08 March 2021

പ്രഭാത വാർത്തകൾ
(VISION NEWS 08 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳ഇന്ന് വനിതാദിനം . കോവിഡ് സാഹചര്യത്തിലും അവകാശങ്ങള്‍ നേടിയെടുക്കാനും പുതിയ വെല്ലുവിളികളെ നേരിടാനും സ്ത്രീ മനസുകള്‍ സജ്ജമാകട്ടെ. ഡെയ്ലി ന്യൂസിന്റെ വനിതാദിന ആശംസകള്‍

🔳വനിത ദിനമായ ഇന്ന് കര്‍ഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്നും കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ച് നടക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച. പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും.

🔳താഴ്ന്ന വരുമാനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയുടെ ഭാഗമായി 7500 മത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജന്‍ ഔഷധി പദ്ധതിയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ രണ്ടര രൂപയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് 19ന്റെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രക്രിയയുടെ പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന.  വൈറസ് വ്യാപനത്തെ തടയുന്നതിന് തുടര്‍ന്നും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും തൃണമൂല്‍ സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ബംഗാളിന്റെ സുവര്‍ണ കാലഘട്ടമായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു. എതിരാളികള്‍ പറയുന്നത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. ശരിയാണ്, പാവപ്പെട്ടവരാണ് തന്റെ സുഹൃത്തുക്കളെന്നും തങ്ങള്‍ക്കൊപ്പം അവരാണ് വളരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ വെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

🔳ബിജെപിയുടെ വിജയ് യാത്രയുടെ സമാപന വേദിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് അഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണക്കടത്തിലും ഡോളര്‍ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമായിരിക്കുമെന്ന് പറഞ്ഞ അമിത് ഷാ രാജ്യത്ത് അനവധി വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച ഇ.ശ്രീധരനെ പോലെയൊരാള്‍ ബിജെപിയിലേക്ക് കടന്നു വന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

🔳മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ, ആ പ്രതിക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരില്‍ ഉന്നതപദവി നല്‍കിയില്ലേ ?, നിങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സര്‍ക്കാര്‍ ചെലവില്‍ ഈ പ്രതിയായ സ്ത്രീയെ വിദേശത്ത് കൊണ്ടു പോയില്ലേ, ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിത്യസന്ദര്‍ശകയല്ലേ, വിമാനത്താവളത്തിലെ കള്ളക്കടത്ത് പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലേ, ഈ വിഷയത്തില്‍ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങള്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചത്.

🔳ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ബിജെപിയില്‍ ചേര്‍ന്ന ഡിഎംആര്‍സി മുന്‍ മേധാവി ഇ. ശ്രീധരന്‍. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🔳പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്കായി  തുറന്നു നല്‍കി. ഇന്നലെ വൈകീട്ട് നാലിന് പൊതുമരാത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയറാണ് മേല്‍പ്പാലം തുറന്നു നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. മന്ത്രി ജി.സുധാകരന്റെ വാഹനമാണ് ആദ്യം കടത്തിവിട്ടത്. പാലത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ ഇ. ശ്രീധരനെ ജി.സുധാകരന്‍ അഭിനന്ദിച്ചു. 

🔳അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരുന്നു. സംസ്ഥാന സമിതി ആദ്യഘട്ടത്തില്‍ അംഗീകരിച്ച പട്ടികയ്ക്ക് മേലുള്ള ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശകളടക്കം സെക്രട്ടേറിയേറ്റ് പരിശോധിക്കും. സംസ്ഥാന സമിതി അംഗീകാരം നല്‍കിയ പല പേരുകളിലും ജില്ലാ സെക്രട്ടേറിയേറ്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് തന്നെ തീര്‍പ്പ് കല്‍പിക്കും.

🔳കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന്  യോഗം ചേരും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദില്ലി ചര്‍ച്ചയില്‍ 92 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക. അന്തിമ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും.  21 സിറ്റിംഗ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

🔳കേരളത്തില്‍ ഇന്നലെ 51,948 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4300 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 40,867 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍: കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകള്‍.

🔳ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ. കരാറിലൂടെ കടലിനെ വില്‍ക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും വ്യവസായ വകുപ്പും ഫിഷറീസ് വകുപ്പും കുറ്റകരമായ രീതിയില്‍ ഇടപെട്ടെന്നും കൊച്ചി ബിഷപ്പ് ജോസഫ് കരിയില്‍ ആരോപിച്ചു.

🔳തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാര്‍ഥി. ജമീലയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.

🔳കളമശ്ശേരി സിറ്റിങ് എംഎല്‍എ ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ് യോഗത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇബ്രാഹിം കുഞ്ഞിനേയും മകന്‍ അബ്ദുള്‍ ഗഫൂറിനേയും കളമശ്ശേരി സീറ്റില്‍ മത്സരിപ്പിക്കരുതെന്ന് ഇവര്‍ നേതൃത്തോട് ആവശ്യപ്പെട്ടു. മാത്രമല്ല ഇവരുടെ സ്ഥാനാര്‍ഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു.

🔳നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന്‍ സംഘടനയിലേക്ക് വരുന്നത്. ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്ത്,  കോണ്‍ഗ്രസ് നേതാവും പന്തളം സൂധാകരന്റെ അനിയനുമായ പന്തളം പ്രതാപന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്‍, നടി രാധ തുടങ്ങിയവരും ഇന്നലെ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.

🔳സഹോദരന്‍ കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ അതീവ ഹൃദയവേദനയുണ്ടെന്ന് വ്യക്തമാക്കി പന്തളം സുധാകരന്‍. പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും വിളിക്കുകയാണെന്നും മറുപടി പറഞ്ഞു തളരുന്നുവെന്നും  ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ എന്നും സുധാകരന്‍.

🔳വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കന്‍ ബോട്ടുകള്‍ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ സ്ഥിരീകരണം. ബോട്ടുകളില്‍നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ബോട്ടുകള്‍ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

🔳നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. അധികാരത്തിലേറിയാല്‍ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആയിരം രൂപ മാസശമ്പളവും ദാരിദ്രരേഖയില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങളോടെ എല്ലാ മാസവും ഭക്ഷ്യകിറ്റ് നല്‍കുമെന്നും ഡിഎംകെ പ്രഖ്യാപിച്ചു. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് സൗജന്യ വീട് നല്‍കും. 20 ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കും. പത്ത് ലക്ഷം പേര്‍ക്ക് പുതിയ തൊഴിലും പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുമെന്നും ഡിഎംകെ പ്രഖ്യാപിച്ചു.

🔳അച്ഛനെയും മുത്തച്ഛനെയും കുത്തിക്കൊന്ന ശേഷം യുവാവ് ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. മുംബൈ എല്‍ബിഎസ് മാര്‍ഗ് വസന്ത് ഓസ്‌കാര്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന ശ്രാദുല്‍ മാംഗ്ലെ(20)യാണ് അച്ഛനായ മിലിന്ദ് മാംഗ്ലെ(55) മുത്തച്ഛന്‍ സുരേഷ് മാംഗ്ലെ(85) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആറാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് ചാടി മരിച്ചത്.

🔳തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി. നേതാവ് സുവേന്ദു അധികാരി. തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പശ്ചിമ ബംഗാള്‍ മറ്റൊരു കശ്മീര്‍ ആകുമെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു ഡിസംബറിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

🔳ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയായ 17-കാരിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ 18-കാരനായ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഗര്‍ഭിണിയായ പെണ്‍കുട്ടി വിവാഹത്തിനായി നിര്‍ബന്ധിച്ചതിനാലാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 18,650 പേര്‍ക്ക്.  മരണം 97. ഇതോടെ ആകെ മരണം 1,57,890 ആയി. ഇതുവരെ 1,12,29,271 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.85 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 11,141 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 286 പേര്‍ക്കും തമിഴ്‌നാട്ടില്‍ 567 പേര്‍ക്കും കര്‍ണാടകയില്‍ 622 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 136 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,60,877 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 39,586 പേര്‍ക്കും ബ്രസീലില്‍ 80,024 പേര്‍ക്കും ഫ്രാന്‍സില്‍ 21,825 പേര്‍ക്കും ഇറ്റലിയില്‍ 20,765 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.74 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.18 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,494 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 704 പേരും ബ്രസീലില്‍ 1054 പേരും മെക്സിക്കോയില്‍ 779 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 26.04 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കില്‍ ഉണ്ടായ സഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അശ്രദ്ധമായി സൈനിക ബാരക്കില്‍ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് ങൂമ പ്രസ്താവനയില്‍ വ്യക്തമാക്കി.

🔳ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രൊഫഷണലിസം ടീം അംഗങ്ങളില്‍ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചും വാചാലനായി ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ ആറു വര്‍ഷമായി മികച്ച ടീം കെട്ടിപ്പടുത്തതിന്റെ ക്രെഡിറ്റ് കോലിക്ക് തന്നെയാണെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ഇത്രയും സ്പിരിറ്റും സഹവര്‍ത്തിത്തവും നിറഞ്ഞ ഒരു ടീം ഞാന്‍ കണ്ടിട്ടില്ല. പരിശീലകനെന്ന നിലയില്‍ എന്റെ കുട്ടികളുടെ കാര്യത്തില്‍ എനിക്ക് അതിയായ അഭിമാനമുണ്ടെന്നും രവിശാസ്ത്രി.

🔳ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി. ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്‌സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രാഫഡ്, സതാംപ്ടണ്‍ എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍.

🔳ഐ.പി.എല്‍ 14-ാം സീസണ്‍ ഇന്ത്യയില്‍ തന്നെ. ഇത്തവണത്തെ സീസണിന്റെ മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒമ്പതിന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് ആദ്യ മത്സരത്തിന് വേദിയാകുക.

🔳സ്വിസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ദയനീയ തോല്‍വി. സ്പാനിഷ് താരം കരോളിന മാരിനോട് എതിരില്ലാത്ത രണ്ട് ഗെയിമിനാണ് സിന്ധു പരാജയപ്പെട്ടത്. 21-12, 21-5 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മാരിനെ പ്രതിരോധത്തിലാക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല.

🔳ലോകത്തെ മുന്‍നിര സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സും ടിക്ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. ഇതിനായി പുതിയ ഫാസ്റ്റ് ലാഫ്‌സ്  ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.  നിലവില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക. സിനിമകളിലേയും, പരമ്പരകളിലേയും, സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടികളിലേയും രസകരമായ രംഗങ്ങളുടെ ചെറു ക്ലിപ്പിങുകള്‍ ഫാസ്റ്റ് ലാഫ്‌സില്‍ കാണാം. ഫാസ്റ്റാ ലാഫ്‌സിലെ വീഡിയോ ക്ലിപ്പുകള്‍ വാട്‌സാപ്പിലും, ഇന്‍സ്റ്റാഗ്രാമിലും, സ്‌നാപ്ചാറ്റിലും പങ്കുവെക്കാനും സാധിക്കും.

🔳കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഇതിന്റെ കാലവധി വാട്ട്സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. 24 മണിക്കൂറായി കുറയ്ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ തീരുമാനം. വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

🔳സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ ജീവിതമാണ് സിനിമയാകുന്നത് എന്നാണ് സൂചനകള്‍. താനിപ്പോള്‍ റിട്ടയര്‍മെന്റ് സ്റ്റേജിലാണെന്നും എങ്കിലും നല്ലൊരു വിഷയം വന്നതിനാല്‍ ഫഹദിനെ നായകനാക്കി കഥ എഴുതി തുടങ്ങി എന്നാണ് രഞ്ജിത്ത് പറയുന്നത്. 2018ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിച്രം ഡ്രാമ ആണ് രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

🔳തന്റെ ജീവിതം സിനിമയാക്കാന്‍ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ താല്‍പര്യം പ്രകടപ്പിച്ചതായി കഴിഞ്ഞ ദിവസം നടി രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. രാഖി പറഞ്ഞ കാര്യങ്ങള്‍ ശരിവച്ച് രംഗത്തെത്തിയിരിക്കുയാണ് ജാവേദ് അക്തര്‍ ഇപ്പോള്‍. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനയാത്രക്കിടയില്‍ രാഖി സാവന്തിനെ കണ്ടിരുന്നു. അന്ന് രാഖിയുടെ ബാല്യകാല കഥകള്‍ കേട്ട് എന്നെങ്കിലും ഒരിക്കല്‍ അവരുടെ ജീവിതം താന്‍ തിരക്കഥയാക്കുമെന്ന് പറഞ്ഞിരുന്നതായി ജാവേദ് അക്തര്‍ പറയുന്നു. കൂടാതെ തന്റെ ബയോപിക്കില്‍ ആലിയ ഭട്ട് നായിക ആവണം എന്നാണ് ആഗ്രഹമെന്നും രാഖി പറഞ്ഞു.

🔳ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീറ മൊബിലിറ്റി എന്ന ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് അടുത്തിടെയാണ് ഇലക്ട്രിക് ബൈക്കുകളായ കെ.എം.3000, കെ.എം.4000 എന്നീ മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചത്. ഈ ബൈക്കിന്റെ ആദ്യ ബാച്ച് അവതരിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. ഇരു ബൈക്കുകളുടേതുമായി 5000 യൂണിറ്റാണ് ആദ്യ ബാച്ചില്‍ എത്തിയിരുന്നത്. കബീറ കെഎം 3000 ന് 1,26,990 രൂപയും കബീറ കെഎം 4000 -ന് 1,36,990 രൂപയുമാണ് എക്‌സ്-ഷോറൂം വില.

🔳ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ പരാതികളോ കുറ്റംപറച്ചിലുകളോ ഒന്നും കാണാന്‍ കഴിയില്ല. വിജയിക്കാന്‍ വേണ്ടിയുള്ള കുറുക്കുവഴികളുമില്ല. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്മനസ്സ് വാക്കുകള്‍ക്കിടയില്‍ മിടിക്കുന്നത് കാണാം. 'അലങ്കാരങ്ങളില്ലാതെ'. രണ്ടാം പതിപ്പ്. സമീറ സനീഷ്. ഡിസി ബുക്സ്. വില 133 രൂപ.

🔳പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കുമെന്ന് പഠനം. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ ജേണലായ ഡയബറ്റോളജിയയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യായാമവും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചൈനീസ് ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. കുയി ഗുവോ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വായു മലിനീകരണം ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന്  ഡോ. കുയി പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, ഊര്‍ജ്ജസ്വലരായ് തുടരാനും, ആരോഗ്യം മെച്ചപ്പെടുത്താനും മാനസീകാരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വ്യായാമം സഹായിക്കുന്നു. ഇന്‍സുലിന്റെ സംവേദനക്ഷമതയെ വര്‍ധിപ്പിക്കാന്‍ വ്യായാമത്തിലൂടെ കഴിയും. അതായത് ലഭ്യമായ ഇന്‍സുലിന്‍ ഉപയോഗിച്ച് കോശങ്ങള്‍ രക്തത്തില്‍ നിന്നും പഞ്ചസാരയെ ആഗിരണം ചെയ്ത് അത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജമാക്കി മാറ്റുന്നു. പതിവായി വ്യായാമം ശീലമാക്കിയ ടൈപ്പ് ടു പ്രമേഹക്കാരില്‍ വ്യായാമം ചെയ്യാത്തവരേക്കാള്‍ പ്രമേഹം നിയന്ത്രണവിധേയമാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ചികില്‍സയോടൊപ്പം ടൈപ്പ് ടു പ്രമേഹത്തെ പ്രതിരോധിക്കാനുള്ള വഴിയാണ് വ്യായാമമെന്നും  ഡോ. കുയി പറഞ്ഞു.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only