29/03/2021

കുടുംബത്തിന്റെ ഏക ആശ്രയം; വിവാഹ ചടങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫോട്ടോഗ്രാഫർ വിനോദിന്റെ വിയോഗം തീരാനഷ്ടം
(VISION NEWS 29/03/2021)

കൊച്ചി: വിവാഹ ചടങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫോട്ടോഗ്രാഫര്‍ ആര്‍ വിനോദിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം. ക്യാമറ കൈയിലേന്തി താഴേയ്ക്ക് വീഴുന്ന ഫോട്ടോഗ്രാഫറുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. പാണ്ടനാട് വെസ്റ്റ് വെഞ്ചാലില്‍ ആര്‍. വിനോദ് (39) ആണ് മരിച്ചത്. പത്തനംതിട്ട നെല്ലിക്കലില്‍ വിവാഹചടങ്ങ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം.
വിവാഹചടങ്ങിനിടെ ഓടി നടന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. താഴേക്ക് വിണപ്പോഴും വിനോദ് ക്യാമറയുടെ പിടുത്തം വിട്ടിരുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിനോദ്. ഇതോടെ കുടുംബം അനാഥമാവുകയായിരുന്നു. വിവാഹിതനായ വിനോദിന് ഏഴും രണ്ടര വയസുമുള്ള രണ്ട് മക്കളാണ്.


വിനോദ് നിലവില്‍ ജോലി ചെയ്യുന്ന രാജ് വിഷന്‍ സ്റ്റുഡിയോ ഉടമ രാജേഷ് വിനോദിനെകുറിച്ച് പറയുന്നത് ഇങ്ങനെ- പെട്ടെന്നുണ്ടായതാണ്. ഒരു അസുഖവും ഉണ്ടായിരുന്നില്ല. കഠിനാധ്വാനി ആയിരുന്നു. ആ വിഡിയോയില്‍ കാണുന്നതുപോലെ പെട്ടെന്ന് തലകറങ്ങി താഴേയ്ക്ക് വീഴുകയായിരുന്നു. വീണ് കഴിഞ്ഞ് വിനോദ് എന്നെ വിളിച്ചു. ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ബി പി കുറഞ്ഞതാകും എന്ന് പറഞ്ഞു. ഒരു അരമണിക്കൂര്‍ കഴിഞ്ഞാണ് ഐസിയുവിലേക്ക് കയറ്റിയെന്നും സീരിയസാണെന്നും അറിയുന്നത്. ഒന്നും ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

2008 മുതല്‍ എനിക്കൊപ്പം ജോലി ചെയ്യുന്നു. ഞാന്‍ ആണ് അവനെ ഈ ഫോട്ടോഗ്രാഫി ഫീല്‍ഡില്‍ കൊണ്ടുവന്നത്. സ്വന്തമായി ക്യാമറ ഇല്ല. ഞങ്ങളുടെ ക്യാമറ ആണ് അവന്‍ ഉപയോഗിച്ചിരുന്നത്. വിവാഹിതനാണ് വിനോദ്. രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. മൂത്തമകൾ ദക്ഷയ്ക്ക് 7 വയസ്സും രണ്ടാമത്തെ മകള്‍ ദേവികയക്ക് രണ്ടര വയസ്സും.

ഭാര്യ അസുഖ ബാധിതയാണ്. അമ്മയ്ക്കും സുഖമില്ല. ഒരു സഹോദരി ഉള്ളത് അവിവാഹിതയും വികലാംഗയുമാണ്. കുടുംബത്തിന്റെ മുഴുവന്‍ ആശ്രയം വിനോദ് ആയിരുന്നു. 39ാം വയസ്സിലാണ് അവന്‍ മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങിന്റെ പുടവകൊടുക്കല്‍ കഴിഞ്ഞപ്പോഴാണ് വിനോദ് പെട്ടെന്ന് താഴേക്ക് വീണത്. ചെങ്ങന്നൂര്‍ പാണ്ടനാടാണ് വിനോദിന്റെ സ്ഥലം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മറ്റൊരു അസുഖവുമില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only