30 മാർച്ച് 2021

ഗ്യാസ് സിലിണ്ടര്‍ കൊണ്ട് യുവാവിനെ അടിച്ചുകൊന്നു; ഭാര്യയും സഹോദരനും അറസ്റ്റിൽ
(VISION NEWS 30 മാർച്ച് 2021)
ചെന്നൈ: ഗ്യാസ് സിലിണ്ടര്‍ കൊണ്ട് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയും സഹോദരനും അറസ്റ്റിലായി. സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കുന്നതിനെ തുടര്‍ന്നാണ് ഭര്യയും സഹോദരനും ചേര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്നത്. മാര്‍ച്ച് 27 ന് മൈലപ്പൂരിലായിരുന്നു സംഭവം നടന്നത്. കബാലി(38) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇയാളുടെ ഭാര്യയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ സഹികെട്ടാണ് ഭാര്യയും സഹോദരനും ചേര്‍ന്ന് കബാലിയെ അടിച്ചു കൊന്നത്.
പി എന്‍കെ ഗാര്‍ഡനിലാണ് ഇവരുടെ വീട്. പെയിന്റു പണിക്കാരനായ കബാലി മദ്യത്തിന് അടിമയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കബാലിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അയല്‍ക്കാരനും ബന്ധുവുമാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു കബാലിയെ ഇവര്‍ കണ്ടത്.

ഗ്യാസ് സിലിണ്ടറിന് തലയിലേറ്റ അടിയാണ് മരണകാരണമെന്നാണ് റോയാപേട്ടയിലെ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബന്ധു വീട്ടില്‍ ഉണ്ടായിരുന്ന ഇയാളുടെ ഭാര്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കൊലപാതകം ചെയ്തത് താനും സഹോദരനും ചേര്‍ന്നാണെന്ന് അവര്‍ സമ്മതിച്ചു.
മദ്യപിച്ചെത്തുന്ന കബാലി എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നെന്നും മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തന്നോട് മോശമായി പെരുമാറുമാറിയതെന്നും ഭാര്യ വനിത പൊലീസിനോട് പറഞ്ഞു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പതിവായതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് തലേന്ന് വനിതയെ സഹോദരന്‍ ബന്ധു വീട്ടിലേക്ക് മാറ്റുകയും കബാലിയെ സിലിണ്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ കാര്യം സഹോദരിയെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only