നേതാക്കളുടെ സാധ്യത ഇല്ലാതായി. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ജി. സുധാകരന്‍, തോമസ് ഐസക്, സി. രവീന്ദ്രനാഥ്, എ.കെ. ബാലന്‍, സ്പീക്കര്‍ പി. രാമകൃഷ്ണന്‍ എന്നിവരെല്ലാം രണ്ടുതവണ എന്ന കടമ്പയില്‍പ്പെടും.

🔳പാര്‍ട്ടി അവഗണിക്കുന്നെന്നാരോപിച്ച് പൊട്ടിത്തെറിച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടില്ല. എ.വി.ഗോപിനാഥടക്കം പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗങ്ങളും രാജിക്കൊരുങ്ങുകയണ്. രണ്ടു ദിവസത്തിനകം തീരുമാനം വേണമെന്നാണ് ഗോപിനാഥിന്റെ ആവശ്യം.

🔳ഇടതുപക്ഷത്തിനും എന്‍.സി.പിക്കും ഉറപ്പുള്ള മണ്ഡലമായ എലത്തൂരില്‍ ഇത്തവണയും എ.കെ ശശീന്ദ്രന്‍ തന്നെ മത്സരിക്കും. ശശീന്ദ്രന്‍വിരുദ്ധ പക്ഷത്തുള്ളവര്‍ എട്ട് തവണ മത്സരിച്ച ശശീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത്തവണയും അദ്ദേഹം തന്നെ തുടരണമെന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്ന് വന്നത്. ഇതിന് ഭൂരിപക്ഷ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതോടെ മൂന്നാം തവണയും എലത്തൂരില്‍ നിന്ന് ശശീന്ദ്രന്‍ ജനവധി തേടുമെന്ന് ഉറപ്പായി.

🔳കേരളത്തില്‍ ഇന്നലെ 63,041 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 358 ഹോട്ട് സ്‌പോട്ടുകള്‍

🔳ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്സ്റ്റാര്‍ ഉള്‍പ്പടെ രാജ്യത്ത് ലഭ്യമായ ഒടിടി സേവനങ്ങളിലെ ഉള്ളടക്കങ്ങളില്‍ ആവശ്യമായ പരിശോധനങ്ങള്‍ നടത്തണമെന്നാണ് കോടതിയുടെ ആവശ്യം.

🔳ഇപിഎഫ് പലിശയില്‍ മാറ്റമില്ല. ഈ സാമ്പത്തിക വര്‍ഷവും 8.5ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ്ഒ ബോര്‍ഡ് യോഗം ശുപാര്‍ശചെയ്തു. കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കില്‍മാറ്റംവരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.

🔳താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

🔳ജല്‍ഗാവിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ പോലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ആരോപണങ്ങള്‍ സത്യമല്ലെന്നും മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ട സമിതി ഹോസ്റ്റല്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

🔳പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുമെന്ന് വെളിപ്പെടുത്തി ശിവസേന. മമതയെ യഥാര്‍ഥ ബംഗാള്‍ കടുവയെന്നാണ് രാജ്യസഭാംഗമായ സഞ്ജയ് റാവുത്ത് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ ശിവസേന ഇത്തവണ മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 16,824 പേര്‍ക്ക്.  മരണം 113. ഇതോടെ ആകെ മരണം 1,57,584 ആയി. ഇതുവരെ 1,11,73,572 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.73 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,998 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 261 പേര്‍ക്കും തമിഴ്‌നാട്ടില്‍ 482 പേര്‍ക്കും കര്‍ണാടകയില്‍ 571 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 102 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,17,026 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 58,726 പേര്‍ക്കും ബ്രസീലില്‍ 71,511 പേര്‍ക്കും ഫ്രാന്‍സില്‍ 25,279 പേര്‍ക്കും ഇറ്റലിയില്‍ 22,865 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.61 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.18 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,942 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,689 പേരും ബ്രസീലില്‍ 1,568 പേരും മെക്സിക്കോയില്‍ 857 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.79 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 205-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് എടുത്ത അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റെടുത്ത അശ്വിനുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്.

🔳ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 ടീമുകളുടെ നായകനായി ടെംബാ ബാവുമയെയും ടെസ്റ്റ് ടീം നായകനായി ഡീല്‍ എല്‍ഗാറിനെയും തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഏകദിന, ടി20 ടീമുകളുടെ നായകനായിരുന്ന ക്വിന്റണ്‍ ഡീ കോക്കിന് പകരമാണ് ബാവുമ നായകനായി എത്തുന്നത്.

🔳ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ ഇടിവ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തി. 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ഫെബ്രുവരി മാസത്തില്‍ 27.74 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്ന സ്ഥാനത്ത് ഇത്തവണ 27.64 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഡിസംബര്‍ മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെയും ജനുവരിയില്‍ 0.1 ശതമാനത്തിന്റെയും വര്‍ധന കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരുന്നു. ജനുവരിയില്‍ രണ്ട് ശതമാനമാണ് ഇറക്കുമതിയില്‍ വര്‍ധന ഉണ്ടായതെങ്കില്‍ ഫെബ്രുവരിയില്‍ ഇത് ഏഴ് ശതമാനമായി. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തില്‍ വ്യാപാര കമ്മി വര്‍ധിച്ചു.

🔳കൊടാക് മഹീന്ദ്ര ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ ഭവന വായ്പാ പലിശ നിരക്ക് കുറച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് ബാങ്കുകളുടെ ഈ ഓഫര്‍. കൊടാക് മഹീന്ദ്ര ബാങ്ക് പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ച് 6.65 ശതമാനമാക്കി. ഇതാണ് വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്. ഇത് വായ്പയെടുക്കുന്നയാളിന്റെ ക്രഡിറ്റ് സ്‌കോറിനെയും ലോണ്‍ ടു വാല്യു റേഷ്യോയെയും അനുസരിച്ചിരിക്കുമെന്ന് ഈ സ്വകാര്യ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് 6.70 ശതമാനമാക്കിയാണ് കുറച്ചത്.

🔳മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വണ്‍' എന്ന സിനിമയില്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപി. മരമ്പള്ളി ജയാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിനെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. മുരളിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മമ്മൂട്ടിയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.  പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ.

🔳മര്‍വ്വാവിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ. എ കൃഷ്ണകുമാര്‍ നിര്‍മ്മാണവും സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നിദ്രാടനം ' റിലീസിനൊരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം, മാര്‍ച്ച് 12-ാം തീയതി വൈകീട്ട് അഞ്ചുമണിക്ക് ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസാകുന്നത്.

🔳ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ഏപ്രില്‍ 6 വരെ ബുക്കിംഗ് നടത്തുന്നതും ജൂണ്‍ 30 വരെ ഡെലിവറി ചെയ്യുന്നതുമായ കാറുകളുടെ ഉപയോക്താക്കള്‍ക്ക് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ മെയിന്റനന്‍സ് പാക്കേജ് ലഭിക്കും. പേള്‍ വൈറ്റ്, കുമുലസ് ഗ്രേ, ടിജുക്ക ബ്ലൂ, പെര്‍ല നെറാ ബ്ലാക്ക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകള്‍ എസ്യുവി ലഭ്യമാണ്. വില 28 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാവാം.

🔳പ്രശസ്തമായ സോവിയറ്റ് നാടോടിക്കഥയുടെ സ്വതന്ത്ര പുനരാവിഷ്‌കാരം. അസര്‍ബൈജാന്‍ എന്ന രാജ്യത്തു ജീവിച്ചിരുന്ന ഒരു പക്ഷിവേട്ടക്കാരന്റെ മകനായ ഇബ്രാഹിമിന്റെ സാഹസികമായ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം. 'അസര്‍ബൈജാനിലെ ഇബ്രാഹിമിന്റെ കഥ'. ഇ പി പവിത്രന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 80 രൂപ.

🔳പല കാരണങ്ങള്‍ മൂലവും മുഖക്കുരു ഉണ്ടാകാം. ഇതില്‍ ഒരു കാരണമാണ് വയറ്റിനകത്തുണ്ടാകുന്ന അസ്വസ്ഥതകള്‍. ഉദരപ്രശ്‌നങ്ങള്‍ മുഖക്കുരുവിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകാം. വലിയ അളവ് വരെ മുഖക്കുരുവിന് കാരണമാകുന്ന പ്രശ്‌നമാണിത് ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടാണ് മുഖക്കുരു നിയന്ത്രിക്കാന്‍ ആദ്യമായിത്തന്നെ ചില ഡയറ്റ് ടിപ്‌സും ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നതത്രേ. പാലോ, പാലുത്പന്നങ്ങളോ കഴിക്കരുത്, അധികം എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ നല്‍കാറില്ലേ, അതിന് പിന്നില്‍ ഇങ്ങനെയൊരു കാരണം കൂടിയുണ്ടത്രേ. നിങ്ങളുടെ വയറിന്റെ ആരോഗ്യം എത്തരത്തിലാണോ ഉള്ളത് അത് നേരിട്ട് ചര്‍മ്മത്തില്‍ പ്രതിഫലിക്കും. വയറിനകത്ത് ആവശ്യമായത്രയും ജലാംശമില്ലാതെയാകുന്നതോ ചില ഭക്ഷണപാനീയങ്ങള്‍ മൂലം വയര്‍ കേടാകുന്നതോ എല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാം. ഇത് മുഖക്കുരുവുണ്ടാക്കാനും മുഖക്കുരു പെട്ടെന്ന് പൊട്ടി, പഴുക്കാനും പാടുകള്‍ വീഴാനുമെല്ലാം കാരണമാകുന്നു. നല്ലത് പോലെ വെള്ളം കുടിക്കുകയെന്നതാണ് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ചെയ്യാവുന്ന ഒരു മാര്‍ഗം. നിര്‍ജലീകരണം, മലബന്ധം പോലുള്ള അസ്വസ്ഥതകളില്ലാതാക്കാനും ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ അകറ്റാനും ഇത് സഹായിക്കുന്നു. അതുപോലെ തന്നെ മുഖക്കുരു പ്രശ്‌നമുള്ളവര്‍ പാല്‍, തൈര്, പനീര്‍, മോര്, ചീസ് തുടങ്ങിയവ നിയന്ത്രിതമായി കഴിക്കുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു സാധാരണകുട്ടിയായിതന്നെയാണ് അവള്‍ ജനിച്ചത്.  പക്ഷേ, 6 മാസമായിട്ടും ഒന്ന് കൈകുത്തി എഴുന്നേല്‍ക്കാനോ ഇരിക്കാനോ എത്ര ശ്രമിച്ചിട്ടും ആ കുഞ്ഞിന് സാധിക്കുന്നില്ല.  ഓരോ തവണ ശ്രമിക്കുമ്പോഴും മുട്ടുമടങ്ങി അവള്‍ താഴേക്കു വീഴുകയാണ്.  ഒരു കുട്ടിയും വീഴാതെ നടക്കാന്‍ പഠിക്കില്ലല്ലോ എന്ന് മാതാപിതാക്കള്‍ സമാധാനിച്ചു.  പക്ഷേ, കാലം കടന്നുപോയിട്ടും കുഞ്ഞിന് എഴുന്നേല്‍ക്കാന്‍ ആകാതെ വന്നപ്പോള്‍ അവര്‍ കുഞ്ഞിനെ ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ മറുപടി അവരുടെ സന്തോഷത്തിന് മേല്‍ നിഴല്‍ വീഴ്ത്തുന്നതായിരുന്നു.  ഈ കുഞ്ഞിന് ഒരിക്കലും നടക്കാന്‍ ആകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.  ഡോക്ടര്‍ പറഞ്ഞതു തന്നെ നടന്നു. പിന്നീടൊരിക്കലും അവള്‍ നടന്നില്ല. പക്ഷേ, അവളുടെ സ്വപ്നങ്ങള്‍ക്ക് പരിധി വെയ്ക്കാന്‍ ആ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല.  അവര്‍ അവളെ സാധാരണ കുട്ടിയെപോലെ തന്നെ വളര്‍ത്തി.  പക്ഷേ, സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏതെങ്കിലും കുട്ടികള്‍ വന്ന് തൊട്ടാല്‍ തന്നെ അവള്‍ വീഴുമായിരുന്നു.  അതോടെ അമ്മ അവളുടെ സന്തതസഹചാരിയായി മാറി.  അവളുടെ പഠനത്തില്‍ അച്ഛനും അമ്മയും ഒരുപോലെ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.  പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സഹായി ഇല്ലാതെ പരീക്ഷയെഴുതാന്‍ അവള്‍ തീരുമാനിച്ചു.  രോഗം ശ്വാസം മുട്ടിലിന്റെയും ന്യൂമോണിയയുടേയും രൂപത്തില്‍ അവളെ വേട്ടയാടി.  അറിയാവുന്ന ഉത്തരങ്ങള്‍പോലും എഴുതിയെത്തിക്കാന്‍ അവള്‍ പാടുപെട്ടു.  പലപ്പോഴും ഉത്തരമെഴുതാനാകാതെ അവളുടെ കൈകള്‍ കുഴഞ്ഞുപോയി.  പേന രണ്ടുകൈകളിലും മാറി മാറി പിടിച്ച് അവള്‍ ഉത്തരങ്ങള്‍ എഴുതി.  കണ്ണുനീര്‍ വീണ് ആ ഉത്തരകടലാസ്സുകള്‍ നനഞ്ഞുകുതിര്‍ന്നു.  88ശതമാനം മാര്‍ക്കോടെ അവള്‍ എസ്എസ്എല്‍സി പാസ്സായി.  പ്ലസ്ടുവിനും ഡിഗ്രിക്കും പരീക്ഷയെഴുതാന്‍ ഒരു സഹായി കൂടെയുണ്ടായിരുന്നു. 90 ശതമാനം മാര്‍ക്കോടെ അവള്‍ ഡിഗ്രി പരീക്ഷ പാസ്സായി.  കൂട്ടുകാരാണ് സി.എ. പഠനത്തെക്കുറിച്ച് അവളോട് പറഞ്ഞത്.  പക്ഷേ അവിടെയും പ്രതിബന്ധങ്ങള്‍ അവളെ തേടി വന്നു.  സി.എ. പഠനം നടത്തുന്ന സ്ഥാപനങ്ങള്‍ ഒന്നും ഗ്രൗണ്ട് ഫ്ളോറില്‍ ഉണ്ടായിരുന്നില്ല.  കോണി കയറിപ്പോയി പഠനം നടത്തുക എന്നത് അവളെ സംബന്ധിച്ച് സാധ്യമായ ഒന്നായിരുന്നില്ല.  നമ്മള്‍ കഠിനമായി പരിശ്രമിച്ചാല്‍ നമ്മുടെ സ്വപ്നം സത്യമാക്കാന്‍ ഈ പ്രപഞ്ചം മുഴുവന്‍ കൂടെയുണ്ടാകും എന്ന വാചകം പോലെ, അവളുടെ സ്വപ്നത്തിന് താങ്ങാവാന്‍ ഒരു ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ തയ്യാറായി.  അവര്‍ അവള്‍ക്കുവേണ്ടി ക്ലാസ്സ്മുറിയെ താഴേക്ക് കൊണ്ടുവന്നു.  പഠനം തുടരുകയാണ്.  കഠിനമായ പരീക്ഷാക്കാലം കഴിഞ്ഞു. വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചവള്‍ വിധിയെ തോല്‍പ്പിച്ച കാഴ്ചയാണ് അവിടെ കണ്ടത്.  ഇത് പ്രീതുവിന്റെ കഥയാണ്.  കുട്ടനാട്ടിലെ ജയപ്രകാശിന്റെയും രാധാമണിയുടേയും മകളുടെ കഥ.  ജീവിതം മുന്നോട്ട് വെയ്ക്കുന്ന സമസ്യകളെ നമുക്കും നേരിടാം, ഒരു പുഞ്ചിരിയോടെ - ശുഭദിനം.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only